ഉഴുന്ന് എന്ന ധാന്യം മാസൃ ഗണത്തിൽപ്പെട്ടതായതിനാൽ ഹിന്ദു ക്ഷേത്രവിധികളിൽ ഒരിടത്തും ഉപയോഗിക്കുന്നില്ല. അതു കൊണ്ടു തന്നെ ഭഗവത് പൂജകൾക്ക് ഉഴുന്ന് വർജ്യവുമാണ്. എന്നിട്ടും പൂർണ്ണ സസ്യാഹാരിയും വാനര രൂപിയുമായ ശ്രീഹനുമാൻ സ്വാമിക്ക് ഉഴുന്നുവട മാലയണിയിക്കുന്നത് വിരോധാഭാസമല്ലേ? പുരാണേതിഹാസങ്ങളിലേയും വേദോപനിഷത്തുകളിലേയും വസ്തുതകൾ ശരിയാംവണ്ണം മനസ്സിലാക്കാനുള്ള കഴിവുകേടോ അജ്ഞതയോ കൊണ്ടല്ലേ ആധുനിക ഹിന്ദു സമൂഹം ഇത്തരം തെറ്റായ വിധികൾ തേടുന്നതും തുടരുന്നതും?
എന്താണ് ഹനുമാൻ സ്വാമിക്ക് വടമാല സമർപ്പിക്കുന്നതിന്റെ പിന്നിലുള്ള അജ്ഞത എന്നു ചിന്തിക്കാം:
രാക്ഷസ രാജാവ് രാവണൻ സീതാദേവിയെ കവർന്ന് ലങ്കയിലെ സങ്കേതത്തിൽ തടവിലാക്കി വെച്ച അവസരത്തിൽ സീതാന്വേഷണത്തിന്റെ ഭാഗമായി, ശ്രീരാമദൂതനായി, ലങ്കയിലെത്തിയ ശ്രീഹനുമാന് തന്റെ അഭിഷ്ടസിദ്ധി(ശ്രീരാമ പുനർസമാഗമം)ക്കു വേണ്ടി സീതാ ദേവി ഒരു 'വട മാല' സമ്മാനിച്ചു. അത് 'വടവൃക്ഷ'ത്തിന്റെ, അതായത് പേരാലിന്റെ, തളിർ മൊട്ടുകൾ ( ie.വട) കോർത്ത മാലയായിരുന്നു. സീതാദേവിയുടെ ആഗ്രഹ പൂർത്തീകരണം എത്രയും വേഗം ഉണ്ടാവട്ടെയെന്ന് ശ്രീഹനുമാൻ സ്വാമി ദേവിയെ അനുഗ്രഹിക്കുകയും ചെയ്തു. അങ്ങനെ അഭീഷ്ടസിദ്ധിക്ക് ശ്രീഹനുമാൻ സ്വാമിക്ക് വട മാല സമർപ്പിച്ചാൽ മതിയെന്ന ആചാരവും വിശ്വാസവും നിലവിൽ വന്നു. പക്ഷെ ഹൈന്ദവ സമൂഹത്തിന്റെ അജ്ഞത ക്രമേണ അവനെ ഉഴുന്നുവട മാലയിലെത്തിച്ചു. അജ്ഞത ഹിന്ദു പുരോഹിതവർഗത്തിനുമുണ്ടല്ലോ. അതു മുതലെടുക്കാൻ ഉഴുന്നുവട മാലകളുമായി ക്ഷേത്ര പരിസരങ്ങളിൽ കമ്പോളക്കാരും തെയ്യാറായി.
ക്ഷേത്ര പൂജാ ദ്രവ്യങ്ങളിൽ ഉഴുന്ന് മാംസഭക്ഷണത്തിനു സമാനമാണ്. ആയതിനാൽ ക്ഷേത്രങ്ങളിലും, ബ്രാഹ്മണ ശ്രാദ്ധ-ബലികർമ്മങ്ങളിലും ഉഴുന്നോ ഉഴുന്നുൽപന്നമായ പപ്പടമോ ഉപയോഗിക്കാറില്ല. ഭഗവാൻ ശ്രീരാമസ്വാമിയുടെ പ്രിയ ഭക്തനും,അതിശ്രേഷ്ഠനും,ദിവ്യ തേജസ്വിയും, സാത്വികനും, പരിപൂർണ്ണ സസ്യഭുക്കുമായ, വാനരരൂപിയായ ശ്രീഹനൂമാൻ സ്വാമിയെ ഒരു തരത്തിൽ നാം അവഹേളിക്കുകയല്ലേ ഈ അജ്ഞത മൂലം ചെയ്യുന്നത്?
പേരാൽ തളിർമൊട്ടു കൊണ്ടുള്ള 'വടമാല' തന്നെ ശ്രീഹനൂമാൻ സ്വാമിക്ക് വഴിപാടായി സമർപ്പിക്കൂ. ഉഴുന്നുവട മാലയെന്ന തെറ്റിദ്ധാരണ മാറ്റി അജ്ഞാനികൾക്ക് ശരിയായ അറിവു പകർന്നു നൽകൂ.