പണ്ടൊരു നാടുണ്ടായിരുന്നു.. അവിടെ കുറേ ആളുകളും...
ഒരിക്കൽ അവർ അറിഞ്ഞു മറ്റു നാടുകളിലൊക്കെ "പുട്ട്" എന്നൊരു പലഹാരം ഉണ്ടെന്ന്..
ചൂട് പുട്ടും പഴവും പപ്പടവും കൂട്ടിക്കുഴച്ചു തിന്നാൻ നല്ല സ്വാദാണ് എന്ന് മറുനാട്ടിൽ നിന്ന് വന്ന ചിലർ അവരോടു പറഞ്ഞു.. പപ്പടവും പഴവും അന്നാട്ടിൽ ഉണ്ടായിരുന്നു എങ്കിലും പുട്ട് അവർ കണ്ടിട്ടേയില്ലായിരുന്നു..
"വെളുത്തുരുണ്ട് വാഴേടെ പിണ്ടി പോലിരിക്കുന്ന ഒരു സാധനമാണത്രേ ഈ പുട്ട്" മറുനാട്ടിൽ നിന്ന് കിട്ടിയ അറിവുമായി ചിലർ ആളായി...
കാശുള്ള ചിലർ മറുനാട്ടിൽ പോയി പുട്ട് കഴിച്ചിട്ടു വന്നു.. പക്ഷെ അതുണ്ടാക്കുന്ന വിധം ആരും അവരെ പഠിപ്പിച്ചു കൊടുത്തില്ല...
"പുട്ടുണ്ടാക്കാൻ അറിഞ്ഞിരുന്നേൽ നമുക്കും പപ്പടോം പഴോം കൂട്ടി കുഴച്ചു തിന്നാമായിരുന്നു" നാട്ടുകാർ പരസ്പരം കൊതി പറഞ്ഞു..
"എനിക്കറിയാം പുട്ടുണ്ടാക്കാൻ, പക്ഷേ വേണ്ടെന്നു വെച്ചിട്ടാ.., അങ്ങനെ നിങ്ങള് പുട്ടു തിന്ന് സുഖിക്കണ്ടാ..." നാട്ടിലെ ഏക ചായക്കടക്കാരൻ എന്നും വീമ്പു പറയും..
അങ്ങനിരിക്കെ നാട്ടിൽ പുതിയതായി ഒരാളെത്തി. നാട്ടുകാർ അയാൾക്ക് ചുറ്റും കൂടി
"നിങ്ങൾ എവിടെനിന്നു വരുന്നു, എന്താ നിങ്ങളുടെ ജോലി..?"
"ഞാൻ പരദേശിയാണ്.. അവിടെ ചായക്കട നടത്തിയിരുന്നു"
"നിങ്ങൾക്ക് പുട്ട് ഉണ്ടാക്കാൻ അറിയാമോ..?"
"ഉണ്ടാക്കിയിട്ടുണ്ട്"
"ഞങ്ങൾക്ക് പുട്ടുണ്ടാക്കിത്തരാമോ..?"
"നിങ്ങൾ കൂടി സഹായിക്കുമെങ്കിൽ ഞാൻ ശ്രമിക്കാം.."
"എപ്പോൾ ഉണ്ടാക്കിത്തരും..??"
"മൊത്തം ഒരു നാല് മണിക്കൂർ"
"എങ്കിൽ കവലയിൽ നിങ്ങൾക്ക് ചായക്കട ഇട്ടുതരാം"
ഇതറിഞ്ഞ പഴയചായക്കടക്കാരന് ഭയമിളകി...
"അവനു പുട്ടുണ്ടാക്കാൻ ഒന്നും അറിഞ്ഞുകൂടാ.., ഇതൊക്കെ ഇവിടെ ഒരു ചായക്കട തുടങ്ങാനുള്ള അവൻറെ അടവാണ്. അവനെ ഒരു നിമിഷം പോലും ഇവിടെ നിർത്തരുത്. ഓടിക്കണം" പഴയ കടക്കാരൻ വിളിച്ചു കൂവി
"എന്തായാലും നാല് മണിക്കൂർ സമയം ചോദിച്ചതല്ലേ.., അയാൾ ഉണ്ടാക്കട്ടെ. താൻ തത്കാലം മിണ്ടാതിരിക്ക്" നാട്ടുകാർ പറഞ്ഞു
"പറ്റില്ല.., ഇവൻ നാട്ടുകാരെ മൊത്തം പറ്റിക്കാൻ വന്നതാ.., ഉടനേ ഓടിക്കണം" പഴയകടക്കാരൻ വീണ്ടും പറഞ്ഞു
"താൻ അതൊന്നും കേൾക്കണ്ടാ, പുട്ടുണ്ടാക്കാൻ തുടങ്ങിക്കോ.., നാലു മണിക്കൂറിനകം പുട്ടു കിട്ടിയില്ലെങ്കിൽ തൻറെ കാര്യം കട്ടപ്പൊക" നാട്ടുകാർ പുതിയ കടക്കാരനോട് പറഞ്ഞു
"അതിനാദ്യം നിങ്ങൾ എനിക്ക് രണ്ടുകിലോ അരി സംഘടിപ്പിച്ചു തരണം"
"പിന്നേ.., മണിമണി പോലിരിക്കുന്ന അരികൊണ്ടല്ലേ പിണ്ടി പോലത്തെ പുട്ടുണ്ടാക്കാൻ പോണത്...?? ഇപ്പൊ മനസ്സിലായില്ലേ ഇവൻ വെറും തട്ടിപ്പാണെന്ന്..?? ഓടിച്ചു വിടവനെ...!!" പഴയകടക്കാരൻ ചാടിവീണു..
"താൻ ഒന്ന് മാറി നിൽക്ക്.., ആരെങ്കിലും പോയി കുറച്ച് അരി കൊണ്ടുവന്ന് ഇയാൾക്ക് കൊടുക്ക്"
അൽപസമയത്തിനകം അരി വന്നു. പരദേശി അരി കഴുകി ഒരു പാത്രത്തിൽ വെള്ളത്തിലിട്ടു വെച്ചു
"ഇങ്ങനെയാണോ പുട്ടുണ്ടാക്കുന്നത്..??" നാട്ടുകാരിൽ ഒരാൾ ചോദിച്ചു
"അതിന് ആദ്യം അരി ഇതുപോലെ വെള്ളത്തിലിട്ടു കുതിർക്കണം" പരദേശി മറുപടി പറഞ്ഞു
"പിന്നേ.., അരി വെള്ളത്തിലിട്ടാൽ പുട്ട് ഉണ്ടാവാൻ പോവ്വല്ലേ..?? അടിച്ചോടിക്കെടാ അവനെ" പഴയ കടക്കാരൻ അലറി
ഒന്നര മണിക്കൂറോളം അരി വെള്ളത്തിൽ കിടന്നു കുതിർന്നു. പരദേശി അരി വാരിയെടുത്ത് ഒരു തുണിയിൽ നിരത്തി
"ഇതെന്തിനാ ഇങ്ങനെ ചെയ്യുന്നത്..??" നാട്ടുകാർ ചോദിച്ചു
"അരിയിലെ വെള്ളം മുഴുവൻ വാർന്നു പോകണം"
"കണ്ടോ കണ്ടോ..?? ആദ്യം ഇവൻ തന്നെ അരി മുഴുവൻ എടുത്ത് വെള്ളത്തിലിട്ടു..!! നമ്മൾ ചോദിച്ചപ്പോൾ പറഞ്ഞു അരി കുതിർന്നാലേ പുട്ടുണ്ടാക്കാൻ പറ്റൂ എന്ന്..!! ഇപ്പൊ പറയുന്നു കുതിർന്ന അരിയിലെ വെള്ളം മുഴുവൻ പോണം എന്ന്..!! ഇപ്പൊ മനസ്സിലായില്ലേ ഇവന് പുട്ടല്ല ഒരു ചുണ്ണാമ്പും ഉണ്ടാക്കാൻ അറിയില്ല എന്ന്..?? നാട്ടുകാരുടെ രണ്ടു കിലോ അരിയും ഒന്നര മണിക്കൂറും ചുമ്മാ കളഞ്ഞ ഇവനെ തല്ലിക്കൊല്ലണം.." പഴയകടക്കാരൻ ആവേശഭരിതനായി
പരദേശി ഒന്നും മിണ്ടാതെ അരി മുഴുവൻ നിരത്തി.. ഒരുമണിക്കൂർ വെയിലത്തു കിടന്ന് അരി നന്നായി ഉണങ്ങി...
"ഇനി എനിക്ക് ഒരു ഉരലും ഉലക്കയും രണ്ടാളെയും വേണം" പരദേശി പറഞ്ഞു
സാധനങ്ങൾ എത്തി. പരദേശി ഉരൽ വൃത്തിയാക്കി അരി മുഴുവൻ അതിലേയ്ക്ക് ഇട്ടു..
"ഇനി ഇതൊന്ന് ഇടിച്ചു പൊടിക്കണം"
" ദേ വീണ്ടും തട്ടിപ്പ്.., ആദ്യം അരിയെടുത്തു വെള്ളത്തിലിട്ടു, പിന്നെ അതെടുത്ത് ഉണക്കി.., ഇപ്പൊ ദേ അത് ഇടിച്ചു പൊടിയാക്കാൻ പോവുന്നു.., എടോ , സത്യം പറയ്, താൻ ഇതുവരെ പുട്ട് കണ്ടിട്ടുണ്ടോടോ..??" പഴയകടക്കാരന്റെ നിയന്ത്രണം വിട്ടു
"താനൊന്ന് മിണ്ടാതിരിക്കെടോ.., നോക്കട്ടെ എന്താവും എന്ന്" നാട്ടുകാരിൽ ഒരാൾ അരി ഇടിച്ചു തുടങ്ങി.. അരമണിക്കൂർ കൊണ്ട് അരി നന്നായി പൊടിഞ്ഞു..
പരദേശി പൊടി മുഴുവൻ വാരി ഒരു പാത്രത്തിലേയ്ക്കാക്കി. എന്നിട്ട് അത് അടുപ്പിൽ വെച്ച് ഒരു ചട്ടുകം കൊണ്ട് മെല്ലെ ഇളക്കാൻ തുടങ്ങി...
"ഇങ്ങനെയാണോ പുട്ട് ഉണ്ടാക്കുന്നത്" നാട്ടുകാർക്കും ലേശം ക്ഷമ കെട്ടു തുടങ്ങി..
"അരി പൊടിച്ചു വറുക്കണം.., എങ്കിലേ പുട്ടിനു രുചിയുണ്ടാവൂ" പരദേശി പറഞ്ഞു
"പിന്നേ.. അടുപ്പത്തിട്ടു പൊടി വറുത്തല്ലേ കുറ്റി പോലത്തെ പുട്ടുണ്ടാക്കുന്നത്..?? അരിപൊടിച്ചു ഒരുത്തന്റെ കൈകഴച്ചതിനും നീ സമാധാനം പറയണം.. നാലു മണിക്കൂർ ഒന്ന് കഴിഞ്ഞോട്ടെ.., ഈ നാട്ടുകാരെക്കൊണ്ട് തന്നെ നിന്നെ ഇവിടെ നിന്ന് തല്ലിയോടിപ്പിക്കും" പഴയ കടക്കാരൻ വെല്ലുവിളി തുടർന്നു
അരമണിക്കൂർ കഴിഞ്ഞപ്പോഴേയ്ക്കും പൊടി വറുത്ത മണം അന്തരീക്ഷത്തിൽ പരന്നു..
"ഇതല്ല പുട്ടിൻറെ മണം.., നാട്ടുകാരേ.., ഇവൻ നമ്മളെ പറ്റിക്കുവാ.., ഇങ്ങനല്ല പുട്ടുണ്ടാക്കുന്നത്.., പുട്ടുണ്ടാക്കാൻ എനിക്കറിയാം.., അത് ഇങ്ങനല്ല... അടിയവനെ....!!" പഴയകടക്കാരന്റെ നിയന്ത്രണം വിടാറായി..
പരദേശി വറുത്ത പൊടി ചൂടാറ്റി അൽപം വെള്ളം ചേർത്ത് നന്നായി തിരുമ്മി..
ഇയാൾക്ക് പ്രാന്താണ്.., അരമണിക്കൂർ അടുപ്പത്തിട്ടു വറുത്ത പൊടി ദേ ഇപ്പൊ വെള്ളം ഒഴിച്ചു നനയ്ക്കുന്നു" പഴയകടക്കാരന്റെ ആവേശം കുറയുന്നില്ല
"ഇനി എനിക്ക് ഒരു മുളങ്കുറ്റിയും അത് കയറുന്ന വാവട്ടം ഉള്ള ഒരു പാത്രവും ഒരു മുറി തേങ്ങ ചിരകിയതും വേണം"
നാട്ടുകാർ എല്ലാം സംഘടിപ്പിച്ചു കൊടുത്തു. പരദേശി മുളങ്കുറ്റിയുടെ മുട്ട് വരുന്ന ഭാഗം മുറിച്ചെടുത്തു. എന്നിട്ട് മുട്ടിൽ ചെറിയൊരു ദ്വാരം ഉണ്ടാക്കി. മറുവശത്തു കൂടി തേങ്ങ ചിരകിയതും അരിപ്പൊടി തിരുമ്മിയതും അൽപ്പാൽപ്പമായി നിറച്ചു...
"മുളയിൽ അരിപ്പൊടി നിറച്ചാൽ പുട്ടാവുമോ..?? ഇവനെ അടിച്ചോടിക്കാൻ ഇവിടെ ആണുങ്ങളാരും ഇല്ലേ..??"
പരദേശി പാത്രത്തിൽ പകുതി വെള്ളം നിറച്ചു. എന്നിട്ട് അരിപ്പൊടി നിറച്ച കുറ്റിയെടുത്ത് അതിൻറെ മുട്ട് വരുന്ന ഭാഗം പാത്രത്തിൻറെ വാവട്ടത്തിൽ ഇറക്കി. അതിനു ചുറ്റും തുണി വെച്ച് നന്നായി ചുറ്റി വരിഞ്ഞു. എന്നിട്ട് പാത്രം അടുപ്പത്തു വെച്ച് തീ കത്തിച്ചു..
"നീ തീർന്നെടാ പരദേശീ, നീ തീർന്ന്.. ഇനി അര മണിക്കൂർ തികച്ചില്ലെടാ..., നാട്ടുകാര് നിന്നെ ഇതുപോലെ അടുപ്പിൽ എടുത്ത് വെയ്ക്കും..."
അടുപ്പ് കത്തിക്കൊണ്ടിരുന്നു... കുറച്ചു സമയം കഴിഞ്ഞപ്പോൾ മുളങ്കുറ്റിയുടെ മുകളിലൂടെ മെല്ലെ ആവി പുറത്തേയ്ക്ക് വന്നു തുടങ്ങി.. പരദേശി മെല്ലെ കുറ്റി പാത്രത്തിൽ നിന്ന് വിടുവിച്ചു. ഒരു ഒരു പരന്ന തട്ട് മേശപ്പുറത്തു വച്ചു. എന്നിട്ട് മുളങ്കുറ്റിയുടെ വലിയ വായവശം ആ തട്ടിലേക്ക് കാണിച്ചു ഒരു നീളൻ കമ്പു കൊണ്ട് പിൻവശത്തെ മുട്ടിലെ ദ്വാരത്തിലൂടെ മെല്ലെ കുത്തി..
ആവി പറക്കുന്ന പുട്ട് മുളങ്കുറ്റിയിൽ നിന്ന് തിങ്ങിയിറങ്ങി വാഴപ്പിണ്ടി പോലെ തട്ടിൽ കിടന്നു..
നാട്ടുകാരുടെ കണ്ണുകൾ അത്ഭുതം കൊണ്ട് മിഴിഞ്ഞു.. "ദേ പുട്ട്" അവർ ഒരേ സ്വരത്തിൽ പറഞ്ഞു..
"ഇനി ഇതുപോലെ പൊടി കുറ്റിയിൽ നിറച്ചു നിങ്ങൾക്കും പുട്ടുണ്ടാക്കി നോക്കാം" പരദേശി പറഞ്ഞു..
നാട്ടുകാർ സന്തോഷത്തോടെ പഴവും പപ്പടവും കൂട്ടി പുട്ടു തിന്നു..
"അടിപൊളി പുട്ട്.. നമുക്കിനി പഴയ ചായക്കട വേണ്ടാ. പുതിയ ആള് മതി" അവർ ഒരേസ്വരത്തിൽ പറഞ്ഞു..
എല്ലാം കണ്ട് തകർന്ന മനസ്സോടെ നിൽക്കുന്ന പഴയചായക്കടക്കാരൻറെ അടുത്തു വന്നു പരദേശി പറഞ്ഞു
"അതേയ്, നമുക്കറിയാത്ത പണി പണിയറിയാവുന്നവൻ പണിയുമ്പോൾ ഇടയ്ക്കിട്ടു കേറി പണിയാൻ നിൽക്കാതെ പണി നോക്കിപ്പഠിക്കാൻ പഠിക്ക്..!! അതല്ലാതെ കുശുമ്പും കുന്നായ്മയും കൊണ്ടു നാട്ടുകാരെ വഴി തെറ്റിക്കാൻ നടന്നാൽ എപ്പോഴും ഇതുപോലെ പണികിട്ടിക്കൊണ്ടേയിരിക്കും...!!"
കിട്ടിയാ....???