ബോധരഹിതയായ അവളെ മുറിയുടെ മൂലയിൽ നിന്ന് വാരി എടുത്തപ്പോൾ ആ കുഞ്ഞി കൈ തണ്ടയിൽ വലിച്ചു മുറുക്കി കെട്ടിയ ഒരു റബ്ബർ ബാൻഡുണ്ടായിരുന്നു...കൈകളിലേക്ക് രക്ത പ്രവാഹം നിലച്ചിരിക്കുന്നു ..കൈകൾ തണുത്ത് വിറങ്ങലിച്ചിരിക്കുന്നു...എന്ത് സംഭവിച്ചു എന്നാർക്കും അറിയില്ല, അച്ഛനും അമ്മയും അവളെ ഹോസ്പിറ്റലിൽ എത്തിച്ചു .. ഗ്ളൂക്കോസ് കയറ്റിയതോടെ അവൾ ഉഷാറായി..ബോധം വന്നു ..
ഡോക്ടർ മെൽവിൻ അവളുടെ അരികിൽ ഇരുന്നു ..അവൾ കണ്ണുകൾ ഉയരത്തി നോക്കി ഒന്ന് ചിരിച്ചു
അദ്ദേഹം സ്നേഹത്തോടെ അവളോട് ചോദിച്ചു ..മോൾക്ക് എന്താ പറ്റിയത് ??
" ഉറങ്ങി പോയി " അതായിരുന്നു മറുപടി ..
ഉറങ്ങുമ്പോൾ എന്തിനാ കയ്യിൽ റബ്ബർ ബാൻഡ് കെട്ടിയത്..ഡോക്ടർ ചോദിച്ചു ..
മറുപടി ഇല്ല..തല താഴ്ത്തിയിരുന്നു..
എന്തോ അവൾ മറയ്ക്കാൻ ശ്രമിക്കുന്നതായി തോന്നിയ ഡോക്ടർ മെൽവിൻ സ്നേഹത്തോടെ ആവർത്തിച്ച് അവർത്തിച്ച് കാരണം തിരക്കി
ഒടുവിൽ അവൾ മറുപടി പറഞ്ഞു..
" മരിക്കാൻ വേണ്ടി കെട്ടിയതാ.."
ഡോക്ടർ ഒന്ന് ഞെട്ടി..ഏഴുവയസുള്ള പെൺകുട്ടി മരണം എന്ന വാക്ക് എങ്ങനെ പഠിച്ചു ?
മോളോട് ആരാ പറഞ്ഞത് റബ്ബർ ബാൻഡ് കയ്യിൽ കെട്ടിയാൽ മരിക്കും എന്ന് ?
അതെനിക്കറിയാം ..ബ്ലഡ് ഓടാതെ ഇരുന്നാൽ മരിക്കും എന്ന് ..
എന്തിനാ മോള് മരിക്കാൻ ആഗ്രഹിച്ചത്..?
എനിക്കാരും ഇല്ലാഞ്ഞിട്ട്..
മോൾക്ക് അച്ഛനും അമ്മയും ഉണ്ടല്ലോ ...മോളെ ഒരുപാട് സ്നേഹിക്കുന്ന അച്ഛനും അമ്മയും ...
പക്ഷെ എനിക്ക് കളിക്കാൻ ആരും ഇല്ല..അനിയൻ ഇല്ല ,അനിയത്തി ഇല്ല ,ചേച്ചി ഇല്ല ,ഏട്ടൻ ഇല്ല...ആരും ഇല്ല...എപ്പോളും ഒറ്റക്കാ....
അവളുടെ കുഞ്ഞി കണ്ണുകളിൽ തുളുമ്പാൻ തിടുക്കം കൂട്ടി രണ്ടു നീർതുള്ളികൾ ഉരുണ്ടു കൂടി ..
പക്ഷെ മോളെ...നിന്റെ അച്ഛനും അമ്മയും നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടല്ലോ ...
ഇല്ല്യ....അമ്മ എപ്പോഴും വഴക്കു പറയും...
അതൊക്കെ മോൾക്ക് വെറുതെ തോന്നുന്നതാ...
അല്ല..അല്ല..എന്നും വഴക്ക് പറയും ...
'അമ്മ ചോറ് വാരി തെരൂല,,കെട്ടിപ്പിടിച്ച കിടന്നാൽ അമ്മയ്‌ക്ക ചൂട് എടുക്കുന്നു മാറി കിടക്കാൻ പറയും, ഇഷ്ടമുള്ള പലഹാരം ഒന്നുമുണ്ടാക്കി തെരൂല, കഥ പറഞ്ഞു തരില്ല, നാമം ജപിച്ച് തെരൂല ..എല്ലാരും ഇരിക്കണ സ്ഥലത്തു ഇരിക്കാൻ സമ്മതിക്കൂല ..എഴുനേറ്റു പോവാൻ പറയും ..സ്കൂളിലെ കഥകൾ കേൾക്കാൻ ആരുമില്ല.., പാഠങ്ങൾ പഠിപ്പിച്ചു തരാൻ ആരുമില്ല..രേഷ്മയും നീതുവും സ്കൂളിൽ വന്നു സിസ്റ്റർനേം ബ്രതർനേം പറ്റി പറയുമ്പോൾ മാധുവിന് മാത്രം പറയാൻ ആരുമില്ല... മാധു എപ്പോളും ഒറ്റക്ക.. സങ്കടം വരും എപ്പോളും..മിണ്ടാൻ ആരൂല്ല്യ,,കളിയ്ക്കാൻ ആരൂല്ല്യ,,അടികൂടാൻ ആരൂല്ല്യ ...മരിക്കാൻ എപ്പോളും നോക്കാറുണ്ട്..തലയണ മുഖത്ത് വെച്ച് ശ്വാസം മുട്ടിച്ച് മരിക്കാൻ നോക്കും ..പക്ഷെ മരിക്കിനില്ല്യ..
അങ്ങനെ ഒരുപാട് പരാതികളുടെ കെട്ടുകൾ അവിടെ അഴിഞ്ഞു വീണു ..
ഡോക്ടർ നിശബ്ദനായി എല്ലാം കേട്ടിരുന്നു ...അതെ അവൾക്ക് ആവിശ്യം ,,അല്ല അത്യാവശ്യം ഒരു കേൾവിക്കാരനെ ആയിരുന്നു...തന്റെ വേദനകളെ പറ്റി ആദ്യമായി ഒരാൾ ചോദിച്ചിരിക്കുന്നു ,,സംസാരിക്കാൻ അരികിൽ ഒരാൾ ഇരുന്നിരിക്കുന്നു.... ഒറ്റക്കുട്ടി ആയി വളരുകയും ,അതിനിടയിൽ വീട്ടിലെ ആരും തനിക് വേണ്ട വിധം സ്നേഹം നൽകുന്നില്ല എന്ന കാര്യവും അവളിൽ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കുന്നു. ഏഴു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയുടെ ഉള്ളിൽ ഇത്രയും വേദനകൾ ഉണ്ടായിരുന്നുവോ എന്ന് ഡോക്ടർ മെൽവിൻ അത്ഭുതപ്പെട്ടു ...
ഒരു ദീർഘ നിശ്വാസത്തോടു കൂടി ഡോക്ടർ പറഞ്ഞു ...മോൾടെ ഈ വിഷമത്തെ പറ്റി ഞാൻ അമ്മയോട് സംസാരിക്കാം..ഇനി ഒരു വേദനയും മോൾക്ക് ഉണ്ടാവില്ല.. അത് ഡോക്ടർ അങ്കിൾ മോൾക്ക് തരുന്ന പ്രോമിസ് ആണ് ...
വേണ്ട ...ഇതൊന്നും അമ്മയോട് പറയരുത് അങ്കിൾ പ്ലീസ്.. അമ്മ വഴക്ക് പറയും...
ആശ്ചര്യം ...,അത്രയും അവൾ ചിന്തിച്ചിരിക്കുന്നു.....അവളുടെ മനസ്സ് ഒരുപാട് മുറിപ്പെട്ടിരിക്കുന്നു ... അല്ല വൃണപ്പെട്ടിരിക്കുന്നു...
ഡോക്ടർ അവളുടെ നെറുകയിൽ തലോടി എന്നിട്ട് മെല്ലെ എഴുനേറ്റു പുറത്തേക്ക് നടന്നു ...
ഡോക്ടർ അങ്കിൾ....അവൾ വിളിച്ചു
എന്താ മാധു...
അമ്മയോട് ഒന്നും പറയരുതേ ....അവൾ വിതുമ്പലോടെ പറഞ്ഞു
ഇല്ല..ഒന്നും പറയില്ല ..
പ്രോമിസ് ???
മ്മ്..പ്രോമിസ് ..അങ്കിൾ പറയില്ല ..
തിരിഞ്ഞവളെ ഒന്നുകൂടി നോക്കി, ആ ദയനീയമായ കണ്ണുകൾ ഡോക്ടറെ തന്നെ നോക്കി കിടക്കുന്നുണ്ടായിരുന്നു. അവളുടെ ജീവിതത്തിലെ ആദ്യത്തെ കേൾവിക്കാരനെ അവൾ കാഴ്ച മറയുന്ന വരെ നോക്കി ...
അവൾ അറിയാതെ അവളുടെ മാതാപിതാക്കളോട് ഡോക്ടർ മെൽവിൻ സംസാരിച്ചു...ആ കുഞ്ഞുമനസിന്റെ നൊമ്പരങ്ങൾ ,,അവളിലെ ആത്മഹത്യയെ ചിന്തകൾ ,,എല്ലാം കേട്ടപ്പോൾ ആ അമ്മയും അച്ഛനും പൊട്ടി കരഞ്ഞു....
ആ കണ്ണീരിൽ ഡോക്ടർക്ക് ഉറപ്പുണ്ടായിരുന്നു...ഇനി മുതൽ അവളെ അവർ കൂടുതൽ സ്നേഹിക്കും എന്ന്
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു ആ വരാന്തയിലൂടെ അമ്മക്കും അച്ഛനും ഒപ്പം നടന്നു പോവുന്ന മാധുവിനെ മെൽവിൻ ഡോക്ടർ പുറകിൽ നിന്ന് നോക്കി നിൽക്കുന്നുണ്ടായിരുന്നു .പെട്ടന്നവൾ തിരിഞ്ഞു നോക്കി ...ഡോക്ടറെ കണ്ടു.. താൻ പറഞ്ഞ രഹസ്യങ്ങൾ, തന്റെ വേദനകൾ,എല്ലാം ഡോക്ടറുടെ മനസ്സിൽ ഭദ്രമായിരിക്കണം എന്നവൾ ആ നോട്ടത്തിലൂടെ പറഞ്ഞതായി ഡോക്ടർക്ക് തോന്നി .. അവൾക്കു നൽകിയ വാക്കു താൻ തെറ്റിച്ചു എന്നത് ആ കുഞ്ഞു മനസ്സൊരുക്കളും അറിയരുതേ എന്ന് ഡോക്ടർ പ്രാർത്ഥിച്ചു .
അവർ പോയ ഉടനെ ഡോക്ടർ കാറിന്റെ താക്കോൽ എടുത്തു ...വേഗത്തിൽ വണ്ടിയെടുത്തു പുറത്തേക്ക് പോയി...
വണ്ടി എത്തിയത് ലിറ്റിൽ ഹേർട്സ് എന്ന സ്കൂളിന്റെ ഗേറ്റിനു മുൻവശമായിരുന്നു ..
ഉച്ചത്തെ ലഞ്ച് ബ്രേക്ക് ആണ് ...കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ ഇടയിൽ ഡോക്ടർ മെൽവിൻ തന്റെ എട്ടുവയസുകാരി അന്നയെ തിരഞ്ഞു ...കാണുന്നില്ല...
ഒടുവിൽ ക്ലാസ് റൂമിലേക്ക് നടക്കാൻ ഒരുങ്ങിയ ഡോക്ടർ കണ്ടത് ,,ഒരു വലിയ മരത്തിന്റെ ചുവട്ടിൽ അവൾ തനിച്ചിരുന്നു മറ്റു കുട്ടികളുടെ കളികൾ നോക്കി ചിരിക്കുന്നു ....
അതെ തന്റെ അന്നയും മറ്റൊരു മാധുവാണ് എന്ന് അയാൾ തിരിച്ചറിഞ്ഞു....
തന്റെ ഏകമകൾ ..ഫ്ളാറ്റിലെ നാല് ചുമരുകളിൽ തലയ്ക്കപ്പെട്ട ബാല്യം ... അഡ്വക്കേറ്റ് ആയ ഭാര്യയും ഡോക്ടറായ താനും അവളെ നന്നായി നോക്കിയിരുന്നോ?? വിലപിടിപ്പുള്ള വസ്ത്തുക്കൾ വാങ്ങി കൊടുക്കുന്നതിലുപരി അവൾ ആഗ്രഹിക്കുന്ന കുഞ്ഞി സ്നേഹം പരിലാളനം ശ്രദ്ധയും എല്ലാം ഞങ്ങൾ കൊടുത്തിരുന്നോ...??അവൾക്ക് മറ്റുകുട്ടികളുമായി പൊരുത്തപ്പെടാൻ പറ്റുന്നില്ലയോ,, അങ്ങനെ നൂറായിരം ചോദ്യങ്ങൾ അയാളുടെ മനസിലൂടെ കടന്നു പോയി...അയാൾ പ്രിൻസിപ്പാലിനോട് സമ്മതം ചോദിച്ചു അന്നയെ കാറിൽ കയറ്റി ....
ആ കാറിന്റെ വളയം തിരിഞ്ഞത് അന്നയുടെ ബാല്യത്തിന്റെ നിറമുള്ള ഒരു തീരത്തേക്കായിരിക്കണം......
അന്നയും മാധുവും പോലെ എത്ര ബാല്യങ്ങൾ നമുക്കു ചുറ്റും ഉണ്ട് എന്ന ചിന്തിക്കണം.
******************************************************************************
ഇന്നത്തെ തലമുറയിൽ ഒറ്റക്കുട്ടി സമ്രദായം വളരെ കൂടുതൽ ആണ്... "നാം ഒന്ന് നമുക്ക് ഒന്ന് " എന്നാണല്ലോ വെപ്പ്..അച്ഛനും അമ്മയും ഒരു കുഞ്ഞും..,ഈ മൂന്നുപേർ അടങ്ങുന്ന ഒരു കുടുംബത്തിൽ പൂർണത അടങ്ങിയിരിക്കുന്നു എന്ന് പൊതുവെ ഒരു ധാരണയുണ്ട്..
ഒറ്റക്കുട്ടി മതി എന്ന് വെക്കുന്നവർക്ക് ഒക്കെ പറയാൻ ഒരു മഹത്തായ തത്ത്വം കൂടി ഉണ്ട്..'ഞങ്ങൾക്ക് ഒരു കുഞ്ഞു മതി, ഞങ്ങളുടെ സ്നേഹവും കരുതലും പങ്കിട്ട് പോവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല '..എന്തൊരു വിഡ്ഢിത്തരം ആണ് അത് ,,സ്നേഹം പങ്കിടാൻ ഉള്ളതല്ലേ?? ,,,മാതാപിതാക്കൾ എത്ര സ്നേഹിച്ചാലും,ഒരിക്കലും അവർക്ക് കുഞ്ഞിന്റെ ഒരു സഹോദരനോ സഹോദരിയോ ആവാൻ പറ്റില്ല... ഓരോരുത്തർക്കും ഓരോ സ്ഥാനം ഉണ്ട്,ഒറ്റകുട്ടിയായി കുഞ്ഞിനെ വളർത്താൻ നിങ്ങൾ തീരുമാനിക്കുന്നത്, ആ കുഞ്ഞിനോട് ചെയ്യാവുന്ന ഏറ്റവും വലിയ തെറ്റാണ് എന്ന് ഞാൻ വിശ്വസിക്കുന്നു...ഒറ്റകുട്ടിയുടെ സങ്കടം അറിയണമെങ്കിൽ ഒറ്റകുട്ടിയായി വളരുക തന്നെ വേണം..ഒന്ന് ചിന്തിച്ചു നോക്കു..ആ കുഞ്ഞ് ജീവിതത്തിന്റെ വഴികളിൽ എല്ലാം തനിച്ച് യാത്ര ചെയ്യേണ്ടി വരില്ലേ...ഒറ്റക്ക് ഭക്ഷണം കഴിക്കണം...ഒരു മിഠായി കിട്ടിയാൽ അത് കൂടെപ്പിറപ്പിന് പങ്കിട്ട് കൊടുത്തു കഴിക്കുന്നതിന്റെ സുഖം ആ കുട്ടിക്ക് ഒരിക്കലും അനുഭവിക്കാൻ പറ്റില്ല..,ടി.വി കാണുമ്പോൾ റിമോട്ടിന് വേണ്ടി അടിയുണ്ടാക്കാൻ ആരുമുണ്ടാവില്ല.,പുറത്തു പോയാൽ നല്ല കാഴ്ചകൾക്ക് നേരെ കൈചൂണ്ടി കാണിച്ചു കൊടുത്തു കിന്നാരം പറയാൻ ആരുമില്ലാതെ പോവും,,ഇടയ്ക്ക് ഒക്കെ പരസ്പരം കുറുമ്പ് കാണിച്ചു കൊണ്ട് ഓടിനടക്കാനും ആരുമുണ്ടാവില്ല,,രാത്രി കിടക്കുന്നതിന്റെ മുൻമ്പ് തലയിണ കൊണ്ടുള്ള യുദ്ധത്തിനും ആരുമുണ്ടാവില്ല.., വഴക്കിട്ട് കഴുത്തിന് പിടിച്ച ഞെരിക്കാനും മുടി പിടിച്ച വലിക്കാനും നടുപ്പുറത്ത് അടിച്ച് പുറം പള്ളിപ്പുറം ആക്കാനും ഒടുവിൽ പോയി അമ്മയുടെ പിറകിൽ ഒളിക്കാനും ഒന്നും പറ്റാതെ ഉള്ള ബാല്യം എന്ത് ബാല്യമാണ്..ഓണം,വിഷു,റംസാൻ,ബക്രീദ്,ക്രിസ്മസ്,ദീപാവലി അങ്ങനെ ഉള്ള ഉത്സവ ദിനങ്ങളിൽ ടിവിയുടെ മുന്നിലോ വീടിന്റെ ഏതെങ്കിലും ഒരു മൂലയിലോ ഇരിക്കാൻ മാത്രം വിധിക്കപെടും അവർ..കല്യാണത്തിന് പോവുമ്പോൾ വധുവരന്മാരുടെ സഹോദരങ്ങൾ അവിടെ തിളങ്ങുന്ന കാഴ്ചകൾ കാണുമ്പോൾ ആഗ്രഹിക്കും എനിക്ക് എന്റെ കൂട്ടുകാരെ ഒക്കെ വിളിച്ച് എന്റെ വീട്ടിൽ ഒരു കല്യാണം അടിച്ചു പൊളിക്കാൻ കൂടെപ്പിറപ്പ് ഇല്ലാലോ എന്ന്.. അല്ലെങ്കിലും ഒരു സങ്കടം വന്നാൽ പറഞ്ഞു കരയാൻ ഒരു സാഹോദര്യ സാന്നിദ്ധ്യം എത്ര സുഖം ഉള്ളതാണ്.. സ്കൂൾ പൂട്ടുമ്പോൾ നെഞ്ചിൽ ഒരു നീറ്റൽ ഉണ്ടാവും പലർക്കും,വീട്ടിൽ തനിച്ചാണല്ലോ എന്ന് ഓർത്ത്.. ഇത് വായിക്കുമ്പോൾ നിങ്ങളിൽ പലരും ചിന്തിക്കും,,,ഏയ് എന്റെ കുഞ്ഞിന് അങ്ങനത്തെ സങ്കടം ഒന്നും ഉണ്ടാവില്ല,ഞങ്ങൾ അവനെ/അവളെ പൊന്നു പോലെ അല്ലേ നോക്കുന്നത് എന്ന്.......പക്ഷെ എത്ര പൊന്നുപോലെ നോക്കിയാലും ഒരിക്കൽ എങ്കിലും ഒരു ഒറ്റക്കുട്ടി ചിന്തിച്ചിരിക്കും എനിക്ക് ഒരു ഏട്ടനോ,അനിയത്തിയോ,ചേച്ചിയോ,അനിയനോ ഉണ്ടായിരുന്നു എങ്കിൽ എന്ന്...ആ ചിന്ത എന്ന് ഒരു കുട്ടിയിൽ ഉണ്ടാവുന്നുവോ അന്നുമുതൽ ആ വേദന പിന്നീട് പൊള്ളിച്ചു കൊണ്ടേ ഇരിക്കും,,
ബാല്യം നന്നായാൽ എല്ലാം നന്നായി എന്ന് പറയും...അടിത്തറയ്ക്ക് ബലം വേണം...ഇല്ലേൽ കെട്ടുറപ്പുണ്ടാവില്ല..നല്ല ബാല്യം നൽകുക,ഏട്ടന്റെ കുഞ്ഞി പെങ്ങളായി വിരൽ തുമ്പു പിടിച്ചു നടക്കാനും,അനിയനുമായി തല്ലുകൂടാനും,ചേച്ചിയുടെ മുടി പിടിച്ചു വലിക്കാനും, അനിയത്തിയെ കണ്ണെഴുതി പൊട്ടുകുത്താനും, കഴിയാത്ത ബാല്യം നഷ്ടം തന്നെയാണ്.... ഇങ്ങനെ ഉള്ള കുട്ടികളുടെ ഏറ്റവും വല്ല്യ ദൗർബല്യം സ്നേഹം തന്നെ ആയിരിക്കും,,ചിലർ സ്വാർത്ഥന്മാരും ആയേക്കാം...
ഇത് വായിക്കുമ്പോൾ ആരുടെ എങ്കിലും ഒറ്റക്കുട്ടി മതി എന്ന ചിന്ത മാറിയാലോ,,ഉള്ള ഒറ്റ കുട്ടിയെ ആണെങ്കിൽ പോലും അവരുടെ കുഞ്ഞി കുഞ്ഞി ആഗ്രഹങ്ങളെ കാണാൻ കഴിഞ്ഞെങ്കിൽ അതാണ് എന്റെ പ്രാർത്ഥന..
ഒറ്റക്കുട്ടി മതി എന്ന തീരുമാനത്തിൽ വൈകിയ വേളകളിൽ എത്തുന്ന ചില മാതാപിതാക്കൾ ചെയ്യുന്ന ഒരു മഹാപാപം ഉണ്ട് 'ഭ്രൂണഹത്യ'..,,ഉദരത്തിൽ പിറവി കൊണ്ട ജീവനെ നിഷ്കരുണം ഇല്ലാതെ ആക്കുക ,,അല്ല കൊല്ലുക,,അങ്ങനെ വേണം പറയാൻ …ചെയ്യരുത് ആ പാപം ,അവർ ജനിക്കട്ടെ..നാളെ നമുക്ക് താങ്ങാവേണ്ടവർ ആയിരിക്കാം അവർ .
ഒരു തുള്ളി കണ്ണുനീരിന്റെ മൗനം പേറി തനിച്ച് ഒരു അന്തർമുഖനായി കുഞ്ഞുങ്ങൾ വളരാതിരിക്കട്ടെ... സഹോദരങ്ങളുടെ കൂടെ കളിച്ചും ചിരിച്ചും സ്നേഹിച്ചും ഒക്കെ അവർ വളരട്ടെ....