ഏറ്റുമാനൂരപ്പന്റെ തിരു നട പുലർച്ചെ നാലു മണിക്ക് തുറന്ന് നിർമ്മാല്യവും അഭിഷേകവും നടത്തിക്കഴിഞ്ഞാൽ നടക്കുന്ന ഉഷ പൂജ മാധവിപ്പള്ളി പൂജ എന്നാണ് അറിയപ്പെടുന്നത്.കോഴിക്കോട് സാമൂതിരി രാജാവിന്റെ ഭാഗിനേയി(സഹോദരന്റെയോ സഹോദരിയുടേയോ പുത്രി)ആയിരുന്നു മാധവി.മാധവിയുടെ തലയിൽ ഒരു വ്രണം ഉണ്ടാവുകയും അത് എത്ര ചികിൽസ ചെയ്തിട്ടും മാറാതെ വരികയും ചെയ്തു.ഒരു ദിവസം രാത്രി മാധവി ഏറ്റുമാനൂരപ്പനെ ഭജിച്ച് തന്റെ അസുഖം മാറ്റിതരണമേ എന്ന് പ്രാർത്ഥിച്ച് ഉറങ്ങാൻ കിടന്നു.രാത്രി ഒരാൾ അടുത്ത് വന്ന് കയ്യിൽ ഉണ്ടായിരുന്ന ഭസ്മസഞ്ചിയിൽ നിന്ന് ഭസ്മം എടുത്ത് തന്റെ തലയിൽ തളിച്ചിട്ട് മറ്റെ കയ്യിലെ വാളുകൊണ്ട് തലയിൽ തുടച്ചിട്ട് മറഞ്ഞുപോകുന്നതായ് സ്വപ്നം കണ്ടു.രാവിലെ മാധവി എഴുന്നേറ്റ് നോക്കിയപ്പോൾ വൃണം കരിഞ്ഞു തുടങ്ങിയിരുന്നു.അങ്ങനെ മഹാദേവന്റെ അനുഗ്രഹത്താൽ അസുഖം പൂർണ്ണമായും മാറിയശേഷം സാമൂതിരിയും പരിവാരങ്ങളും മാധവിയോടൊപ്പം ഏറ്റുമാനൂരിൽ എത്തി ദർശനം നടത്തി നിധികുംഭങ്ങളും തിരുവാഭരണങ്ങളും നടയ്ക്ക് വച്ചു.കൂടാതെ മഹാദേവന്റെ നട തുറന്ന് ആദ്യ പൂജ മാധവിയുടെ പേരിൽ കഴിപ്പിക്കാമെന്ന് വഴിപാട് നേരുകയും അതിനു വേണ്ടുന്നതെല്ലാം ദേവസ്വത്തിലേക്ക് നൽകുകയും ചെയ്തു.336 പറ നിലവും ഏഴരമുറി പുരയിടവും വാങ്ങി ദേവസ്വത്തിലേക്ക് നൽകുകയാണുണ്ടായത്.ഇവിടെ നിന്നുള്ള ആദായം ഉപയോഗിച്ച് പൂജനടത്തണമെന്ന് നിശ്ചയിച്ചു.ആ ഭൂമിക്ക് മാധവിപ്പള്ളി നിലം എന്ന് പേരു പറഞ്ഞുവരുന്നു.ഇപ്രകാരമാണ് മഹാദേവന്റെ ഉഷ പൂജ മാധവിപ്പള്ളി പൂജ എന്നപേരിൽ അറിയപ്പെട്ടു തുടങ്ങിയത്.അത് ഇപ്പോഴും അങ്ങനെ തന്നെയാണ്.ഈ പൂജയ്ക്ക് ആറു പലം ശർക്കരയും ആറു നാളികേരവും രണ്ട് തുടം നെയ്യും ഇരു നാഴി അരിയുമായിട്ട് ഒരു ഇടിച്ചുപിഴിഞ്ഞ പായസവും ഒരു പറ അരിയുടെ വെള്ള നിവേദ്യവും വിളക്കുവകയ്ക്ക് നാഴി എണ്ണയുമാണ് പതിവ്.
1754 ൽ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജ്യം സ്ഥാപിക്കുന്നതിനായ് അന്ന് ഏറ്റുമാനൂർ ഉൾപ്പെടുന്ന വടക്കുംകൂർ രാജ്യം ആക്രമിച്ചപ്പോൾ മാധവിപ്പള്ളി നിലവും പുരയിടവും നശിപ്പിച്ചു.തുടർന്ന് മഹാദേവകോപം ഉണ്ടായി. തിരുവിതാംകൂർ കൊട്ടാരത്തിലും രാജ്യത്തും അനിഷ്ട സംഭവങ്ങൾ നടമാടി.മാർത്താണ്ഡവർമ്മ നാലു വർഷത്തിനുള്ളിൽ നാടുനീങ്ങി.തുടർന്ന് പ്രായശ്ചിത്തമായി കൊല്ലവർഷം 964 ൽ കാർത്തികതിരുനാളിന്റെ കാലത്ത് ഏഴരപ്പൊന്നാനകളെ നടയ്ക്കുവച്ചു.