Google Ads

Monday, December 26, 2016

ചോറു

കല്യാണം കഴിഞ്ഞ് ആദ്യ ആഴ്ച...
ഭാര്യയെ വീട്ടില്‍ നിര്‍ത്തി ഞാനും അച്ഛനും അമ്മയും കൂടി ടൗണില്‍ പോയി. ഹോസ്പിറ്റലില്‍ ചെക്കപ്പിനിടയില്‍ എനിക്ക് ഒരു ഫോണ്‍.. തൊടുപുഴയുള്ള അമ്മാവനും കുടുംബവും വരുന്നുണ്ട് വീട്ടിലേക്ക് .
ഉടന്‍ വീട്ടില്‍ ഇരിക്കുന്ന നവവധുവിനെ വിളിച്ചു കാര്യം പറഞ്ഞു.
"8 ആള്‍ക്ക് ചോറു വയ്ക്കണം, കറി ഞങ്ങള്‍ വരുമ്പോള്‍ ഹോട്ടലില്‍ നിന്നും പാഴ്സല്‍ വാങ്ങാം... വല്ല ചിക്കന്‍ ഫ്രൈ, മീന്‍കറി ഒക്കെ .."

പുതുപ്പെണ്ണ് സമ്മതം മൂളി. ഞാന്‍ ചോദിച്ചു, 'ഇത്രയും ആള്‍ക്ക് ചോര്‍ വയ്ക്കാന്‍ അറിയാമോ ? നീ ഹോസ്റ്റലില്‍ നിന്നല്ലേ പഠിച്ചത് ?'

'എന്നെ അങ്ങനെ മോശക്കാരി ഒന്നും ആക്കണ്ട, അതൊക്കെ അറിയാം '..

********
ഞങ്ങള്‍ വീട്ടില്‍ എത്തും മുമ്പ് ഫോണ്‍..
'ആകെ എത്ര പേര്‍ ഉണ്ടാവും ?'

ഞാന്‍ - ' നമ്മള്‍ 4 , അമ്മാവനും കുടുംബവും 4, ആകെ 8 '

ഭാര്യ -' അരി തികയൂല്ല. 6 പേര്‍ക്ക് കഷ്ടിയാ..'

ഞാന്‍ - 'അങ്ങനെ വരാന്‍ വഴിയില്ലല്ലോ ? ഇന്നലെ 10 kg വാങ്ങിയതാണ്. ആ.. സാരമില്ല , ഉള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം .'

********

വീട്ടില്‍ എത്തിയ ഉടന്‍ പുതുമണവാട്ടി രഹസ്യമായി വിളിച്ചു.
'ചേട്ടാ ആ അരി എന്തോ കുഴപ്പം ഉണ്ട്. ചോറ് കുറച്ച് കൂടുതല്‍ ആയി.'
അടുക്കളയില്‍ ചെന്ന ഞാന്‍ ഞെട്ടി. ഒരു വലിയ ബിരിയാണി ചെമ്പ് നിറയെ ചോറ്..!

ഞാന്‍ - 'അരി അളന്നല്ലേ നീ ഇട്ടത് ?'

അവള്‍ - 'അതേ, ഒരാള്‍ക്ക് ഒന്നര പാത്രം വീതം.. 6 പേര്‍ക്ക് ഉള്ളത് അളന്നപ്പോള്‍ അരിയും തീര്‍ന്നു. ...'

ഞാന്‍ - 'നീ ഏത് ഗ്ളാസ് കൊണ്ടാ അളന്നത് ?'

അവള്‍ - 'ഗ്ളാസോ ? ചോറുണ്ണുന്ന പ്ളേറ്റിനാ അളന്നത്. ഒരാള്‍ക്ക് ഒന്നര പ്ളേറ്റ് അരി വച്ച് ഇട്ടു..'

******
ബാക്കിപത്രം .
1. അന്ന് ആ ചുറ്റുപാടുമുള്ള ഒറ്റ വീട്ടിലും അത്താഴം വച്ചില്ല.

2. അമ്മാവനും കുടുംബവും ചായ കുടിക്കാന്‍ നില്‍ക്കാതെ പോയി.

അല്ലെങ്കില്‍ ചായപ്പൊടിയുടെ കാര്യം ...