മാധവിക്കുട്ടിയുടെ 'നെയ്‌പ്പായസം' എന്ന കഥ വായിച്ചിട്ടുണ്ടോ? വായിക്കണം. 1962 ൽ എഴുതിയതാണ്. ഇപ്പോഴും വായിക്കുമ്പോൾ നെഞ്ചൊന്ന് പിടയും. ഭർത്താവിനേയും മക്കളേയും സ്നേഹിച്ചും പരിചരിച്ചും കഴിയുന്ന പാവമൊരു വീട്ടമ്മ,ഒരു ദിവസം ജോലികൾക്കിടയിൽ ഏപ്പോഴോ,അടുക്കളയിൽ ഒരു ചൂലിന്റെ ചാരെ മരിച്ചുവീഴുന്നു. അവളുടെ അനക്കങ്ങളില്ലാത്ത വീട് പെട്ടെന്നൊരു മൗനം നിറഞ്ഞ കെട്ടിടമായി. അച്ഛനും മക്കളും ഒന്നും ചെയ്യാനാകാതെ കരഞ്ഞു. ശവദാഹം കഴിഞ്ഞ് മടങ്ങിയെത്തിയ അച്ഛൻ അടുക്കളയിലേക്ക് കേറി. മക്കൾക്ക് നല്ല വിശപ്പുണ്ടാകും. അവർക്ക് വല്ലതുമുണ്ടാക്കി കൊടുക്കണം. മൂടിവെച്ചൊരു പാത്രം കണ്ടു. തുറന്നുനോക്കിയപ്പോൾ അയാളുടെ ഹൃദയം വിങ്ങി. ചപ്പാത്തി,ചോറ്,കിഴങ്ങുകൂട്ടാൻ,ഉപ്പേരി,തൈര്,പിന്നെയൊരു സ്ഫടികപ്പാത്രത്തിൽ നെയ്‌പ്പായസവും. ഓരോരുത്തരുടേയും ഇഷ്ടങ്ങൾക്കൊത്തുള്ള വിഭവങ്ങൾ. ഈ ലോകത്തേക്ക് അവസാനമായി അവളൊരുക്കിവെച്ച ധർമ്മം. മക്കൾ അതെടുത്ത് കഴിക്കുമ്പോൾ,അദ്ദേഹം അവളിരിക്കാറുള്ള പലകമേൽ സ്നേഹവാൽസല്യങ്ങളോടെ വെറുതെയിരിക്കുക മാത്രം ചെയ്തു. എല്ലാരും ഒരേ സ്വരത്തിൽ പറയുന്നുണ്ടായിരുന്നു; 'അമ്മ അസ്സല് നെയ്‌പ്പായസാ ഉണ്ടാക്ക്യേ..'
ജീവനോടെ കൂടെയുണ്ടായപ്പോൾ അത്ര നല്ല വാക്കുകളും സ്നേഹപ്രകടനങ്ങളും ഒരുപക്ഷേ അവൾക്ക് കിട്ടിക്കാണില്ല. നമ്മുടെ ജീവിതത്തിലേക്ക് വരൂ,നമ്മുടെയൊരു സ്നേഹവാക്ക് കേൾക്കാൻ കൊതിക്കുന്ന അവളുണ്ട് തൊട്ടരികിൽ. എന്നിട്ടും എത്ര പിശുക്കരാണ് പലപ്പോഴും നമ്മൾ. വീട്ടിലെ എല്ലാ ജോലികളും അവൾ ഓടിനടന്ന് ചെയ്തിട്ടും ചെയ്യാതെ പോയ കുഞ്ഞുകാര്യങ്ങളുടെ പേരിൽ എത്ര കടുത്ത വാക്കുകളാണ് നമ്മൾ പ്രയോഗിച്ചത്. അവളുടെ ചെറിയ കൗതുകങ്ങളേയും കിനാക്കളേയും എത്ര നിസ്സാരമായാണ് നമ്മൾ അവഗണിച്ചത്. എല്ലാർക്കും മുറികളുള്ള വീട്ടിൽ അവൾക്ക് മാത്രം മുറിയില്ലാതെ പോയതെന്തുകൊണ്ടാകും?. എന്നിട്ടും നമ്മുടെ പ്രാർത്ഥനയിൽ നമ്മൾ മാത്രമേയുള്ളൂ, അമ്മയുടെ പ്രാർത്ഥനയിൽ നമ്മളെല്ലാവരുമുണ്ട്.
എല്ലാർക്കും ഭക്ഷണമൊരുക്കുന്നതിനിടയിൽ അവളുടെ ദാഹവും ക്ഷീണവുമെല്ലാം അടുക്കളയിലെവിടെയോ മറന്നുവെക്കുന്നു. എല്ലാ നേരത്തും അവളുടെയുള്ളിൽ നമ്മളേയുള്ളൂ,നമ്മുടെയോരോ പ്രാർത്ഥനയിലും അവളുടെ പേര് സ്നേഹപൂർവ്വം ഉയരട്ടെ.