അരുതേ എഴുത്തുകാരാ വാരിക്കുഴിയിലേയ്ക്ക് ചാടരുതെ..
പ്രകാശനം കഴിഞ്ഞ് അണഞ്ഞ് പോകുന്ന എഴുത്തുകാരും പുസ്തകങ്ങളും....
പ്രസാധനമേഖലയിലെ തട്ടിപ്പുകളെ കുറിച്ചാണ് ഈ കുറിപ്പ്.അതില്‍ നിന്ന് എങ്ങനെ രക്ഷ നേടാമെന്നും...
എഴുതി തുടങ്ങുന്നവരുടെയും എഴുതി തെളിഞ്ഞവരുടെയും ഏറ്റവും വലിയ സ്വപനമാണ് തങ്ങളുടെ എഴുത്തുകള്‍ അച്ചടി മഷി പുരണ്ട് പുസ്തക രൂപത്തിലിറങ്ങണമെന്നുള്ളത്.ആ മോഹം ഇവരെ കൊണ്ടെത്തിക്കുന്നത് കൂണുപോലെ മുളച്ചു പൊന്തുന്ന ചില തട്ടിക്കൂട്ട് പ്രസാധക മാഫിയകളിലേക്കാണ്. അതിനായി ഇവര്‍ വിവിധ ന്യൂജെന്‍ പേരുകളില്‍ ഫേസ്ബുക്ക് പേജുകളിലും വാട്സ്പ്പ് ഗ്രൂപ്പുകളിലും വലവിരിച്ചിപ്പുണ്ട്.
പുസ്തക മോഹവുമായി എത്തുന്ന തുടക്കക്കാരനെയിവര്‍ താങ്കള്‍ വലിയ എഴുത്തുകാരനാണെന്നും താങ്കളുടെ പുസ്തകം ഇറങ്ങിയില്ലെങ്കില്‍ അത് മലയാള ഭാഷയ്ക്കൊരു വന്‍ നഷ്മാണെന്നും ആദ്യം പറഞ്ഞ് വിശ്വസിപ്പിക്കുന്നു.അടുത്ത പടി തങ്ങളുടെ പുസ്തക വിതരണ ശൃംഖല വലുതാണെന്നും വേണമെങ്കില്‍ അന്‍റാര്‍ട്ടിക്കായിലെ പെന്‍ഗ്ഗിനുകളെ കൊണ്ടുവരെ പുസ്തകം വായിപ്പിക്കുമെന്നും ബോധ്യപ്പെടുത്തുന്നു.വേണമെങ്കില്‍ ബുക്കര്‍ പ്രൈസ് വരെ കിട്ടുമെന്നും മോഹിപ്പിക്കുന്നു.
ഇതോടെ എഴുത്തുകാരന്‍/രി ഫ്ലാറ്റ്.അവര്‍ഡുകളും പൊന്നാടകളും സമൂഹത്തില്‍ ലഭിക്കാവുന്ന സ്വീകര്യതയൊക്കെ സ്വപനം കാണുന്ന ഈ പാവങ്ങള്‍ എന്നാല്‍ തങ്ങളുടെ പുസ്തകം എങ്ങനെയെങ്കിലും ഇറക്കിയെ തീരു എന്ന നിലയിലെത്തുന്നു.
ഇനിയാണ് അടുത്ത ചൂണ്ട തങ്ങളുടെ ബാനറില്‍ പുസ്തകം ഇറക്കിതരാമെന്നും പത്തോ ഇരുപതോ പുസ്തകങ്ങള്‍ ഓദേഴ്സ് കോപ്പിയായി നിങ്ങള്‍ക്ക് ഫ്രീ ആയി തരാമെന്നും പറയുന്നു.(തെറ്റു പറയരുതല്ലോ ആ പറഞ്ഞ കോപ്പികള്‍ നിങ്ങള്‍ക്ക് കിട്ടും.അത് നിങ്ങള്‍ എങ്ങനെയേലും കഷ്ടപ്പെട്ട് വില്‍ക്കുകയും ചെയ്യം.ഒരു കാര്യം പ്രത്യേകമോര്‍ക്കുക ആ നൂറു കോപ്പി മാത്രമാണ് വായിക്കപ്പെടാന്‍ പോകുക.)
പുസ്തക പ്രിന്‍റിങ്ങിനും തങ്ങളുടെ ബാനറില്‍ പുസ്തകം ഇറക്കുന്നതിനുമായി മുപ്പതിനായിരം മുതല്‍ അറുപതിനായിരം വരെ നിങ്ങള്‍ മുടക്കണമെന്നും ഇവര്‍ പറയുന്നു.അതിനായി ഇവര്‍ പല കണക്കുകളും അവതരിപ്പിക്കും.ഒരു കാര്യം പ്രത്യേകമോര്‍ക്കുക ഈ തുക എന്ന് തിരിച്ചുകിട്ടുമൊന്നോ റോയല്‍റ്റിയെ കുറിച്ചോ ഇവര്‍ ഒരക്ഷരം സംസാരിക്കില്ല. പുസ്തകവും അവര്‍ഡും സ്വപ്നം കാണുന്ന നിങ്ങള്‍ ഭാര്യയുടെ കെട്ടുതാലി വിറ്റോ,ഭര്‍ത്താവിന്‍റെ കൈകാല്‍ പിടിച്ചോ ഈ പൈസ സംഘടിപ്പിച്ച് കൊടുക്കുന്നു.
ഇനിയാണ് അടുത്ത ഘട്ടം നമ്മുടെ പ്രസാധകന്‍ നിങ്ങളുടെ പണം കൊണ്ട് ആകര്‍ഷകമായി പുസ്തകത്തിന് ഒരു കവര്‍ തയ്യാറാക്കുന്നു.ശേഷം നിങ്ങളെ പുകഴ്ത്തി ഒരു അവതാരികയും ഇനിയാണ് പ്രിന്‍റിങ്ങ് ഏതെങ്കിലും പ്രസില്‍ കൊടുത്ത് കുറഞ്ഞ ചിലവില്‍ നൂറ് കോപ്പിയും അടിക്കും.മറ്റൊരു തട്ടിപ്പുകൂടിയുണ്ട് അതിന്‍റെ പേരാണ് പ്രിന്‍റ് ഓണ്‍ ഡിമാന്‍റ്.അത് പ്രസുകാരനും പ്രസാധകനും കൂടിയുള്ള ധാരണയാണ്. അതായത് നിങ്ങള്‍ക്കാവശ്യമുള്ള അത്ര കോപ്പി മാത്രമടിക്കും അതായത് ഓദേഴ്സ് കോപ്പി.വീണ്ടും നിങ്ങള്‍ കൂടുതല്‍ കോപ്പി വേണമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ അമ്പതോ നൂറോ കോപ്പി വീതം അടിച്ചു തരും.എന്നിട്ട് പറയും ആയിരം (ചിലരുടെ അടുത്ത് അഞ്ഞൂറ്) കോപ്പി അടിച്ചിട്ടുണ്ടെന്ന്.അങ്ങനെ തട്ടിപ്പിന്‍റെ വിവിധ മുഖങ്ങള്‍.
ഇതാ നിങ്ങളെ തേടി അടുത്ത കോളെത്തുകയായി പുസ്തകം റെഡിയായിട്ടുണ്ടെന്നും പ്രകാശന ചടങ്ങ് നടത്തേണ്ടതെന്നും അതിന്‍റെ ചിലവിലേക്കായി കുറച്ച് പൈസകൂടി വേണമെന്നും അറീയ്ക്കും.പ്രകാശന പ്രോഗ്രം എന്നാ മഹാമഹത്തിനായി നിങ്ങള്‍ ആരെ കൊന്നേലും പൈസ സംഘടിപ്പും..ദാ പ്രകാശന ചടങ്ങിനുള്ള ദിവസം സമാഗതമായി ഓഡിറ്റോറിയത്തില്‍ നിങ്ങളും കുടുംബാഗങ്ങളും നിങ്ങള്‍ വിളിച്ചു വരുത്തിയ കുറച്ച് നാട്ടുകാരും..ഉദ്ഘാടനം ചെയ്യാന്‍ സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്‍റും മെമ്പറും പ്രസാധകനും പ്രകാശനം ചെയ്യാന്‍ പ്രസാധകന്‍ നേരത്തെ പറ്റിച്ച ഏതേലും നിങ്ങളെപ്പോലൊരു ഹതഭാഗ്യനായ എഴുത്തുകാരനും..പഞ്ചായത്ത് പ്രസിഡന്‍റ് നിലവിളക്ക് കൊളുത്തി പരിപാടി ഉത്ഘാടനം ചെയ്യുന്നു.നിങ്ങള്‍ക്കും കിട്ടും ഒരു തിരി തെളിക്കാനുള്ള അവസരം..പ്രസിഡന്‍റ് നിങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു..നിലവിളക്കിലെ എണ്ണാ തീരാറാകുമ്പോഴേക്കും മൂപ്പര് പ്രസംഗം അവസാനിപ്പിക്കും.അടുത്തത് പ്രകാശന ചടങ്ങാണ് മുമ്പ് പറഞ്ഞ ഹതഭാഗ്യനായ എഴുത്തുകാരന്‍ പുസ്തകം പ്രകാശനം ചെയ്യുന്നു അപ്പോള്‍ നിലവിളക്ക് കരിന്തിരി കത്തി തുടങ്ങീട്ടുണ്ടാവും.അടുത്ത ഊഴം നിങ്ങളുടേതാണ് നന്ദി പറയല്‍ അഥവ മറുപടി പ്രസംഗം. ആദ്യ പുസ്തകം ഇറങ്ങിയ സന്തോഷത്തില്‍ കണ്ണ് നിറഞ്ഞ് ചുണ്ടുകള്‍ വിതുമ്പി നിങ്ങള്‍ പ്രസംഗം അവസാനിച്ച് കഴിയുമ്പോളേക്കും വിളക്കിലെ എണ്ണ തീര്‍ന്നിട്ടുണ്ടാവും തിരികെട്ടിട്ടുണ്ടാവും.നിങ്ങളുടെ അവസ്ഥയും ഏകദേശം ആ വിളക്കിന്‍റെ പോലാവും. നൂറ് കോപ്പിയടിച്ച പുസ്തകത്തിന്‍റെ എണ്‍പത് കോപ്പി പ്രസാധകന്‍റെ വീടിന്‍റെ കോണിപ്പടിയുടെ ചുവട്ടിലോ ഓഫീസ്മുറിയുടെ ചുവട്ടിലോ പൊടി പിടിച്ച് കിടപ്പുണ്ടാവും.നിങ്ങള്‍ ഇരുപത് കോപ്പിയുടെ എഴുത്തുകാരാനായി നെടുവീര്‍പ്പിടും...അപ്പോള്‍ പ്രസാധകന്‍ നിങ്ങളുടെ പ്രകാശന ചടങ്ങിന്‍റെ ഫോട്ടോ കാണിച്ച് അടുത്ത ഇരയെ വീഴ്ത്തുകയായിരിക്കും..
പ്രിയ എഴുത്തുകാരാ/കാരി നിങ്ങള്‍ ഒരു പുസ്തകം ഇറക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുക.ആദ്യം നിങ്ങള്‍ എഴുതിയത് പ്രസിദ്ധീകരണയോഗ്യമാണോയെന്ന് അത്യാവശ്യം വായനയുള്ള ആരെയെങ്കിലും കൊണ്ട് വായിപ്പിച്ച് അഭിപ്രായം തേടുക.ഒരിക്കലും ഫേസ് ബുക്ക് വാട്സപ്പ് കമന്‍റുകള്‍ സ്വീകരിക്കരുത്.അത് നിങ്ങളെ സന്തോഷിപ്പിക്കാന്‍ മാത്രം എഴുതി വിടുന്നതാണ്.അടുത്ത പടി പ്രസാധകനെ കണ്ടത്തലാണ്.അതിനായി കുറച്ച് കാര്യങ്ങള്‍ മനസ്സിലാക്കുക.നിങ്ങള്‍ തേടുന്ന പ്രസാധകന്‍ എത്ര പുസ്തകങ്ങള്‍ പബ്ലിഷ് ചെയ്തിട്ടുണ്ട് അതില്‍ തന്നെ എത്ര മികച്ച പുസ്തകങ്ങളുണ്ട്,ഏതൊക്കെ പുസ്തകങ്ങള്‍ റീ പ്രിന്‍റ് വന്നിട്ടുണ്ട്.അവര്‍ എത്ര മികച്ച എഴുത്തുകാരുടെ പുസ്തകങ്ങള്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്.കേരളത്തിലെ ലൈബ്രറി കൗണ്‍സിലുകളും മറ്റു സംഘടനകളും നടത്തുന്ന പുസ്തക മേളകളില്‍ അവര്‍ പങ്കെടുക്കാറുണ്ടോ.ഉണ്ടെങ്കില്‍ നിങ്ങളുടെ പ്രസാധകനെ തേടിയുള്ള യാത്രയുടെ ആദ്യ ഘട്ടം കഴിഞ്ഞു.ഇപ്പോള്‍ നിങ്ങളുടെ കൈയ്യില്‍ കുറച്ച് പ്രസാധകരുടെ പേരുണ്ട്.ഇനി അതില്‍ നിന്ന് ഒരു പേര് തിരഞ്ഞെടുക്കുക അവിടെ ശ്രദ്ധിക്കേണ്ട കാര്യം പ്രസാധകന്‍റെ ബാനറാണ് അവര്‍ കേരളത്തില്‍ എത്രത്തോളം ശ്രദ്ധിക്കപ്പെടുന്നുണ്ട് അവര്‍ക്ക് എഡിറ്റോറിയല്‍ ബോര്‍ഡുണ്ടോ ചില പ്രസാധകന്‍ തന്നെ നല്ല എഡിറ്ററുമായിരിക്കും.ഇപ്പോ നിങ്ങള്‍ നല്ലൊരു പ്രസാധകനെ കണ്ടെത്തിയിരിക്കുന്നു.ഇനി അവരുമായി ഒരു എഗ്രിമെന്‍റ് തയ്യാറാക്കുക.ഭാവി കാര്യങ്ങളെ കുറിച്ച് തീരുമാനിക്കുക.
അപ്പോള്‍ എഴുത്തുകാരാ നിങ്ങള്‍ കരിന്തിരികളാകതെ പ്രകാശിച്ചുകൊണ്ടിരിക്കട്ടേ....നിങ്ങളുടെ നന്മകള്‍ മാത്രം ആഗ്രഹിക്കുന്ന ഒരു വായനക്കാരന്‍..
ജോയിഷ് ജോസ്.