Google Ads

Sunday, July 31, 2016

ജയൻ - വെള്ളിത്തിരയിലെ സൂര്യഗ്രഹണം

" ഞാൻ ഹെലികോപ്ടറിൽ ചാടി പിടിക്കുമ്പോൾ, നീ ബൈക്കുമായി പെട്ടെന്ന് മുന്നോട്ടു പോകണം! ഇല്ലെങ്കിൽ,ഹെലികോപ്ടറിന്റെ പിൻഭാഗത്തെ 'ഫാൻ' നിന്റെ തലയിൽ ഇടിയ്ക്കും ! "
ജയൻ, സുകുമാരനെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി.
ചാറ്റൽ മഴ പെയ്തൊഴിഞ്ഞ്, കാർമേഘമാലകളെ കഴുത്തിലണിഞ്ഞ് സൂര്യൻ വീണ്ടും പുറത്തു വന്നു.
സംവിധായകൻ സുന്ദരം,"സ്റ്റാർട്ട്‌ - ആക്ഷൻ" പറഞ്ഞ നിമിഷം,
ബാലൻ.കെ.നായരെയും കൊണ്ട്, ഹെലികോപ്ടർ ആകാശത്തേക്ക് പറന്നുയർന്നു.
നടൻ സുകുമാരൻ സാരഥിയായ, ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനു പുറകിൽ നിന്നും, പറന്നുയരുന്ന ഹെലികോപ്ടറിന്റെ 'ലാന്റിംഗ് പാഡിലേക്ക് ', ഒരു പുള്ളിപ്പുലിയുടെ ചടുലതയോടെ, ചാടി തൂങ്ങിയുയർന്ന ജയൻ, ഹെലികോപ്ടറിനുള്ളിൽ അനായാസേന കടന്ന്, വില്ലനെ കീഴ്പ്പെടുത്തുക തന്നെ ചെയ്തു.
പെർഫെക്റ്റ്‌ ഷോട്ട് !
സുന്ദരം 'കട്ട് ' പറഞ്ഞു.
ഹെലികോപ്ടറും, ജയനും, ബാലൻ.കെ.നായരുമെല്ലാം ഭദ്രമായി ഭൂമിയിൽ 'ലാൻഡ്‌ ' ചെയ്യപ്പെട്ടു.
എന്നാൽ സംവിധായകനടക്കം, പരിപൂർണ്ണ സംതൃപ്തിയോടെ അന്ഗീകരിക്കപ്പെട്ട, അത്യപകടകരമായ ആ സാഹസികരംഗം, വീണ്ടും ചിത്രീകരിക്കാൻ 'മറ്റാരെങ്കിലും' ജയനെ നിർബന്ധിക്കുകയായിരുന്നോ ?
അതോ, അദ്ദേഹം സ്വയം തീരുമാനിച്ചതോ?
ഇന്നും ചുരുളഴിയാത്ത 'നിഗൂഡരഹസ്യമായി' അത് തുടരുന്നു ?
.........................................................................................................
"എനിയ്ക്ക് വല്ലാതെ വിശക്കുന്നു ...കഴിയ്ക്കാൻ എന്തുണ്ട് ?
വിനയപൂർവ്വം, ജയൻ 'ലഞ്ച്ബോയിയോട്‌ ' ചോദിച്ചു.
"ഒന്നുമില്ല സാർ!"
'ലഞ്ച് ബോയ്‌ ' വിഷമത്തോടെ പറഞ്ഞു.
"ഒരു ബിസ്ക്കറ്റ് പോലുമില്ലേ ? "....
ഒരിയ്ക്കലും തിരിച്ചുവരാനാകാത്ത, മരണത്തിന്റെ ക്രൂരമായ അദൃശ്യകരങ്ങളിലെയ്ക്ക് അപ്രതീക്ഷിതമായി നടന്നടുക്കുന്നതിനും
തൊട്ടു മുൻപ്, അവസാനമായി ജയൻ ഉച്ചരിച്ച വാക്കുകൾ!
ഷൂട്ടിങ്ങ്, ഉച്ചക്ക് മുമ്പ് തീരും എന്ന ധാരണയുള്ളതിനാൽ, സെറ്റിൽ ആർക്കുവേണ്ടിയും ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നില്ല!
വിശന്നവയറുമായി, വീണ്ടും ഹെലികോപ്ടർ രംഗത്തിന്റെ 'റീടേക്ക് -നായി ജയൻ തയ്യാറെടുത്തു!
"സ്റ്റാർട്ട്‌ -ആക്ഷൻ "
ഒരു ഗർജ്ജനത്തോടു കൂടി, വീണ്ടും ഹെലികോപ്ടർ ഉയരത്തിലേക്ക് പറന്നു പൊങ്ങി. 'ലാന്റിംഗ് പാഡിലേക്ക് ചാടിത്തൂങ്ങിയ ജയന്റെ കാലുകൾ തട്ടി, മോട്ടോർ ബൈക്കിന്റെ 'ബാലൻസ് 'തെറ്റി വീഴാൻ തുടങ്ങിയ സുകുമാരൻ, ബൈക്കുമായി പെട്ടെന്ന് മുന്നോട്ടു നീങ്ങി.
എന്നാൽ,..........
അസാധാരണവും, അപ്രതീക്ഷിതവുമായി ഹെലികോപ്ടർ
പെട്ടെന്ന്, ഒരു വശത്തേക്ക് ചെരിഞ്ഞു ??????
ടാങ്കിൽ നിന്നും ഇന്ധനം പുറത്തേക്ക് തെറിച്ചു !
30 അടിയോളം ഉയരത്തിൽ ജയനുമായി പറന്നുയർന്ന ഹെലികോപ്ടർ,അതേ വേഗതയിൽ തന്നെ നിലത്തേക്കു ശക്തമായി വന്നിടിച്ചു!
ഹെലികോപ്ടറിന്റെ 'റോട്ടർ ബ്ലേഡ് 'തറയിലടിച്ച് തെറിച്ചു!
ജയന്റെ നടുവാണ് ആദ്യം നിലത്ത് ശക്തമായി ഇടിച്ചത് !
ഇതേസമയം, ദൂരേക്ക്‌ തെറിച്ചു വീണ്, ഇടതു കാലിനും, തലക്കും മാരകമായി മുറിവേറ്റ ബാലൻ.കെ.നായർ ബോധരഹിതനായി കിടക്കുകയായിരുന്നു.
ഈ സമയത്തിനുള്ളിൽ തന്നെ പൈലറ്റ്‌, പുറത്തേക്ക് ചാടി
രക്ഷപ്പെട്ടിരുന്നു ??????
പെട്ടെന്നു തന്നെ, ജയനുമായി ഒരിക്കൽ കൂടി ഉയരത്തിലേക്ക് താനേ കുതിച്ചുയർന്ന ഹെലികോപ്ടർ,രണ്ടാമതും തിരികെ ഭൂമിയിൽ ശക്തമായി വന്നിടിച്ചു!
ഇത്തവണ ജയന്റെ തലയായിരുന്നു അതീവശക്തിയോടെ
നിലത്തടിച്ചത് !
ഈ കാഴ്ച്ച കണ്ടു സ്തംഭിച്ചു, മരവിച്ചു പോയ 'പ്രോഡക്ഷൻ ക്ര്യൂവിനിടയിൽ' നിന്നും 'പ്രോഡക്ഷൻ കണ്ട്രോളർ 'കല്ലിയൂർ ശശി
ഓടി വന്ന്, 'ലാന്റിംഗ് പാഡിനടിയിൽ' കുടുങ്ങി കിടന്നിരുന്ന ജയനെ വേഗത്തിൽ പുറത്തെടുത്തു. ജയന്റെ തലയിൽ നിന്നും രക്തം ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു!
ആദ്യം വന്ന, ജയന്റെ സ്വന്തം ഫിയറ്റ് കാറിന്റെ പിൻസീറ്റിലേക്ക് തന്നെ, കല്ലിയൂർ ശശിയും, വിജയാനന്ദും ചേർന്ന് ജയനെ എടുത്തു കിടത്തി. ഫിയറ്റ് കാറിന്റെ പിൻസീറ്റിൽ, ജയന്റെ രക്തം പടർന്നൊഴുകി തളംകെട്ടി കിടന്നു.
മറ്റൊരു കാറിൽ ബാലൻ.കെ.നായരെയും കയറ്റിയ ശേഷം,കാറുകൾ രണ്ടും അതിവേഗതയിൽ ആശുപത്രിയെ ലക്ഷ്യമാക്കി കുതിച്ചു.
കോരിച്ചൊരിയുന്ന മഴയുടെ ശക്തി വീണ്ടും വർദ്ധിച്ചു!
റോഡുകളിൽ വെള്ളം കയറി യാത്ര ഇടയ്ക്കിടെ തടസ്സപ്പെട്ടു കൊണ്ടിരുന്നു!
'മരണം' വീണ്ടും ചിരിച്ചു!
ജയന്റെ പരിക്കുകൾ അതീവ ഗുരുതരമായതിനാൽ, ജയനെ 'മദ്രാസ് ജനറൽ ഹൊസ്പിറ്റലിലെക്കും', ബാലൻ.കെ.നായരെ വിജയാ നഴ്സിംഗ് ഹോമിലെക്കും കൊണ്ടു പോയി. ജയനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും, സമയം വളരെ വൈകിക്കഴിഞ്ഞിരുന്നു.
ബോധം നഷ്ടപ്പെട്ടിരുന്നെങ്കിലും, ജയൻ ചെറുതായി ഞരങ്ങുന്നുണ്ടായിരുന്നു
.
തമിഴ്‌നാട്ടിലെ ഏറ്റവും പ്രശസ്തനായ ന്യൂറോസർജ്ജനായ ഡോക്ടർ നരേന്ദ്രനെ പെട്ടെന്നു തന്നെ ഫോൺ ചെയ്ത് വിളിച്ചു വരുത്തി.
അപ്പോൾ, സമയം 4.30
ശ്വാസം പോലും അടക്കിപ്പിടിച്ച് ,അക്ഷമരായി 'ഓപ്പറേഷൻ തീയ്യെറ്ററിന് ' മുന്നിൽ നില്ക്കുകയാണ് സംവിധായകൻ പീ.എൻ.സുന്ദരവും, വിജയാനന്ദും!
വിവരമറിഞ്ഞെത്തിയ അനേകം ജനങ്ങൾ ആശുപത്രിക്ക് ചുറ്റും നിറഞ്ഞു!
മധു,സോമൻ,സുകുമാരൻ,ഹരിഹരൻ തുടങ്ങിയ ജയന്റെ സഹപ്രവർത്തകരടക്കം,തമിഴ് സിനിമാ നടൻ നാഗേഷും ആശുപത്രിയിൽ ഉടൻ എത്തിച്ചേർന്നു.
നിമിഷങ്ങൾക്ക് വർഷങ്ങളുടെ കാലദൈർഘ്യം അനുഭവപ്പെടുന്ന അപൂർവ്വ സന്ദർഭങ്ങൾ!
സമയം കൃത്യം 6.30
ഒന്നരമണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയക്കു ശേഷം,
ഡോക്ടർ നരേന്ദ്രൻ പുറത്തു വന്നു.
ഭയത്തിന്റെയും, ജിജ്ഞാസയുടെയും മുൾമുനയിൽ നിന്നിരുന്ന കല്ലിയൂർ ശശിയെ നോക്കി ഡോക്ടർ പറഞ്ഞു.
" ജയൻ... ഈസ്‌ നോ മോർ ".....
അജയ്യനായ ജയൻ മരിച്ചു!
വെള്ളിത്തിരയുടെ സൂര്യൻ അസ്തമിച്ചു!
ചലച്ചിത്രലോകം അന്ധകാരത്തിലാണ്ടു!
പ്രപഞ്ചം ഒരു നിമിഷം നിശ്ചലമായോ?......
കോരിച്ചൊരിയുന്ന മഴ, കരയുന്ന പ്രകൃതിയുടെ കണ്ണുനീർ തന്നെയായിരുന്നുവോ ?
നിമിഷങ്ങൾക്കകം, ആശുപത്രിയിൽ കൂട്ടക്കരച്ചിലുയർന്നു.
വിജയാനന്ദ് ബോധം കെട്ട് വീണു.തളർന്നു പോയ ഹരിഹരനെ ആരൊക്കെയോ താങ്ങി പിടിച്ചിരുന്നു.
സൂപ്പർസ്റ്റാർ ജയൻ അപകടത്തിൽ അന്തരിച്ചു!
വാർത്ത,തീക്കാറ്റ് പോലെ പടർന്നു.
ഇന്ത്യൻ സിനിമാലോകം ഞെട്ടിത്തരിച്ചു!
അമാനുഷികനായ ജയന് മരണമോ ? ഒരിക്കലുമില്ല.....ഒരിക്കലുമില്ല!
ആർക്കുമാർക്കും,ആദ്യം വിശ്വസിക്കാനോ, ഉൾക്കൊള്ളാനോ കഴിഞ്ഞില്ല!
അപ്രിയസത്യത്തെ ഉൾക്കൊള്ളാനാവാത്ത ചിലർ ബോധം കെട്ട് വീണു!ബോധം തെളിഞ്ഞവരിൽ ചിലരുടെ മാനസികനില എന്നെന്നേക്കുമായി തകരാറിലായിരുന്നു!
(ലേഖകന് നേരിട്ട് അറിയാവുന്ന, ഇന്നും ജീവിച്ചിരിക്കുന്നവർ )
മദ്രാസിൽ നിന്നുള്ള ടെന്നി ഫിലിംസ് ഉടമ തിരുവെങ്കിടത്തിന്റെ "സീരിയസ്സാണ്.. ഉടൻ വരിക" എന്ന,'സന്ദേശം' കേട്ട്, ഉടനെ മദ്രാസ്സിലേക്ക് 'ഫ്ലൈറ്റിൽ' പോകുവാനൊരുങ്ങിയ ജയന്റെ അനുജൻ സോമൻ നായർ," ജയൻ മരിച്ചു,'പോസ്ടുമോർട്ടം' കഴിഞ്ഞ്, മൃതദേഹം നാളെ ഉച്ചക്ക് തിരുവനന്തപുരത്തെത്തും" എന്ന അടുത്ത സന്ദേശം കേട്ട് തളർന്നു മരവിച്ചു പോയി!
ആ സമയം,കേരളം മുഴുവൻ തകർത്തോടിയിരുന്ന ജയന്റെ 'ദീപം' എന്ന സൂപ്പർഹിറ്റ്‌ സിനിമ കളിച്ചു കൊണ്ടിരുന്ന കൊല്ലം ആരാധനാ തിയ്യേറ്ററിൽ,"ഹെലികോപ്ടർ അപകടത്തിൽ ജയൻ മരിച്ചു" എന്ന വാർത്ത 'സ്ലൈഡിൽ' എഴുതിക്കാണിച്ച്ചപ്പോൾ,ആരാധകർ അവിടെ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള ജയന്റെ വീട്ടിലേക്ക് പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി!
വീടിനു ചുറ്റും കൂടിയ ജനസഹസ്രത്തെ കണ്ടു പരിഭ്രമിച്ച അമ്മയോട് , " തൊട്ടടുത്ത 'കോട്ടൺ മില്ലിന് ' തീ പിടിച്ചതാണെന്ന് " ജയന്റെ അനുജൻ സോമൻ നായർ കള്ളം പറഞ്ഞു!
എന്നാൽ, ഒട്ടും വൈകാതെ തന്റെ പൊന്നോമനയായ 'ബേബിമോന്റെ' മരണവാർത്ത അറിഞ്ഞ അമ്മയുടെ മാനസികനില തെറ്റിപ്പോയിരുന്നു, എന്നെന്നേക്കുമായി !
പ്രേംനസീറിന്റെ മകൻ ഷാനവാസ്, പീരുമേട് ഗസ്റ്റ്‌ ഹൌസിലേക്ക് ജയന്റെ മരണവാർത്ത ഫോൺ ചെയ്തു പറഞ്ഞപ്പോൾ,ജയനെ, ജീവനു തുല്യം സ്നേഹിച്ചിരുന്ന പ്രേംനസീറും,ജോസ് പ്രകാശും കുഴഞ്ഞു വീണു!
"മോനേ ജയാ ...നീ ഞങ്ങളോട് ഈ ചതി ചെയ്തല്ലോ മോനെ"....
എന്നു പറഞ്ഞു കൊണ്ട് സ്റ്റണ്ട് മാസ്റർ ത്യാഗരാജൻ കൊച്ചു കുഞ്ഞിനെപ്പോലെ അലമുറയിട്ടു കരഞ്ഞു!
സ്വന്തം അനുജനെ പോലെ ജയൻ സ്നേഹിച്ചിരുന്ന മേയ്ക്ക്-അപ്പ് മാൻ ജയമോഹൻ,സപ്തനാഡികളും തളർന്ന് ഒന്നു മിണ്ടാൻ പോലുമാവാതെ വിറക്കുകയായിരുന്നു!
ഇതേ സമയം മദ്രാസിലെ ആശുപത്രി മോർച്ചറിയിൽ,
മരണത്തിന്റെ അഗാധവും,തീവ്രവുമായ തണുപ്പിലേക്ക് ആഴ്ന്നിറങ്ങിപ്പോയ ജയന്റെ മൃതശരീരം,ഒരിക്കലും,ഒരിക്കലും ഉണരാനാവാത്ത ഗാഡനിദ്രയിൽ ലയിച്ചു കിടക്കുകയായിരുന്നു, ...ഒന്നുമൊന്നുമറിയാനാവാതെ!
പിറ്റേന്ന്, 'വീരസാഹസികന്റെ' മരണവാർത്ത നിറഞ്ഞ പത്രത്താളുകൾ നിമിഷനേരം കൊണ്ട് ഒന്നൊഴിയാതെ വിറ്റഴിഞ്ഞു.
മലയാളദേശം മുഴുവൻ തേങ്ങിക്കരഞ്ഞു!
കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു!
എല്ലാ കവലകളിലും കരിങ്കൊടികൾ നിറഞ്ഞു!
സർക്കാർ ഓഫീസുകൾ ഉൾപ്പെടെ, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അന്ന് അവധി പ്രഖ്യാപിച്ചു!
സിനിമാപ്രദർശനം പൂർണ്ണമായും നിർത്തി വെച്ചു!
എത്രയോ യുവതികൾ ആത്മഹത്യക്ക് ശ്രമിച്ചു!
ജയന്റെ 'വീരചരിത്രം' പാടിപ്പറഞ്ഞ് ജനങ്ങൾ അദ്ദേഹത്തിന്റെ 'പോസ്ടരുകൾക്ക് ' മുന്നിൽ കൂട്ടംകൂടി നിന്നു!
നവംബർ 17-ന് രാവിലെ ജയന്റെ മൃതദേഹം 'പോസ്റ്മോർട്ടം' ചെയ്തു!
രാവിലെ പതിനൊന്നു മണിക്ക് ആശുപത്രിയിൽ നിന്നെടുത്ത മൃതദേഹം, ജയനും, ശ്രീകുമാരൻ തമ്പിയും ഒരുമിച്ച് തിരുവനന്തപുരത്തേക്ക് പോകാനുറപ്പിച്ചിരുന്ന,11.45 നുള്ള,
അതേ 'ഫ്ലൈറ്റിൽ' തന്നെ കയറ്റുമ്പോൾ, ശ്രീകുമാരൻ തമ്പിയും
ഉണ്ടായിരുന്നു, ധീരസാഹസികന്റെ തണുത്തു മരവിച്ച മൃതശരീരത്തിനരികെ!
ജയൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടെന്നും,അടുത്ത മുറിയിൽ തന്നെ ചികിത്സയിൽ ഉണ്ടെന്നുമായിരുന്നു,ബോധം തെളിഞ്ഞ ബാലൻ.കെ.നായരോട് പലരും പറഞ്ഞിരുന്നത് !
തകർത്തു പെയ്യുന്ന മഴയെപ്പോലും വകവെക്കാതെ ജനമഹാസമുദ്രം ആർത്തിരമ്പിക്കൊണ്ടിരുന്നു,തങ്ങളുടെ ജീവന്റെ ജീവനായ ഇതിഹാസതാരത്തെ അവസാനമായി ഒരു നോക്ക് കാണുവാനായി മാത്രം!
തങ്ങളുടെ ആരാധനാപാത്രത്തിന്,അവസാനമായി അശ്രുപുഷ്പങ്ങൾ അർപ്പിക്കാനായി, പോലിസ് ഒരുക്കിയിരുന്ന വമ്പൻ സുരക്ഷാസംവിധാനങ്ങളും,'ബാരികോഡുകളും' തകർത്തെറിഞ്ഞു കൊണ്ട് ആഞ്ഞടിച്ച 'സമുദ്രത്തിരമാലകളെ',നോക്കി നില്ക്കാനല്ലാതെ ഒന്നനങ്ങാൻ പോലും കഴിഞ്ഞില്ല പോലീസ് സന്നാഹത്തിന് !
ഒരു ദേശീയനേതാവിന് പോലും ലഭിക്കാത്ത അന്തിമോപചാരമാണ് ജയന് ലഭിച്ചു കൊണ്ടിരുന്നത്. മൃതശരീരത്തിന്റെ കാൽ തൊട്ടു വന്ദിക്കുമ്പോൾ വിലക്കിയ പോലിസിനോട് ഒരു യുവതി പറഞ്ഞു.
" ഇദ്ദേഹം ഞങ്ങൾക്ക് ദൈവത്തെക്കാൾ വലിയവൻ "
സിനിമയിലും, ജീവിതത്തിലും തന്റെ ആത്മസുഹൃത്തായ,ജയന്റെ മൃതശരീരത്തിൽ പുഷ്പചക്രമർപ്പിക്കുമ്പോൾ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു പോയ നസീർ, എല്ലാവർക്കും ഹൃദയഭേദകമായ ഒരു കാഴ്ചയായിരുന്നു!
മൃതദേഹം, ജയന്റെ തേവള്ളിയിലെ വീട്ടിലേക്കു കൊണ്ട് പോകാൻ ഒരുങ്ങിയപ്പോൾ, 'നിയന്ത്രണാതീതമായ' ജനപ്രവാഹത്തെ നിയന്തിക്കാൻ പോലീസ് ലാത്തിചാർജ്ജും,'ടിയർ ഗ്യാസ് 'പ്രയോഗവും നടത്തി!
തിക്കിലും തിരക്കിലും പെട്ട് പലരും ചതഞ്ഞരഞ്ഞു!
ലാത്തിചാർജ്ജിൽ പരിക്കേറ്റ നൂറുകണക്കിന് ജനങ്ങളെയും, പോലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു!
അന്ന് പോലീസ് ഉദ്യോഗസ്ഥനായിരുന്ന,നടൻ ഭീമൻ രഘുവും ജനപ്രവാഹത്തെ നിയന്ത്രിക്കുന്ന സംഘത്തിലുണ്ടായിരുന്നു.
ജയന്റെ ലക്ഷക്കണക്കായ ആരാധകവൃന്ദത്തെ കണ്ട് പോലീസ് സേന അന്തംവിട്ടു വാ പൊളിച്ച് നിന്നു ?????
.........................................................................................................
"അതാ 'സ്റ്റണ്ട് ത്യാഗരാജൻ'.....
അവനാണ് ജയനെ കൊന്നത് ...വിടരുതവനെ! "
ജയനെ അവസാനമായി ഒരു നോക്ക് കാണുവാനായി, കാറിൽ വന്നിറങ്ങിയ 'സ്റ്റണ്ട് മാസ്റ്റർ' ത്യാഗരാജനെയും,മേയ്ക്ക് അപ്പ് മാൻ ജയമോഹനെയും,ചുറ്റും വളഞ്ഞ്, കാർ കത്തിക്കാൻ ശ്രമിച്ച ആരാധകർക്കിടയിൽ നിന്നും അവരെ രക്ഷിച്ചെടുക്കാൻ
പോലീസിനു നന്നേ പാട് പെടേണ്ടി വന്നു!
"ജയന്റെ നാടായ കൊല്ലത്തേക്ക്‌ പോയാൽ,നിങ്ങൾക്ക്
ജീവനോടെ തിരിച്ചു വരാൻ പറ്റില്ല....ഉറപ്പ് !"
പോലീസുകാർ അവരോടു പറഞ്ഞു.
കാരണം,ത്യാഗരാജന്റെ നിർദേശപ്രകാരം,ബാലൻ.കെ.നായരാണ് ജയനെ ചവിട്ടി താഴെയിട്ടതെന്ന് ഒരു അന്ധവിശ്വാസം ജനങ്ങൾക്കിടയിൽ പരന്നിരുന്നു!
അതിനാൽ,ജയനെ അവസാനമായി ഒന്ന് കാണുവാൻ പോലും സാധിക്കാത്ത ദുഖത്തോടെ,പോലീസ് അവരെ തിരിച്ചു വിട്ടു !
ജനലക്ഷങ്ങൾക്കൊപ്പം വിലാപയാത്ര കൊല്ലത്തെത്തി.
രാത്രി എട്ടു മണിയോടെ, ജയൻ പഠിച്ച മലയാളി ഭവൻ സ്കൂൾ മന്ദിരത്തിൽ നിന്നും മൃതദേഹം ജയന്റെ വീടായ തേവള്ളിയിൽ എത്തിച്ചു. ഭാരതിയമ്മ മൃതദേഹത്തിലേക്കു മറിഞ്ഞു വീണു!
ഇതിനിടയിൽ,വീടിന്റെ മതിലുകലും,വാതിലുകളും തകർത്ത്, വീടിനുള്ളിൽ കയറി മൃതദേഹത്തെ കെട്ടിപിടിക്കാൻ ശ്രമിച്ച
അനേകം ആരാധകരെ ലാത്തി വീശിയും, ഉന്തിത്തള്ളിയും
പോലീസ് ഒരു വിധം പുറത്തെത്തിച്ച് കൊണ്ടിരുന്നു!
ജയന്റെ മൃതശരീരം എത്രയും പെട്ടെന്ന് സംസ്കരിച്ചില്ലെങ്കിൽ, കൂടുതൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് മനസ്സിലാക്കിയ പോലീസ്, ബന്ധുക്കളുടെ അനുവാദത്തോടെ രാത്രി പതിനൊന്നു മണിക്ക് തന്നെ, മൃതദേഹം കൊല്ലം മുളങ്കാടകം ശ്മശാനത്തിൽ എത്തിച്ചു.
അനശ്വരനടനെ കാണാൻ അവിടെയും വന്നെത്തിയ 'ജനപ്രളയം' കണ്ട് അന്തംവിട്ട പോലീസ്, വീണ്ടും ലാത്തിച്ചാർജ്ജ് വേണ്ടി വരുമോ എന്നും ഭയന്നു!
രാത്രി കൃത്യം 11.30
ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ,വിറയ്ക്കുന്ന കൈകളോടെ അനുജൻ സോമൻ നായരും, അഞ്ചു വയസ്സായ മകൻ കണ്ണനും ചേർന്ന്, ജയന്റെ ചിതക്ക്‌ തീകൊളുത്തി!
അഗ്നിനാളങ്ങളിൽ വെന്തുരുകുന്ന ഇതിഹാസതുല്യമായ വ്യക്തിപ്രഭാവത്തെ നോക്കി നിന്ന ജനസഹസ്രങ്ങളുടെ കണ്ണുകൾ കരഞ്ഞുകലങ്ങി!
കത്തിത്തീരാറായ ചിതയിലേക്ക്, അപ്രതീക്ഷിതമായി എടുത്തു ചാടിയ ഒരു കൂട്ടം ആരാധകരെ പോലീസ് ശക്തമായി പിടിച്ചു വലിച്ചു മാറ്റിയപ്പോൾ, അമൂല്യനിധി പോലെ കൈക്കലാക്കിയ ജയന്റെ അസ്ഥികഷണങ്ങളും,ചിതാഭസ്മവുമായി ആരാധകർ ഇരുളിലേക്ക് ഓടി മറഞ്ഞു !
ഇതിനിടയിൽ,ചില പോലീസുകാരും ചിതാഭസ്മം പോക്കറ്റിൽ സൂക്ഷിച്ചു വെച്ചു!
ചിത പൂർണ്ണമായും കത്തിത്തീരുന്നതു വരെ പോലീസിന്റെ കനത്ത കാവൽ ഉണ്ടായിരുന്നുവെങ്കിലും,പിറ്റേ ദിവസം ഉച്ചയോടെ പോലീസ് പോയശേഷം,കുറെ വിദ്യാർത്ഥികൾ വന്നു ജയന്റെ അസ്ഥി കഷണങ്ങളും,ചിതാഭസ്മവും പൂജാമുറിയിൽ സൂക്ഷിക്കാനായി ശേഖരിച്ചു കൊണ്ടുപോയി!
അതുകൊണ്ട് തന്നെ, ബന്ധുക്കൾക്ക് ആചാരപ്രകാരം നിമജ്ജനം ചെയ്യാൻ വളരെ കുറച്ച് അസ്ഥികളും,ചിതാഭസ്മവും മാത്രമേ ലഭിച്ചിരുന്നുള്ളൂ!
പിന്നീട്, ജയൻ മരിച്ചതറിഞ്ഞ് തകർന്നു പോയ ബാലൻ.കെ.നായർ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.
"എന്റെ ജയനെ ഞാനെങ്ങനെ മറക്കും ...ഞാൻ മരിച്ചാലും, അവൻ ജീവിക്കണമായിരുന്നു! "
അടുത്ത ദിവസം,ജയൻ തന്നെ എൽപ്പിച്ച സ്യൂട്ട്കെയ്സും, ജയന്റെ മാലയും,മോതിരവും കൈകളിലേക്ക് ഏൽപ്പിച്ചപ്പോൾ കരഞ്ഞു തളർന്ന ഭാരതിയമ്മയെ, ആശ്വസിപ്പിക്കാൻ പ്രേംനസീർ വളരെയധികം വിഷമിച്ചു പോയി!
'ജയേട്ടൻ' തന്നെ എൽപ്പിച്ച വാച്ച് ജയമോഹൻ,സോമൻ നായരുടെ കൈകളിലേക്ക് കൊടുത്തപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അനുജൻ അത് ഏറ്റുവാങ്ങിയത് !
അച്ഛന്റെ അസ്ഥിത്തറക്ക് തൊട്ടടുത്തായി, ജയന്റെ അസ്ഥികൾ സ്ഥാപിച്ചു വിളക്ക് കത്തിച്ചു. ഒരു തീർത്ഥാടന കേന്ദ്രത്തിലെക്കെന്ന പോലെ പൊന്നച്ചം വീട്ടിലേക്ക് ജനങ്ങൾ ഒഴുകിക്കൊണ്ടിരുന്നു, വർഷങ്ങളോളം!
ജയന്റെ മരണത്തോടെ മനോനില തെറ്റി കിടപ്പിലായ അമ്മ,
1982-നവംബർ ഒന്നിന് അന്തരിച്ചു.
സോമൻ നായർ, പൊന്നച്ചം വീട് ഒരു 'ഹൊസ്പിറ്റൽ 'ഉടമക്ക് വിറ്റു.
ബിസിനസ്സുകാരനായ സോമൻ നായർ 'അജയൻ' എന്ന പേരിൽ സിനിമയിൽ വന്നെങ്കിലും,നടൻ എന്ന രീതിയിൽ തികഞ്ഞ പരാജയമായിരുന്നു!
'അജയൻ' എന്ന സോമൻ നായർ 1999 - ജൂലൈ 24 ന് അന്തരിച്ചു.
ജയന്റെ മരണത്തോടെ,അദ്ദേഹത്തിന്റെ കോടിക്കണക്കായ സ്വത്തുക്കൾ അജ്ഞാതരായ ഏതാനും 'ബിനാമികൾ' കൈക്കലാക്കിയെന്നും വാർത്തകൾ കേട്ടിരുന്നു.
പൂർത്തിയാവാത്ത എത്രയോ സിനിമകളുടെ കനത്തപ്രതിഫലവും കിട്ടാനുണ്ടായിരുന്നു ജയന്.
ജയൻ മരിച്ചിട്ടില്ലെന്നും,ഏതോ 'അജ്ഞാതലോകത്തിൽ'(അമേരിക്ക) ജീവിക്കുന്നുണ്ടെന്നും 'സ്ഥാപിക്കാനായി' ചില ആരാധകർ അന്നും, ഇന്നും 'വിചിത്രമായ ഭാവനാസൃഷ്ടികൾ' നടത്തിക്കൊണ്ടിരിക്കുന്നു!
ജയന്റെ മരണം ഒരു കൊലപാതകമാണെന്ന് പലരും ഉറച്ച് വിശ്വസിക്കുന്നു!അതിന്റെ കാരണമായി അവർ ചോദിക്കുന്ന ചോദ്യങ്ങൾ ഇതൊക്കെയാണ് .....
1) 'ഫ്ലയിംഗ് ലൈസെൻസ് ' റദ്ദാക്കിയ, ഉപയോഗശൂന്യമായി കിടന്ന ഹെലികോപ്ടർ എന്തിന് ഷൂട്ടിങ്ങിന് ഉപയോഗിച്ചു ?
2) അപകടകരമായ ഹെലികോപ്ടർ രംഗം രണ്ടാമതും,അനാവശ്യമായി 'റീടേക്ക് ' എടുപ്പിച്ചതെന്തിന് ?
3) റൺവേയിൽ വിരിച്ചിരുന്ന വൈക്കോൽ മെത്തയും കടന്ന് കോൺക്രീറ്റ് തറയിലേക്ക്‌ ഹെലികോപ്ടർ പറത്തിയതെന്തിന് ?
4) ഹെലികോപ്ടറിൽ നിന്നും ചാടി രക്ഷപ്പെട്ട പൈലറ്റ് ഒളിവിൽ പോയതെന്തിന് ?
5) ജയനെ കൊല്ലാനായി പൈലറ്റ്‌ മനപൂർവ്വം അപകടം ഉണ്ടാക്കിയതാണെന്ന് കോളിളക്കത്തിന്റെ 'പ്രോഡക്ഷൻ ബോയ്‌ ' ശെൽവമണി വെളിപ്പെടുത്തിയത് .
6) ജയനെ കൊല്ലുവാൻ,അസൂയാലുക്കളായ ശത്രുക്കൾ ഗൂഡാലോചന നടത്തി പൈലറ്റിനെ VAT-69 എന്ന വിസ്ക്കി കുടിപ്പിച്ചത്‌ .
7) ജയനും, നടി ലതയുമായുള്ള പ്രണയം നടൻ എം.ജീ.ആറിനെ അലോസരപ്പെടുത്തുകയും,ജയന്റെ ശത്രുവാക്കുകയും ചെയ്തത്.
8) നടൻ എം.ജീ.ആറിന്റെ ഗുണ്ടകളുമായി ഏറ്റുമുട്ടിയ ജയൻ,
തന്നെ വകവരുത്താൻ 'ചിലർ' ശ്രമിക്കുന്നുണ്ടെന്ന് സുഹൃത്തുക്കളോട് പറഞ്ഞത് .
9) ജയന്റെ അസാധാരണമായ വളർച്ചയിൽ,അസൂയാലുക്കളായ വേറെയും'ചില ശത്രുക്കൾ' അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നത്.
10) "എന്റെ മകനെ കൊന്നതാണ് "എന്ന ജയന്റെ അമ്മയുടെ പ്രസ്താവന.
11) 1981-ൽ പ്രസിദ്ധീകരിച്ച ' ജയന്റെ മരണം കൊലപാതകമോ?' എന്ന പുസ്തകം.
'നിഗൂഡതകൾ' നിഴലിക്കുന്ന അനേകം ചോദ്യങ്ങൾ ഇന്നും, ബാക്കിയാവുന്നു.................................................................
മെഗാസ്റ്റാർ മമ്മൂട്ടി ഒരിക്കൽ പറഞ്ഞു.
"ജയന്റെ 'താരസിംഹാസനത്തിനു'വേണ്ടി സിനിമയിൽ ധാരാളം പിടിവലികൾ നടന്നു.എന്നാൽ,ഞാൻ അതിന് ശ്രമിച്ചില്ല! ജയന് മുന്നിൽ ഞാൻ ഒന്നും, ഒന്നുമല്ല എന്നുള്ളത്‌ തന്നെ കാരണം!എത്ര ശ്രമിച്ചാലും എനിക്ക് എത്തിച്ചേരാൻ പറ്റാത്ത സ്ഥാനമാണത് !"
പ്രേംനസീർ പറഞ്ഞതിങ്ങനെ,
"എന്റെ ജീവിതത്തിലെ,താങ്ങാനാവാത്ത ഏറ്റവും വലിയ ദുഃഖം ജയന്റെ മരണമാണ് ! സിനിമയെ ഇത്രമേൽ സ്നേഹിച്ച, തൊഴിലിനോട് ഇത്രയധികം ആത്മാർഥത കാണിച്ച മറ്റൊരാളെ കാണുക സാധ്യമല്ല തന്നെ!ആർക്കും,ഒരു ബുദ്ധിമുട്ടും ജയനിൽ നിന്ന് ഉണ്ടായിട്ടില്ല. അഹങ്കാരമോ,അസൂയയോ,പകയോ,ദുഷ്ടചിന്തകളോ ഇല്ലാത്ത,പിഞ്ചുകുഞ്ഞിനെപ്പോലെ നിഷ്കളങ്കനായിരുന്നു ജയൻ. ജയന് മരണമില്ല! "
'ഏതോ ഒരു സ്വപ്നത്തിൽ' ജയന്റെ നായികയായി അഭിനയിക്കുമ്പോൾ,"സ്വാമിയാകല്ലേ...എനിക്കു വേണം"എന്ന് ജയനോട് നേരിട്ട് പറഞ്ഞ നടി കനകദുർഗ്ഗയോട്, ഏറ്റവും പ്രിയപ്പെട്ട നടൻ ആരെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ അവർ പറഞ്ഞതിങ്ങനെ,
" മാന്യതയുടെയും,സ്വഭാവശുദ്ധിയുടെയും പ്രതീകമായ 'ജയൻ' തന്നെയാണ് എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട നടനും"
അതെ,...ശരിയാണ് ...
അഹങ്കാരത്തിന്റെയോ,അസൂയയുടെയോ വിഷം ഒട്ടുമേ മനസ്സിൽ കലരാത്ത, പെരുമാറ്റത്തിലും,പ്രവൃത്തിയിലും,വിനയവും,
അന്തസ്സും,സത്യസന്ധതയുമുള്ള, നിസ്സഹായനെ സഹായിക്കുന്ന, പുരുഷസൌന്ദര്യത്തിന്റെ പര്യായപദത്തെ, ജനകോടികൾ ആരാധിക്കാതിരിക്കുന്നതെങ്ങനെ...വിസ്മരിക്കുന്നതെങ്ങനെ?
ജയൻ ഒരു ഇതിഹാസമാണ് !
നൂറ്റാണ്ടുകളിൽ ഒരിയ്ക്കൽ മാത്രം സംഭവിയ്ക്കുന്ന ഒരു പ്രതിഭാസം!
പകരം വെയ്ക്കാനാവാത്ത വ്യക്തിപ്രഭാവം!
അതുകൊണ്ട് തന്നെ, ജയന്റെ താരസിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു!
.........................................................................................................
"ഹേ നീചനായ മരണമേ,....
ഒരു സൂര്യനക്ഷത്രത്തിന്റെ തീക്ഷ്ണമായ പ്രഭാജ്വാലയെ മുഴുവൻ, നികൃഷ്ടവും,നിസ്സാരവുമായ നിന്റെ കൈക്കുമ്പിളിൽ ഒളിച്ച്, മറച്ചു കളയാമെന്നു വ്യർത്ഥമായി നിനച്ചുവോ നീ ?...എങ്കിൽ മരണമേ,...നിനക്ക് തെറ്റിപ്പോയി....നിനക്ക് മാത്രം തെറ്റിപ്പോയി മരണമേ!.....
കേട്ടുകൊൾക നീ,...ഓർത്തു കൊൾക നീയിത്......
" 'സിനിമ' എന്ന പ്രതിഭാസം നിലനിൽക്കുന്നിടത്തോളം കാലം,
'സിനിമ' എന്ന വാക്ക് പോലും ഉച്ചരിക്കപ്പെടുന്ന കാലത്തോളം, 'ജയൻ' എന്ന 'വിസ്മയം' ജനകോടികളുടെ മനസ്സിൽ മരണമില്ലാത്ത, അജയ്യനായി ജീവിക്കുക തന്നെ ചെയ്യും! "
മായില്ലൊരിക്കലും,
മറക്കില്ലൊരിക്കലും,
ജ്വലിക്കുമെന്നെന്നും,
മരിക്കാതൊരൊർമ്മയായ്.....