*വർഷാവസാന പരീക്ഷയ്ക്ക് തോറ്റു തുന്നം പാടിയ ഔസേപ്പ് കുട്ടി വീട്ടിൽ വന്നു കയറിയ പാടെ മുറിബീഡി വലിച്ചു കൊണ്ട് ഉമ്മറത്തിരുന്ന അപ്പൻ ഒരാക്കിയ ചിരിയോടെ പറഞ്ഞു .*
"എടാ നിന്റെ കൂട്ടുകാരൊക്കെ ജയിച്ചിട്ടും നീ മാത്രം തോറ്റല്ലോടാ . എന്തിനാടാ മനുഷ്യരെ കൊണ്ട് പറയിപ്പിയ്ക്കാൻ ഇങ്ങനെ തെക്കു വടക്കു നടക്കുന്നത് ?".
അപ്പന്റെ അഭിപ്രായം തീരെ രസിയ്ക്കാതെ ഔസേപ്പ് കുട്ടി നെഞ്ച് വിരിച്ചു നിന്നുകൊണ്ട് പറഞ്ഞു .
"എന്റെ അപ്പാ അപ്പനിത്രയും വിവരമില്ലാത്ത ഒരപ്പനായി പോയല്ലോ , കഷ്ടം . ഞങ്ങളുടെ ക്‌ളാസിൽ ഫസ്റ്റ് കിട്ടിയ ശാമുവേൽകുട്ടി മാർക്കിന്റെ കാര്യത്തിൽ എന്നെക്കാൾ ഏറെ പിന്നിലാണ് . അത് അപ്പന് അറിയാമോ ?കണക്കിനും സയൻസിനും ഇംഗ്ലീഷിനുമെല്ലാം അവനെക്കാൾ കൂടുതൽ മാർക്ക് എനിയ്ക്കാണ് ".
വീടിന്റെ മോന്തായം നോക്കി അന്തം വിറ്റിരുന്ന അപ്പൻ അവനോടു ചോദിച്ചു "അതെങ്ങനെയാടാ മരങ്ങോടാ , നീ തോറ്റു , എന്നിട്ടും നിനക്കാണ് മാർക്ക് കൂടുതൽ എന്ന് പറഞ്ഞാൽ ഏതു കോത്താഴത്തുകാരൻ വിശ്വസിയ്ക്കുമെടാ ?"
ഇങ്ങേരോട് ഏത് ഭാഷയിൽ പറഞ്ഞു മനസിലാക്കും എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് ഔസേപ്പ് കുട്ടി പറഞ്ഞു .
"എന്റപ്പാ , അപ്പനറിയാമല്ലോ ,എനിയ്ക്ക് ക്രിസ്റ്മസ് പരീക്ഷയ്ക്ക് കണക്കിന് കിട്ടിയത് 4 മാർക്കാണ് . ഇത്തവണ 10 മാർക്ക് കിട്ടി . അതായത് 6 മാർക്ക് ഞാൻ കൂടുതൽ നേടി .ശാമുവേൽ കുട്ടിയ്ക്കു കഴിഞ്ഞ തവണ കണക്കിന് കിട്ടിയത് 47 മാർക്കാണ് . ഇത്തവണ കിട്ടിയത് 48. അതായതു ഒരു മാർക്ക് കൂടുതൽ .ഇംഗ്ളീഷിന് ഞാൻ കഴിഞ്ഞ തവണത്തെ 6 മാർക്ക് 15 ആക്കി . അവൻ 46 മാർക്ക് 47 ആക്കിയതേ ഉള്ളൂ .അവൻ എല്ലാത്തിനും ഒന്നോ രണ്ടോ മാർക്ക് കൂടുതൽ കിട്ടിയപ്പോൾ ഞാൻ അഞ്ചും പത്തും കൂടുതൽ നേടി , ഇനി പറ ഞാനാണോ അവനാണോ മിടുക്കൻ ?"
ഞെട്ടിപ്പോയ അപ്പൻ ബീഡിക്കുറ്റി പുറത്തേക്ക് കളഞ്ഞുകൊണ്ട് ആത്മഗതമായി പറഞ്ഞു ' ഇവന്റെയൊക്കെ അപ്പനായി ജീവിയ്ക്കുന്നതിലും ഭേദം വല്ല റെയിൽവേ ട്രാക്കിലും തലവയ്ക്കുന്നതാ'!