Google Ads

Wednesday, March 2, 2022

അമൃതവചനം

~~~~~~~~~~~~~~
പ്രയത്നം കൂടാതെ ജീവിതത്തില്‍ വിജയം കണ്ടെത്താന്‍ കഴിയില്ല.

മക്കളേ,
ഒരിക്കല്‍ ഒരു ശിഷ്യന്‍ ഭിക്ഷയ്ക്കുപോയി. വൈകുന്നതുവരെ നടന്നിട്ടും യാതൊന്നും കിട്ടിയില്ല. രാത്രി വിശന്നു തളര്‍ന്, ഗുരുവിന്റെ അടുത്തെത്തി ഭിക്ഷയൊന്നും ലഭിക്കാത്തതില്‍ ഈശ്വരനോട് ദേഷ്യമായി. വളരെ ഗൗരവത്തില്‍ അവന്‍ ഗുരുവിനോട് പറഞ്ഞു:'ഇനി ഞാന്‍ ഈശ്വരനെ ആശ്രയിച്ച് ജീവിക്കാന്‍ തയ്യാറല്ല. അങ്ങു പറയാറുണ്ട്, ഈശ്വരനെ ആശ്രയിച്ചാല്‍ നമുക്കുവേണ്ടെതെല്ലാം ലഭിക്കുമെന്ന് ഒരു നേരത്തെ ഭക്ഷണംകൂടി തരാന്‍ കഴിയാത്ത ഈശ്വരനെ ഞാന്‍ എന്തിന് ആശ്രയിക്കണം? ഈശ്വരനെ വിശ്വസിച്ചതുതന്നെ തെറ്റായിപോയി.' ഗുരു കുറച്ചുനേരം ഒന്നും മിണ്ടിയില്ല. അതിനുശേഷം ശിഷ്യനോട് ചോദിച്ചു:'നിനക്ക് ഞാന്‍ ഒരു ലക്ഷം രൂപ തരാം. നിന്റെ കണ്ണ് എനിക്ക് തരാമോ?' ശിഷ്യന്‍ പറഞ്ഞു:'കണ്ണു പോയാല്‍ എന്റെ കാഴ്ചശക്തി നഷ്ടമാകില്ലേ? എത്ര വലിയ തുക തന്നാലും ആരെങ്കിലും കണ്ണു വിലയ്ക്കു കൊടുക്കുമോ?' 'എങ്കില്‍ കണ്ണു വേണ്ട. നിന്റെ നാക്കു തരാമോ?' 'നാക്കുതന്നാല്‍ ഞാന്‍ എങ്ങനെ സംസാരിക്കും?' 'എങ്കില്‍ നിന്റെ കൈതരാമോ? അതു പറ്റില്ലെങ്കില്‍ കാലു തന്നാലും മതി, ഒരു ലക്ഷം രൂപതരാം.' ഉടന്‍ ശിഷ്യന്റെ മറുപടി വന്നു:'പണത്തേക്കാള്‍ വിലയുള്ളതാണ് ശരീരം. അതു നഷ്ടപ്പെടുത്താന്‍ ആരെങ്കിലും തയ്യാറാകുമോ?' ശിഷ്യന്റെ മനോഭാവമറിഞ്ഞ് ഗുരു പറഞ്ഞു:'നിന്റെ ഈ ശരീരം എത്രയോ ലക്ഷംരൂപ വിലയുള്ളതാണ്. ഇതു നിനക്ക് ഈശ്വരന്‍ തന്നത് യാതൊരു പ്രതിഫലവും പറ്റാതെയാണെന്നോര്‍ക്കണം. എന്നിട്ടും നീ ഈശ്വരനെ കുറ്റം പറയുന്നു. ഇത്ര വില കൂടിയ ഈ ശരീരം നിനക്ക് ഈശ്വരന്‍ നല്കിയിരിക്കുന്നത് മടിപിടിച്ചിരിക്കുവാനല്ല ; ശ്രദ്ധാപൂര്‍വം കര്‍മം ചെയ്തു ജീവിക്കാനാണ്.' മക്കളേ, ഈ കഥ എന്താണു വ്യക്തമാക്കുന്നത് എന്നു മനസ്സിലായല്ലോ? പ്രയത്നം കൂടാതെ ജീവിതത്തില്‍ വിജയം കണ്ടെത്താന്‍ കഴിയില്ല. പ്രയത്നം ചെയ്യാന്‍ തയ്യാറാകാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞുകൊണ്ടിരിക്കുക- അത് അലസതയുടെ ലക്ഷണമാണ്. എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറയുന്നുണ്ട്. എങ്കിലും അവര്‍ക്കതില്‍ പൂര്‍ണ്ണസമര്‍പ്പണം കാണാറില്ല. പ്രയത്നിക്കേണ്ട സന്ദര്‍ഭങ്ങളില്‍ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളുമെന്നു പറയും. എന്നാല്‍ വിശക്കുമ്പോള്‍ എവിടെയെങ്കിലും ചെന്ന് മോഷ്ടിച്ചായാലും വേണ്ടില്ല, വയറു നിറയ്ക്കാന്‍ നോക്കും. ആ സമയത്ത് ഈശ്വരന്‍ കൊണ്ടുത്തരട്ടെ എന്നു ചിന്തിച്ച് ക്ഷമയോടെ കാത്തിരിക്കാറില്ല. പലര്‍ക്കും വിശപ്പിന്റെ മുന്നിലും സ്വന്തം കാര്യങ്ങളുടെ മുന്നിലും ഈശ്വരനിലുള്ള സമര്‍പ്പണം വാക്കുകളില്‍ മാത്രമാണ്. നമ്മുടെ എല്ലാ കാര്യങ്ങളിലും ഈശ്വരനു പ്രത്യേക ശ്രദ്ധയുണ്ട്. അതിന്റെ അര്‍ത്ഥം കര്‍മം ചെയ്യേണ്ട അവസരങ്ങളില്‍ കൈയുംകെട്ടി വെറുതെയിരുന്നാല്‍ ഫലം കിട്ടുമെന്നല്ല. നമുക്ക് ആയുസ്സും ആരോഗ്യവും ബുദ്ധിയും ഈശ്വരന്‍ നല്‍കിയിരിക്കുന്നത് മടിയന്മാരായിരുന്നു ജീവിതം പാഴാക്കനല്ല. അവിടുത്തെ നിര്‍ദേശമനുസരിച്ച് പ്രയത്നിക്കുവാന്‍ തയ്യാറാകണം. ആഹാരം പാകംചെയ്യാനുള്ള അഗ്നി ഉപയോഗിച്ച് പുരയ്ക്ക് തീ കൊളുത്തുകയും ചെയ്യാം. അതുപോലെ ഈശ്വരന്‍ തന്നിരിക്കുന്ന ഉപാധികളെ ശരീയായ രീതിയില്‍ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ ഗുണത്തിനു പകരം ദോഷമായിരിക്കും ഫലം. പ്രയത്നിക്കേണ്ട സമയത്ത്, പ്രയത്നിക്കേണ്ട രീതിയില്‍ ഈശ്വരാര്‍പ്പണമായി പ്രയത്നിക്കുക. എങ്കില്‍ മാത്രമേ ശരിയായ ഫലം ലഭിക്കുകയുള്ളൂ. യാതൊരു കര്‍മവും ചെയ്യാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞ് ഇരിക്കുന്നവര്‍, കിട്ടിയ വിത്ത് പെട്ടിയില്‍ വെച്ച് സൂക്ഷിക്കുന്നതുപോലെയാണ്. വിത്ത് പെട്ടിക്കു ഭാരമാകുന്നതല്ലാതെ മറ്റു യാതൊരു ഗുണവുമില്ല. ഈശ്വരന്‍ നല്കിയ ഉപകരണങ്ങളെ ശരീരമനോബുദ്ധികളെ വേണ്ടവണ്ണം പ്രയോജനപ്പെടുത്താതെ മടിയന്മാരായി കഴിയുന്നവര്‍ ലോകത്തിനുഭാരമാണ്. വിത്തെടുത്ത് ആഹാരമാക്കി കഴിക്കുന്നവരുടെ കാര്യം നോക്കൂ. അവര്‍ക്ക് താല്‍ക്കാലികമായി വിശപ്പു മാറും. ഭൗതിക ജീവികള്‍ ഇതുപോലെയാണ്. വിത്തുകുത്തി ആഹാരമാക്കി മാറ്റിയാല്‍പ്പിന്നെ അടുത്ത തവണ വിതയ്ക്കാന്‍ എന്തുണ്ട്‍? ഭൗതികജീവികള്‍ക്ക് താല്‍ക്കാലിക സുഖം മാത്രമാണ് ലക്ഷ്യം. എന്നാല്‍ വിത്തുവിതച്ച്, വേണ്ട വെള്ളവും വളവും നല്കി വളര്‍ത്തിയ ആളെക്കൊണ്ട് എല്ലാവര്‍ക്കും പ്രയോജനമുണ്ടാകും. വിതച്ച വിത്തില്‍നിന്നുണ്ടായ ഫലം കൊണ്ട് കുടുംബത്തിന്റെയും വിശപ്പടക്കി, വീണ്ടും വിതച്ച് നാട്ടുകാര്‍ക്ക് ആവശ്യമായത് നല്കാന്‍ അയാള്‍ക്കു കഴിയും. ഇതുപോലെ ഈശ്വരന്‍ നമുക്ക് നല്കിയിരിക്കുന്ന നമ്മുടെ 'ശരീര മനോബുദ്ധികളെ' വേണ്ടവണ്ണം ഉപയോഗിച്ചാല്‍ മാത്രമേ യഥാര്‍ഥ ലക്ഷ്യത്തില്‍ എത്താന്‍ കഴിയൂ. എങ്കിലേ പ്രയോജനപ്രദമായ രീതിയില്‍ ജീവിതം നയിക്കുവാന്‍ സാധിക്കൂ. മക്കളേ, ഈശ്വരന്‍ നല്കിയിരിക്കുന്ന ഈ ഉപകരണത്തെ ശ്രദ്ധാപൂര്‍വം ഉപയോഗിക്കുന്നതാണ് അവിടത്തോടുള്ള സമര്‍പ്പണം. മറിച്ച് പ്രയത്നം ചെയ്യാതെ മടിപിടിച്ചിരിക്കുന്നത് അവിടത്തോടു കാട്ടുന്ന ദ്രോഹമാണ്. പ്രയത്നിക്കുന്ന മക്കളെ കാണാനാണ് അമ്മ ആഗ്രഹിക്കുന്നത്. അലസതയും മടിയും തുടച്ചു നീക്കാന്‍ മക്കള്‍ക്ക് സാധിക്കണം.
*അമ്മ*
(സദ്ഗുരു -
ശ്രീ മാതാ അമൃതാനന്ദമയി ദേവി )