കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം . പത്തനംതിട്ട ജില്ലയിലെ ആറൻമുളയിൽ വിശുദ്ധനദിയായ പമ്പയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹു മഹാവിഷ്ണുരൂപത്തിൽ കുടികൊള്ളുന്ന പരബ്രഹ്മസ്വരൂപനായ ശ്രീകൃഷ്ണ പരമാത്മാവാണ് മുഖ്യ പ്രതിഷ്ഠ. ക്ഷേത്രം ആറന്മുള പഞ്ചായത്തിലും ക്ഷേത്ര മുൻഭാഗം മല്ലപ്പുഴശ്ശേരി പഞ്ചായത്തിലുമാണ്. ആഗ്രഹസാഫല്യത്തിനായി നടത്തുന്ന ആറന്മുള വള്ളസദ്യ ഇവിടത്തെ പ്രധാന വഴിപാടാണ്. ആയിരങ്ങൾ പങ്കു കൊള്ളുന്ന വിഭവസമൃദ്ധമായ സദ്യ ഉണ്ണുമ്പോൾ ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ള സദ്യയും ഉത്രട്ടാതി വള്ളംകളിയും വഞ്ചിപ്പാട്ടിന്റെ താളവും പമ്പാ നദിയുടെ പുണ്യവും ആറന്മുള ക്ഷേത്രത്തെ പരിപാവനമാക്കുന്നു. ആറന്മുള കണ്ണാടി പ്രശസ്തമാണ്.
എല്ലാ വർഷവും ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറൻമുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം