🌼അരുവിപ്പുറം പ്രതിഷ്ഠയെ പ്രതിഷ്ഠ യെക്കുറിച്ച് ദൃക്സാക്ഷിയായ ദിവ്യശ്രീ ശിവലിംഗദാസ സ്വാമികളുടെ വിവരണം 🙏🏼
ഒന്നു രണ്ടു ദിവസങ്ങൾക്കു മുൻപ് മാത്രമേ പ്രതിഷ്ഠാ വിവരം ഗുരു അറിയിച്ചുള്ളൂ. നിരാഡംബര പരമമായി അത് നിർവഹിക്കാൻ ആയിരുന്നു തീരുമാനം. ശിവരാത്രി ആക്കിയാൽ ഭക്തജനങ്ങൾ ഉറക്കമൊഴിക്കാൻ വന്നുകൂടും. അവരവരുടെ ഭജനഗാനങ്ങൾ ഉണ്ടാകും. ആവശ്യം കൂടിയേ കഴിയൂ എന്നുള്ള പൂജാസാമഗ്രികളും കരുതി. പ്രസ്തുത ദിവസമായി അന്ന് ഗുരു കൂടുതൽ ചിന്താമഗ്നനായി കാണപ്പെട്ടു.
ദിനകൃത്യങ്ങളെ പോലും ഓർമ്മിപ്പിക്കേണ്ടിയിരുന്നു. പ്രതിഷ്ഠയ്ക്ക് ഉദ്ദേശിച്ച ആ പാറപരപ്പിൽ എല്ലാം സജ്ജമായി. നേരം പാതിരായോട് സമീപിച്ചു. ഗുരു സ്നാനത്തിനായി പുറപ്പെട്ടു. കൂടുതൽ താഴ്ചയുള്ള തായി കരുതപ്പെട്ടിരുന്ന ഒരു കയത്തിൽ ആണ്( ശങ്കരൻ കുഴി) പതിവിനു വിപരീതമായി ചെന്നിറങ്ങിയത്. ശിഷ്യ ജനങ്ങളുടെ തടസ്സങ്ങളൊന്നും വകവച്ചില്ല. ഭക്തന്മാടെ സങ്കീർത്തനങ്ങളും മറ്റും മുഴങ്ങുന്നുണ്ട്. ചുരുക്കം ചില ശിഷ്യന്മാർ മാത്രം ഗുരു ഇറങ്ങിയ ഭാഗത്ത് ശ്രദ്ധിച്ചു നിൽക്കുന്നു സമയം അധിക്രമിക്കുന്നു. അവിടുന്ന് പൊങ്ങി വരുന്നില്ല. വിവരമറിഞ്ഞ് പലരും ആ ഭാഗത്ത് നിൽപ്പായി വിഷമിച്ചു പലരും മാറത്ത് കൈവച്ചുപോയി. ഒരു വാക്ക് പറയാൻ ആർക്കും നാവു പൊങ്ങുന്നില്ല. അരുവി മാത്രം വിജയഭേരി മുഴക്കുന്നു. പരിഭ്രമം പരമകാഷ്ഠയിൽ എത്തി.
അപ്പോൾ കാണാം സ്വാമികൾ വലതുകൈയ്യിൽ ഒരു വിഗ്രഹം പൊക്കിപ്പിടിച്ച് ഇടതുകൈ പായൽ പറ്റിയ പാറചരിവിൽ ഊന്നി പൊങ്ങി പ്രത്യക്ഷനാകുന്നു. ആറ്റിൽ നിന്ന് അങ്ങനെ കുതിച്ചു പൊങ്ങിയ ഭഗവാന്റെ മുഖം നേരെ നോക്കാൻ എനിക്ക് കഴിഞ്ഞില്ല. അത്രക്കായിരുന്നു അതിന്റെ തേജസ്. അതൊരു വികസിച്ച അരുണാരവിന്ദം പോലെയായിരുന്നു. കണ്ണുകളുടെ പ്രദീപ്തി പറയാവതല്ല. പരമ ശാന്തയ്ക്ക് പകരം ആ മുഖത്ത് അപ്പോൾ അത്യുജ്ജല കാന്തി ആണ് വിളയാടിയത്. പൂജ സാമാനങ്ങൾ എടുത്തു കൊടുത്തത് ഞാനായിരുന്നു. അപ്പോഴൊന്നും ഗുരുദേവന്റെ മുഖത്ത് നോക്കാൻ എനിക്ക് ധൈര്യം വന്നില്ല. പ്രതിഷ്ഠാ വേളയിൽ ശിലയെ പീഠത്തിൽ വെച്ചപ്പോൾ ആ സ്ഥലത്ത് മുകളിലുള്ള ആകാശത്തിലൊരു കാന്തിക പ്രഭ യുണ്ടാകുകയും ശില പീഠത്തിൽ ഉറയ്ക്കുകയും ചെയ്തു. ഇങ്ങനെയാണ് ഗുരുദേവൻ അവിടുത്തെ അവതാര അത്ഭുതാംശം വെളിപ്പെടുത്തിയത് .🔥🙏🏼🙏🏼