Google Ads

Sunday, June 18, 2017

ജന്മരഹസ്യം ആരറിവൂ കൃഷ്ണാ.....

അമ്പാടിയില്‍ നിന്ന് വൃന്ദാവനത്തിലേക്ക് താമസം മാറ്റുവാന്‍ നന്ദഗോപരും യശോദയും തീരുമാനിച്ചു. അമ്പാടിയില്‍ നിന്നും അധികം ദൂരെയല്ല വൃന്ദാവനം. വൃന്ദാവനത്തിന്റെ ഒരുഭാഗത്ത് യമുനാനദിയും മറുഭാഗത്ത് ഗോവർദ്ധന പർവ്വതവും ആണ്. മലയിലും താഴത്തും കാടുകള്‍ ഉണ്ടെങ്കിലും അവിടെ വന്യമൃഗങ്ങള്‍ ഒന്നുമില്ല. ഉള്ളത് തന്നെ മാന്‍, മുയല്‍, അണ്ണാന്‍ തുടങ്ങിയവയും പിന്നെ മയില്‍, കുയില്‍, ചെമ്പോത്ത് തുടങ്ങിയ പക്ഷികളും ആണ്. പശുക്കൾക്ക് തിന്നുവാന്‍ വേണ്ടുവോളം പുല്ലുണ്ട്. കാട്ടുജാതിക്കാരായ വേടന്മാര്‍ ഉപദ്രവകാരികളും അല്ല.

താമസിക്കാനുള്ള വീടുകളും പശുത്തൊഴുത്ത്കളും ഉണ്ടാക്കാന്‍ ചെറുപ്പക്കാരായ കുറെ ഗോപന്മാര്‍ മുൻപേ പുറപ്പെട്ടുപോയി. കുറെ പശുക്കളെയും അവര്‍ ആട്ടിക്കൊണ്ടുപോയി. യശോദയും, കൃഷ്ണനും, രോഹിണിയും, രാമനും, വൃഷഭാനുവിന്റെ പത്നി കീർത്തിമതിയും മകള്‍ രാധയും ഒരു വണ്ടിയില്‍ കയറി. വൃദ്ധര്‍ മറ്റു വണ്ടികളിലും, ചെറുപ്പക്കാരായ ഗോപീഗോപന്മാര്‍ നടന്നുംയാത്രയായി.

നാല് വയസ്സായ രാമനും കൃഷ്ണനും യാത്ര വളരെ സുഖകരമായി തോന്നി. അമ്പാടി വിട്ട് എവിടെയും പോയിട്ടില്ലാത്ത ആ ഉണ്ണികള്‍ പുറത്തേക്ക് നോക്കിക്കൊണ്ട്‌ ആഹ്ലാദത്തോടെ കളിചിരികള്‍ പറഞ്ഞുകൊണ്ടിരുന്നു. രാവിലെ വെയില്‍ ഉദിക്കുംമുമ്പ് പുറപ്പെട്ട അവര്‍ ഉച്ചയോടു കൂടി വൃന്ദാവനത്തില്‍ എത്തി.

മുമ്പേ പോയ ഗോപസ്ത്രീകള്‍ എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കി വെച്ചിരുന്നു. കൃഷ്ണന്‍ തിടുക്കപ്പെട്ടു ഊണ് കഴിച്ച് ജേഷ്ഠനെയും മറ്റ് ഗോപബാലന്മാരെയും കൂട്ടി പുതിയ നാട് ചുറ്റി നടന്ന് കാണാന്‍ പോയി. കുറച്ച് ദൂരം പോയപ്പോള്‍ "വഴി തെറ്റി കാട്ടില്‍ പെട്ട് പോവുമോ",
നമ്മളെ കാണാഞ്ഞ് അച്ഛനമ്മമാര്‍ വിഷമിക്കുമോ" എന്ന് രാമനും ശ്രീദാമാവിനും സംശയം തോന്നി.

ആ സമയത്ത് അടുത്തുനിന്നു മധുരമായ ഒരോടക്കുഴലിന്റെ നാദം അവര്‍ കേട്ടു. അത് എവിടെനിന്നാണെന്ന് അറിയാന്‍ കൃഷ്ണന്‍ മുമ്പേ ഓടി. അവിടെ മരച്ചുവട്ടില്‍ ഒരു വേടബാലന്‍ ഓടക്കുഴല്‍ ഊതിക്കൊണ്ട് പാറക്കല്ലില്‍ ഇരിക്കുന്നത് കണ്ടു. കൃഷ്ണന് അതുപോലുള്ള ഒരു ഓടക്കുഴല്‍ കിട്ടിയാല്‍ കൊള്ളാമെന്ന് തോന്നി.

ഏകദേശം തന്റെ പ്രായത്തിലുള്ള ആ വേടക്കുട്ടിയുടെ ചുമലില്‍ കൈവെച്ച് കൃഷ്ണന്‍ ചോദിച്ചു."എന്താണ് നിന്റെ പേര്? എനിക്കും ഇതുപോലെ ഒരു ഓടക്കുഴല്‍ ഉണ്ടാക്കി തരുമോ? നിനക്ക് വേണ്ടത്ര പാലോ, തൈരോ, വെണ്ണയോ തരാം".

കൃഷ്ണന്‍ തൊട്ടപ്പോള്‍ ആ വേടബാലന്റെ ശരീരം കോരിത്തരിച്ചു. ആ പരമാനന്ദത്തില്‍ ലയിച്ചുകൊണ്ട് അവന്‍ പറഞ്ഞു. "എന്റെ പേര് ജരന്‍ എന്നാണ്. ഞാനീ ഓടക്കുഴല്‍ ഉണ്ണിക്ക് തരാം. ഇതിനു വേണ്ടി എനിക്ക് ഒന്നും തരണ്ട". ഉണ്ണിയെ ഇനി എന്നാണ് കാണുക?.
കൃഷ്ണന്റെ മുഖത്ത് മനോഹരമായ ഒരു കള്ളപ്പുഞ്ചിരി വിടര്ന്നു . "ഇനി നമുക്ക് ഇപ്പോഴൊന്നും കാണാന്‍ കഴിയുകയില്ല.

എന്തായാലും നമ്മള്‍ ഒരിക്കൽ കൂടി കാണും, തീർച്ച". ജരന്‍ തിരിഞ്ഞു തിരിഞ്ഞു നോക്കിക്കൊണ്ട്‌ നടന്നു മറഞ്ഞു.

കൃഷ്ണന്‍ ഓടക്കുഴല്‍ എടുത്ത് ഊതി. അലൌകികവും, ദിവ്യവും, മധുരവുമായ സംഗീതം അതില്‍ നിന്ന് പുറപ്പെട്ടു. അത് കേട്ട പക്ഷികള്‍ ചിലപ്പ്‌ നിർത്തി. മൃഗങ്ങള്‍ പ്രതിമകളെ പോലെ അനങ്ങാതെ നിന്നു . മരങ്ങള്‍ ഇലകള്‍ പൊഴിച്ചില്ല. കാറ്റ് പോലും വീശാതെ നിന്നു. ആ നാദം വൃന്ദാവനത്തിലെ ഗോപവാടങ്ങളിലെക്കും ഒഴുകിച്ചെന്നു. അവര്‍ ചെയ്യുന്ന പണി നിർത്തി വെച്ച് അത് കേട്ടുനിന്നു. ലോകം നിശ്ചലമായതറിഞ്ഞു കൃഷ്ണന്‍ ഓടക്കുഴല്‍ ചുണ്ടില്‍ നിന്നെടുത്തു. അപ്പോള്‍ എല്ലാവരും സാധാരണ പോലെയായി.

ബലരാമന്‍ ചോദിച്ചു. "കൃഷ്ണാ, ആ വേടചെറുക്കനെ ഇനിയും ഒരിക്കൽക്കൂടി തീർച്ചയായും കാണുമെന്നു നീ പറഞ്ഞതിന് എന്താണ് കാരണം?"

കൃഷ്ണന്‍ ഒന്നും മിണ്ടാതെ പുഞ്ചിരി തൂകിയതെയുള്ളൂ.

ത്രേതായുഗത്തില്‍ ശ്രീരാമന്‍ ഒളിയമ്പെയ്ത് കൊന്ന വാനരന്‍ ബാലിയുടെ പുനര്‍ജന്മം ആണ് ജരന്‍ എന്ന വേടബാലന്‍ എന്നും കൃഷ്ണന്റെ ജീവിതാവസാനത്തില്‍ ഒളിയമ്പെയ്യാന്‍വിധിക്കപ്പെട്ടത് ഈ വേടബാലന്‍ ആണെന്നുമുള്ള ജന്മരഹസ്യം കൃഷ്ണന് മാത്രമല്ലേ അറിയാമായിരുന്നുള്ളൂ...........

ഹരേ കൃഷ്ണാ