ഒരിക്കൽ ശ്രീബുദ്ധനോട് ഒരു ശിഷ്യൻ തന്റെ പഴയ വസ്ത്രങ്ങൾക്കു പകരം പുതിയ തൊന്ന് ആവശ്യപ്പെട്ടു. ശ്രീ ബുദ്ധൻ ഉടനെ അതിന് അനുവാദം കൊടുത്തു. പിറ്റേന്ന് ബുദ്ധൻ അയാളോടു ചോദിച്ചു: പുതിയ വസ്ത്രം കിട്ടിയോ? സന്തോഷത്തോടെ ശിഷ്യൻ ഉവ്വെന്നു മറുപടി പറഞ്ഞു. പഴയ വസ്ത്രം നീ എന്തു ചെയ്തു? ശിഷ്യൻ: അതു ഞാൻ കിടക്ക വിരിപ്പായി ഉപയോഗിക്കുന്നു.
ബുദ്ധൻ: അപ്പോൾ പഴയ വിരിപ്പോ?
ശിഷ്യൻ: അതു ജനാല മറയായി ഉപയോഗിക്കുന്നു.
ബുദ്ധൻ: പഴയ മറ എന്തു ചെയ്തു?
ശിഷ്യൻ: അത് അടുക്കളയിൽ പാത്രങ്ങൾ പിടിക്കാൻ ഉപയോഗിക്കുന്നു .
ബുദ്ധൻ: അപ്പോൾ നേരത്തെ ഉപയോഗിച്ചിരുന്ന തുണിയോ?
ശിഷ്യൻ: അത് നിലം തുടക്കു വാൻ മാറ്റി വെച്ചു.
ബുദ്ധൻ: നേരത്തെ നിലം തുടച്ചിരുന്ന തുണിയോ?
ശിഷ്യൻ: അത് നന്നായി കഴുകി ഉണക്കി റാന്തലുകളുടെ തിരിയുണ്ടാക്കാൻ മാറ്റി വെച്ചു.
സുഹൃത്തെ, ഇന്നു നാം ഒരു വസ്തു ഒരിക്കലുപയോഗിച്ച് വലിച്ചെറിയുന്നു. അത് മാലിന്യമായി നമ്മെ ശല്യപ്പെടുത്തുന്നു. മാലിന്യങ്ങൾ ഉണ്ടാകാതിരിക്കാൻ നമ്മുടെ ജീവിത രീതി പുനക്രമീകരിച്ചാൽ മാത്രം മതി. പാഴ് വസ്തുക്കളെ മാലിന്യമാക്കാതിരിക്കുക.