Google Ads

Monday, March 12, 2018

മരപ്പാണി അഥവാ വലിയപാണി

കേരളീയ ക്ഷേത്ര വാദ്യ സങ്കൽപ്പങ്ങളിൽ, താന്ത്രിക ചടങ്ങുകൾക്കുള്ള ഉപയോഗക്രമം അനുസരിച്ചു, വാദ്യകലയെ നമുക്ക് രണ്ടായി തരം തിരിക്കാം. ക്ഷേത്ര മേള വാദ്യം എന്നും, ക്ഷേത്ര അടിയന്തിര വാദ്യം എന്നും.

കാതുകളെ ഹരം കൊള്ളിക്കുന്ന പഞ്ചാരിയും,പാണ്ടിയും, പഞ്ചവാദ്യവുമെല്ലാം ഇതിൽ ആദ്യ ഗണത്തിൽ വരുന്ന, ക്ഷേത്ര മേള വാദ്യങ്ങളിൽ ഉൾപ്പെടുന്നവായണ്. എന്നാൽ അത്രയും ഗംഭീരമായി തോന്നില്ലെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക്, പ്രത്യേകിച്ചും താന്ത്രിക ചടങ്ങുകൾക്ക് വളരെയധികം പ്രാധാന്യമുള്ളതാണ് ക്ഷേത്ര അടിയന്തിര വാദ്യം.

ആ ഗണത്തിൽ ഉൾപ്പെടുന്ന ഏറ്റവും പ്രധാന്യമേറിയ വാദ്യസംഹിതയത്രെ മരപ്പാണി.
നമ്മുടെ ക്ഷേത്രങ്ങളിൽ ഉത്സവബലി, അഷ്ടബന്ധ, നവീകരണ കലശങ്ങൾ, പ്രതിഷ്ഠാ കലശങ്ങൾ മുതലായ ഏറ്റവും പ്രാധാന്യമേറിയ താന്ത്രിക ചടങ്ങുകൾക്ക് മാത്രമാണ് മരപ്പാണി കൊട്ടുന്നത്.

ഇതിനുവേണ്ടി മരം എന്ന വാദ്യോപകരണവും ഒപ്പം ചേങ്ങില,ശംഖ് എന്നീ വാദ്യങ്ങളും ഉപയോഗിച്ചാണ് പാണി കൊട്ടുന്നത്. ചെണ്ടയുടെയും, മദ്ദളത്തിന്റെയും സമ്മിശ്ര രൂപമാണ് മരം.വരിക്കപ്ലാവിന്റെ കുറ്റിയിൽ പശുവിൻ തോൽ ചേർത്ത് കെട്ടിയാണ് ഇത് നിർമ്മിക്കുന്നത്.

ഓരോ പാണികൊട്ടിനും മുമ്പ് പുതിയ മരം എന്ന സങ്കൽപ്പത്തിൽ കോടി തോർത്ത് ചുറ്റും.
ഉപയോഗക്രമം അനുസരിച്ചു മൂന്നു തത്വം, നാലു തത്വം, സംഹാര തത്വം എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഇതിൽ നമ്മുടെ ഇടയിൽ കൂടുതലായും ഉപയോഗിക്കുന്നത് മൂന്നു തത്വം പാണിയാണ്.

ക്ഷേത്ര പുനഃപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായ സംഹാരതത്വ കലാശത്തിനാണ് സംഹാര തത്വം പാണി ഉപയോഗിക്കുക. ഇതിന്റെ പ്രയോഗം അതീവ ശ്രമകരമായതിനാൽ അതിനു പകരമായി കൊട്ടുന്ന പാണിയാണ് നാലു തത്വം പാണി.

മരപ്പാണി കൊട്ടുന്നതിനു മുമ്പും ശേഷവും കൃത്യമായ, ചിട്ടയോടുകൂടിയ തയ്യാറെടുപ്പുകൾ ആവശ്യമാണ്. അതിനെക്കുറിച്ചു മേലുകാവ് കുഞ്ഞിക്കൃഷ്ണ മാരാർ പറഞ്ഞ വാക്കുകൾ." ക്ഷേത്രത്തിലെ മൂർത്തിയുടെ ഉത്സവ മുഹൂർത്തം ദർശിക്കുവാൻ മുപ്പത്തിമുക്കോടി ദേവകളും സന്നിഹിതരാവുന്ന നിമിഷം ഒപ്പം പാണിവാദകന്റെ ഏഴു തലമുറ പിന്നോട്ടും മുന്നോട്ടും നോക്കിക്കാണുന്ന നിമിഷം.

അതുകൊണ്ടുതന്നെ പൂർണ്ണ മനഃശുദ്ധിയോടെ, നിഷ്ഠയോടെ നിർവഹിക്കേണ്ട കർമ്മം". ഇതിൽ നിന്നും പാണികൊട്ടാൻ വ്രതവും, ഏകാഗ്രതയും, ശുദ്ധിയും വേണമെന്നത് നിർബന്ധമാണെന്ന് മനസിലാക്കാവുന്നതാണ്.

പണിവാദകർ തലേദിവസം ഒരിക്കൽ നോക്കണം. ചടങ്ങുകൾക്ക് മുൻപായി കുളിച്ചു ശുദ്ധിയോടെ കോടിമുണ്ട് തറ്റുടുത്തു, ഉത്തരീയം ധരിച്ചു, ഭസ്മധാരണം ചെയ്യ്ത ശേഷം മരം കോടിതോർത്തിൽ പൊതിയുക. ചേങ്ങിലക്കും ശംഖിനും പ്രത്യേകം കോടിതോർത്തുകൾ വേണം.

തുടർന്ന് പാണിക്കുള്ള ഒരുക്കുകൾ സോപാനത്തിങ്കൽ തയ്യാറാക്കുക. നിലവിളക്കും, ഗണപതി നിവേദ്യവും ഒരുക്കി നിറപറയും ഒപ്പം ചെങ്ങഴിയിൽ നെല്ലും, നാഴിയിൽ ഉണക്കലരിയും തൂശനിലയിൽ മനോഹരമായി തയ്യാറാക്കിയതിനു ശേഷം, മേൽശാന്തി നിലവിളക്കു കൊളുത്തിക്കഴിഞ്ഞാൽ നടയിൽ നിന്ന് സമസ്താപരാധങ്ങളും പറഞ്ഞു പ്രാർത്ഥിക്കുക.

തുടർന്ന് പണികൊട്ടുന്ന ആൾ താന്ത്രിയോട് അനുവാദം (അനുജ്ഞ) വാങ്ങിയ ശേഷം മരത്തിൽ ചോറ് തേക്കുക ( കവുങ്ങിന്റെ ഓലയുടെ തഴങ്ങ് കത്തിച്ചുണ്ടാക്കിയ ഭസ്മവും, നിവേദിക്കാത്ത ചോറും കുട്ടിയ മിശ്രിതം). അതിനു ശേഷം മൂന്നുതവണ ശംഖ നാദം മുഴക്കിയതിനു ശേഷം തുടങ്ങുക.
മരപ്പാണി അമ്പത്തിമൂന്നു അക്ഷരകാലത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു.

ഈ അക്ഷരകാലങ്ങളെ മുഴുക്കില, അരക്കില, തീറ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു. രണ്ട് അക്ഷരകാലങ്ങൾ തമ്മിലുള്ള അകലം ചെമ്പട വട്ടം മാത്ര പിടിച്ചു ഇരുകൈകളിലുമായ് മാറി മാറി കോട്ടേണ്ടതാണ്. ഇതിന്റെ പ്രയോഗം ഗുരുക്കന്മാരിൽ നിന്നും ഹൃദിസ്ഥമാക്കിയതിനു ശേഷം മാത്രമേ പാടുള്ളു.

താന്ത്രിക ചടങ്ങുകളിലെ ഏറ്റവും പ്രാധാന്യമേറിയ ഈ ദേവവാദ്യത്തിന്റെ പ്രയോഗത്തെക്കുറിച്ചു പരിമിതമായ ഈ അറിവുകൾ ഗുരുസ്ഥാനീയർ പകർന്നു നൽകിയതും, പല വിവരണങ്ങളിൽ നിന്ന് ലഭ്യമായതും ആണ്. ആയതിനാൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.🙏
*ഹരി ഓം*