ഇത് ശ്രീ രഘുനാഥ് പലേരി എഴുതിയതാണ്.സ്വന്തമായി തിരക്കഥയെഴുതുന്നതെങ്ങനെ എന്ന് സംശയം ചോദിച്ച ഒരു വിദ്യാര്‍ത്ഥിയോട് അദ്ദേഹം പറഞ്ഞ മറുപടിയാണിത്.
1. ആദ്യം ആ കഥ എഴുതുക.
2. ആ കഥയുടെ സിനിമാ ഭാഷ്യം എഴുതുക.
3. ആ കഥ മനസ്സിലിട്ട് കഴിയുന്നത്ര സമയം മനസ്സിൽ ഉള്ള സിനിമയായി പാകപ്പെടുത്തുക
4. ആ സിനിമയിലെ രംഗങ്ങളും കഥാപാത്രങ്ങൾ തമ്മിലുള്ള വൈകാരിക ബന്ധവും കഥയിൽ അവർക്കുള്ള ശക്തിയും അതിനുള്ള കാരണങ്ങളും എല്ലാം ചിന്തിക്കുക.
5. കഴിയുമെങ്കിൽ രംഗങ്ങൾ വരക്കുക.
6. ചിന്താശക്തിയുളള നല്ല കൂട്ടാളികളുമായി ചർച്ച ചെയ്യുക.
7. ഈ സമയത്തെല്ലാം നിങ്ങളുടെ കഥ ഒരു മഹത്തായ കഥയാണെന്ന് ഒരിക്കലും ധരിക്കരുത്. അത് വെറും ഒരു കഥയാണെന്നു മാത്രം അറിയുക. മറ്റൊരു കഥയോടും സാമ്യപ്പെടുത്താതിരിക്കുക. അതുപോലെയുള്ള കോടിക്കണക്കിൽ കഥകൾ ഒരോരുത്തരുടെ മനസ്സിലും ഉണ്ടെന്നറിയുക.
8. കഥയിലെ ഉദാത്ത ആശയത്തെക്കുറിച്ച് അതിനു ശേഷം ചിന്തിക്കുക.
അത് തിരിച്ചറിയുക. അതിനെ ഫോക്കസ്സ് ചെയ്യുക.
അത് എല്ലാ കഥാപാത്രങ്ങളിലേക്കും കഥാഗതിയിലേക്കും വ്യാപിപ്പിക്കുക.
അത് കുറിച്ചിടുക.
9. ആ ആശയങ്ങളുടെ കേന്ദ്രസ്ഥാനം തിരിച്ചറിയുക.
അതിൽ കേന്ദ്രീകരിച്ചുകൊണ്ട് സിനിമ മനസ്സിൽ കാണാൻ ശ്രമിക്കുക.
10. ആ ശ്രമത്തിൽ നിന്നും തിരക്കഥയുടെ ആദ്യരേഖ തെയ്യാറാക്കുക.
ഇത്രയും സെമസ്റ്റർ ഭംഗിയായി നടത്തിയാൽ നിങ്ങളുടെ മനസ്സിലുള്ള കഥ ഒരു തിരക്കഥയായി മാറ്റാൻ സാധിച്ചേക്കും. അതിനെ ഫസ്റ്റ് ഡ്രാഫ്റ്റ് എന്ന് വിളിക്കാം.പിന്നെ എത്ര തവണ വേണമെങ്കിലും എഴുതി സുന്ദരമാക്കാം.
കുറിപ്പ്: ഇങ്ങിനെയൊക്കെ എഴുതിയാലും ആ സിനിമ ആളുകൾ കാണണമെന്നോ സാമ്പത്തികമായി വിജയിക്കണമെന്നോ ഇല്ല .