Google Ads

Friday, May 5, 2017

സുഭാഷിതം

ലക്ഷ്മിർവസതി ജിഹ്വാഗ്രേ
ജിഹ്വാഗ്രേ മിത്രബാന്ധവാഃ
ബന്ധനം ചൈവ ജിഹ്വാഗ്രേ
ജിഹ്വാഗ്രേ മരണം ധ്രുവം

നാവിൻ തുമ്പത്തു വാഴുന്നൂ
ലക്ഷ്മിയും പിന്നെ നാലുപേർ
തൻ ബന്ധു, മിത്രം, മരണം,
തൻ കാരാഗൃഹവാസവും.

നമുക്ക് ഈശ്വരൻ തന്നിട്ടുളള വലിയൊരു വരദാനമാണ് സംസാരശേഷി. ഈ കഴിവ് ശരിയായി ഉപയോഗിച്ചാലുളള നേട്ടവും തെറ്റായി ഉപയോഗിച്ചാലുളള കോട്ടവും ചെറുതല്ല. ഭവ്യതയോടെ മധുരമായി സംസാരിയ്ക്കുന്നവർക്ക് സ്നേഹബന്ധങ്ങൾ ശക്തമായും ശാശ്വതമായും നിലനിർത്താൻ കഴിയും. ഇവർക്ക് ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടാകും. ശത്രുക്കൾ ഉണ്ടാകില്ല. ഐശ്വര്യം വന്നു നിറയും.

വാക്കു പിഴച്ചാലോ കാരാഗൃഹവാസവും ചിലപ്പോൾ മരണവും സംഭവിയ്ക്കാം. സദസ്യരുടെ ആവേശാരവം കേട്ട് തൻബോധം കെട്ട് പ്രസംഗജ്വരം ബാധിച്ച് ഘോരജല്പനങ്ങൾ നടത്തുന്ന എത്രയോ നേതാക്കന്മാർ പിന്നീടതിന് മാനനഷ്ടമായും കോടതിയലക്ഷ്യമായും മറ്റും വലിയ വില കൊടുക്കേണടി വന്നതായി നാം കണ്ടു. ആവേശപ്പുറത്ത് വായിൽനിന്നും ചാടുന്ന അരുതാത്ത ക്രുദ്ധവാക്കുകൾ അടിപിടിയിലും കത്തിക്കുത്തിലും മരണത്തിലും കലാശിയ്ക്കുന്നത് നാം നിത്യേന പത്രദ്വാരാ അറിയുന്നു.

അതുകൊണ്ടാണ് സുഭാഷിതകാരൻ സരസമായി പറയുന്നത് നമ്മുടെ ഐശ്വര്യം, ബന്ധുക്കൾ, സുഹൃത്തുക്കൾ, ബന്ധനം, മരണം എന്നിവ നമ്മുടെ നാക്കിൻറെ തുമ്പിലാണ് വസിയ്ക്കുന്നത് എന്ന്.

മറ്റുളളവരുടെ ഹൃദയത്തിനു മുറിവേല്പിയ്ക്കുന്ന പരുഷവാക്കുകൾ ഒഴിവാക്കി വാക്കുകൾ അർത്ഥവും ആശയവും വഹിയ്ക്കുന്നവയാണെന്നു മറക്കാതെ മാധുര്യത്തോടെ പ്രയോഗിച്ച് പ്രകൃതിയുടെ അനന്യമായ ഈ വരദാനം അർത്ഥവത്താക്കുവാൻ നമുക്കു കഴിയുമാറാകട്ടെ!

■■ശുഭമസ്തു■■