Google Ads

Monday, April 2, 2018

ശ്രീകൃഷ്ണ കഥകൾ - മഞ്ജുളാൽ

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പരിസരത്തു ഒരു വാരസ്യാര്‍ പെണ്‍കുട്ടി ഉണ്ടായിരുന്നു. കൃഷ്ണഭക്തയായ അവള്‍ എന്നും കണ്ണന് മനോഹരമായ തുളസിമാല കെട്ടി കൊടുക്കും .മഞ്ജുള എന്നായിരുന്നു അവളുടെ പേര്. ബാല്യം മുതല്‍ക്കു തന്നെ ഗുരുവായൂരപ്പനില്‍ നൈസര്‍ഗ്ഗിഗമായ പ്രേമ ഭക്തി അവള്‍ക്കു ഉണ്ടായിരുന്നു. കുഞ്ഞായിരിക്കേ അമ്മയുടെ ഒക്കത്തിരുന്ന് അവള്‍ അമ്പലത്തില്‍ പോകുമ്പോള്‍ കണ്ണന് കൊടുക്കാന്‍ ഒരു പൂവ്വെങ്കിലും വേണം. ഇല്ലെങ്കില്‍ അവള്‍ വാശിപിടിക്കും. അവളുടെ വീട്ടിലെന്നും ദാരിദ്ര്യവും കഷ്ടപ്പാടും ആയിരുന്നു. എന്നാല്‍ അതൊന്നും അവളെ ഒരിക്കലും അലട്ടിയിരുന്നില്ല. ദിവസവും ഭഗCവാനു മാലകെട്ടി കൊണ്ടു കൊടുക്കും. എന്ത് വന്നാലും തുളസിമാല ഭഗവാനു കൊടുക്കുന്നത് അവള്‍ മുടക്കില്ല. ഒരു ദിവസം അവളുടെ അമ്മയ്ക്ക് സുഖമില്ലാതായി. ഗൃഹജോലി കഴിഞ്ഞ് അവള്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴേക്കും സമയം വൈകിപ്പോയി. മഞ്ജുള ഒടിയെത്തിയപ്പോഴേക്കും നട അടച്ചു കഴിഞ്ഞിരുന്നു. അവള്‍ക്കു ദുഃഖം താങ്ങാനായില്ല. അവളുടെ ഹൃദയം വല്ലാതെ വേദനിച്ചു.

" എന്റെ ഗുരുവായൂരപ്പാ! ഇന്നെന്തു പറ്റി? എന്റെ മാല വേണ്ടേ? എനിക്കു അഹങ്കാരം വന്നുവോ? നിനക്കു എന്നും മാല തരുന്നവളെന്നു ഞാനറിയാതെ ഉള്ളില്‍ അഹങ്കരിച്ചോ? കണ്ണാ..... കൊണ്ടാണോ എന്റെ മാലയെ തിരസ്കരിച്ചത്? എന്താ കൃഷ്ണാ ! എനിക്കു നീ മാത്രല്ലേ ഉള്ളൂ ....? ഇതു ഞാനെങ്ങിനെ സഹിക്കും കണ്ണാ...."

അവള്‍ പരിസരം മറന്ന് പൊട്ടി പൊട്ടിക്കരഞ്ഞു. ഇതു കണ്ട് പലരും അവളെ പരിഹസിച്ചു. ഹോ! ഒരു വലിയ ഭക്ത. എന്നാല്‍ ആ ഹൃദയം നൊന്തപ്പോള്‍ കണ്ണന് സഹിച്ചില്യ. കാരുണ്യമൂര്‍ത്തിയായ ഭഗവാന്‍ തന്‍റെ ഉത്തമ ഭക്തനെ അവിടേയ്ക്കു അയച്ചു.

ആരാന്നോ? മഹാ ഭക്തനായ പൂന്താനം തിരുമേനി! പുറത്ത് പ്രദിക്ഷണം വച്ച് അതാ വരുന്നു അദ്ദേഹം. വിതുമ്പലടക്കാന്‍ കഴിയാതെ കരഞ്ഞു കൊണ്ടിരിക്കുന്ന മഞ്ജുളയെക്കണ്ട് അദ്ദേഹം അവളുടെ അടുത്തെത്തി നെറുകയില്‍ തലോടിയീട്ടു ചോദിച്ചു.

"അല്ലാ! ആരാത് ഗുരുവായൂരപ്പന്റെ മഞ്ജുളക്കുട്ടിയല്ലേ? എന്തിനാ മഞ്ജുളക്കുട്ട്യേ ഇങ്ങനെ കരയുന്നത്?കരയുന്നത് കണ്ണന് ഒട്ടും ഇഷ്ടല്ലാ ട്ടോ. കണ്ണനെപ്പോഴും ചിരിച്ചീട്ടല്ലേ. ?" വിതുമ്പലൊതുക്കി മഞ്ജുള പറഞ്ഞു.
"ഇന്നെന്റെ ഗുരുവായൂരപ്പന് മാല ചാര്‍ത്താന്‍ സാധിച്ചില്ല മുത്തശ്ശാ ".
ഇത് കേട്ടതും പൂന്താനം തിരുമേനി ചരിച്ചു കൊണ്ട് പറഞ്ഞു.

" ഇത്രേള്ളൂ ? ഇതിനാണോ മോളു കരഞ്ഞത്? അയ്യയ്യേ! കരഞ്ഞത് മതി. ആ കണ്ണ് തുടയ്ക്കു! മോളു വരൂ നമുക്ക് നടക്കാം."

അവര്‍ മുന്നോട്ടു നടന്നു. അതിനിടയില്‍ അദ്ദേഹം ചോദിച്ചു
" എന്റെ കുട്ട്യോട് ആരേ പറഞ്ഞേ കണ്ണന്‍ ശ്രീകോവിലിന്റെ ഉള്ളില്‍ മാത്രമേയുള്ളൂ ന്ന് ? ഭഗവാന്‍ എവിടെയും നിറഞ്ഞു നില്‍ക്കുകയല്ലേ? മഞ്ജുളക്കുട്ടി... ഭഗവാനെ നല്ലോണ്ണം മനസ്സില്‍ ധ്യാനിച്ച്‌ ഇതാ ഈ ആല്‍ത്തറയില്‍ ആ മാല ചാര്‍ത്തൂ! ഭഗവാന്‍ അത് തീര്‍ച്ചയായും സ്വീകരിച്ചിരിക്കും!"

പൂന്താനം തിരുമേനി പറഞ്ഞപ്പോള്‍ മഞ്ജുളയ്ക്കു സമാധാനമായി. അവള്‍ക്കു അദ്ദേഹത്തെ വിശ്വാസമാണ്. ഭഗവാനെ എപ്പോഴും നേരില്‍ കാണുന്ന ഭക്തനല്ലേ! അവള്‍ കണ്ണീര്‍ തുടച്ചു. പൂന്താനം തിരുമേനിയെ നമസ്കരിച്ചു . അദ്ദേഹം ഇല്ലത്തേക്ക് മടങ്ങി. അവള്‍ ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ചു.

"കൃഷ്ണാ! എന്നും ഞാന്‍ മാല കെട്ടി മേല്‍ശാന്തിയുടെ കയ്യില്‍ കൊടുക്കും, അദ്ദേഹം അത് നിനക്ക് ചാര്‍ത്തും. ഇന്നു ഈ മാല എന്റെ കൈ കൊണ്ടു തന്നെ സ്വീകരിക്കണം എന്നു തീരുമാനിച്ചാണോ ഈ സൂത്രം. ന്റെ കണ്ണാ ഒന്നു പരിഭ്രമിച്ചൂ ട്ടോ !എന്നാലും എനിക്കിഷ്ടായീ കണ്ണാ ഈ ലീല! എനിക്ക് സന്തോഷമായി. തിരുമേനി മുത്തശ്ശന്‍ പറഞ്ഞ പിന്നെ അത് സത്യം തന്ന്യാ. ഇതാ ഈ മാല ഞാനെന്റെ കണ്ണന്റെ കഴുത്തില്‍ ചാര്‍ത്തുന്നു."
‍ മഞ്ജുള കൊണ്ടു വന്ന മാല ആല്‍ മരത്തില്‍ ചാര്‍ത്തി. നിറഞ്ഞ സന്തോഷത്തോടെ അവള്‍ തന്റെ വസതിയിലേക്ക് പോയി.
പിറ്റേ ദിവസം പുലരും മുമ്പേ നിര്‍മ്മാല്യ ദര്‍ശനത്തിനായി ഭക്തര്‍ ക്ഷേത്ര നടയില്‍ കൂടി.

നട തുറന്നു. നിര്‍മ്മാല്യ ദര്‍ശനം പുണ്യം.

ഹരേ !കൃഷ്ണാ! ഗുരുവായൂരപ്പാ! നാരായണാ! മുകുന്ദാ! മാധവാ! ഹരേ ഹരേ ! കണ്ണാ!

എന്നിങ്ങനെയുള്ള നാമങ്ങള്‍ മുഴങ്ങി.

ഭക്തന്മാര്‍ കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ടു. മേല്‍ ശാന്തി പതുക്കെ ചാര്‍ത്തിയിരുന്ന മാലകളൊക്കെ മാറ്റി തുടങ്ങി. എല്ലാ മാലയും അദ്ദേഹം മാറ്റി .പക്ഷെ എത്ര മാറ്റിയിട്ടും ഒരേ ഒരു മാല മാത്രം ഇപ്പോഴും ശേഷിച്ചു. എത്ര മാറ്റിയീട്ടും ആ തുളസിമാല വീണ്ടും കഴുത്തിലുണ്ട് . 'കണ്ണാ പരീക്ഷിക്കല്ലേ... അത്ഭുതം. ഞാന്‍ എത്ര പ്രാവശ്യം എടുത്തു മാറ്റി നോക്കി എന്നിട്ടും ഒരു മാല മാത്രം ഭഗവാന്റെ കഴുത്തില്‍ നിന്നും പിരിയാതെ ഇരിക്കുന്നതെന്തേ? വല്ല പിഴവും വന്നോ ഉണ്ണീ...' മേല്‍ശാന്തി വല്ലാതെ വിഷമിച്ചു.

പൂന്താനം തിരുമേനി ഇതെല്ലാം കണ്ടു കൊണ്ടു നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ആനന്ദ ബാഷ്പം പൊടിഞ്ഞു. അദ്ദേഹത്തിന് കാര്യം മനസ്സിലായി. കഴിഞ്ഞ ദിവസം താന്‍ പറഞ്ഞതനുസരിച്ച് മഞ്ജുള ആല്‍ത്തറയില്‍ ചാര്‍ത്തിയ മാലയല്ലേ അത്! അത് ഗുരുവായൂരപ്പന്‍ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. അദ്ദേഹം മേല്‍ശന്തിയോടു അത് ഇന്നലെ മഞ്ജുള ചാര്‍ത്തിയ മാലയാണെന്നു പറഞ്ഞു. ഇന്നലെ ഉണ്ടായതെല്ലാം ഭക്തന്മാരോട് വിശദമായി പറഞ്ഞു. എലV്ലാവരും ഹരേ കൃഷ്ണാ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ആലിന്റെ അടുത്തേക്ക് ഓടി. മേൽശാന്തി ആ മാല എടുത്തു മാറ്റി. തരിച്ചു വന്നപ്പോള്‍ അത്ഭുതം കണ്ണന്റെ കഴുത്തിലെ തുളസിമാല മാറിയിരിക്കുന്നു. മഞജുളയുടെ നിഷ്ക്കാമ ഭക്തിയുടെ പ്രതീകമായി ഇന്നും ആ ആല്‍മരം മഞജുളാല്‍ എന്ന പേരില്‍ ഗുരുവായൂര്‍ തിരുനടയില്‍ നില്‍ക്കുന്നു. പിന്നീട് മഞ്ജുള കണ്ണനില്‍ ലയിച്ചു ചേര്‍ന്നു.

കണ്ണാ! ഞങ്ങള്‍ക്കും നിഷ്ക്കാമഭക്തി തന്ന് അനുഗ്രഹിക്കണേ! ഇതാ നാമപുഷ്പങ്ങളാൽ കോർത്ത ഈ വനമാല കണ്ണന്റെ തിരുമാറിൽ ചാർത്തുന്നു. സന്തോഷത്തോടെ സ്വീകരിക്കണേ!