Google Ads

Sunday, August 14, 2016

മണിച്ചിത്രത്താഴ് - ചില അപൂര്‍വ പ്രത്യേകതകള്‍

■ ചിത്രീകരണത്തിന് പിന്നില്‍

■ 'ഒരു മുറൈ വന്ത് പാര്‍ത്തായ' - പാട്ടിനു പിന്നില്‍

■ പഴം തമിഴ് പാട്ടിനു പിന്നില്‍

■ 'ആഹരി' നാഗവല്ലി യുടെ പ്രിയ രാഗം

■ 'ആഹരി' രാഗം പാടുന്ന ഡോ. സണ്ണി

■ കാസ്റിംഗ്

■ മന്ത്രവാദവും ആധുനിക മനശാസ്ത്രവും

■ ക്ലൈമാക്സ്

-------------------------------------------------------------------------------------------------------------

ഈ സിനിമയുടെ കഥ നടന്ന ഒരു സംഭവകഥയാണെന്നു പറയപ്പെടുന്നു. അതായത് പത്തൊമ്പതാം നൂറ്റാണ്ടില്‍ മദ്ധ്യതിരുവിതാം കൂറിലെ ആലുംമൂട്ടില്‍ തറവാട് എന്നൊരു ഒരു ഈഴവ കുടുംബത്തില്‍ നടന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു സംഭവത്തിനെ ആധാരമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ ശ്രീ മധു മുട്ടം തയ്യാറാക്കിയത്. ശ്രീ മധു മുട്ടത്തിന്റെ തറവാടിലെ ചില സംഭവങ്ങളുടെയും ഐതിഹ്യങ്ങളുടെയും പശ്ചാത്തലത്തില്‍ ആണ് ഈ കഥ രൂപപ്പെട്ടതെന്നും പറയുന്നു. ഇത് രണ്ടും അല്ല ആല്‍ഫ്രെഡ് ഹിറ്റ്ച്ച് കോക്കിന്റെ പ്രശസ്ത ഹോളിവുഡ് ചിത്രം 'സൈക്കോ' യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു മധു മുട്ടം എഴുതിയതാണെന്നും മറ്റു ചിലര്‍ .

മണിച്ചിത്രത്താഴിനു മുമ്പ് മധു മുട്ടത്തിന്റെ രണ്ടു കഥകള്‍ ഫാസില്‍ സിനിമ ആക്കിയിരുന്നു. ഒന്ന് കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികളും , മറ്റൊന്ന് എന്നെന്നും കണ്ണേട്ടന്റെയും

********************************************************************************

■ ചിത്രീകരണത്തിന് പിന്നില്‍
=======================

ഷൂട്ടിംഗ് നിരോധനമുണ്ടായിരുന്ന പത്മനാഭപുരം പാലസില്‍ അന്നത്തെ സാംസ്കാരിക വകുപ്പ് മത്രി ആയിരുന്ന ടി എം ജേക്കബിന്റെ സ്പെഷ്യല്‍ അനുമതി വാങ്ങിയായിരുന്നു ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട്‌ ചെയ്തത്. പാലസില്‍ വളരെ ചുരുക്കം ദിവസം മാത്രമേ ഷൂട്ടിങ്ങ്നു ലഭിച്ചിരുന്നുള്ളൂ എന്നതിനാല്‍ തൃപ്പൂണിത്തുറ ഹില്‍ പാലസിലും ഒരു പാട് ഭാഗങ്ങള്‍ ഷൂട്ട്‌ ചെയ്യേണ്ടി വന്നു രണ്ടും കൂടി ചേര്‍ന്നതായിരുന്നു സിനിമയില്‍ നാം കാണുന്ന മാടമ്പള്ളി തറവാട്.

********************************************************************************

സംവിധായകന്‍ ഫാസിലിനോപ്പം മറ്റു പ്രശസ്ത സംവിധായകരായ പ്രിയദര്‍ശന്‍, സിബി മലയില്‍ , സിദ്ദിക്ക് ലാല്‍ തുടങ്ങിയവര്‍ ഓരോ യൂണിറ്റ്കളായി പിരിഞ്ഞു ഓരോ ഭാഗങ്ങള്‍ ആയാണ് മണിചിത്രത്താഴ് പൂര്‍ത്തിയാക്കിയത്. പ്രിയദര്‍ശന് വേണ്ടിയും സിദ്ദിക്ക് ലാലിനും വേണ്ടി പ്രശസ്ത ചായാഗ്രാഹകന്‍ വേണുവും സിബി മലയിലിന് വേണ്ടി സണ്ണി ജോസഫും മുഖ്യ സംവിധായകനായ ഫാസിലിനുവേണ്ടി ആനന്ദകുട്ടനുമാണ് ക്യാമറ ചലിപ്പിച്ചത് .

********************************************************************************

ഗംഗ അല്ലിയെ ഓടിക്കുന്ന രംഗം , പലവട്ടം പൂക്കാലം എന്ന പാട്ട് തുടങ്ങിയവയാണ് പ്രയദര്‍ശന്‍ സംവിധാനം ചെയ്തത്. തുടക്കത്തിലെ ഇന്നസെന്റ് - ഗണേഷ് കോമഡിയും, കുതിര വട്ടം പപ്പു വിന്‍റെ മന്ത്രവാദവും ഒക്കെ സംവിധാനം ചെയ്തത് സിദ്ദിക്ക് - ലാല്‍ ആയിരുന്നു. പഴം തമിഴ് പാട്ടിഴയും എന്ന പാട്ടിലെ പ്രധാന ഭാഗങ്ങള്‍ ഒക്കെ സംവിധാനം ചെയ്തത് സിബി മലയില്‍ ആയിരുന്നു. എന്നാല്‍ ക്ലൈമാക്സ് ഉള്‍പ്പെടെ ചിത്രത്തിന്റെ മര്‍മ പ്രധാനമായ ഭാഗങ്ങള്‍ ഒക്കെ സംവിധാനം ചെയ്തത് ഫാസില്‍ തന്നെയാണ്.

********************************************************************************

ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന പാടു ചിത്രീകരിക്കുമ്പോള്‍ പുറത്തു നല്ല മഴ പെയ്യുകയായിരുന്നു. ആനന്ദക്കുട്ടന്‍ എന്ന പരിചയ സമ്പന്നനായ ക്യാമറാ മാന്‍ മഴയുടെ ലക്ഷണങ്ങള്‍ പുറത്തു അറിയാത്ത രീതിയില്‍ ആയിരുന്നു ആ രംഗങ്ങള്‍ ഷൂട്ട്‌ ചെയ്തത്.

********************************************************************************

ഷൂട്ടിങ് തീരുന്നതിന് മൂന്നു ദിവസം മുന്‍പുവരെയും ഫാസിലിന് ചിത്രത്തിന് പറ്റിയ ഒരു പേരു കണ്ടെത്താനായില്ല. കാരണം വല്ലാതെ സങ്കീര്‍ണമായ കഥയാണ്. അതിനു അതിനു യോജിക്കുന്ന ഒരു പേരുതന്നെ വേണം. ഏതോ ഒരു നിമിഷത്തില്‍ പഴംതമിഴ്പാട്ട് എന്ന ഗാനത്തിലെ 'മണിച്ചിത്രത്താഴിനുള്ളില്‍ വെറുതെ' ...എന്ന വരി ഫാസിലിന്റെ ശ്രദ്ധയാകര്‍ഷിച്ചു. മണിച്ചിത്രത്താഴ് എന്ന വാക്കില്‍ മനോരോഗി, ചിത്തരോഗി എന്നീ വാക്കുകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഫാസിലിനു തോന്നി. എങ്കില്‍പ്പിന്നെ എന്തുകൊണ്ട് മണിച്ചിത്രത്താഴ് എന്നു പേരിട്ടു...കൂടായെന്ന് ഫാസിലിനു തോന്നി. മധുമുട്ടത്തിനും സിബിക്കും പ്രിയനും സിദ്ദിഖ് ലാലിനും ആ പേരിഷ്ടമായി.

********************************************************************************

■ ഒരു മുറൈ വന്ത് പാര്‍ത്തായ - പാട്ടിനു പിന്നില്‍
====================================

'ഒരു മുറൈ വന്തു പാര്‍ത്തായ' എന്ന ഗാനം കുന്തളവരാളി രാഗത്തിലാണ് എം.ജി. രാധാകൃഷ്ണന്‍ ചിട്ടപ്പെടുത്തിയത്. കമ്പോസിംഗ് സമയത്ത് ഇപ്പോഴും കൂടെയുണ്ടാവാറുള്ള അദ്ദേഹത്തിന്റെ ഭാര്യ പത്മജ വട്ടം കേട്ട് അതങ്ങ് ഹൃദിസ്ഥമാക്കി. അപ്പോള്‍ ആരോ മറ്റൊരു രാഗം നിര്‍ദേശിച്ചു. എം.ജി രാധാകൃഷ്ണന്‍ പുതിയ രാഗത്തില്‍ ഗാനം ചിട്ടപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ പത്മജ വിലക്കിയിരുന്നു. ആ രാഗം മാറ്റരുത് എന്നും പറയുകയുണ്ടായി. എന്നിട്ടും എം.ജി. രാധാകൃഷ്ണന്‍ മറ്റൊരു രാഗവുമായി മുന്നോട്ടു പോയി. പക്ഷേ, പത്മജ സമ്മതിച്ചില്ല. ഒടുവില്‍ പത്മജയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കുന്തളവരാളി രാഗം തന്നെ ഈ ഗാനത്തിന് ഉപയോഗിച്ചത്...

----------------------------------------------------------------------------------------------------------------

പൂര്‍ണമായും കുന്തളവരാളിയില്‍ അല്ല ഈ ഗാനം അദ്ദേഹം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. പല്ലവി കഴിഞ്ഞു വരുന്ന രംഗങ്ങളില്‍ ആന്ദോളിക എന്ന രാഗം ബി ജി എം ആയി ഉപയോഗിച്ചിരിക്കുന്നു. നാഗവല്ലി രാമനാഥനെ കാണുമ്പോള്‍ ഉണ്ടാകുന്ന ശൃംഗാര ഭാവം കാണിക്കുവാന്‍ വേണ്ടി, അതായത് 'അംഗനമാര്‍ മൌലി മണി' എന്ന ഭാഗം 'ശങ്കരാഭരണം' എന്ന രാഗതിലാണ് ചെയ്തിരിക്കുന്നത്. ചരണത്തിനു മുമ്പ് 'തിത്തില്ലാന തകധിം തരികിട തിത്തില്ലാന തകധിം' എന്ന വരികളില്‍ തില്ലാനയും ജതിയും സ്വരവും ഒരുമിച്ചു വരുന്നു. ഇത്തരത്തില്‍ വരുന്ന അപൂര്‍വ്വം ഗാനങ്ങളില്‍ ഒന്നാണ് ഇത്.

----------------------------------------------------------------------------------------------------------------

പല്ലവി കഴിഞ്ഞു ഉള്ള ബി ജി എം അതായത് റിയല്‍ വേള്‍ഡ് ലെ നഗവല്ലിക്ക് താന്‍ ഒരു രാജ സദസില്‍ നൃത്തം ചെയ്യുന്നു എന്ന് ഒരു HALLUCINATION തോന്നുന്നുണ്ട്. പിന്നെ രാമനാഥനെ കാണുന്ന സമയത്ത് ഉള്ള നൃത്ത വേഷവും നേരത്തെ ഉണ്ടായ HALLUCINATION ഇല്‍ നിന്നും വ്യത്യസ്ഥമാണ്. ആ ഭാഗത്ത്‌ നാഗവല്ലിക്ക് ഒരു ' DUAL LAYERED HALLUCINATION ' സംഭവിക്കുന്നുണ്ടാവാം. '

----------------------------------------------------------------------------------------------------------------

ഭരതനാട്യവും കുച്ചിപ്പുടിയും ' കലര്‍ന്ന ഒരു നൃത്തരൂപമാണ്‌ നാഗവല്ലി 'ഈ ഗാനരംഗത്ത് നൃത്തം ചെയ്തിരിക്കുന്നത്. ഈ ഗാന രംഗത്തെ എഡിറ്റിംഗ് അതിഗംഭീരം എന്ന് പറയാതെ വയ്യ. ടി ആര്‍ ശേഖര്‍ ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്.

----------------------------------------------------------------------------------------------------------------

■ പഴം തമിഴ് പാട്ടിനു പിന്നില്‍
========================

1993-94 കാലഘട്ടത്തിലെ ഏറ്റവും ഹിറ്റ്‌ ഗാനങ്ങളിൽ ഒന്നായിരുന്നു, "മണിച്ചിത്രത്താഴ്" എന്ന സിനിമയിലെ "പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ" എന്നത്. എം.ജി.രാധാകൃഷ്ണന്‍റെ സംഗീത സംവിധാനത്തിൽ കെ.ജെ.യേശുദാസ് പാടിയ ഗാനം എന്നത് മാത്രമാണ് നമുക്കെല്ലാം അറിയാവുന്ന സംഗതി. എന്നാൽ , അത്ര മാത്രമല്ല, അതിനുള്ളിൽ വേറെയും ഒരുപാട് സംഗതികൾ ഒളിഞ്ഞു കിടപ്പുണ്ട്.

■ സിനിമാ സംഗീതവുമായി ബന്ധപ്പെട്ട, ഇന്ത്യയിലെ ആദ്യത്തെ ടി.വി റിയാലിറ്റി ഷോ എന്ന് പറയാവുന്ന "മേരി ആവാസ് സുനോ" യിലെ വിജയിയായ, പ്രശസ്ത മലയാളി ഗായകൻ പ്രദീപ്‌ സോമസുന്ദരമാണ് ഈ ഗാനം യേശുദാസിനു വേണ്ടി ട്രാക്ക് പാടിയത്. ട്രാക്ക് കേട്ട് ഒരുപാട് ഇഷ്ടം തോന്നിയ യേശുദാസ്, പ്രദീപ്‌ സോമസുന്ദരത്തെ ശരിക്കും പ്രശംസിക്കുകയുണ്ടായി.

----------------------------------------------------------------------------------------------------------------

■ ഒരുപാട് മ്യുസിക് ഇന്‍സ്ട്രുമെന്റ്റ് യൂസ് ചെയ്തിട്ടുണ്ട് ഈ പാട്ടില്‍ . ശ്രദ്ധിച്ചു കേട്ടാല്‍ അറിയാം ഇലക്‌ട്രിക് ഗിത്താര്‍ വരെ യൂസ് ചെയ്തിരിക്കുന്നു.
----------------------------------------------------------------------------------------------------------------

■ പ്രശസ്തനായ ഡ്രം ആർട്ടിസ്റ്റ് ശിവമണിയാണ്, ഈ ഗാനത്തിൽ ഡ്രം വായിച്ചത്. പ്രീലൂഡ് മ്യൂസിക് സെഷനിൽ ഡ്രം സെഷൻ മുഴുവനായും കൈകാര്യം ചെയ്തത് ശിവമണിയാണ്.

----------------------------------------------------------------------------------------------------------------
■ പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചനാണ് ഈ ഗാനത്തിനു വയലിൻ വായിച്ചത്. പണ്ട് മുതലേ, പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും, ഇങ്ങനെയുള്ള ഓർക്കസ്ട്ര ജോലികൾക്ക് അദ്ദേഹം എപ്പോഴും സമയം കണ്ടെത്തുമായിരുന്നു.

----------------------------------------------------------------------------------------------------------------

■ ഈ ഗാനവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വിവാദം എന്ന് പറയുന്നത് ഇതിന്‍റെ രാഗമാണ്. 'ആഹരി' എന്ന രാഗത്തിൽ അധികം ഗാനങ്ങളൊന്നും സിനിമയിൽ ഇല്ല. ഈ രാഗത്തിൽ ഗാനങ്ങൾ ചെയ്യുന്നവർക്ക് ദോഷങ്ങളുണ്ടാകും എന്ന അന്ധ വിശ്വാസമാണ് അതിനു കാരണം. ഈ അന്ധ വിശ്വാസം നില നിന്നിരുന്ന കാലത്ത് തന്നെയാണ് അദ്ദേഹം ഈ രാഗത്തില്‍ ഒരു പാട്ട്‌ ചെയ്യാന്‍ ധൈര്യം കാണിച്ചത്‌. അത്തരം കാര്യങ്ങളിൽ വിശ്വസിക്കാതെ, എം.ജി.രാധാകൃഷ്ണൻ എന്ന മഹാപ്രതിഭ ധൈര്യപൂർവ്വം "പഴംതമിഴ് പാട്ടിഴയും" എന്ന ഗാനം പൂർത്തിയാക്കി. സംഗീത ലോകത്തെ ആ ഒറ്റയാന് മുന്നിൽ അന്ധവിശ്വാസങ്ങൾക്കൊന്നും സ്ഥാനമില്ല എന്നതിന്‍റെ ഏറ്റവും വലിയ തെളിവായിരുന്നു അത്.

---------------------------------------------------------------------------------------------------------------

■ ആഹരി " നാഗവല്ലി യുടെ പ്രിയ രാഗം
==============================================

'ആഹരി' നാഗവല്ലി യുടെ പ്രിയ രാഗം ആയിരുന്നു. എന്തെന്നാല്‍ ' തെക്കിനിയില്‍ നിന്നും പുറത്ത് വന്ന നാഗവല്ലി യുടെ ദുരാത്മാവിനെ തിരിച്ചു ബന്ധനസ്ഥയാക്കുവാന്‍ എന്ന ഉദ്ദേശത്തോടു കൂടി തമ്പിയും ദാസപ്പന്‍ കുട്ടിയും കാട്ടുപറമ്പനും പൂജ വിധികളും കഴിഞ്ഞു തെക്കിനിയില്‍ പോകുന്ന രംഗത്ത്‌ നാഗവല്ലി അവരോടു " അന്ത 'ആഹരി' യിലെ കീര്‍ത്തനം ഒന്ന് പാടുവിങ്കളാ" എന്ന് ചോദിക്കുന്ന രംഗം ഉണ്ട്. രാത്രികാലങ്ങളില്‍ തെക്കിനിയില്‍ 'ആഹരി' രാഗത്തില്‍ ' ഒരു മുറൈ വന്ത് പാറായോ ...വാസലില്‍ നാടി മാറായോ ' എന്ന് സ്വയം പാട്ടു പാടി നൃത്തം ചെയ്യുന്ന നാഗവല്ലിയെ യാണ് ചിത്രത്തില്‍ നാം കാണുന്നത്. ഇതില്‍ നിന്നും ആഹരി നാഗവല്ലിiയുടെ പ്രിയ രാഗം ആയി കണക്കാക്കാം.

■ ആഹരി രാഗം പാടുന്ന ഡോ. സണ്ണി
=============================================

ഫാസിൽ എന്ന സംവിധായകന്റെ ധൈര്യത്തിനെ അഭിനന്ദിക്കേണ്ടി വരുന്ന ഒരു സന്ദർഭമുണ്ട് ചിത്രത്തിൽ. ചായയിൽ വിഷം കലർത്തി നകുലനെ കൊല്ലാൻ ശ്രമിച്ച 'ശ്രീദേവിയെ' മുറിയിൽ പൂട്ടിയിട്ട ശേഷം സന്ദർഭവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു ഗാനം. ഇതെന്തു സംവിധായകൻ എന്നു ചിന്തിചിട്ടുണ്ടാവും നമ്മളെല്ലാം. സംവിധായകന്റെ പാളിച്ചയായി ആ സന്ദർഭത്തിനെ ചൂണ്ടിക്കാട്ടുന്ന ധാരാളം പേരുണ്ടാകും. വളരെ പഴക്കമേറിയ രാഗങ്ങള്‍ ആയ കുന്തള വരാളി, ആഹരി എന്നീ ആണ് നാഗവല്ലിക്ക് വേണ്ടി എം ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത്. ഒരു പക്ഷെ ആഹരി നാഗവല്ലിയുടെ പ്രിയ രാഗം ആയിരുന്നു അതുകൊണ്ടാവണം. നകുലന് ചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച് പരാജിതയാകുമ്പോൾ ഗംഗയില്‍ നിന്ന് പുറത്ത് വരാന്‍ തുടങ്ങുന്ന നാഗവല്ലിയെ ആശ്വസിപ്പിക്കാനും ആഹിരി രാഗം ഗംഗയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ കാണുവാനും വേണ്ടിയാണ് രാത്രികളിൽ അവൾ പാടുന്ന ആഹരി രാഗം പഠിച്ചു ആ രാഗത്തില്‍ തന്നെ ഡോ.സണ്ണി മനപ്പൂര്‍വം ' പഴം തമിഴ് പാട്ടിഴയും' എന്ന ഗാനം ആലപിക്കുന്നത്. പിന്നീട്, ഗംഗയാണ് മനോരോഗി എന്നറിയുന്നിടത്തുനിന്ന് തിരിഞ്ഞുനോക്കുമ്പോഴാണ് ആ സന്ദർഭത്തിൽ ഗാനത്തിന്റെ അർത്ഥം നമുക്ക് മനസ്സിലാകുന്നത്.

------------------------------------------------------------------------------------------------------------------------------------------

■ കാസ്റിംഗ്
==========

രാമനാഥനായി വിനീതിനെയാണ് ഫാസില്‍ ആദ്യം കാസ്ട് ചെയ്തത്. പക്ഷേ, വിനീത് ആ സമയത്ത് പരിണയം എന്ന ചിത്രത്തിന്റെ തിരക്കില്‍ ആയിരുന്നു. എന്നാലും മറ്റൊരാളെ കിട്ടാത്തതിനാല്‍ വിനീതിനെ തന്നെ മനസ്സില്‍ കണ്ടു ആണ് ഷൂട്ടിംഗ് മുന്നോട്ടുപോയത്. പക്ഷേ, ഷൂട്ടിങ് സമയത്ത് പരിണയത്തിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്ക് ആയതിനാല്‍ വിനീതിന് വരാന്‍ കഴിഞ്ഞില്ല.
മണിചിത്രത്താഴിന്റെ തമിഴ് രീമെയ്ക്കിലും (ചന്ദ്രമുഖി) ഹിന്ദി രീമയ്ക്കിലും (ഭൂല്‍ ഭുലയ്യ ) വിനീതു ആയിരുന്നു ആ റോള്‍ ചെയ്തത്.

--------------------------------------------------------------------------------------------------------------

അപ്പോള്‍ ശോഭനയാണ് കന്നട യിലെ ശ്രീധറിന്റെ കാര്യം ഫാസിലിനോട് പറഞ്ഞത്. ശ്രീധര്‍ എന്നൊരു ഡാന്‍സര്‍ കന്നടയിലുണ്ടെന്നും ആക്ടര്‍ ആണോ എന്നറിയില്ലെന്നും ശോഭന പറഞ്ഞു. ഡാന്‍സര്‍ ആണോ എന്ന് ശോഭനയ്ക്ക് ഉറപ്പുണ്ടോ എന്ന് ഫാസില്‍ ചോദിച്ചു. ഉണ്ടെന്ന് ശോഭന മറുപടി പറഞ്ഞു. എന്നാല്‍ ആക്ടറുമായിരിക്കുമെന്ന് ഫാസില്‍ ഉറപ്പിച്ചു. ആ പാട്ടു സീനിലെ ശ്രീധരിന്റെ മെയ് വഴക്കം ഏവരെയും അദ്ഭുതപ്പെടുതുന്നതായിരുന്നു.

--------------------------------------------------------------------------------------------------------------

അതുപോലെ ശ്രീദേവി - ദുരൂഹമായ ഒരു കഥാപാത്രമാണത്. അങ്ങനെയൊരു വേഷം പ്രേക്ഷകര്‍ അതുവരെ കണ്ടിട്ടില്ലാത്ത ഒരാളായിരിക്കണമെന്ന് ഫാസിലിനു തോന്നി. മലയാളത്തില്‍ പലരെയും അന്വേഷിച്ചു. ലത്തീഫായിരുന്നു പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്. ഒരു ദിവസം ലത്തീഫ് പറഞ്ഞു. ഒരു എഡിറ്ററുണ്ട്, മലയാള സിനിമയും എഡിറ്റ് ചെയ്തിട്ടുള്ള ആളാണ്. അദ്ദേഹത്തിന്റെ ഭാര്യ വിനയാപ്രസാദ് എന്നൊരു പെണ്‍കുട്ടിയുണ്ട്. കാണാന്‍ സുന്ദരിയാണ്. അപ്പോള്‍ ഫാസിലിനു തോന്നി ഭാര്യയൊക്കെയാകുമ്പോള്‍ ഒരു പക്വതയുണ്ടാകും. ഈ കഥാപാത്രത്തിന് അതാവശ്യവുമാണ്. നേരിട്ട്‌ കാണണമെന്നോ ഫോട്ടോ കാണണമെന്നോ ഒന്നും പറയാതെതന്നെ ഫാസില്‍ ലത്തീഫിനോട് വിനയാപ്രസാദിനെ വിളിക്കാന്‍ പറഞ്ഞു. അവര്‍ക്ക് മലയാളം ഒട്ടും അറിയില്ല. പിന്നെ കന്നടയില്‍ ഏതൊക്കെയോ സീരിയലിലോ സിനിമയിലോ എന്‍ഗേജ്ഡായിരുന്നു. പക്ഷേ, മണിച്ചിത്രത്താഴിലേക്ക് വിളിച്ചയുടന്‍ അവര്‍ ഒ.കെ. പറയുകയായിരുന്നു

---------------------------------------------------------------------------------------------------------------

ഡോ. സണ്ണി എന്ന കഥാപാത്രം മധു മുട്ടം മമ്മൂട്ടി യെ മുന്നില്‍ കണ്ടു കൊണ്ട് എഴുതിയതായിരുന്നു. പിന്നെ ക്യാരക്ടര്‍ ഡെവലപ്പ് ചെയ്തപ്പോള്‍ ഈ കഥാപാത്രത്തിന് കുറച്ചു ഹ്യുമറസ് എലമെന്റ്സ് കൂടി വേണ്ടാതായി വന്നു. ആയതിനാല്‍ മോഹല്‍ ലാലിന് ആ കഥാപാത്രം നല്‍കിയാലോ എന്ന് ഫാസില്‍ ചിന്തിച്ചു. ഈ കഥാപാത്രം സിനിമയില്‍ ആദ്യം ഇടവേളയ്ക്കു ശേഷം വരുന്നതായാണ് നിശ്ചയിച്ചിരുന്നത്. അങ്ങനെ ഒരു കഥാപാത്രത്തിനെ കുറിച്ച് എങ്ങനെ മോഹന്‍ ലാലിനോട് പറയും എന്ന് ഫാസില്‍ സംശയിച്ചിരുന്നു. എന്നാല്‍ കഥ കേട്ട് ത്രില്‍ ആയ മോഹന്‍ ലാല്‍ സണ്ണി ഞാന്‍ തന്നെ എന്ന് തീരുമാനിക്കുകയായിരുന്നു. ഈ കഥാപാത്രം ഇടവേളയ്ക്കു മുമ്പ് ചിത്രത്തില്‍ വരുന്നതായും തിരക്കഥയില്‍ മാറ്റം വരുത്തി.

********************************************************************************

■ മന്ത്രവാദവും ആധുനിക മനശാസ്ത്രവും
===============================

ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ് ഈ ചിത്രത്തില്‍. ശ്രീ തിലകന്‍ ആണ് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് എന്ന മന്ത്രവാദി ആയി ഈ ചിത്രത്തില്‍ വേഷമിട്ടത്. ഒരു മന്ത്രവാദമോ അല്ലെങ്കില്‍ ഹോമ മോ ഉപയോഗിച്ചു ഗംഗയിലെ നാഗവല്ലിയെ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന് കഴിയുമായിരുന്നോ അല്ലെങ്കില്‍ ഡോ.സണ്ണിക്ക് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ സഹായം ഇല്ലാതെ ഗംഗയെ ചികിത്സിക്കാന്‍ കഴിയുമായിരുന്നോ എന്നും സംശയകരമായ കാര്യമാണ്.

---------------------------------------------------------------------------------------------------------------
അന്നേരം വരെയും പ്രേക്ഷകരുടെ മനസ്സില്‍ ഒരു ഹാസ്യ കഥാപാത്രമായിരുന്ന സണ്ണി എന്ന കഥാപാത്രത്തെ ഒന്നു എന്‍ഹാന്‍സ് ചെയ്യുന്നുണ്ട് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് . ഡോ. സണ്ണി ലോക പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡോ.ബ്രാഡ്ലി യുടെ ശിഷ്യന്‍ ആണെന്നും ലോക പ്രശസ്തമായ രണ്ടു പ്രബന്ധങ്ങള്‍ സണ്ണിക്ക് ഉണ്ടെന്നും പറയുന്നുണ്ട്. ഇതിലൂടെ ഡോ സണ്ണി ആരാണെന്നും എന്താണെന്നും മനസിലാക്കി തരുന്നു ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്. പാരാ സൈക്കോളജിയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് പ്രൊഫസര്‍ ബ്രാഡ് ലീ അദ്ദേഹത്തെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നു എന്നും പറയുന്നുണ്ട് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്. ഇതില്‍ കൂടി ആധുനിക മനശാസ്ത്രത്തിനു ഒരിക്കലും ഒഴുച്ചുകൂടാന്‍ പറ്റാത്തതാണ് പുരാതന മന്ത്രവാദവും എന്നും ചിത്രം വാദിക്കുന്നു. അതുവരെ ആധുനിക മനശാസ്ത്രത്തെ പുശ്ചത്തോടെ വീക്ഷിച്ചിരുന്ന തമ്പി എന്ന നെടുമുടി വേണു വിന്‍റെ കഥാപാത്രത്തിനു കിട്ടുന്ന തിരിച്ചറിവും പ്രകടമാണ്. തമ്പി എന്ന കഥാപാത്രം ആധുനിക മനശാസ്ത്രത്തെ പുച്ച്ച്ചിക്കുന്ന സമൂഹത്തിന്റെ ഒരു പ്രതീകം കൂടിയായിരുന്നു.

*******************************************************************************

■ ക്ലൈമാക്സ്
==========

മൂന്നു വര്‍ഷത്തോളം ഫാസിലുമായി ചര്‍ച്ച ചെയ്തതിനു ശേഷമാണ് മധു മുട്ടം "മണിച്ചിത്രത്താഴ്" തിരക്കഥ പൂര്‍ത്തിയാക്കിയത്. താരങ്ങളെ നിശ്ചയിച്ചിരുന്നുവെങ്കിലും പല കാര്യങ്ങളിലും ആശയക്കുഴപ്പം ഉണ്ടായിരുന്നു . അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ക്ലൈമാക്സ്‌ . ഗംഗയെ എങ്ങിനെ സുഖപ്പെടുത്തും എന്നത് ഫാസിലിനും , മധു മുട്ടത്തിനും മുന്നില്‍ ഒരു വെല്ലുവിളി ആയിരുന്നു . സണ്ണിയെന്ന മനോരോഗ വിദഗ്ദനെ മാത്രം ആശ്രയിച്ചാല്‍ അതിന് സണ്ണിയെന്തിന് , മറ്റേത് മനോരോഗ വിദഗ്ദനായാലും പോരെ എന്ന ചോദ്യം ഉയര്‍ന്നു . മനോരോഗ ചികിത്സയുടെ തന്നെ മറ്റൊരു രൂപമായ മന്ത്രവാദ അന്തരീക്ഷം ഉപയോഗിച്ചാല്‍ അത് വെറും അന്ധവിശ്വാസമെന്ന തലത്തിലേക്ക് താഴ്ന്നു പോവുകയും ചെയ്യും . അതിനാല്‍ അക്കാര്യം മാത്രം ഉപയോഗിച്ചാല്‍ സിനിമ അന്ധ വിശ്വാസങ്ങളെ പിന്തുണയ്ക്കുന്ന ചിത്രമായി മാറുമോ എന്നൊരു പേടി ഫാസിലിനു ഉണ്ടായിരുന്നു . പഴയ സമ്പ്രദായങ്ങളെ കൂട്ടുപിടിച്ച് സണ്ണി നടത്തുന്ന രോഗ നിവാരണം എല്ലാ വിഭാഗങ്ങളും അംഗീകരിക്കുന്ന ഒന്നാകണം എന്നെഉ നിര്‍ബന്ധം ഉണ്ടായിരുന്നു ഫാസിലിന്. "പലകയില്‍ അപ്പുറവും , ഇപ്പുറവും കിടത്തി കറക്കുന്ന രീതി ഒടുവില്‍ സുരേഷ് ഗോപി യാണ് ഫാസിലിന് നിര്‍ദ്ദേശിച്ചത്.

*********************************ശുഭം***************************************