സമാധാനത്തോടെ ജീവിക്കാനാഗ്രഹിക്കുന്ന ഒരു മലയാളി എന്ന നിലയില്‍....പറയാന്‍ ആഗ്രഹിക്കുന്ന, ഉള്ളില്‍ ഉരുണ്ടു കൂടുന്നചിന്തകള്‍ എല്ലാം കൂടി ഒരുമിച്ച് അവതരിപ്പിക്കട്ടെ...
മൂന്ന് points യോജിപ്പിക്കുന്നു, അവസാനം നല്ലൊരു ചിത്രം തെളിയും എന്ന പ്രതീക്ഷയോടെ.
point ഒന്ന് : സച്ചിന്‍, മ്മടെ സ്വന്തം സച്ചിന്‍
സച്ചിന്‍റെ ആത്മകഥ((Playing it my way) വായിച്ചിട്ടുണ്ടോ? ഒന്ന് വായിക്കുന്നത് നല്ലതാണ്. അതിലെ ആദ്യ നൂറ് പേജ് വായിച്ച് കഴിയുമ്പോള്‍ നിങ്ങള്‍ അറിയാതെ തലയില്‍ കൈ വെച്ച് ഇങ്ങനെ പറഞ്ഞുപോകും "ഇത് സച്ചിന്‍റെ തന്നെ ജീവിതമാണോ?". അത്രയ്ക്ക് കുസൃതിയും, വീട്ടുകാര്‍ക്ക് മഹാ തലവേദനയുമായിരുന്നു സച്ചിന്‍. ഒരിക്കല്‍ സൈക്കിള്‍ വേണം എന്ന് പറഞ്ഞ് വാശി പിടിച്ചപ്പോള്‍ സച്ചിന്‍റെ അച്ഛന്‍ ശല്ല്യം സഹിക്കവയ്യാതെ അത് വാങ്ങിക്കൊടുത്തു. മെല്ലെ പോകണം, സൂക്ഷിക്കണം എന്ന് പലയാവര്‍ത്തി പറഞ്ഞിട്ടും അച്ഛന്‍ പറഞ്ഞത് കേള്‍ക്കാതെ സ്പീഡില്‍ പോയി ഒരു ഉന്തുവണ്ടിയില്‍ ഇടിച്ച് സച്ചിന്‍റെ കൈയ്യോടിഞ്ഞിട്ടുണ്ട്. ഒന്നും പഠിക്കാന്‍ താല്പര്യമില്ലായിരുന്നു, ക്രിക്കറ്റ് കളിക്കുക എന്നത് മാത്രമായിരുന്നു ഇഷ്ടം. സച്ചിന്‍ കളിച്ച് വീടിന്‍റെ ജനാല തകര്‍ത്തു, ചെടിച്ചട്ടികള്‍ പൊട്ടിച്ചു എന്ന പരാതികളുമായി പലരും സച്ചിന്‍റെ വീട്ടില്‍ വരുമായിരുന്നു. പലപ്പോഴും സച്ചിന്‍റെ വികൃതികള്‍ കാരണം സച്ചിന്‍റെ അമ്മയ്ക്ക് പലരോടും മാപ്പ് പറയേണ്ടിവന്നിട്ടുണ്ട്, ഒരുപാട് കണ്ണീര്‍ ഒഴുക്കിയിട്ടുണ്ട്.
തന്‍റെ മകന്‍ കൈവിട്ടുപോകുന്നു എന്ന് മനസ്സിലാക്കിയ സച്ചിന്‍റെ പിതാവ് ഒരു ദിവസം സച്ചിനെ സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ച് ഒരു വാചകം പറഞ്ഞു, ഇത് വായിക്കുന്ന എല്ലാ മാതാപിതാക്കളും, വിവാഹിതരും, ചെറുപ്പക്കാരും ചങ്കോട് ചേര്‍ത്ത് പിടിച്ച് ധ്യാനിക്കേണ്ട വാചകമാണ്.
"സച്ചിന്‍, നിനക്ക് ഒരു ക്രിക്കറ്റ് കളിക്കാരനാകാനാണ് ഇഷ്ടമെങ്കില്‍ അച്ഛന്‍ അത് സാധിച്ചുതരും, പക്ഷെ എന്‍റെ മോന്‍ ഒരുകാര്യം മനസ്സില്‍ കുറിച്ചിടണം, എതോരുകാലത്തും, *സച്ചിന്‍ നല്ലൊരു ക്രിക്കറ്റ് കളിക്കാരനാണ് എന്ന് ലോകം പറഞ്ഞ് കേള്‍ക്കുന്നതിനേക്കാള്‍, സച്ചിന്‍ നല്ലൊരു മനുഷ്യനാണ് എന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനാണ് അച്ഛനിഷ്ടം*"
25 വര്‍ഷക്കാലം നീണ്ട ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചപ്പോള്‍ പറഞ്ഞ മറുപടി പ്രസംഗത്തില്‍, തന്‍റെ അച്ഛന്‍ അന്ന് പറഞ്ഞ ആ വാചകം അയാള്‍ വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്, ഒരു പക്ഷെ ചെറുപ്പത്തിലേ പാളിപ്പോയെക്കാമായിരുന്ന തന്‍റെ ജീവിതം വഴിതിരിച്ചുവിട്ടത് അച്ഛന്‍റെ സ്നേഹമാണെന്ന് കണ്ണുകള്‍ നിറഞ്ഞുകൊണ്ട് ആ വലിയ ചെറിയ മനുഷ്യന്‍ ലോകത്തോട് പറഞ്ഞു. ഇന്ന് സച്ചിനെ ദൈവം എന്ന് എല്ലാവരും വിളിക്കുന്നത് അയാള്‍ മൈതാനത്തിനു അകത്തും പുറത്തും നല്ലൊരു മനുഷ്യനായ് ജീവിച്ചതുകൊണ്ട് മാത്രമാണ്. ഇന്ന് നാം സ്നേഹിക്കുന്ന സച്ചിനെ ലോകത്തിന് സമ്മാനിച്ചത് സച്ചിന്‍റെ പിതാവിന്‍റെ സ്നേഹമാണ്. ദൈവങ്ങള്‍ പിറവിയെടുക്കുന്നത് സ്നേഹത്തില്‍ നിന്നാണ്.
point രണ്ട് : സമുന്ദര്‍, ഒരു ലോക്കല്‍ ഗുണ്ട
നോര്‍ത്ത് ഇന്ത്യയിലെ പാവപ്പെട്ട കര്‍ഷകര്‍ക്കിടയില്‍ തന്‍റെ മിഷന്‍ പ്രവര്‍ത്തനവുമായി ജീവിച്ച ഒരു പാവം കന്യാസ്ത്രീയായിരുന്നു Sister.റാണി മരിയ. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടണമെന്നും, അര്‍ഹിക്കുന്ന കൂലി കിട്ടുന്നവരെ സമരം ചെയ്യണമെന്നും സിസ്റ്റര്‍ അവരെ പഠിപ്പിച്ചു, അങ്ങനെ അവിടെയുള്ള ജന്മിമാര്‍ മുഴുവന്‍ സിസ്റ്ററിന്‍റെ ശത്രുക്കളായി മാറി. പലതവണ ഭീഷണിപ്പെടുത്തിയിട്ടും സിസ്റ്റര്‍ പാവങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി പോരാടി. ഒരിക്കല്‍ സിസ്റ്റര്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ വണ്ടിക്ക് കൈകാണിച്ചു, ബസ്സില്‍ കയറി കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ ബസ്സ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. താന്‍ ഉടനെ വരാം എന്ന് പറഞ്ഞിട്ട് കൈയ്യില്‍ ഉണ്ടായ തേങ്ങ എടുത്ത് ബസ്സില്‍ നിന്നിറങ്ങി, തൊട്ടടുത്ത് ഉണ്ടായിരുന്ന ഒരു അമ്പലത്തിന്‍റെ മുന്‍പില്‍ നിന്ന് അല്‍പ്പനേരം പ്രാര്‍ഥിച്ചു, എന്നിട്ട് തേങ്ങയുടച്ചു.പൊട്ടിചിതറിയ തേങ്ങാക്കഷ്ണങ്ങളുമായി അയാള്‍ ബസ്സില്‍ കയറി, അവിടെ ഇരുന്ന പലര്‍ക്കും പ്രസാദം പോലെ അവ സമ്മാനിച്ചു.അവസാനത്തെ കഷ്ണവുമായി അയാള്‍ സിസ്റ്റെറിന്‍റെ അടുക്കല്‍ ചെന്നു. സിസ്റ്റര്‍ക്ക് കൊടുക്കുന്നപോലെ കാണിച്ചു, പക്ഷെ സിസ്റ്റര്‍ എടുക്കാന്‍ വന്നപ്പോള്‍ കൈ പിന്‍വലിച്ചു, ഇങ്ങനെ രണ്ട് തവണ ചെയ്തപ്പോള്‍ സിസ്റ്റര്‍ അയാളോട് 'ഇന്ന് നല്ല സന്തോഷത്തിലാണല്ലോ, എന്താണ് വിശേഷം' എന്ന് ചോദിച്ചു.അയാള്‍ ഒന്ന് ഉറക്കെ ചിരിച്ചിട്ട് 'ഇതാണ് വിശേഷം' എന്ന് പറഞ്ഞ് തന്‍റെ അരയില്‍ ഒളിപ്പിച്ചുവെച്ച കത്തിയെടുത്ത് സിസ്‌റ്ററിന്‍റെ വയറ്റില്‍ ആഞ്ഞ് കുത്തി. ബസ്സില്‍ ഇരുന്നവര്‍ ചിതറിയോടി, പിടഞ്ഞു വീണ സിസ്റ്റെറിനെ അയാള്‍ വലിച്ചിഴച്ച്കൊണ്ട് ബസ്സിന് പുറത്തേക്ക് കൊണ്ടുപോയി, എന്നിട്ട് പലയാവര്‍ത്തി ആ പാവത്തിന്‍റെ ശരീരത്തില്‍ തന്‍റെ കഠാര കുത്തിയിറക്കി. രക്തത്തില്‍ കുളിച്ച്, 51 മുറിവുകള്‍ ശരീരത്തില്‍ ഏറ്റുവാങ്ങി അവര്‍ പിടഞ്ഞ് മരിച്ചു.
ഒരു നാട് മുഴവന്‍ ആ സഹോദരിയെ ഓര്‍ത്ത് കരഞ്ഞു. പത്ത് വര്‍ഷത്തെ തടവിന് വിധിച്ചുകൊണ്ട് സമുന്ദര്‍ എന്ന കൊലയാളിയെ ജയിലില്‍ അടച്ചു, ഒരല്‍പം പോലും കുറ്റബോധം ഇല്ലാതെ അയാള്‍ അഴികള്‍ക്ക് പിന്നില്‍ ജീവിച്ചു. ഇനി ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ ദഹിക്കാന്‍ നിങ്ങള്ക്ക് ചിലപ്പോള്‍ ബുദ്ധിമുട്ടായിരിക്കും.
നോര്‍ത്ത് ഇന്ത്യയില്‍ രാഖി കെട്ടുന്ന ദിവസം ഒരു കന്യാസ്ത്രീ സമുന്ദര്‍ എന്ന കൊലയാളിയെ കാണാന്‍ വന്നു. അയാളുടെ കൈയ്യില്‍ രാഖി കെട്ടണം എന്നതായിരുന്നു അവരുടെ ആഗ്രഹം. അവര്‍, മരിച്ച റാണി മരിയയുടെ അനുജത്തിയായിരുന്നു. തന്‍റെ ചേച്ചിയെ കൊന്നവനെ ആങ്ങളയായി സ്വീകരിക്കാന്‍ വന്നതായിരുന്നു അവര്‍. ഒരു കുറ്റബോധവും ഇല്ലാതെ ജയില്‍ ജീവിതം നയിച്ചിരുന്ന സമുന്ദറിന്‍റെ ഹൃദയത്തില്‍ അപ്പോള്‍ ഒരു വാള്‍ കടന്നു, താന്‍ കൊന്ന സ്ത്രീയുടെ അനുജത്തിയാണ് അവര്‍ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ അയാളുടെ ഇതുവരെ നനയാത്ത കണ്ണുകള്‍ നിറഞ്ഞു. കണ്ണുനീരിന്‍റെ ഉപ്പ് അയാള്‍ രുചിച്ചു.
പത്ത് വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞപ്പോള്‍ അയാളെ കൂട്ടിക്കൊണ്ട് പോകാന്‍ വന്നത് സിസ്റ്റര്‍ റാണി മരിയയുടെ അമ്മയും കുടുംബക്കാരുമാണ്, കൊണ്ടുപോയതോ, അവരുടെ സ്വന്തം വീട്ടിലേയ്ക്കും. അവന് തന്‍റെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം വിളമ്പി കൊടുത്തപ്പോള്‍ ആ അമ്മയുടെ മുഖത്ത് സ്വന്തം മകന് ഭക്ഷണം കൊടുക്കുന്ന അത്ര സന്തോഷമായിരുന്നു. 'അതായിരുന്നു എന്‍റെ മകള്‍ റാണി മരിയയുടെ മുറി' എന്ന് പറഞ്ഞുകൊണ്ട് ആ അമ്മ അവന്‍റെ നെറ്റിത്തടത്തില്‍ ചുംബിച്ചു, എന്നിട്ട് ആ മുറിയിലേക്ക് അവനെ മാത്രം പറഞ്ഞയച്ചു. താന്‍ 51 തവണ കുത്തിക്കീറിയ, തന്‍റെ കയ്യില്‍ കിടന്ന് പിടഞ്ഞ് മരിച്ച ആ കന്യാസ്ത്രീയുടെ കട്ടിലില്‍ അയാള്‍ കുറച്ച് നേരം നോക്കിനിന്നു. ആര്‍ത്തുപെയ്യാന്‍ കൊതിക്കുന്ന കാര്‍മേഘം പോലെ അയാളുടെ മുഖം ഒരു വലിയ കരച്ചിലിന് തയ്യാറെടുത്തു. അയാള്‍ മുട്ടുകുത്തി ആ കിടക്കയില്‍ ചുംബിച്ചു, നെഞ്ച് പൊട്ടിക്കരഞ്ഞു. പിന്നീട് അവിടെ നടന്നത് എല്ലാവരുടെയും കണ്ണ് നനയിക്കുന്ന ഒരു കാഴ്ച്ചയായിരുന്നു. അയാള്‍ ആ മുറിയില്‍നിന്നും ഇറങ്ങിയോടി, മുറ്റത്ത് കിടന്ന ഒരു പാറക്കല്ല്കൊണ്ട് തന്‍റെ കൈ അടിച്ചു പൊട്ടിക്കാന്‍ തുടങ്ങി. സിസ്റ്റരിന്‍റെ ബന്ധുക്കള്‍ അയാളെ പിടിച്ചുമാറ്റി. ഒടുവില്‍ ആ അമ്മയുടെ കാലില്‍ വീണിട്ടു സമുന്ദര്‍ പറഞ്ഞ ഒരു വാചകമുണ്ട് "*നിങ്ങളെപ്പോലെ സ്നേഹിക്കുന്ന ഒരു അമ്മയുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരു കൊലയാളിയാകില്ലയിരുന്നു*".
Point മൂന്ന് : *വാതില്‍*, ഒരു നല്ല പള്ളിലച്ചന്‍റെ പുസ്തകം
മതം കുറച്ചും, ആത്മീയത കൂടുതലുമുള്ള ഒരു പുസ്തകം. അതിലെ കാതലായ ആശയം *സ്നേഹത്തെക്കുറിച്ചാണ്*. പണ്ട് കാലത്ത് ആട്ടിടയന്മാര്‍ തങ്ങളുടെ ആടുകളുമായി ഒരു സ്ഥലത്ത് നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമായിരുന്നു. രാത്രികാലങ്ങളില്‍ ഈ ആടുകളെയെല്ലാം ഏതെങ്കിലും ഗുഹയില്‍ ആക്കിയിട്ടു ഈ ആട്ടിടയന്‍ ഗുഹയുടെ പ്രവേശനകവാടത്തിന് വട്ടം കിടക്കുമായിരുന്നു. ഗുഹയ്ക്ക് വാതില്‍ ഇല്ലായിരുന്നു, രാത്രികാലങ്ങളില്‍ അയാള്‍ ആണ് ഗുഹയുടെ വാതില്‍. രാത്രിയുടെ യാമങ്ങളില്‍ ഗുഹയുടെ സുരക്ഷിതത്വത്തില്‍ നിന്നും പുറത്തെ അപകടം പതിഞ്ഞിരിക്കുന്ന സുഖങ്ങളിലേക്ക് പോകാന്‍ ഒരു ആട്ടിങ്കുട്ടി ശ്രമിച്ചാല്‍, വട്ടം കിടക്കുന്ന തന്‍റെ ഇടയനെ ചവിട്ടാതെ അതിന് പുറത്തു കടക്കാന്‍ സാധിക്കില്ല. ഇടയന്‍ ഉണരും, ആടിനെ വീണ്ടും സുരക്ഷിതത്തിലേക്ക് പറഞ്ഞുവിടും. അതുപോലെ, പുറത്ത് നിന്ന് ഒരു ചെന്നായയ്ക്ക് അകത്തുള്ള ആടുകളെ ആക്രമിക്കണമെങ്കില്‍ ആദ്യം ഇടയനെ മുറിച്ചുകടക്കേണ്ട ബാധ്യതയുണ്ട്. ഇടയന്‍ വാതിലായ് ഉള്ളപ്പോള്‍ ആടുകള്‍ സുരക്ഷിതരാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും മറ്റുള്ളവര്‍ക്ക് പരസ്പരം വാതില്‍ ആകുക എന്നൊരു ഉത്തരവാദിത്തം ഉണ്ട് ഒരു സ്നേഹവാതില്‍, ചില അപകടങ്ങളില്‍ നിന്ന് പരസ്പരം രക്ഷിക്കുന്ന, വട്ടം കിടക്കുന്ന ഒരു പുതിയതരം വാതില്‍..
സത്യസന്ധമായ സ്നേഹംകൊണ്ട് പരിഹരിക്കപ്പെടാവുന്ന പ്രശ്നങ്ങളേ നമ്മുടെ സമൂഹത്തില്‍ ഇപ്പോഴുള്ളൂ. പക്ഷെ ആ സ്നേഹം തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്നാണ്. മക്കളുടെ മുന്‍പില്‍ സ്നേഹം കൊണ്ട് വട്ടം കിടക്കാന്‍ അച്ഛനും അമ്മയും എന്ന നിലയില്‍ നിങ്ങള്‍ക്ക് സാധിക്കുമോ??? കാമുകന്‍ സ്നേഹം കൊണ്ട് കൂടെ കിടക്കാന്‍ വിളിച്ചപ്പോള്‍, പോകണം എന്ന് ആഗ്രഹം ഉണ്ടായിട്ടും, ആരും അറിയില്ലയെന്ന് ഉറപ്പുണ്ടായിട്ടും, മുന്നോട്ട് വെച്ച കാല്‍ നിങ്ങളുടെ മകള്‍ ചിലപ്പോള്‍ പിന്നോട്ട് വലിച്ചെന്നിരിക്കും അത് നിങ്ങളുടെ സ്നേഹം അവള്‍ക്ക് മുന്നില്‍ വട്ടം കിടക്കുന്നതുകൊണ്ടാകാം.
പുറത്തെ അപകടങ്ങള്‍ എന്തൊക്കെ സന്തോഷങ്ങളും, ഫിലോസഫികളും, മതസ്നേഹവും കാണിച്ചു കൈകൊട്ടി വിളിച്ചാലും നിങ്ങളുടെ ചങ്കില്‍ ചവിട്ടാതെ ചെറുപ്പക്കാരനായ മകന്, മകള്‍ക്ക് പുറത്ത് കടക്കാനാവില്ല. നിങ്ങളുടെ സ്നേഹം അവരെ തടയും, നന്മയുടെ സുരക്ഷയിലേക്ക് തിരികെ നടക്കാന്‍ പ്രേരിപ്പിക്കും. കുറ്റബോധം അല്‍പ്പം പോലുമില്ലാതിരുന്ന സമുന്ദര്‍ എന്ന കൊലയാളിയുടെ കണ്ണ് ആദ്യമായി നിറഞ്ഞതും, അവന്‍ ചെയ്തത് തെറ്റാണെന്ന തിരിച്ചറിവ് ഉണ്ടായതും ഒരമ്മയുടെ അളവില്ലാത്ത സ്നേഹത്തിന്‍റെ മുന്‍പിലാണ്. ലോകത്ത് എന്തൊക്കെ വെട്ടിപ്പിടിച്ചാലും, നല്ലൊരു മനുഷ്യന്‍ ആകുക എന്നതിലാണ് ഒരാളുടെ വിജയം എന്ന് പറഞ്ഞു കൊടുത്തതുകൊണ്ടാണ്, വിവിധ മതങ്ങള്‍കൊണ്ട് സമ്പന്നമായ ഒരു രാജ്യം ഒരു ക്രിക്കറ്റ് കളിക്കാരനെ ഒരുമിച്ച് ദൈവം എന്ന് വിളിച്ചത്.
നിങ്ങളോട് ഒരു ചോദ്യം ചോദിച്ചുകൊണ്ട് ഞാന്‍ ഈ കുറിപ്പ് നിര്‍ത്തുകയാണ്:
ചങ്കുറപ്പുണ്ടോ???? സ്നേഹം കൊണ്ട് ഒരു വാതില്‍ തീര്‍ക്കാന്‍? മക്കള്‍ക്ക് മുന്‍പില്‍, ചങ്ങാതിക്ക് മുന്‍പില്‍, പ്രണയിനിക്ക് മുന്‍പില്‍, നിങ്ങളെ വെറുക്കുന്നവരുടെ മുന്‍പില്‍? പറ്റുമെങ്കില്‍, ഞാന്‍ ഉറപ്പു പറയുന്നു...നമ്മുടെ ഇടയില്‍ നിന്ന് ഇനിയാരും കാണാതാവില്ല...ആരും തീവ്രവാദികള്‍ ആകില്ല...ആരും നശിച്ചുപോകില്ല....
വരൂ നമുക്ക് പരസ്പരം സ്നേഹിക്കാം, തിന്മയ്ക്ക് നന്മയോട് അസൂയ തോന്നുമാറ് സ്നേഹിക്കാം...
Relax ആയിരിക്കുമ്പോള്‍ ഒരിക്കല്‍ കൂടി വായിക്കുക