Google Ads

Sunday, June 11, 2017

നിറഞ്ഞൊഴുകട്ടെ ദേവചൈതന്യം

ക്ഷേത്രവുമായി ബന്ധപ്പെട്ട് വ്യവസ്ഥ ചെയ്ത നിയമങ്ങള്‍ തൊട്ടുകൂടായ്മയിലേക്കും അന്ധവിശ്വാസത്തിലേക്കും നയിച്ചത് ക്ഷേത്രനിയമങ്ങളറിയാത്ത, ഋഷീശ്വരന്മാര്‍ പകര്‍ന്നുനല്‍കിയ അറിവിന്റെ ഗ്രന്ഥങ്ങള്‍ അറിയാത്തവരോ ദുര്‍വ്യാഖ്യാനം ചെയ്തവരോ ആണ്. ഇത് ക്ഷേത്ര സംസ്‌കാരത്തിന്റെ നാശത്തിനു കാരണമായി.
ഫലമോ കച്ചവടക്കാരന്‍ വിധിക്കുന്ന ആചാരങ്ങള്‍ പ്രമാണമാക്കുകയും ധര്‍മഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മറക്കുകയും ചെയ്തു. ഹിന്ദുവിന് അവന്റെ ധര്‍മഗ്രന്ഥങ്ങള്‍ പറഞ്ഞുകൊടുക്കുന്ന ഇടങ്ങള്‍ ഇല്ലാതായി. ഉപനിഷത്തുക്കളുടെ സാരമായ ഭഗവദ്ഗീതയും ഗീതയുടെ ഭാഷയായ സംസ്‌കൃതവും പഠിക്കാനുള്ള സംവിധാനം ക്ഷേത്രങ്ങളിലുണ്ടാവണം. ഇല്ലെങ്കില്‍ വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാന്മാരെന്ന് നടിക്കുന്ന മന്ത്രവാദികളുടെയും കപടജ്യോതിഷികളുടെയും വാക്കുകള്‍ വിശ്വസിച്ച് ജനങ്ങള്‍ നാശത്തിലേക്ക് നീങ്ങും. സ്വര്‍ണം ഇരട്ടിപ്പിക്കുന്നവനും ധനാകര്‍ഷണഭൈരവ യന്ത്രക്കാരും അരങ്ങുവാഴുന്ന ഭക്തിക്കച്ചവടത്തില്‍നിന്നു ജനങ്ങളെ രക്ഷിക്കാനുള്ള ബാധ്യത ക്ഷേത്രങ്ങള്‍ക്കുണ്ട്.
ലോപം വന്ന ദൈവചൈതന്യത്തെ വര്‍ധിപ്പിക്കുന്നതിനാണ് ഉത്സവം നടത്തുന്നത്. നിറഞ്ഞൊഴുകുന്ന ക്ഷേത്രചൈതന്യം ഓരോ ഭക്തനെയും നാടിനെ തന്നെയും ഗുണപരമായി മാറ്റിമറിക്കും. ആത്മസാക്ഷാത്കാരത്തിനുവേണ്ടി സാധകന്‍ ചെയ്യുന്ന തപസിന്റെ ബാഹ്യമായ ക്രിയകളാണ് ഉത്സവത്തിലടങ്ങിയിട്ടുള്ളത്. ലക്ഷങ്ങള്‍ മുടക്കി വെടിക്കെട്ട് നടത്തുമ്പോഴും ഗജവീരന്മാരെ അണിനിരത്തുമ്പോഴും ഇക്കാര്യം എത്രമാത്രം നിര്‍വഹിക്കപ്പെടുന്നു എന്ന് വിലയിരുത്തേണ്ടതുണ്ട്.
'അന്നാദ് ഭവന്തി ഭൂതാനി' അന്നത്തില്‍നിന്നും പ്രാണിജാലങ്ങളുണ്ടാകുന്നു. ജീവിവര്‍ഗത്തിന്റെ ഉല്‍പത്തിക്കും നിലനില്‍പിനും കാരണമായ അന്നം എവിടെ ദാനം ചെയ്യുന്നുവോ അവിടെ ഈശ്വരന്‍ പ്രസാദിക്കുമത്രെ. 'അന്നം ന നിന്ദ്യാത് തത്വ്രതം' അന്നത്തെ ഒരിക്കലും നിന്ദിക്കരുത് അത് വ്രതമാക്കണം എന്ന് ഉപനിഷത് ഉപദേശിച്ചത് ഇതുകൊണ്ടാണ്. ഇപ്രകാരം ക്ഷേത്രാഭിവൃദ്ധിക്കായി വിധിച്ചിരിക്കുന്നവയുടെ പൊരുളറിഞ്ഞ് ക്ഷേത്ര ചൈതന്യത്തെ നിലനിര്‍ത്തേണ്ടതാണ്. അതുപോലെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്നതിനുതകുന്ന ക്ഷേത്രസംസ്‌കാരത്തെയും പകര്‍ന്ന് നല്‍കേണ്ടത് മനുഷ്യനുള്ളിടത്തോളം പ്രസക്തമാണ്.
ലോകം മുഴുവന്‍ സുഖികളാകട്ടെ ആര്‍ക്കും ദുഃഖിക്കാനിടവരുത്താതിരിക്കട്ടെ എന്നുതുടങ്ങിയ ഉല്‍കൃഷ്ട വിചാരത്തോടെ തപസു ചെയ്ത മഹാമനീഷികളാണ് ഭാരതീയ ജീവിതത്തിന്റെ താത്വികവും പ്രായോഗികവുമായ മാര്‍ഗങ്ങള്‍ വരച്ചുകാട്ടിയിട്ടുള്ളത്.
വേദങ്ങള്‍, വേദാംഗങ്ങള്‍, ഉപനിഷത്തുക്കള്‍ തുടങ്ങിയ വൈദികവും ശൈവ ശാക്തേയ വൈഷ്ണവാദി താന്ത്രികവുമായ അറിവുകളിലൂടെ ക്ഷേത്രസംസ്‌കാരത്തിന്റെ വരമൊഴികള്‍ നമുക്കിന്ന് ലഭ്യമാണ്. സംസ്‌കൃതഭാഷയിലെഴുതപ്പെട്ട ഈ അറിവുരൂപങ്ങള്‍ ഈ നാടിന്റെ പൂര്‍വികസമ്പത്താണ്. വാല്മീകിയും വ്യാസനും കാളിദാസനുമൊക്കെ സ്വതപസുകൊണ്ട് സ്ഫുടം ചെയ്ത വിജ്ഞാനം. എന്നാല്‍ ഇത് ഈ നാട്ടിലെ ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ അധഃപതിച്ച പൗരോഹിത്യം വിലക്ക് കല്‍പിച്ചു. ആചാരങ്ങള്‍ അനാചാരങ്ങളായി, അന്ധവിശ്വാസം, അനാചാരം, സ്മാര്‍ത്തവിചാരം ഇവകള്‍ നടത്തി ഭ്രാന്തമായ ജീവിതം നയിച്ച കേരളത്തിന്റെ ചരിത്രം ഭീതിപ്പെടുത്തുന്നതാണ്.
ബ്രാഹ്മണ്യംകൊണ്ടു കുന്തിച്ച് കുന്തിച്ച് ബ്രഹ്മാവെന്നു നടിച്ച ചിലര്‍ ഭാരതത്തിന്റെ ഈടുവെപ്പുകളായ പുരാണ-ഉപനിഷത്ത്-ഇതിഹാസം തുടങ്ങിയ വിജ്ഞാനത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് മനുഷ്യസമൂഹത്തെ വരിഞ്ഞുകെട്ടി ബന്ധനത്തിലാക്കി. ഈ സാഹചര്യത്തിലാണ് നമ്മുടെ പൗരാണിക വിജ്ഞാനത്തിന് സ്വജീവിതംകൊണ്ട് ശരിയായ വ്യാഖ്യാനം രചിച്ച നവോത്ഥാന നായകന്മാര്‍ ഉടല്‍പൂണ്ടത്. വൈകുണ്ഠസ്വാമികള്‍, ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികള്‍, ആഗമാനന്ദ സ്വാമികള്‍, സ്വാമി ചിന്മയാനന്ദജി, പി. മാധവ്ജി എന്നിവര്‍ അതില്‍ ചിലരാണ്.
യഥാര്‍ത്ഥത്തിലുള്ള ക്ഷേത്ര സംസ്‌കാരം എന്തെന്ന് ഉപദേശിക്കുകയായിരുന്നു ഇവര്‍ ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കാള്‍ ആരാധനാലയങ്ങളുള്ള നാടാണിത്. ആര്‍ക്കും എവിടെയും പോയി ആരാധിക്കാം. ക്ഷേത്രങ്ങള്‍ നിര്‍മിക്കാം. എന്നാല്‍ ശരിയായ ക്ഷേത്രസംസ്‌കാരം മാത്രം പകര്‍ന്നു നല്‍കുന്നില്ല. ഇതിന്റെ ഫലമായി പഴയകാല ജീര്‍ണതകള്‍ പുതിയ ഭാവം സ്വീകരിച്ച് സമൂഹത്തിലേക്ക് തിരിച്ചുവരുന്ന കാഴ്ചയാണിന്നെങ്ങും കാണുന്നത്. ഭക്തിക്കച്ചവടം വലിയ ബിസിനസ്സാക്കുന്നതില്‍ മത്സരിക്കുകയാണ്. ഇതായിരുന്നുവോ നവോത്ഥാന നായകന്മാരുടെ സ്വപ്‌നം?
അമൃതാനന്ദമയി അമ്മ ഇതിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: മുന്‍പ് വിവാഹം, ജന്മദിനം, ഉത്സവം തുടങ്ങിയ വിശേഷദിവസങ്ങള്‍ വരുമ്പോള്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് ക്ഷേത്രത്തില്‍ പോകുന്ന പതിവുണ്ടായിരുന്നു. ഇന്ന് നേരെ പോകുന്നത് മദ്യഷാപ്പിലേക്കാണ്. ഇവര്‍ കഴിക്കുന്നത് വിസ്‌കിയും ബ്രാണ്ടിയുമല്ല, വീട്ടിലിരിക്കുന്ന അമ്മ പെങ്ങന്മാരുടെയും മക്കളുടെയും കണ്ണീരാണ്.
സ്വര്‍ണകൊടിമരം നിര്‍മിക്കാനും വെടിക്കെട്ട് നടത്താനും ആളുണ്ട്. കുഞ്ഞേ സത്യത്തിന്റെ വഴി ഇതാണ് എന്നുപദേശിക്കാന്‍ ആളില്ല.
വിവാഹമോചനം, ആത്മഹത്യ, മദ്യപാനം, അക്രമവാസന എന്നിവ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനു കാരണം ക്ഷേത്രസംസ്‌കാരം പഠിപ്പിക്കാനുള്ള ശ്രമമില്ലാത്തതുകൊണ്ടാണ്. ഇനി നമ്മള്‍ ജനങ്ങളെ ബോധവാന്മാരാക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത് എന്ന് കഴിഞ്ഞ നൂറ്റാണ്ടില്‍ യുഗപുരുഷനായ ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞകാര്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.