Google Ads

Sunday, December 25, 2016

ക്യാൻസർ കീമോതെറാപ്പിയുടെ ഉദ്വേഗജനകമായ കഥ 😜

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം . ലോകനേതാവാകാന്‍ ആഗ്രഹിച്ച ഹിറ്റ്‌ലറുടെ ജര്‍മനിയും മുസോളിനിയുറെ ഇറ്റലിയും ഹിരോഹിതോയുടെ ജപ്പാനും ഒരുഭാഗത്ത് . ഫ്രാന്‍സിന്‍റെ പരിക്ഷീണമായ സൈന്യവും ബ്രിട്ടിഷ് സേനയും വിഭവങ്ങളുടെ ലഭ്യത മൂലം വ്യക്തമായ മുന്തൂക്കമുള്ള അമേരിക്കന്‍ സൈന്യവും സൈനികരുടെ എണ്ണം കൊണ്ടു ശക്തമായ റഷ്യയും മറുഭാഗത്തും . യൂറോപ്പിലേക്കുള്ള വാതില്‍ ഇറ്റലിയാണ് എന്നു മനസിലാക്കിയ സഖ്യ കക്ഷികള്‍ ഇറ്റലി പിടിച്ചെടുക്കാനുള്ള ശ്രമവുമായി മുന്നേറുകയായിരുന്നു . 1943 സെപ്തംബര്‍മാസത്തില്‍ ബ്രിട്ടിഷ് എയര്‍ ബോണ്‍ ഡിവിഷന്‍തന്ത്രപ്രധാനമായ ഇറ്റാലിയന്‍ തുറമുഖമായ ബാരിപിടിച്ചെടുത്തിരുന്നു . സഖ്യകക്ഷികളുടെ യുദ്ധതന്ത്ര ആസൂത്രണങ്ങളുടെ പ്രധാനകേന്ദ്രമായി തുടര്‍ന്ന്‍ഈ തുറമുഖം മാറി . റോം പിടിച്ചെടുക്കാനും ജര്‍മന്‍സൈനികനിരയെ ഇറ്റലിയില്‍ നിന്നു വടക്കോട്ട്‌തുരത്താനും ആവശ്യമായ ബലംസഖ്യകക്ഷികള്‍ക്ക് ഈ തുറമുഖം നല്‍കി . എന്നാല്‍ ബാരി തുറമുഖത്തിനു ആവശ്യത്തിനുവ്യോമ പ്രതിരോധം ഉണ്ടായിരുന്നില്ല എന്ന കാര്യം വേണ്ടത്ര ഗൌരവത്തോടെ സഖ്യകക്ഷികള്‍ പരിഗണിച്ചിരുന്നില്ല . ഒരു ജര്‍മന്‍ വ്യോമാക്രമണംഈ കേന്ദ്രത്തില്‍ ഉണ്ടാകുമെന്ന് കണക്കുകൂട്ടാന്‍സഖ്യകക്ഷികള്‍ക്ക് കഴിഞ്ഞതുമില്ല .



1943 അന്ത്യത്തോടടുക്കുന്നു . നിര്‍ണായകമായ മോണ്ടികാസിനോ യുദ്ധത്തിനുസഖ്യകക്ഷികള്‍ തയ്യാറെടുക്കുകയാണ് . ഈ യുദ്ധത്തിനു വേണ്ടി അമേരിക്കന്‍ സൈന്യം അതീവ രഹസ്യമായി തയ്യാറാക്കിയ ഒരു മാരകായുധവും പേറി അമേരിക്കന്‍ യുദ്ധക്കപ്പലായ ജോണ്‍ ഹാര്‍വി അറ്റ്‌ലാന്റിക് സമുദ്രം മുറിച്ച് ഇറ്റാലിയന്‍ തീരം ലക്ഷ്യമാക്കി നീങ്ങി . ഡിസംബര്‍ രണ്ടാം തിയ്യതി ഹാര്‍വി ബാരിതുറമുഖത്ത് നങ്കൂരമിട്ടു . ഒന്നാം ലോകമഹായുദ്ധത്തില്‍ പ്രയോഗിക്കപ്പെട്ടതുംഅളവില്ലാത്ത ദുരന്തങ്ങള്‍ക്ക് കാരണമായതുമായനൈട്രജന്‍ മസ്റ്റാര്‍ഡ് എന്ന രാസവിഷവാതകമായിരുന്നു ഈ കപ്പല്‍ അതിന്‍റെ ഉദരത്തില്‍ വഹിച്ചിരുന്ന രഹസ്യ കാര്‍ഗോ . 1925ല്‍ ജനീവാ കണ്വെന്‍ഷന്‍ നിരോധിച്ച ഈ ഭീകരരാസവസ്തു വീണ്ടും യുദ്ധത്തില്‍ഉപയോഗിക്കാനായിരുന്നു സഖ്യസേനയുടെതീരുമാനം . ജോണ്‍ ഹാര്‍വിക്കു പുറമേഅമേരിക്കന്‍ , ബ്രിട്ടീഷ് , പോളിഷ്, നോര്‍വീജിയന്‍നാവിക സേനകളിലൊക്കെ പെട്ട മുപ്പതോളംകപ്പലുകളും രണ്ടര ലക്ഷത്തിലധികംമനുഷ്യരുമുണ്ടായിരുന്നു അന്നേദിവസം ബാരിതുറമുഖത്ത് . പൊടുന്നനെയാണ് സഖ്യസേനയെഞെട്ടിച്ചുകൊണ്ട് ജര്‍മന്‍ ലുഫ്ത്വാഫ (എയര്‍ഫോഴ്സ് ) യുടെ നൂറിലധികം ജങ്കര്‍യുദ്ധവിമാനങ്ങള്‍ പ്രത്യക്ഷപ്പെട്ട് ഒരു കനത്തവ്യോമാക്രമണം അഴിച്ചുവിട്ടത് . വിമാനവേധതോക്കുകളുടെ അപര്യാപതതയും വ്യോമാക്രമണംഉണ്ടാകില്ല എന്ന് കരുതിയതിനാല്‍ തുറമുഖത്തെവിളക്കുകള്‍ മുഴുവന്‍ തെളിയിച്ച് ഇട്ടിരുന്നതുംജങ്കര്‍ പൈലറ്റുമാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി .ബോംബിങ്ങില്‍ പൊട്ടിയ ഒരു പെട്രോള്‍ പൈപ് ലൈനില്‍ നിന്ന് സമുദ്രത്തിനുമുകളില്‍ പരന്നഎണ്ണയ്ക്ക് തീപ്പിടിച്ചതിനാല്‍ തുറമുഖമാകെഒരഗ്നിഗോളമായി . ബോംബ്‌ വീഴാത്തകപ്പലുകള്‍ക്കും തീപ്പിടിച്ചു . ഇരുപത്തെട്ട്കപ്പലുകളും അവയിലുണ്ടായിരുന്ന ചരക്കുംപൂര്‍ണമായി നശിച്ചു . മുങ്ങിക്കപ്പലുകള്‍ മാത്രമാണ്പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് .

മുപ്പതു കിലോ വീതമുള്ള രണ്ടായിരംസള്‍ഫര്‍ മസ്റ്റാഡ് ബോംബുകളായിരുന്നു ജോണ്‍ഹാര്‍വിയുടെ പള്ളയില്‍ ശേഖരിച്ചിരുന്നത് . വ്യോമാക്രമണത്തിനിടയില്‍ കനത്ത ഒരുസ്ഫോടനം കപ്പലില്‍ ഉണ്ടായി . തുടര്‍ന്നു സള്‍ഫര്‍മസ്റ്റാഡ് ദ്രാവകം കപ്പലില്‍ നിന്ന് തുളുമ്പിയൊഴുകി . മസ്റ്റാഡ് വാതകമേഘം ബാരി നഗരത്തില്‍ പടര്‍ന്നു .നിരോധിത രാസവസ്തുവിന്റെ ഉപയോഗംവെളിച്ചത്തു വരാതിരിക്കാനും ഹിറ്റ്ലര്‍സമാനരീതിയില്‍ തിരിച്ചടിക്കുന്നത് ഒഴിവാക്കാനുംഈ ഭീകര ദുരന്തം സഖ്യകഷികള്‍ പുറംലോകത്തുനിന്നു മറച്ചുവെച്ചു . ( മസ്റ്റാഡ് ഗ്യാസിനെക്കാള്‍പതിന്മടങ്ങ് ഭീകരമായ ടാബുന്‍ , സാരിന്‍ , സോമന്‍എന്നീ വിഷവാതകങ്ങള്‍ ജര്‍മനിവികസിപ്പിച്ചിരുന്നെങ്കിലും തന്ത്രപരമായകാരണങ്ങളാല്‍ ഇവ യുദ്ധത്തില്‍ഉപയോഗിച്ചിരുന്നില്ല .) അറുന്നൂറിലധികംപട്ടാളക്കാരാണ് വാതകം ശ്വസിച്ച് ആശുപത്രിയില്‍പ്രവേശിപ്പിക്കപ്പെട്ടത് . ഡിസംബര്‍അവസാനത്തോടെ ഇതില്‍ എണ്‍പത്തിമൂന്നു പേര്‍മരണപ്പെട്ടു . വാതകമേറ്റ സാധാരണക്കാരുടെകണക്കുകള്‍ ഇന്നും ലഭ്യമല്ല .



ഈ സംഭവങ്ങളൊക്കെപുറംലോകമറിയാന്‍ പിന്നെയും കാല്‍ നൂറ്റാണ്ടോളംഎടുത്തെങ്കിലും സഖ്യസേന ഒട്ടും വൈകാതെവിഷമേറ്റ സൈനികര്‍ക്ക് എന്താണ് സംഭവിച്ചത്എന്നറിയാനുള്ള രഹസ്യ ഗവേഷണം ആരംഭിച്ചു .ഡോ. സ്റ്റുവേര്‍ട്ട് അലക്സാണ്ടര്‍ എന്നരാസായുധവിദഗ്ദ്ധനായിരുന്നു ഗവേഷണചുമതല .എന്നാല്‍ യേല്‍ സര്‍വകലാശാലയിലെ രണ്ടുഫാര്‍മക്കോളജിസ്റ്റുകളായ ലൂയി ഗുഡ്മാന്‍ ,ആല്ഫ്രെഡ്‌ ഗില്‍മാന്‍ എന്നിവര്‍ ഒരു വര്ഷംമുന്‍പുതന്നെ ഈ വിഷവാതകത്തെപ്പറ്റിഗവേഷണമാരംഭിച്ചിരുന്നു . യൂ എസ് പ്രതിരോധവിഭാഗം തന്നെയായിരുന്നു ഈ വിഷയത്തില്‍ഗവേഷണം നടത്തുന്നതിനായി ഈ പ്രശസ്തശാസ്ത്രജ്ഞരെ സമീപിച്ചത് . തുടര്‍ന്നുള്ള സംയുക്തമായ ഗവേഷണത്തില്‍ മസ്റ്റാഡ് വിഷം ഏറ്റവരില്‍ അസ്ഥിയിലെ മജ്ജയ്ക്കകത്തുള്ളവെളുത്ത രക്താണുക്കളുടെ നിര്‍മ്മിതിപൂര്‍ണമായും നിലച്ചു പോയതായി കണ്ടെത്തി .വിഷമേറ്റവരുടെ രക്തത്തിലെ വെളുത്തരക്താണുക്കളുടെ എണ്ണം വളരെ കുറഞ്ഞതായുംഗവേഷണത്തിൽ കണ്ടെത്തി . വളരെപ്പെട്ടെന്നുവിഭജിക്കുന്ന കോശങ്ങളെ മാത്രമേ ഈ വിഷംബാധിക്കൂ എന്ന നിരീക്ഷണമാണ്നിർണായകമായത് . വളരെപ്പെട്ടെന്നു വിഭജിക്കുന്നകോശങ്ങളാണല്ലൊ ക്യാൻസർ കോശങ്ങൾ .അതിനാൽ മസ്റ്റാർഡ് ക്യാൻസറിനെതിരെപ്രയോഗിക്കാമോ എന്നായി ശാസ്ത്രജ്ഞരുടെസംശയം .



വെളുത്ത രക്താണുക്കളുടെഎണ്ണക്കൂടുതൽ മൂലമുണ്ടാകുന്ന ക്യാൻസറായലിംഫോമ ചികിത്സിക്കുന്നതിൽ ഈ മരുന്നുപരീക്ഷിച്ചു നോക്കാം എന്നായിരുന്നു ഗുഡ്മാനുംഗിൽമാനും ചേർന്നു തീരുമാനിച്ചത് . അതിന്റെആദ്യ ഘട്ടമെന്ന നിലയ്ക്ക് എലികളിൽ കൃത്രിമമായിലിംഫോമ സൃഷ്ടിച്ചു . തുടർന്ന് മസ്റ്റാർഡ്സംയുക്തങ്ങൾ ഈ എലികളിൽ പരീക്ഷിച്ചു . ഈപരീക്ഷണം വൻ വിജയമായിരുന്നു . തുടന്ന് ഈചികിത്സ മനുഷ്യരിൽ പരീക്ഷിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു . ഇതിനു വേണ്ടി മസ്റ്റീൻഎന്ന ഒരു രാസവസ്തു സൃഷ്ടിച്ചെടുത്തു .ഗുസ്താവ് ലിൻസ്കോഗ് എന്ന തൊറാസിക്സർജന്റെ സഹായത്തോടെ നോൺ ഹോജ്കിൻലിംഫോമ എന്ന രോഗം ബാധിച്ച ഒരു രോഗിയിൽ ഈ മരുന്ന് പരീക്ഷിക്കാൻ ഗുഡ്മാനും ഗിൽമാനുമായി . അദ്ഭുതകരമായ ഫലമാണ് അവരെ കാത്തിരുന്നത് . ആ വലിയ ലിംഫോമ മുഴുവൻ മഞ്ഞുകട്ടപോലെ ഉരുകി അപ്രത്യക്ഷമായി ! അൽപ്പകാലത്തിനകം മുഴ തിരിച്ചു വരികയും രോഗിക്ക് കൂടുതൽ തവണ മരുന്ന് നൽകുകയും വേണ്ടിവന്നെങ്കിലും ക്യാൻസർ കീമോത്തെറാപ്പിയിലെ അത്യദ്ഭുതകരമായ ആദ്യ കാല്വെയ്പ്പായിരുന്നു ഇത് .

കടുത്ത പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുംഎന്നതിനാല്‍ മസ്റ്റീന്‍ ഇന്ന് ചികിത്സയ്ക്ക്ഉപയോഗിക്കാറില്ല പിന്നീട് വികസിപ്പിച്ചെടുത്ത ഈഗ്രൂപ്പിലെ മരുന്നുകളായ സൈക്ലോഫോസ്ഫമൈഡ്, ഐഫോസ്ഫമൈഡ് , ക്ലോറാംബ്യൂസില്‍ , മെല്‍ഫലാന്‍ , യൂറാമസ്റ്റീന്‍ , ബെന്‍റമസ്റ്റീന്‍ എന്നിവയൊക്കെ ഇന്നും ഉപയോഗത്തില്‍ ഉള്ളവയാണ് . ആല്കൈലേറ്റിംഗ് ഏജന്റുകള്‍ എന്നറിയപ്പെടുന്ന ഈ സംയുക്തങ്ങള്‍ ഡീ.എന്‍.ഏ തന്മാത്രയെ തകര്‍ക്കുകയും ക്യാന്‍സര്‍ കോശത്തെ ആത്മഹത്യയ്ക്ക് (apoptosis) പ്രേരിപ്പിക്കുകയും ചെയ്യും . രക്താര്‍ബുദങ്ങള്‍ , ചില മസ്തിഷ്ക ക്യാന്‍സറുകള്‍ , പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ , ചില ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ , അമൈലോയിഡോസിസ് എന്നീ അസുഖങ്ങള്‍ക്കൊക്കെ ചികിത്സയായാണ് ഇന്നും ഈ സംയുക്തങ്ങള്‍ ഉപയോഗിക്കപ്പെട്ടു വരുന്നത് . താരതമ്യേന ചെലവ് കുറവാണെങ്കിലും ആധുനിക ക്യാന്‍സര്‍ മരുന്നുകളോടു താരതമ്യം ചെയ്‌താല്‍ പാര്‍ശ്വഫലങ്ങള്‍ക്കുള്ള സാധ്യത അല്‍പ്പം അധികമാണ് ഈ സംയുക്തങ്ങള്‍ക്ക് . വേഗത്തില്‍ വിഭജിക്കുന്ന എല്ലാ കോശങ്ങളെയും ഈ സംയുക്തങ്ങള്‍ വധിക്കും എന്നതിനാല്‍ അസ്ഥിമജ്ജ , ആമാശയത്തിലെയും കുടലിലെയും ശ്ലേഷ്മസ്തരം എന്നിവയൊക്കെ തകരാറിലാക്കാന്‍ ഇവയ്ക്ക് സാധിക്കും ഇവയുടെ വിഘടനഫലമായി ഉണ്ടാകുന്ന സംയുക്തങ്ങള്‍ മൂത്രത്തില്‍ വിസര്‍ജ്ജിക്കുന്നതിനാല്‍ മൂത്ര സഞ്ചിയില്‍ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിക്കും . ആവശ്യത്തിനു മുന്‍കരുതലുകള്‍ എടുത്താല്‍ ഈ പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാനാകും എന്നതും ഗുണഫലങ്ങള്‍ പാര്‍ശ്വഫലങ്ങളെക്കാള്‍ കൂടുതലാണ് എന്നതുമാണ്‌ ഇന്നും ഈ സംയുക്തങ്ങളെ വ്യാപകമായി ക്യാന്‍സര്‍ കീമോതെറാപ്പിയില്‍ ഉപയോഗിക്കുന്നതിനു പ്രേരിപ്പിക്കുന്നത് .