Google Ads

Monday, March 12, 2018

പൂന്താനത്തിന്റെ മോക്ഷം

ഗുരുവായൂരപ്പന്റെ ഭക്തന്മാരിൽ ആരെക്കാളും ഉപരിയാണ് പൂന്താനത്തിന്റെ പദവി. ഉടലോടെ (ശരീരത്തോടെ) വൈകുണ്ഠം പ്രാപിക്കാനുള്ള ഭാഗ്യം സിദ്ധിച്ച സുകൃതിയാണദ്ദേഹം.

വാർദ്ധക്യം മൂലം ഗുരുവായൂരിലെത്താൻ കഴിയാതെ വന്ന പൂന്താനം അങ്ങാടിപ്പുറത്തിനടുത്ത് ഇടത്തുപുറം ക്ഷേത്രം സ്ഥാപിച്ച് അവിടെ ഭജനയുമായി കഴിയുന്ന കാലം. വയസ്സ് തൊണ്ണൂറായിക്കഴിഞ്ഞിരിക്കുന്നു. നിത്യവൃത്തിക്കോ ഭഗവൽ ഭജനത്തിനോ കോട്ടം തട്ടത്തക്കവണ്ണം ഒരു അവശതയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ആണ്ടു പിറന്നാളടുത്തു. ബന്ധുക്കളെയും ചാർച്ചക്കാരെയും മുഴുവൻ സദ്യക്കു ക്ഷണിച്ചിരുന്നു. അതിവിപുലമായ സദ്യയൊരുക്കി. പൂന്താനം ഇടയ്ക്കിടെ പറയും; പിറന്നാളിന് ഗുരുവായൂരപ്പനെയും ക്ഷണിച്ചിട്ടുണ്ട്. ഗുരുവായൂരപ്പൻ തീർച്ചയായും വരുമെന്നും, താൻ കൂടെ മടക്കത്തിൽ ഭഗവാനെ അനുഗമിക്കുമെന്നും പൂന്താനം ഉറപ്പിച്ചു പറഞ്ഞു. ഒരു വൃദ്ധമനസ്സിന്റെ ചാപല്യമായിട്ടുമാത്രമേ അത് ശ്രോതാക്കൾ ഗണിച്ചുള്ളൂ. സമയം മദ്ധ്യാഹ്നത്തോടടുത്തു. സദ്യയ്ക്ക് ഇല വെച്ചു. തെക്കിനിത്തറയിൽ പ്രത്യകമായി വാട്ടെല വെപ്പിച്ച് പൂന്താനം പരിഭ്രമിച്ചു കൊണ്ട് അവിടെയെല്ലാം ഓടി നടന്നു. ഇടയ്ക്കിടെ പടിപ്പുരവരെ പോയി നോക്കും. മടങ്ങി വന്ന് വിശിഷ്ടാതിഥികൾക്കുള്ള ഒരുക്കങ്ങൾ വേണ്ടതുപോലെയില്ലേ എന്നു നോക്കും. അങ്ങിനെയിരിക്കെ പൂന്താനം പറഞ്ഞു " അതാ തേരൊച്ച കേൾക്കുന്നു. ഭഗവാൻ വന്നു തുടങ്ങി. ഞാൻ പോയി കൂട്ടിക്കൊണ്ടു വരാം. " പടിയ്ക്കലേയ്ക്ക് ഓടിയെത്തിയ പൂന്താനം, മുമ്പിൽ നടന്നുകൊണ്ട് ഭക്ത്യാദരപൂർവ്വം ബാലഗോപാലനെ അകത്തേയ്ക്കാനയിച്ചു. മറ്റുള്ളവർക്ക് ഭഗവാൻ അദൃശ്യനായിരുന്നതുകൊണ്ട് പൂന്താനത്തിന്റെ ചേഷ്ടകൾ വെറും ഗോഷ്ടികളായിട്ടു മാത്രമേ കാണികൾ കരുതിയുള്ളൂ. തെക്കിനിത്തറയിൽ ആവണപ്പലകമേൽ പട്ടു വിരിച്ച് പൂന്താനം ഭഗവാനെ ഇരുത്തി ഓരോ ഭക്ഷണവും വിളമ്പിക്കൊണ്ട് ഉണ്ണികൃഷ്ണനെ മൃഷ്ടാന്നം ആഹാരം കഴിപ്പിച്ചു. പൂന്താനം ആഹാരമൊന്നും കഴിച്ചിരുന്നില്ല. ആ സമയത്ത് പൂന്താനം ഉറക്കെ പറഞ്ഞു, " അതാ എനിക്കുള്ള വിമാനം വന്നു കഴിഞ്ഞു. ഞാൻ വൈകുണ്ഠത്തിലേക്ക് പോകുന്നു. ആർക്കു വേണമെങ്കിലും എന്റെ കൂടെ പോരാം". ഇതൊരു വൃദ്ധന്റെ ജല്പനമായിട്ടു മാത്രമേ കാണികൾ അപ്പോഴും കരുതിയുള്ളൂ. പെട്ടന്ന് ഒരു ഇടിമിന്നൽ കാണപ്പെട്ടു. മിന്നൽ കഴിഞ്ഞപ്പോൾ പൂന്താനത്തെ അവിടെ കണ്ടില്ല. അതിനിടെ " അടിയനും " എന്ന് പറഞ്ഞുകൊണ്ട് പൂന്താനത്തിന്റെ ഭക്തിയിൽ പൂർണ്ണവിശ്വാസമുണ്ടായിരുന്നു വൃദ്ധയായ ഒരു ദാസി മുന്നോട്ടു വന്നു. അവൾ ഉടൻ തന്നെ നിലത്തു വീണ് പ്രാണൻ വെടിഞ്ഞു. തന്റെ ഭക്തിവിശ്വാസങ്ങളുടെ മഹത്വത്തിൽ അവളുടെ ആത്മാവും സായൂജ്യം പ്രാപിച്ചിരിക്കാം. പൂന്താനത്തിന് മോക്ഷം സിദ്ധിച്ച ആ സ്ഥലത്തിന്റെ പവിത്രത സൂക്ഷിച്ചുകൊണ്ട് ഇന്നും ആ സ്ഥലം നിലനിൽക്കുന്നുവെന്ന് അറിയുന്നു.