രാവിലെ അമ്പലത്തിൽ പോയിട്ട് തിരിച്ചു വരുന്ന മീനാക്ഷിയേടത്തി ഒറ്റയ്ക്ക് ചിരിക്കുന്നത് കണ്ടാണ് ബാർബർ ഭാസ്കരേട്ടൻ ചോദിച്ചത്: "ഇതെന്താ മീനാക്ഷിയേടത്ത്യേ, ങ്ങള് ഒറ്റക്ക് ചിരിക്കന്നെ?"
"ന്റെ ഭാസ്കരാ, ഞാൻ ഒരു ഒറ്റത്തേങ്ങാ ഗണപതിഹോമോം പിന്നെ കണാരേട്ടൻറേം മക്കളേം കുഞ്ഞുമക്കളേം എല്ലാം പേരിൽ ഓരോ പുഷ്പ്പാഞ്ജലിയും കഴിപ്പിച്ചു, രണ്ടായിരത്തിൻറെ നോട്ട് കൊടുത്തു. അമ്പലത്തിൻറെ ഓഫീസിൽ ചീട്ട് എഴുതാൻ ഇരിക്കുന്ന കുമാരൻ പറഞ്ഞു, ഇതൊന്നും ഇവിടെ വേണ്ട, ഒന്നുകിൽ ചില്ലറ തരീ, അല്ലെങ്കിൽ swipe ചെയ്യേണ്ടി ബരുംന്ന്.
ഞാൻ എൻറെ കോന്തല തൊറന്ന് ഡെബിറ്റ് കാർഡ് ഓന് കൊടുത്തപ്പോ ഓൻറെ കണ്ണ് മിയിഞ്ഞു...
കാർഡും വാങ്ങി കൊറേ സമയം തിരിച്ചും മറിച്ചും കളിച്ചിറ്റ് ഓൻറെ അടുത്ത നമ്പര്...
GPRS കിട്ടുന്നില്ലാന്ന്.
GPRS കിട്ടുന്നില്ലെകിൽ നീയാ ലാൻഡ്‌ഫോണിൻറെ കേബിൾ എടുത്തു കുത്ത് കുമാരാന്ന് ഞാൻ.
അതൊന്നും എനക്കാറീല്ലാന്ന് കുമാരൻ.
പിന്നെ നീയെന്തിനാടാ ഇവിടെ ഇരിക്ക്ന്നേ, ഇങ്ങോണ്ടാ ഞാൻ കാണിച്ചു തരാംന്നു പറഞ്ഞു ഞാൻ കേബിൾ കുത്തി swipe ചെയ്തു കൊടുത്തു. നെയ്‌വെളക്കടക്കം 112 ഉർപ്യ. ചില്ലറ തരില്ലാന്നു വെച്ച് എനക്ക് വഴിപാട് കഴിപ്പിക്കാണ്ടെ പാട്വോ? "
"പക്ഷെ, നിങ്ങൾ ഇതൊക്കെ എങ്ങനെ പഠിച്ചു, മീനാക്ഷിയേടത്ത്യേ?" ഭാസ്കരേട്ടൻ മിഴിഞ്ഞ കണ്ണോടെ....
"അതിപ്പോ നാടോടുമ്പോ നടുവേ ഓടണ്ടേ ഭാസ്കരാ, നാലക്ക നമ്പർ മറന്നു പോവ്വോന്നു ഒരു പേടിയെ എനിക്കുള്ളൂ...നിൻറെ ബാർബർ ഷോപ്പിൽ swipping മെഷീൻ ഉണ്ടോ?"
"ഇല്ല", ഭാസ്കരേട്ടൻറെ ശബ്ദത്തിനു ഒരു ചെറിയ വിറയൽ ഉണ്ടായിരുന്നു...
"മേരാ പ്യാരാ ഭാസ്കരാ, വേഗം ഒരെണ്ണം ബാങ്ങിക്കോ, ട്രെയിനിങ് ഞാൻ തരാം..." മുണ്ടിൻറെ കോന്തല ഒന്നും കൂടി മുറുക്കി മീനാക്ഷിയേടത്തി വീട്ടിലേക്ക് നടന്നു.