അവതാർ 2 കാണാം ത്രീഡിയിൽ കണ്ണട ഇല്ലാതെ
ഹോളിവുഡിന്റെ ടെക്‌നിക്കൽ പെര്‍ഫെക്ഷനിസ്റ്റ് ജയിംസ് കാമറൂണ്‍ അവതാർ രണ്ടാം ഭാഗവുമായി എത്തുമ്പോൾ ഡിജിറ്റൽ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ അനുഭവമായിരിക്കും പ്രേക്ഷകരിലേക്ക് പകരുക. അവതാർ എന്ന സാങ്കല്‍പ്പിക ലോകത്തിന്റെ പുതിയ 3 ഡി അവതാരം കണ്ണടകളുടെ സഹായമില്ലാതെ പ്രേക്ഷകനു കാണാൻ സാധിക്കും.
സിനിമാസാങ്കേതികവിദ്യയിലെ ഈ ഒരു പൊളിച്ചെഴുത്തിന് വേണ്ടി അണിയറക്കാർ ശ്രമിക്കുന്നതു കൊണ്ടാണ് അവതാറിന്റെ രണ്ടാം ഭാഗം ഇത്ര വൈകുന്നത്. പുത്തൻ വിദ്യകൾക്കല്ല എച്ച്ഡിആർ (ഹൈ ഡൈനാമിക് റേഞ്ച്), എച്ച്എഫ്ആർ ( ഹൈ ഫ്രെയിംസ് റേറ്റ്സ് ) എന്നീ ഫോട്ടോസാങ്കേതികവിദ്യകളിലെ ഏറ്റവും നൂതനമായ പരീക്ഷണങ്ങൾക്കാണ് അദ്ദേഹം ഒരുങ്ങുന്നത്. ത്രീഡി എന്ന കാഴ്ചാനുഭൂതി ഗ്ലാസുകളുടെ സഹായമില്ലാതെ തിയറ്ററുകളിൽ ആസ്വദിക്കുക എന്നതാണ് അവതാർ 2വിലൂടെ ജയിംസ് കാമറൂൺ ലക്ഷ്യമിടുന്നത്.
നേരത്തെ അവതാറിന്റെ മൂന്നുഭാഗങ്ങൾ കൂടെ തയ്യാറാകുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്. മൂന്നല്ല നാല് ഭാഗങ്ങളാണ് ജയിംസ് ഒരുക്കുന്നത്. ഇതിനു വേണ്ടി നാല് പ്രശസ്ത തിരക്കഥാകൃത്തുക്കളെയാണ് ജയിംസ് ഉപയോഗിക്കുന്നത്. വർഷങ്ങളായി ഈ ലോകം കൂടുതൽ വലുതാക്കുന്നതിനുള്ള പണിപ്പുരയിലാണ് അവർ. കൂടുതൽ കഥാപാത്രങ്ങൾ, പുതിയ ജീവികൾ, ആവാസവ്യവസ്ഥ, പുതിയ സംസ്കാരം എന്നിവ ഈ നാലുഭാഗങ്ങളിൽ ആവിഷ്കരിക്കുന്നുണ്ട്.
കല എന്നതിനെ പൂർണമായും ഒരു സങ്കൽപ്പമായി കാണുന്ന ആളാണ് ഞാനെന്ന് ജയിംസ് കാമറൂൺ പറയുന്നു. അവതാർ സിനിമയുടെ ആദ്യഭാഗത്തേക്കാൾ വളരെ വലുതായിരിക്കും ഈ നാലുഭാഗങ്ങളും. 2018 ക്രിസ്മസ് റിലീസ് ആയി അവതാർ 2 എത്തും. 2020ൽ അവതാർ 3, 2022ൽ അവതാർ 4, 2023ൽ അവതാർ 5. ഈ നാലുഭാങ്ങളും ഒരുമിച്ച് തന്നെയാണ് ചിത്രീകരണം. ടിവി സീരിസുകൾ ഷൂട്ട് ചെയ്യുന്ന അതേരീതി.
ഇതുവരെയും തന്റെ ലക്ഷ്യത്തിലെത്തി ചേർന്നിട്ടില്ലെന്ന് കാമറൂൺ വ്യക്തമാക്കി. ഈ നാലു ഭാഗങ്ങളും അടുത്തടുത്ത് റിലീസ് ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അവതാർ 2–വിന്റെ റിലീസിനെ ആശ്രയിച്ചിരിക്കും ബാക്കിയുള്ള ഭാഗങ്ങളും. ഒരെണ്ണം വേഗം റിലീസ് ചെയ്യുന്നതിനെക്കാൾ 4 ഭാഗങ്ങളും അടുത്തടുത്ത് റിലീസ് ചെയ്യുന്നതിനായിരിക്കും തന്റെ ശ്രമമെന്നു അദ്ദേഹം വ്യക്തമാക്കി.