Google Ads

Saturday, March 31, 2018

മാർച്ച്‌ 31 ഇന്ന് ഹനുമദ് ജയന്തി

(മാർച്ച്‌ 31) ഇന്ന് ഹനുമദ് ജയന്തി

ശ്രീരാമ ഭക്തനായ ഹനുമാൻ സ്വാമിയുടെ ജന്മദിനം
ഗുരുവിനെ ചോദ്യം ചെയ്യാതെ അനുസരിക്കലും കര്‍ശനമായ ബ്രഹ്മചര്യവുമാണ് ജീവിത വിജയത്തിന്റെ രഹസ്യം. സേവനത്തിന്റെ മാതൃകയും പൗരുഷത്തിന്റെ ധീരതയും നിറഞ്ഞ ഉത്തമ മാതൃകയാണദ്ദേഹം. 'ഹനുമാര്‍ സ്വാമിയെ ഭജിച്ചാല്‍ ബുദ്ധി, ബലം, ധൈര്യം, കീര്‍ത്തി, വാക്‌സാമര്‍ത്ഥ്യം, രോഗമില്ലായ്മ, ഭയമില്ലായ്മ, അജാഢ്യം എന്നീ എട്ട് ഗുണങ്ങള്‍ ലഭിക്കും.

മഹാബലി, വേദവ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപാചാര്യര്‍, പരശുരാമന്‍, അശ്വത്ഥാമാവ് എന്നീ ഏഴ് പേരാണ് ചിരംജീവികള്‍. വ്യാകരണ ശാസ്ത്ര നിപുണന്‍, തികഞ്ഞ സംഗീതജ്ഞന്‍, അഷട ഐശ്വര്യ സിദ്ധന്‍, അപാരമായ കായികശക്തി. ജന്മത്താലും കര്‍മ്മത്താലും നേടിയ ശാസ്ത്രപാണ്ഡിത്യം, തികഞ്ഞ സ്വാമി ഭക്തി. മാരുതവേഗം. ഇളക്കാനാകാത്ത മനോബലം. വലുതാകേണ്ടിടത്ത് വലുതാകാനും ചെറുതാകേണ്ടിടത്ത് ചെറുതാകാനുമുള്ള സിദ്ധി.

സര്‍വകലാവല്ലഭനായിരുന്നിട്ടും ഗുരുവിന്റെ മുന്നില്‍ വെറും ദാസ്യസ്വഭാവം. തന്റെ മുന്നില്‍ വന്ന പ്രലോഭനത്തേയും പ്രകോപനത്തെയും ഭീഷണിയേയും സ്തുതിയേയും യഥോചിതം തട്ടിമാറ്റി വീര്യത്തോടെ മുന്നോട്ടുപോകുന്നു. 'ശരീരബോധത്തില്‍ ഞാന്‍ അങ്ങയുടെ ദാസന്‍. (ദൈ്വതം). ജീവബോധത്തില്‍ ഞാന്‍ അങ്ങയുടെ അംശം (വിശിഷ്ടാദൈ്വതം). ആത്മബോധത്തില്‍ ഞാനും അങ്ങയും ഒന്ന് (അദൈ്വതം) ഇത്ര മനോഹരമായി ദൈ്വത, വിശിഷ്ടാദൈ്വത, അദൈ്വതങ്ങളെ മറ്റാര്‍ക്ക് വര്‍ണ്ണിക്കാനാകും. അമ്മാവനായ ജാംബവാന്‍ പ്രചോദനവും പ്രേരണയും നല്‍കിയപ്പോള്‍ സ്വയം വിജൃംഭിതനായി 100 യോജന നീളമുള്ള സമുദ്രം മറികടന്ന് സീതാദേവിയെ കണ്ടെത്തി, രാമ വൃത്താന്തം അറിയിച്ച് വീണ്ടും മറുകരയിലേക്ക് ചാടി ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന ശ്രീരാമലക്ഷ്മണാദികളോട് 'ദൃഷ്ടാ സീതാ (കണ്ടേന്‍ സീതയെ)' എന്ന ആശയവിനിമയത്തിന്റെ അക്ഷരമാതൃക കാട്ടുകയും ചെയ്തു.

ശത്രു ശസ്ത്രമേറ്റ് മോഹാലാസ്യപ്പെട്ടു വീണ ശ്രീരാമലക്ഷ്മണരെ രക്ഷിക്കാന്‍ പച്ച മരുന്നിനായി പര്‍വ്വതത്തെതന്നെ ഇളക്കി കൈയിലേറ്റികൊണ്ടുവന്നു. കനിവും കരുത്തും അപാരം. കര്‍ശനമായ ബ്രഹ്മചര്യം, ചാരിത്ര്യമില്ലാതെ ആത്മബലം ലഭിക്കില്ല. ബ്രഹ്മനിഷ്ഠകൊണ്ടേ മനുഷ്യരാശിയുടെ മേല്‍ വശീകാരസിദ്ധി ലഭിക്കൂ. പരിശുദ്ധി നേടിയാല്‍ ശക്തി തനിയേ വന്നുകൊള്ളും. ചാരിത്ര്യശുദ്ധിയുള്ള മനുഷ്യന്റെ ബുദ്ധിക്ക് അതിമഹത്തായ ഓജസ്സും അതുല്യമായ ഇച്ഛാശക്തിയും വന്നുചേരും. മഹാപുരുഷരെല്ലാം ബ്രഹ്മചര്യത്തില്‍ അത്യന്ത നിഷ്ഠയുള്ളവരായിരുന്നു. വിശുദ്ധിയാണ് ഏറ്റവും വലിയ ശക്തി.

മറ്റെല്ലാം അതിനുമുന്നില്‍ വിറയ്ക്കും. സ്വയം ശാരീരിക, മാനസിക, ആത്മീയശക്തികള്‍ കൈവരിച്ചേ നമുക്കല്പമെങ്കിലും മുന്നോട്ടുപോകാന്‍ പറ്റൂ. നാം പരിശുദ്ധരായാല്‍, ഈശ്വരചൈതന്യശക്തി നമ്മിലേക്ക് ലയിച്ചുചേരും. ആ ദിവ്യശക്തികളുടെ കരുത്ത് നമുക്കുപകരിക്കും. വിശുദ്ധരായവര്‍ ഒരാത്മശുദ്ധിയേയും ഭയക്കേണ്ട കാര്യമില്ല. എന്നാല്‍ അശുദ്ധശക്തികള്‍ വിശുദ്ധരെ ഭയന്നേ കഴിയൂ. ആ ശുദ്ധിയെ ഭയപ്പെട്ടാല്‍ അശുദ്ധി നമ്മെ വിഴുങ്ങും. എല്ലാ നന്മയും തിന്മയെക്കാള്‍ ആയിരം മടങ്ങും ശക്തിയേറിയതാണ്. ഈ ആത്മവിശ്വാസം നിറയണം.

അപ്പോഴേ തിന്മയുടെ ഈ ശക്തികള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ തകര്‍ക്കാന്‍ പറ്റൂ. നമ്മിലുള്ള ദൗര്‍ബല്യങ്ങളെ മാറ്റാന്‍ ദുര്‍ബലതയുടെ അണുപോലുമില്ലാത്ത ഹനുമാന്‍സ്വാമിയെ ഭജിക്കണം. സേവിക്കണം. ബുദ്ധിയും ബലവും ഈശ്വരദത്തമായ സമ്പത്താണ്. ആരോഗ്യം, ഉത്സാഹം, വാക്ചാതുര്യം, നിര്‍ഭയത്വം, ധൈര്യം, യശസ് എന്നീ ഗുണങ്ങള്‍ നമ്മിലെത്താന്‍ ഹനുമത് സ്മരണം സഹായിക്കും. ഒരിക്കല്‍ വിവേകാനന്ദസ്വാമിജി പറഞ്ഞു: 'ഹനുമാന്‍ സ്വാമിയെ നിങ്ങളുടെ ആദര്‍ശമായി സ്വീകരിക്കുക. അദ്ദേഹം ഇന്ദ്രിയങ്ങളുടെ യജമാനനും അതിബുദ്ധിമാനുമായിരുന്നു. സേവനത്തിന്റെ മഹത്തായ മാതൃകയാണദ്ദേഹം.

ഹനുമാൻ ജയന്തി ആശംസകൾ