Google Ads

Tuesday, August 2, 2016

കബാലി

കബാലി ലോകമെമ്പാടും തീയറ്ററുകൾ നിറഞ്ഞാടുന്നത് കണ്ടു ഹിന്ദി സിനിമയിലെ മുടിചൂടാ മന്നൻ അമിതാവച്ചൻ രജനി അണ്ണനെ ഫോൺ ചെയ്തു പറഞ്ഞു,

"രജനി സാർ എന്തായിത് പൊളിച്ചടുക്കുവാണല്ലോ"

രജനി : ഇന്നലെ ടോം ക്രൂസും വിളിച്ചു ഇത് തന്നാ പറഞ്ഞത്.

അമിതാബ് : ങേ.. ടോം ക്രൂസ് വിളിച്ചെന്നോ ? വെറുതെ തള്ളാതെ സാർ.

രജനി : ആമാ സാർ. നെജമാ അവര് കൂപ്പിട്ടാര്. ഇന്നേക്ക് സായിന്ദിരം ഞാൻ ഡിന്നർ ടോമിന്റെ കൂടെയാ.

അമിതാബ് : എന്നാ ഞാനും വരട്ടെ ? ഇങ്ങള് വെറുതെ തള്ളുകയാണോ എന്നറിയാമല്ലോ.

രജനി : അതുക്കെന്ന.. വാങ്ക.. സന്തോസമാ വാങ്ക.. സാർ.

അങ്ങനെ അവര് രണ്ടാളും കൂടി രജനിയണ്ണന്റെ ജെറ്റിൽ ടോം ക്രൂസിന്റെ വീട്ടിൽ അത്താഴവിരുന്നിനു പോയി . രജനി കതകിൽ മുട്ടിയപ്പോ ടോം ക്രൂസ് ആണ് വാതിൽ തുറന്നത്. രജനിയെ കണ്ട പാടെ ടോം ക്രൂസ്,

"വരൂ.. വരൂ.. രജനിയണ്ണാ. ഞാൻ കാത്തിരിക്കുവാരുന്നു . ഇതാരാ കൂടെ ? സുഹൃത്താണോ?"

അമിതാവച്ചൻ ഞെട്ടി. അവിടുന്ന് അത്താഴമൊക്കെ കഴിഞ്ഞു തിരികെ പോകാൻ നേരം ജെറ്റിലെ പതു പതുത്ത സീറ്റിൽ ചാഞ്ഞിരുന്നു ഒരു ഓറഞ്ചു ജൂസ് സിപ് ചെയ്തു കൊണ്ട് അമിതാബ് ചോദിച്ചു,

"രജനി സാർ ലോകത്തിലെ എല്ലാവര്ക്കും നിങ്ങളെ അറിയാമോ ?"

രജനി : എന്നാ സോദ്യം സാർ . ഇന്ത ഉലകത്തിലെ എല്ലാർക്കും നാൻ യാരെന്നു തെരിയും.

അമിതാബ്: അപ്പൊ ഒബാമയ്ക്കും നിങ്ങളെ അറിയാമോ ?

രജനി : അറിയാമോന്നോ ? ഇത് നല്ല സോദ്യം. അവര് എന്നോടെ പെരിയ ഫ്രണ്ട് സാർ.

അമിതാബ് : ഒന്ന് പോയെ പോയെ. തള്ളുന്നതിനും ഒരു അതിരില്ലേ.

ഇത് കേട്ട പാടെ രജനി പൈലറ്റിനോട് പറഞ്ഞു

"ഡായ്.. പൈലറ്റേ.. പ്ലെയിൻ വാഷിങ്ങ്ടണുക്കു തിരുപ്പെടാ"

വാഷിംഗ്ടൺ എയർപോർട്ടിൽ നിന്നും ഒരു ആട്ടോ വിളിച്ചു അവർ നേരെ വൈറ്റ് ഹൌസിന്റെ ഗേറ്റിൽ എത്തിയപ്പോ ഒബാമയുടെ കാർ പുറത്തേക്കു വരികയായിരുന്നു . കാറിന്റെ ചില്ലു താഴ്ത്തി ഒബാമ പറഞ്ഞു.

"അല്ലാ ഇതാര് .. ഇതെന്താ രജനിയണ്ണാ ഒരു മുന്നറിയിപ്പും ഇല്ലാതെ ? ഞാനൊരു മീറ്റിങ്ങിനു പോകാനിറങ്ങിയതാ . പോയിട്ട് ശടേന്ന് തിരികെയെത്താം. നിങ്ങള് കേറിയിരി . ചായ ഞാൻ വന്നിട്ട് നമുക്കൊരുമിച്ചു കുടിക്കാം . മിഷേലും പിള്ളേരും ഇന്നലേം കൂടി അണ്ണന്റെ കാര്യം പറഞ്ഞതെ ഒള്ളാരുന്നു . ഇതാരാ കൂടെ ? കൂട്ടുകാരൻ ആണോ ?"

അമിതാവച്ചൻ ഞെട്ടിത്തകർന്നു തരിപ്പണമായി.

ഒബാമേടെ വീട്ടീന്ന് ചായേം വടേം കഴിച്ചു തിരികെയുള്ള യാത്രക്കിടയിൽ അമിതാബ് വീണ്ടും ശകലം വിറയലുള്ള ശബ്ദത്തിൽ ചോദിച്ചു,

"അപ്പൊ ഇങ്ങക്ക് പോപ്പിനെയും അറിയാമോ ?"

രജനി : യാര്?.. പാപ്പാ ? എനക്ക് തെരിയുമാന്നാ? ഹാ.. ഹാ.. ഹാ.. ഹാ.. ( കബാലി സ്റ്റൈലിൽ ചിരിക്കുന്നു)

"ഡായ് പൈലറ്റേ.. പ്ലെയിൻ വത്തിക്കാനുക്ക് തിരുപ്പെടാ"

അവർ വത്തിക്കാനിൽ എത്തിയപ്പോ പോപ്പ് ജനങ്ങൾക്ക് ദർശനം നൽകാനായി തന്റെ അരമനയുടെ ബാൽക്കണിയിൽ വരാനുള്ള സമയം ആകാറായിരുന്നു . അവർ രണ്ടു പേരും ആൾക്കൂട്ടത്തിനിടയിൽ നിന്നു . കുറച്ചു കഴിഞ്ഞപ്പോ രജനി പറഞ്ഞു

"അമിതാബ് സാർ.. നാൻ ഇങ്കെ പെരിയ കൂട്ടത്തിൽ നിന്നാൽ സെലപ്പോ പാപ്പ് എന്നെ കണ്ടെന്ന് വരില്ല. നാൻ അരമനയിൽ പോയി അദ്യത്തെ കണ്ട ശേഷം ഞങ്ങൾ ഒരുമിച്ചു ബാൽക്കണീലോട്ടു വരാം.

അമിതാബ് മറുത്തൊന്നും പറഞ്ഞില്ല. രജനി നേരെ അരമനയിലേക്കു പോയി . കുറച്ചു നേരം കഴിഞ്ഞു പോപ്പിന്റെയൊപ്പം ബാൽക്കണിയിൽ വന്നു . അമിതാബ് നിന്നയിടത്തേക്കു നോക്കി കൈ വീശി കാണിച്ചു. അമിതാബ് കൈ ഉയർത്തി കാട്ടിയ ശേഷം കുഴഞ്ഞു വീഴുന്നതാണ് രജനി കണ്ടത്.

അത് കണ്ടു പരിഭ്രമിച്ച രജനി മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ ബാൽക്കണിയിൽ നിന്നും എടുത്തു ചാടി . വായുവിൽ വരുന്ന വഴിക്കു വെറുതെ ഒരു രസത്തിനു രണ്ടു മൂന്ന് മലക്കം കൂടി മറിഞ്ഞു അമിതാബിന്റെയടുത്തു ലാൻഡ് ചെയ്തു.

അപ്പോഴുക്കും അടുത്തു നിന്നിരുന്നവർ അമിതാബിനെ പിടിച്ചേണീല്പ്പിച്ചു .

"എന്നാ സാർ എന്നാ ആച്ചു ഉങ്കളുക്ക് ?" രജനി ചോദിച്ചു .

പതിയെ കണ്ണ് തുറന്ന് അടുത്തു നിന്ന ആൾ നൽകിയ കുപ്പിയിലെ വെള്ളം ഒരിറക്ക് കുടിച്ചു കൊണ്ട് അമിതാബ് ബച്ചൻ പറഞ്ഞു...

"എന്താ ഇങ്ങനെയൊക്കെ?നിങ്ങൾ പോപ്പിന്റെയൊപ്പം ബാൽക്കണിയിൽ വന്നപ്പോ എന്റെ അടുത്ത് നിന്ന ഇറ്റലിക്കാരൻ എന്നോട് ചോദിക്കുവാ രജനിയുടെ കൂടെ ബാൽക്കണിയിൽ നിൽക്കുന്ന ആൾ ആരെന്ന്....."

(അപ്പോൾ പഛാത്തലത്തിൽ)

ഹാ.. ഹാ.. ഹാ.. ഹാ.. കബാലി.. ഡാ😝😝