Google Ads

Monday, November 28, 2016

ജീവിതം

ഒരു മനുഷ്യന്റെ ഏറ്റവുംവിലപ്പെട്ടസമ്പത്ത് അവന്റെ ജീവിതമാണ്. ഈ ലോകത്തിലുള്ള സകലയാളുകളും സദാ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് അവരുടെ ജീവിതത്തെ നന്നാക്കാനാണ്. ആരുടെയും ജീവിതം നന്നാവുന്നത് അത് മറ്റുള്ളവര്‍ക്ക് പ്രയോജനകരമായിരിക്കുമ്പോഴാണ്. അതുകൊണ്ട് വിവേകിയായ മനുഷ്യന്‍ അവന്റെ ജീവിതം പരോപകാരപ്രദമാക്കിതന്നെ ജീവിക്കണം. ഒരു മനുഷ്യന് കര്‍ത്തവ്യമായി വന്നുചേരുന്ന പ്രവൃത്തി ശ്രദ്ധയോടുകൂടിതന്നെ അനുഷ്ഠിച്ചിരിക്കണം. ആര്‍ക്കും ഒരുനിമിഷംപോലും കര്‍മ്മം ചെയ്യാതിരിക്കാന്‍ സാധിക്കുകയില്ല. വിചാരവും വാക്കും പ്രവൃത്തിയുമെല്ലാം കര്‍മ്മത്തിന്റെതന്നെ പല ഭാവങ്ങളാണ്. ഒരുജീവിതം നന്നാവണമെങ്കില്‍ ഏതുപ്രവൃത്തിയും സര്‍വ്വാത്മാവായ ഈശ്വരനെ ഓര്‍ത്തുകൊണ്ട് ആ ഈശ്വരന്റെ കൈയിലെ ഒരു എളിയ ഉപകരണമെന്നഭാവത്തില്‍വന്നുചേരുന്ന എല്ലാപ്രവൃത്തികളും വേണ്ടത്ര ശ്രദ്ധാഭക്തി വിശ്വാസങ്ങളോടെ അനുഷ്ഠിച്ചിരിക്കണം. ഏതുപ്രവൃത്തിയും നന്നായിവരണമെങ്കില്‍ ആ പ്രവൃത്തി ഈശ്വരസ്മരണയോടുകൂടി അനുഷ്ഠിക്കാന്‍ കഴിയാറാകണം. ഈശ്വരസ്മരണയോടുകൂടി ചെയ്യുന്ന പ്രവൃത്തികളത്രയും ഈശ്വരാരാധനയായിത്തീരും. ഏതുപ്രവൃത്തിയും ഈശ്വരാരാധനയാക്കാന്‍ ആ പ്രവൃത്തി ഭഗവാന്റെ പാദത്തില്‍ സമര്‍പ്പിച്ച് അവിടുത്തെ കൈയിലെ ഒരു ലഘുഉപകരണമെന്ന ഭാവത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍മതി. ഇപ്രകാരം കര്‍ത്തവ്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ആദ്യം ബോധപൂര്‍വ്വം പ്രയത്‌നിക്കണം. അങ്ങനെ പ്രവത്തിച്ചുകൊണ്ടിരുന്നാല്‍ ഏതുപ്രവൃത്തിയും ശ്വാസോച്ഛ്വാസംപോലെ സ്വാഭാവികമായിതീരും. ഏതുപ്രവൃത്തിയും ശരിയായിട്ടുചെയ്യാന്‍ ശരീരവും ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ഈശ്വരചൈതന്യവും എല്ലാവര്‍ക്കും എല്ലാക്കാലത്തും ആവശ്യമാണ്. ചിന്തിക്കുന്ന ഒരാള്‍ക്ക് എല്ലാപ്രവൃത്തികളും ഈശ്വരസാന്നിധ്യത്തില്‍ ഈശ്വരാംശമായ ജീവന്മാര്‍ അവരുടെ ജീവിതത്തിന്നാവശ്യമായ രീതിയില്‍ പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കയാണ്. ഏതുപ്രവൃത്തിയും നല്ലതായിതീരാന്‍ അതുകൊണ്ട് ഈശ്വരസ്മരണയോടെ വേണ്ടരീതിയില്‍ ചെയ്താല്‍ മാത്രം മതിയാകും. നല്ല ജീവിതം നയിക്കുന്നവര്‍ ഒരിക്കലും മരിക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ നല്ല പ്രവൃത്തികളത്രയും ഈശ്വരപ്രേരിതമായിട്ടു സംഭവിക്കുന്നതാണ്. എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും സാക്ഷിയും ആധാരവും ഉപകരണങ്ങളും ശക്തിയുമായിരിക്കുന്നത് സര്‍വ്വേശ്വരന്‍ മാത്രമാണ്. ഈ ബോധത്തോടെ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരുന്നാല്‍ പ്രവര്‍ത്തനങ്ങളൊക്കെ സര്‍വ്വേശ്വരന്റെ മാത്രമാണെന്ന ബോധം തെളിഞ്ഞു വരും ഹരിഃ ഓം