ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശ്രീകൃഷ്ണസങ്കല്പത്തിൽ പൂജിക്കപ്പെടുന്ന ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ മഹാവിഷ്ണുഭഗവാനാണ്.
പാതാളാഞ്ജനം എന്ന അത്യപൂർവ്വവും വിശിഷ്ടവുമായ ശിലയിൽ തീർത്തതാണ് ഇവിടത്തെ അതിമനോഹരമായ വിഗ്രഹം. തന്മൂലം ഏറെ പവിത്രമായി കണക്കാക്കപ്പെടുന്നു.
വിഗ്രഹത്തിന് ഏകദേശം നാലടി ഉയരം കാണും. ശ്രീകൃഷ്ണാവതാരസമയത്ത് വസുദേവർക്കും ദേവകിക്കും കാരാഗൃഹത്തിവച്ച് ദർശനം നൽകിയ മഹാവിഷ്ണുവിന്റെ രൂപമാണ് വിഗ്രഹത്തിനുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന രൂപത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ.
ഹിന്ദുനിയമപ്രകാരം വിഷ്ണുവിഗ്രഹത്തിന് 24 ഭാവങ്ങളുണ്ട്. ഭാവവ്യത്യാസമനുസരിച്ച് ശംഖ്, ചക്രം, ഗദ, പദ്മം (താമര) എന്നിവ ധരിച്ച കൈകൾക്കും വ്യത്യാസം കാണാൻ കഴിയും.
പുറകിലെ വലതുകയ്യിൽ ചക്രം, മുമ്പിലെ വലതുകയ്യിൽ പദ്മം, പുറകിലെ ഇടതുകയ്യിൽ ശംഖ്, മുമ്പിലെ ഇടതുകയ്യിൽ ഗദ എന്നിവ ധരിച്ച രൂപത്തിലുള്ള വിഗ്രഹത്തിന് നിയമപ്രകാരം ജനാർദ്ദനൻ എന്നുപറയും. ഗുരുവായൂരിലെ വിഗ്രഹം ഈ
രൂപത്തിലാണ്.
തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ദേവശില്പിയായ വിശ്വകർമ്മാവ് ആണ് ഇവിടെ ആദ്യത്തെ ക്ഷേത്രം നിർമ്മിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. വിഷുദിവസത്തിൽ സൂര്യന്റെ ആദ്യ കിരണങ്ങൾ ഗുരുവായൂരിലെ വിഷ്ണുവിന്റെ കാൽക്കൽ വീഴുന്ന വിധത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് (കിഴക്കോട്ട് ദർശനം). ഇങ്ങനെ സൂര്യൻ വിഷു ദിവസത്തിൽ ആദ്യമായി വിഷ്ണുവിന് വന്ദനം അർപ്പിക്കുന്നു.
ക്ഷേത്രത്തിന് കിഴക്കുവശത്തും പടിഞ്ഞാറുവശത്തും ഓരോ കവാടങ്ങളുണ്ട്. ഭഗവദ്ദർശനവശമായ കിഴക്കുവശത്തുള്ളതാണ് പ്രധാനം. തിരക്കില്ലാത്തപ്പോൾ അവിടെനിന്നു നോക്കിയാൽത്തന്നെ ഭഗവാനെ കാണുവാൻ കഴിയും
ലക്ഷണമൊത്ത ചതുരാകൃതിയിലുള്ളതാണ് ഇവിടത്തെ ശ്രീകോവിൽ. രണ്ടുനിലകളോടുകൂടിയ ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പുമേഞ്ഞ് സ്വർണ്ണം പൂശിയതാണ്. വടക്കുഭാഗത്ത് അഭിഷേകജലം ഒഴുകുന്ന ഓവ് സ്ഥിതിചെയ്യുന്നു. അകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹത്തെക്കൂടാതെ സ്വർണ്ണത്തിലും വെള്ളിയിലും തീർത്ത രണ്ട് വിഗ്രഹങ്ങൾ കൂടിയുണ്ട്. വെള്ളികൊണ്ടുള്ളതും പഴയതുമായ വിഗ്രഹമാണ് ശീവേലിക്കും മറ്റും എഴുന്നള്ളിക്കുന്നത്. ഉത്സവക്കാലത്തുമാത്രമേ സ്വർണ്ണവിഗ്രഹം എഴുന്നള്ളിക്കാറുള്ളൂ.
ചുവർച്ചിത്രങ്ങൾകൊണ്ടും ദാരുശില്പങ്ങൾകൊണ്ടും അതിമനോഹരമാക്കിയിട്ടുണ്ട് ഇവിടത്തെ ശ്രീകോവിൽ. ശിവൻ മോഹിനിയെ കണ്ട് മയങ്ങുന്നത്, പാലാഴിമഥനം, ശ്രീരാമപട്ടാഭിഷേകം, ഗണപതി - അങ്ങനെ നീളുന്നു ആ നിര. ശ്രീകോവിലിന്റെ വാതിലുകൾ പിച്ചളയിൽതീർത്ത് സ്വർണ്ണം പൂശിവയാണ്. 101 മണികൾ ഈ വാതിലിലുണ്ട്. ശ്രീകോവിലിലേക്ക് കയറാനായി സോപാനപ്പടികൾ കരിങ്കല്ലിൽ തീർത്തവയാണ്. എന്നാൽ ഇപ്പോൾ അവയും സ്വർണ്ണം പൂശിയിട്ടുണ്ട്.
*_ഗുരുവായൂർ ക്ഷേത്രത്തിലെ വിവിധ ഭാഗങ്ങൾ_*
1 ) *വാതിൽമാടം* : കിഴക്കുവശത്തുകൂടി അങ്കണത്തിലേക്ക് കടക്കുമ്പോൾ ഇരുവശത്തുമുള്ള ഉയർന്ന പ്ലാറ്റ്ഫോമുകളാണ് വതിൽമാടം. തെക്കേ വാതിമാടത്തിന്റെ കിഴക്കേ തൂണിൽ ചാരിയിരുന്നാണ് നാരായണീയം രചിച്ചതെന്ന് വിശ്വസിക്കുന്നു. ഇന്ന് ആ സ്ഥലത്ത് അത് എഴുതിക്കാണിക്കുന്ന ഒരു ഫലകം സ്ഥാപിച്ചിട്ടുണ്ട്. പണ്ട് വടക്കേ വാതിൽമാടം പരദേശി ബ്രാഹ്മണന്മാർക്കുള്ളതായിരുന്നു. ഇന്ന് ഈ സ്ഥലങ്ങൾ പ്രത്യേകപരിപാടികൾക്കായി ഉപയോഗിക്കുന്നു.
2 ) *നമസ്കാരമണ്ഡപം* : ദീർഘചതുരാകൃതിയിൽ ശ്രീകോവിലിനുമുന്നിൽ തീർത്തതാണ് നമസ്കാരമണ്ഡപം. ഇവിടെ സൂക്ഷിച്ചിട്ടുള്ള പെട്ടിയിൽനിന്നാണ് മേൽശാന്തിയെ തിരഞ്ഞെടുക്കുന്നത്. പഴയ മേൽശാന്തി സ്ഥാനമൊഴിയുമ്പോൾ തന്റെ സ്ഥാനചിഹ്നമായ താക്കോൽക്കൂട്ടം ഇവിടെ നിക്ഷേപിക്കുകയാണ് ചെയ്യുക. തുടർന്ന് ഓതിക്കൻ ഇത് പുതിയ മേൽശാന്തിക്ക് കൈമാറുന്നു.
3 ) *നാലമ്പലം* : അങ്കണത്തിനു ചുറ്റും മേൽക്കൂരയോടുകൂറ്റിയതാണ് നാലമ്പലം. ഇതിനകത്ത് സ്ഥലം വളരെ കുറവാണ്. നാലമ്പലത്തിനൊത്ത നടുക്കായി ശ്രീകോവിൽ സ്ഥിതി ചെയ്യുന്നു. ചുറ്റുമുള്ള ബലിവട്ടത്തിൽ അങ്ങിങ്ങായി ബലിക്കല്ലുകൾ കാണാം. അഷ്ടദിക്പാലകർ (ഇന്ദ്രൻ, അഗ്നി, നിര്യതി, വരുണൻ, വായു, കുബേരൻ, ഈശാനൻ), സപ്തമാതൃക്കൾ (ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൗമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, ദുർഗ്ഗ, കുബേരൻ, ബ്രഹ്മാവ്, നിർമ്മാല്യമൂർത്തി (ഇവിടെ വിഷ്വക്സേനൻ) തുടങ്ങിയ ദേവന്റെ കാവൽക്കാരെയാണ് ഈ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത്. നിത്യശീവേലിക്ക് ഈ കല്ലുകളിലാണ് മേൽശാന്തി ബലി തൂകുന്നത്.
4 ) *തിടപ്പള്ളി* : ഭഗവനുള്ള നിവേദ്യം തയ്യാറാക്കുന്ന മുറിയാണ്. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ ശ്രീകോവിലിന് വലതുവശത്താണ് തിടപ്പള്ളി സ്ഥിതി ചെയ്യുന്നത്. ഇവിടെവച്ചുതന്നെയാണ് രാവിലെ ഗണപതിഹോമം നടത്തുന്നതും.
5 ) *പടക്കളം* : ഭഗവാനു നിവേദിച്ച പടച്ചോറ് വിതരണം ചെയ്യുന്നതിവിടെയാണ്. ശ്രീകോവിലിന് വടക്കുപടിഞ്ഞാറുഭാഗത്ത് ഒരു പ്രത്യേകമുറിയിലാണ് സ്ഥാനം
6 ) *തുറക്കാ അറ* : പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ ഒരിക്കലും തുറക്കാത്ത ഒരു രഹസ്യ അറയാണ്. നാഗങ്ങളാണ് ഈ നിലവറ കാക്കുന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു. തിടപ്പള്ളിക്ക് പടിഞ്ഞാറാണ് ഇത്. ഇതിനകത്ത് ശ്രീകൃഷ്ണഭഗവാന്റെ മയിൽപ്പീലി പോലുള്ള പല അദ്ഭുതവസ്തുക്കളുമുള്ളതായി വിശ്വസിക്കപ്പെടുന്നു. ഒരിക്കൽ ഇത് തുറക്കാൻ ചില വിരുതന്മാർ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് കുറേ അനർത്ഥങ്ങൾ കാണാനിടയായി. തുടർന്ന് അത് എന്നെന്നേക്കുമായി അടച്ചിടുകയായിരുന്നു.
7 ) *സരസ്വതി അറ* ; ഗണപതിക്ഷേത്രത്തിൻ തൊട്ടുമുമ്പിലാണ് സരസ്വതി അറ. നവരാത്രികലത്ത് ഓലകൾ വച്ചിരുന്ന സ്ഥലമാണ്. സ്ഥലക്കുറവുകാരണം ഇപ്പോഴത് കൂത്തമ്പലത്തിലേക്ക് മാറ്റി.
8 ) *നൃത്തപ്പുര* ; ചോറ്ററയുടെ വടക്കുഭാഗത്താണ്. ഇവിടെ വച്ചാണ് വില്വമംഗലത്തിന് ശ്രീകൃഷ്ണന്റെ നൃത്തം ദർശിക്കാനായത്. തന്മൂലം നൃത്തപ്പുര എന്ന പേരുവന്നു. കന്നി, കുംഭം എന്നീ മാസങ്ങളിലെ മകം നക്ഷത്രദിവസം ഈ മുറിയിൽവച്ചാണ് ശ്രാദ്ധച്ചടങ്ങുകൾ നടത്തുന്നത്. ഗുരുവായൂരപ്പനിൽ സർവ്വവും സമർപ്പിച്ച രണ്ട് ഭക്തരുടെ ശ്രാദ്ധം ഗുരുവായൂരപ്പൻ തന്നെ ഊട്ടുന്നു എന്നതാണ് സങ്കല്പം.
9 ) *മുളയറ* : നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്താണ് മുളയറ. ഇവിടെയാണ് ഉൽസവകാലത്ത് മണ്ണുനിറച്ച് വിവിധ ഇനം വിത്തുകൾ വിതച്ച കുടങ്ങൾ വയ്ക്കുന്നത്. ഉത്സവകാലത്ത് കലശപൂജ, മുളപൂജ തുടങ്ങിയവ നടക്കുന്നതും ഇവിടെയാണ്. മുളപൂജ നടക്കുന്നതിനാൽ 'മുളയറ' എന്ന പേരുവന്നു.
10 ) *കോയ്മ അറ* : നാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു. പഴയ ഭരണസംവിധനത്തിൽ പൂജകളുടെ മേൽനോട്ടം വഹിച്ചിരുന്ന കോയ്മകളുടെ മുറി. ഇന്ന് ഇത് വെളിച്ചെണ്ണ വിൽക്കാനുള്ള സ്ഥാനമാണ്.
11 ) *പുണ്യ കിണർ* : ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന കിണറാണിത്. 'മണിക്കിണർ' എന്നും ഇത് അറിയപ്പെടുന്നു. ഈ കിണറ്റിലെ ജലമാണ് അഭിഷേകത്തിനും നിവേദ്യത്തിനും ഉപയോഗിക്കുന്നത്. ശീവേലിസമയത്ത് ഇവിടെയും ബലി തൂകാറുണ്ട്. ഇവിടെ വരുണസാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടത്തെ ജലത്തിന് വളരെയധികം പ്രത്യേകതകളുണ്ട്. കൊടിയ വേനലിലും മരം കോച്ചുന്ന തണുപ്പിലും ഇവിടത്തെ ജലം തുല്യനിലയിൽത്തന്നെ നിൽക്കുന്നു. പരിസരപ്രദേശങ്ങളിലൊന്നുംതന്നെ ഇത്രയും ശുദ്ധമായ ജലം ലഭിക്കുന്നില്ല. സാളഗ്രാമാദി വിശിഷ്ടവസ്തുക്കൾ ഇവിടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
:::::::::: *ബാഹ്യാങ്കണം*::::::::::
ക്ഷേത്രം നാലമ്പലത്തിനുചുറ്റുമുള്ളതാണ് ബാഹ്യാങ്കണം. ശീവേലി നടക്കുന്നതിവിടെയാണ്. കോൺക്രീറ്റ് മേൽക്കൂരയ്ക്ക് ശങ്കരാചാര്യരുടെ വീഴ്ച ഓർമ്മിക്കുന്നതിന്, ആചാര്യവന്ദനത്തിന് ഒരു ഭാഗം ഒഴിച്ചിട്ടിട്ടുണ്ട്.
*ഗോപുരങ്ങൾ*
കിഴക്കും പടിഞ്ഞാറും പ്രവേശന വഴികളിൽ പതിനാറാം നൂറ്റാണ്ടിലെ അപൂർവങ്ങളായ ചുമർചിത്രങ്ങളുള്ള രണ്ടുനില ഗോപുരങ്ങളുണ്ട്. 1970ലെ തീപിടുത്തത്തിൽ നശിച്ച് ചില ചിത്രങ്ങൾ പുനഃനിർമിച്ചിട്ടുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ശൈലിയിലും വിഷയത്തിലുമുള്ള ചുമർചിത്രങ്ങളാണിവിടെ. രണ്ടു ഗോപുരങ്ങൾക്കും മരംകൊണ്ട് നിർമ്മിച്ച കൂറ്റൻ വാതിലുകളുണ്ട്. അവയിൽ ദശാവതാരരൂപങ്ങൾ കൊത്തിവച്ചിരിക്കുന്നു. കാഴ്ചയിൽ രണ്ട് ഗോപുരങ്ങൾക്കും ഒരേ വലുപ്പം തോന്നിക്കുമെങ്കിലും കിഴക്കേ ഗോപുരമാണ് വലുതും പ്രാധാന്യമുള്ളതും. അതിലൂടെ കടക്കുന്നതിനായി കിഴക്കേ നടയിൽ ക്യൂ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രാവിലെ കിഴക്കേ ഗോപുരം തുറക്കാറില്ല. നിർമ്മാല്യദർശനവും അഭിഷേകവും വാകച്ചാർത്തും കഴിഞ്ഞേ കിഴക്കേ ഗോപുരം തുറക്കൂ.
*വിളക്കുമാടം*
നാലമ്പലത്തിനു ചുറ്റും ചുമരിലുറപ്പിച്ചിട്ടുള്ള മരച്ചള്ളകളിൽ ഉറപ്പിച്ചിട്ടുള്ള 8000 പിച്ചള വിളക്കുകളുള്ളതാണ് വിളക്കുമാടം. സന്ധ്യയ്ക്ക് ദീപാരാധനസമയത്തും മറ്റും ഈ വിളക്കുകൾ തെളിയിക്കുന്നു.
*നടപ്പുര*
കിഴക്കേഗോപുരം മുതൽ ബലിക്കൽപ്പുരവരെയുള്ള ഭാഗത്ത് മേൽക്കൂരയുള്ള ഭാഗമാണിത്. നടപ്പുരയുടെ വടക്കുഭഗത്തുള്ള ഉയരംകൂടിയ ഭാഗമാണ്
ആനപ്പന്തൽ.
*ധ്വജസ്തംഭം* (കൊടിമരം)
കിഴക്കേ ബാഹ്യാങ്കണത്തിൽ നിൽക്കുന്ന ധ്വജസ്തംഭം അഥവാ കൊടിമരം 600അടി ഉയരമുള്ളതും സ്വർണ്ണം പൊതിഞ്ഞതുമാണ്. ഉത്സവത്തിന് ഇതിൽ കയറ്റുന്ന കൊടി ആറാട്ടു ദിവസം വരെ ഉണ്ടായിരിക്കും. ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഈ കൊടിമരം കേരളത്തിലെ ഏറ്റവും വലുപ്പം കൂടിയ കൊടിമരങ്ങളിലൊന്നാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് ദൂരത്തുനിന്നുതന്നെ ദർശനപുണ്യം നൽകുന്ന ഈ കൊടിമരത്തിൽ ഇപ്പോൾ അലങ്കാരവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. സന്ധ്യയ്ക്കുശേഷം അവ കത്തിക്കുന്നു.
*വലിയ മണി*
ബാഹ്യാങ്കണത്തിൽ വടക്കുകിഴക്കേമൂലയിലുള്ളതാണ് വലിയ മണി. ഇത് സമയം അറിയിക്കാൻ മുഴക്കുന്നതാണ്. നൂറുവർഷത്തിലധികം പഴക്കമുള്ള ഈ മണി ആദ്യം തെക്കുകിഴക്കേ മൂലയിലായിരുന്നു. പുതിയ തുലാഭാരക്കൗണ്ടർ പണിയുന്നതിന്റെ ഭാഗമായി 2007ൽ ഇപ്പോഴത്തെ സ്ഥാനത്തേക്കുമാറ്റുകയായിരുന്നു.
*കൂത്തമ്പലം*
ക്ഷേത്രമതിൽക്കകത്ത് തെക്കുകിഴക്കേമൂലയിലാണ് കൂത്തമ്പലം. ചാക്യാർകൂത്ത്, കൂടിയാട്ടം എന്നിവ ഇവിടെ നടത്തുന്നു. അതിലെ തൂണുകളും മേൽക്കൂരയും കൊത്തുപണികളും ചിത്രപ്പണികളും ഉള്ളവയാണ്. ഇപ്പോൾ നവരാത്രിക്കാലത്ത് പൂജവയ്ക്കുന്നതും ഇവിടെയാണ്. മണ്ഡലകാലത്ത് 41 ദിവസവും ഇവിടെ കൂത്തും കൂടിയാട്ടവും നടത്തപ്പെടുന്നു. ഇവിടെയും ഭഗവദ്സാന്നിദ്ധ്യമുള്ളതായി വിശ്വസിക്കപ്പെടുന്നു.
*ദീപസ്തംഭം*
ക്ഷേത്രത്തിനകത്ത് നാല് ദീപസ്തംഭങ്ങളുണ്ട്. ക്ഷേത്രത്തിനു മുന്നിലുള്ള കൂറ്റൻ ദീപസ്തംഭത്തിന് 24 അടി ഉയരം ഉണ്ട്. പാദം അടക്കം 13 തട്ടുകളുമുണ്ട്.
*രുദ്രതീർഥം*
ഊട്ടുപുരയ്ക്ക് പുറകിലുള്ള കുളമാണ്. ഇവിടെയാണ് ആറാട്ട് നടക്കാറുള്ളത്. ഗുരുവും വായുവും കൂടി കൊണ്ടുവന്ന വിഗ്രഹം ശിവൻ പ്രതിഷ്ഠയ്ക്കുന്നതിനുമുമ്പ് ആറാട്ടു നടത്തിയത് രുദ്രതീർഥത്തിലാണ്. ഭജനമിരിക്കുന്ന ഭക്തർ, ശാന്തിക്കാർ, കഴകക്കാർ എന്നിവർ കുളിക്കാറുള്ളത് ഈ കുളത്തിലാണ്. ഇവിടെ എണ്ണ, സോപ്പ് മുതലയാവ തേച്ചുകുളിക്കുന്നതും നീന്തുന്നതും നിരോധിച്ചിരിക്കുന്നു. മുമ്പ് ഈ കുളം ഒരു തടാകമായിരുന്നുവെന്നും അതിൽ നിറയെ താമരകളായിരുന്നുവെന്നും ശിവനും പ്രചേതസ്സുകളും വളരെക്കാലം ഇവിടെ തപസ്സുചെയ്തിരുന്നുവെന്നും ഐതിഹ്യമുണ്ട്. തന്മൂലം വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഈയടുത്ത കാലത്ത് ഒരുപാട് മാലിന്യങ്ങൾ ഇവിടെ കുന്നുകൂടിയിട്ടുണ്ട്. അവ തടയാൻ ഗുരുവായൂർ ദേവസ്വം വളരെയധികം ശ്രദ്ധിക്കുന്നുമുണ്ട്. സാളഗ്രാമം പോലുള്ള വിശിഷ്ട വസ്തുക്കൾ ഇവിടെയുള്ളതായി വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
🕉🕉🕉🕉🕉🕉🕉🕉