Google Ads

Monday, May 8, 2017

പാപമോചനത്തിനുള്ള വഴി

ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഇല്ലത്തെ കന്നുകാലികളെ മേയ്ക്കുന്ന ആളായിരുന്നു ശങ്കരന്‍. മനയ്ക്കലുള്ള അസംഖ്യം കന്നുകാലികളെ തീറ്റുന്നതും കുളിപ്പിക്കുന്നതും പരിപാലിക്കുന്നതും ഒക്കെ ശങ്കരനാണു ചെയ്തുകൊണ്ടിരുന്നത്. പ്രായേണ മൂഢബുദ്ധിയായിരുന്ന ശങ്കരന്‍ ഒരുദിവസം ഒരു കന്നുകാലി എന്തോ കുറുമ്പ് കാട്ടിയതിന് ഒരു വടിയെടുത്ത് അതിനെ ഒന്നു തല്ലുകയുണ്ടായി. അടി മര്‍മ്മ സ്ഥാനത്തുകൊണ്ടിട്ടോ മറ്റൊ ആ കന്നുകാലി അപ്പോള്‍ തന്നെ മറിഞ്ഞുവീണു അല്‍പ്പനേരത്തെ പിടച്ചിലോടെ മരണമടയുകയുണ്ടായി.

ആ അടി കൊണ്ട സ്ഥലം നോക്കിവച്ചിരുന്ന ശങ്കരന്‍ പിന്നീട് ഏതെങ്കിലും കന്നുകാലികള്‍ അനുസരണക്കേടുകാട്ടിയാല്‍ ഉടനേ വടിയെടുത്ത് മുമ്പ് നോക്കി വച്ചിരുന്ന മര്‍മ്മ സ്ഥാനം നോക്കി ഒരു വീക്കു വച്ചുകൊടുക്കുക പതിവായി. എന്തിനേറെപറയുന്നു അല്‍പ്പകാലം കൊണ്ട് കന്നുകാലികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിത്തീര്‍ന്നു. പലപ്പോഴും ദേശാന്തരവാസത്തിലും മറ്റുമൊക്കെയായിരുന്ന തമ്പ്രാക്കള്‍ ഈ സ്ഥിതിയൊന്നുമറിഞ്ഞിരുന്നുമില്ല.

ഒരു ദിവസം സ്വഭവനത്തില്‍ മടങ്ങിയെത്തിയ തമ്പ്രാക്കള്‍ തന്റെ കന്നുകാലികളെങ്ങിനെ യിരിക്കുന്നു എന്നറിയാനായി തൊഴുത്തിലേയ്ക്ക് ചെന്നു. എല്ലുകളെഴുന്നുനില്‍ക്കുന്ന നാമമാത്രമായ കാലിക്കൂട്ടത്തെക്കണ്ട് അന്ധാളിച്ചുപോയ തമ്പ്രാക്കള്‍ ഉടന്‍ തന്നെ ശങ്കരനെ വരുത്തി വിവരമാരാഞ്ഞു. പറഞ്ഞാല്‍ കേള്‍ക്കാത്ത അവറ്റയെ താന്‍ നല്ല വീക്കു വച്ചു കൊടുത്തുവെന്നും അപ്പോള്‍ തന്നെ മറിഞ്ഞുവീണ് ചത്തുപോയിയെന്നുമുള്ള ശങ്കരന്റെ പറച്ചില്‍ കേട്ട് തമ്പ്രാക്കള്‍ തലയില്‍ കൈവച്ചിരുന്നു പോയി.

ഗോവധമെന്ന മഹാപാതകം ചെയ്തു നില്‍ക്കുന്ന ശങ്കരനെ പ്രാകിക്കൊണ്ട് അവന്‍ ചെയ്ത കൊടും പാപത്തിന്റെ ഫലം താനും തന്റെ കുടുംബവും കൂടി അനുഭവിക്കേണ്ടി വരുമല്ലോ എന്നു വിലപിച്ചുകൊണ്ട് തമ്പ്രാക്കള്‍ വിലപിക്കവേ ശങ്കരനും ആകെ സങ്കടത്തിലായി.

പാപപുണ്യങ്ങളെപ്പറ്റിയൊന്നും ഗ്രാഹ്യമില്ലാതിരുന്ന അവന്‍ തമ്പ്രാക്കളൊട് അതേകുറിച്ചൊക്കെ പിന്നീട് ചോദിച്ചറിയുകയും താന്‍ ചെയ്ത മഹാപാപം തീരുവാനെന്താണു ചെയ്യേണ്ടതെന്ന്‍ അദ്ദേഹത്തോട് ചോദിക്കുകയുമുണ്ടായി.

കാശിയില്‍ പോയി ഗംഗാസ്നാനം നടത്തുകയും വിശ്വനാഥദര്‍ശനം നടത്തുകയും ചെയ്താല്‍ തീരാത്ത ഒരു പാപവും ലോകത്തിലില്ല അവനു മോക്ഷം ലഭിക്കും എന്ന്‍ തമ്പ്രാക്കള്‍ പറഞ്ഞതുകേട്ട് തന്റെ പാപം തീര്‍ത്തിട്ടേ ഇനിയെന്തുമുള്ളു എന്നുറപ്പിച്ചു അന്നുതന്നെ ശങ്കരന്‍ കാശിയിലേയ്ക്ക് യാത്രതിരിച്ചു.

ഒരിക്കല്‍ സംസാരമധ്യേ ശ്രീപാര്‍വ്വതി പരമശിവനോട് ഇങ്ങനെ ചോദിക്കുകയുണ്ടായി.

" അല്ലയോ ഭഗവാനേ ഗംഗാസ്നാനം ചെയ്യുന്നവരെല്ലാം തന്നെ പാപമോചിതരായി മോക്ഷം പ്രാപിക്കാറുണ്ടോ? "

ദേവിയുടെ ചോദ്യം കേട്ട് മന്ദസ്മിതം പൊഴിച്ചുകൊണ്ട് ഭഗവാന്‍ ഇപ്രകാരം പറഞ്ഞു.

" ഇല്ല ദേവീ. ഒരിക്കലുമില്ല.ഭക്തിയും വിശ്വാസവുമാണു പ്രധാനം. അതില്ലാത്തവര്‍ക്ക് ഗംഗാസ്നാനം കൊണ്ട് യാതൊരു ഗുണവും ലഭിക്കില്ല. ഇത് വേണമെങ്കില്‍ നാളെ നാം ഭവതിക്ക് ബോധ്യപ്പെടുത്തിത്തരാം"

ഇപ്രകാരമുള്ള സംഭാഷണം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണു ശങ്കരന്‍ കാശിയിലെത്തിചേര്‍ന്നത്. തന്റെ പാപം മാറണമെന്ന ആഗ്രഹത്തോടെ അസംഖ്യം ആള്‍ക്കാരോടൊപ്പം ശങ്കരനും ഗംഗയില്‍ കുളിക്കാനായിറങ്ങി. ഈ സമയം ശ്രീപാര്‍വ്വതിയും പരമശിവനും രണ്ടു വൃദ്ധബ്രാഹ്മണരുടേ വേഷം ധരിച്ച് അവിടെയെത്തിചേരുകയും ജനക്കൂട്ടത്തോടൊപ്പം നദിയില്‍ സ്നാനത്തിനായി ഇറങ്ങുകയും ചെയ്തു. പെട്ടന്ന്‍ വൃദ്ധബ്രാഹ്മണന്‍ ചുഴിയില്‍ പെട്ടെന്നവണ്ണം മുങ്ങിത്താഴാന്‍ തുടങ്ങി. മരണവെപ്രാളത്തോടുകൂടി വെള്ളത്തില്‍ മുങ്ങുകയും പൊങ്ങുകയും ചെയ്യുന്ന ഭര്‍ത്താവിനെക്കണ്ട് ബ്രാഹ്മണസ്ത്രീ ....

" എന്റെ ഭര്‍ത്താവിനു നീന്താനറിയത്തില്ല. അദ്ദേഹം വെള്ളം കുടിച്ചു മരിക്കുവാന്‍ പോകുന്നു. ദയവു ചെയ്ത് ആരെങ്കിലും അദ്ദേഹത്തെ രക്ഷിക്കണേ "

എന്നു പറഞ്ഞുകൊണ്ട് ഉറക്കെ നിലവിളിക്കാനാരംഭിച്ചു. നിലവിളികേട്ട്, ആള്‍ക്കാര്‍ അടുത്തുകൂടിയപ്പോള്‍ ബ്രാഹ്മണസ്ത്രീ വീണ്ടും ഇപ്രകാരം പറഞ്ഞു*.

"നിങ്ങളില്‍ പാപം തീരാത്തവരാരും എന്റെ ഭര്‍ത്താവിനെ തൊടരുതേ. പാപമുള്ളവര്‍ തൊട്ടാല്‍ അദ്ദേഹം അപ്പോള്‍ തന്നെ മരിച്ചുപോകും "

ഈ വാക്കുകള്‍ കേട്ടതോടെ വൃദ്ധബ്രാഹ്മണനെ രക്ഷിക്കുവാനായി അടുത്തവര്‍ തങ്ങളുടെ പാപം തീര്‍ന്നുകാണുമോ, ഇല്ലെങ്കില്‍ തങ്ങള്‍ മൂലം ഒരു ബ്രാഹ്മണന്‍ മരണമടയേണ്ടിവരുമല്ലോ എന്നോര്‍ത്ത് അവിടെ തന്നെ ശങ്കിച്ചു നില്‍പ്പായി . എന്നാല്‍ ഗംഗാസ്നാനം ചെയ്താല്‍ തന്റെ സകല പാപങ്ങളും ഇല്ലാണ്ടാകുമെന്ന്‍ തമ്പ്രാക്കള്‍ പറഞ്ഞിരുന്നത് മനസ്സിലോര്‍ത്ത നമ്മുടെ ശങ്കരന്‍ തന്റെ പാപമെല്ലാം തീര്‍ന്നുവല്ലോ എന്നുറപ്പിച്ചുകൊണ്ട് ആള്‍ക്കൂട്ടത്തില്‍ നിന്നും മുന്നോട്ട് വന്ന്‍ വൃദ്ധബ്രാഹ്മണനെ കൈപിടിച്ചു വെള്ളത്തില്‍ നിന്നും കരകയറ്റി .

ബ്രാഹ്മണവേഷധാരികളായിരുന്ന പരമേശനും പാര്‍വ്വതിയും കരക്കുകയറി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുമറഞ്ഞതോടെ ശങ്കരന്‍ ഭഗവാനെ തൊഴുന്നതിനായി പോകുകയും ചെയ്തു.

" ഇന്നു ഗംഗയില്‍ സ്നാനം നടത്തിയവരില്‍ എന്നെ കൈപിടിച്ചുകയറ്റിയ ആ ഒരുവനു മാത്രമാണു പാപമോചനമുണ്ടായത്. കറകളഞ്ഞ വിശ്വാസമുണ്ടായിരുന്ന അവനു മാത്രമേ മോക്ഷം ലഭിക്കുകയുള്ളൂ "

പതിവു സല്ലാപങ്ങളുമായിരിക്കവേ ഭഗവാന്‍ ദേവിയോട് പറഞ്ഞു. ദേവിയത് തലകുലുക്കി സമ്മതിക്കുകയും ചെയ്തു...

( കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ നിന്നും കടം കൊണ്ടത് )

ജീവിതകാലം മുഴുവന്‍ പലവിധ ചെയ്തികളും തരവഴികളും കാട്ടി മദിച്ചുപുളച്ചു നടന്നശേഷം മനഃശാന്തിക്കും പാപമോചനത്തിനുമെന്നൊക്കെപ്പറഞ്ഞ് പുണ്യതീര്‍ത്ഥങ്ങളും പുണ്യസ്ഥലങ്ങളും കയറിയിറങ്ങുന്നവര്‍ തിരിച്ചറിയേണ്ടുന്ന യാഥാര്‍ത്ഥ്യമെന്തെന്നുവച്ചാല്‍ ഒരു പുണ്യസ്ഥലങ്ങളുടെ സന്ദര്‍ശനം മൂലവും നിങ്ങള്‍ ചെയ്തുകൂട്ടിയ ദുഷ്പ്രവൃത്തികള്‍ ഇല്ലാതാകുകയില്ല,

ഏതു പുണ്യനദിയില്‍ മുങ്ങി നിവര്‍ന്നാലും ആ പാപങ്ങള്‍ക്ക് പരിഹാരകര്‍മ്മവുമാകുകയില്ല. ഭക്തിയും വിശ്വാസവും നമ്മെ രക്ഷിക്കുമെന്നും പറഞ്ഞ് എന്തും ആവോളം ചെയ്തുകൂട്ടുവാന്‍ ആര്‍ക്കും അവകാശമില്ല തന്നെ*. ഓരോരുത്തരും ചെയ്തുപോയ എല്ലാ പ്രവര്‍ത്തികളുടേയും ഫലങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ അനുഭവിക്കുക തന്നെ വേണം. അതു നന്മയായാലും തിന്മയായാലും. കഴിവതും മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുക.

മനസ്സില്‍ നന്മയുടെ വിളക്ക് കെടാതെ സൂക്ഷിക്കുക. സഹജീവികളുടെ വേദന നമ്മുടേതുകൂടിയാണെന്ന്‍ തിരിച്ചറിയുക.

" അവനവനാത്മസുഖത്തിനാചരിക്കുന്നവ
യപരന്നു സുഖത്തിനായ് വരേണം ".