Google Ads

Saturday, March 12, 2022

അനിയനും ചേട്ടനും

തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷന്‍.
 പുറത്തിറങ്ങിയപ്പോള്‍ കനത്ത മഴ. കഴക്കൂട്ടം കടന്നു പോകണം എനിക്ക്. മഴയത്ത് നനഞ്ഞു നില്‍ക്കുന്ന ഓട്ടോകളില്‍   ഒരെണ്ണം ഒഴികെ എല്ലാം കുട പിടിച്ച് ഓടിച്ചു പോയി. ശേഷിച്ച ഓട്ടോയില്‍ നിന്നും അതിന്‍റെ പൈലറ്റ് പ്രതീക്ഷയോടെ നോക്കുന്നത് മഴയിലൂടെ കാണാം. 

കുറച്ചു ദിവസം മുന്‍പ് ഇവിടെ ഇറങ്ങിയപ്പോള്‍ ഒരു പഴഞ്ചന്‍ ടാക്‌സി കണ്ടിരുന്നു. ഉള്ളില്‍ ചന്ദനത്തിരിയും പൂക്കളും ദൈവരൂപങ്ങളും എല്ലാം ഉള്ള ഇരിപ്പിടം പിഞ്ഞിയ ഇത്തിരി പതിയെ ഓടുന്ന പഴയൊരു അമ്പാസിഡര്‍..   ഓടാനുള്ള കരുത്തുണ്ടെങ്കില്‍ എനിക്ക് അത്തരം കാറുകളില്‍ ചെറിയ ദൂരമെല്ലാം സഞ്ചരിക്കാന്‍ ഇഷ്ടമാണ്. ഇന്നെന്തോ ആ കാറ് അവിടെ കാണാനില്ല. അതും ഓട്ടം പോയിരിക്കാം. ഒരു സാധു മനുഷ്യനാണ് അന്ന് അത് ഓടിച്ചിരുന്നത്. അന്ന് മഴയില്ലായിരുന്നു.

ഓട്ടോക്കാരന്‍ എന്നെ തന്നെ നോക്കുന്നുണ്ട്. മഴയാണെങ്കില്‍ എന്നെയും ബാഗും ഓട്ടോയും തിരുവനന്തപുരവും എല്ലാം നനക്കുന്നുണ്ട്. അടുത്തൊന്നും നിലക്കുന്ന പ്രശ്‌നമില്ല. 

ആ ഓട്ടോയില്‍ പോയാലോ..
അത്രയും ദൂരം പോകണ്ടെ..
അതിനിടക്ക് ആ അമ്പാസിഡര്‍ വന്നാലോ..
അത്ര പഴയതായിട്ടും അതാരാ ഇവിടുന്ന് പെറുക്കി കൊണ്ടുപോയത്..
എന്നെപോലെ ആ കാറ് രസിച്ച മറ്റാരെങ്കിലും ഉണ്ടാവും..

ഞാന്‍ ഓട്ടോക്കാരനോട് ഉച്ചത്തില്‍ ചോദിച്ചു.
ടാക്‌സി ഒന്നും ഇല്ലേ.. ഇന്ന്..?
ഓട്ടോക്കാരന്‍ സത്യം പറഞ്ഞു.
മഴയല്ലേ.. ഓട്ടം പോയി.
ഉത്തരത്തോട് ചേര്‍ന്ന് അടുത്ത ചോദ്യം അയാളില്‍ നിന്നും വന്നു.
എങ്ങോട്ടാ..?

ഞാന്‍ സ്ഥലം പറഞ്ഞു. സമ്മതം പോലും ചോദിക്കാതെ അയാള്‍ ഓട്ടോ എനിക്കു മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തി. ബാഗെടുത്ത് അകത്ത് വെച്ചു. ഞാന്‍ കൂലി ചോദിച്ചു. അന്നത്തെ ടാക്‌സിയേക്കാള്‍ ഇരുനൂറ് രൂപ കുറവാണ്. എന്നാലും അത്രയും ദൂരം ഈ കനത്ത മഴയത്ത് പോകാന്‍ ഒരു മടി. നല്ല തിരക്കുള്ള ഹൈവേ.. വേണോ..
പക്ഷെ അയാള്‍ മഴ നനഞ്ഞു തന്നെ ഇറങ്ങി വന്ന് ഓട്ടോയുടെ വശങ്ങളിലെ നീല വിരിപ്പുകള്‍ താഴ്ത്തി. ഞാന്‍ അകത്തു കയറി. ഇരിപ്പിടം പാതിയില്‍ അധികം നനഞ്ഞിരിക്കുന്നു. അകത്ത് നല്ലപോലെ ചാറല്‍ അടിക്കുന്നു. നല്ല കുളിര്. തലയിലും കണ്ണടയിലും കൈകളിലും എല്ലാം വീശിയടിക്കുന്ന മഴ. ബാഗുകളും നനയുന്നു. സാരമില്ലെന്ന് മനസ്സ് പറഞ്ഞു. 
മഴയല്ലേ.. മഴ നനയാന്‍ ഉള്ളതല്ലേ..

അപ്പോഴാണ് അത് സംഭവിച്ചത്. ഓട്ടോ പുറപ്പെടുന്നതിന്നു മുന്‍പു തന്നെ എനിക്ക് ഇഷ്ടമുള്ള ആ ടാക്‌സി വന്നു. അതില്‍ കയറിയാലോ എന്നൊരു ചിന്ത എന്നില്‍ വന്നതും തീരെ പ്രതീക്ഷിക്കാതെ ആ സാധുവായ ടാക്‌സിക്കാരന്‍ മഴയത്ത് ഇറങ്ങി വന്ന്  അതിലും പാവത്താനായ ഓട്ടോക്കാരനോട് കയര്‍ത്തു.  ആ ഓട്ടം പോകേണ്ടെന്ന് പറഞ്ഞു. ഓട്ടോക്കാരന്‍ അത് ശ്രദ്ധിക്കുന്നില്ല. യന്ത്രം പ്രവര്‍ത്തിപ്പിച്ചു. സമ്മതിക്കില്ലെന്ന വാശിയോടെ ടാക്‌സിക്കാരന്‍ മഴ നനഞ്ഞുകൊണ്ടുതന്നെ ഹാന്‍ഡില്‍ പിടിച്ചു. പറ്റൂല.. നീ പോവണ്ട..

എനിക്കൊന്നും മനസ്സിലായില്ല. അതൊരു തൊഴില്‍ പ്രശ്‌നം ആണെന്നാണ് ഞാന്‍ കരുതിയത്. ടാക്‌സിക്കാരന്‍ എന്നോടും പറഞ്ഞു. സാറിനെ ഞാന്‍ കൊണ്ടുവിടാം. ഇതില്‍ പൊവണ്ട. ഇവന്‍ ചോദിച്ച പണം മതി. വീണ്ടും ടാക്‌സിക്കാരന്‍ എന്തൊക്കെയോ പറയുന്നതിനിടെ ഓട്ടോക്കാരന്‍ ബഹളം വെക്കാതെ ഒഴിഞ്ഞുമാറി ഓട്ടോ എടുത്ത് പതിയെ വിട്ടു. ഞാന്‍ നോക്കുമ്പോള്‍ ഓട്ടോയ്ക്കും വല്ല്യ വേഗതയൊന്നും ഇല്ല. അതും മഴയെ പേടിച്ച് പതിയെ ആണ് ഓടുന്നത്. എന്താണ് കാറുകാരന്‍റെ  പ്രശ്‌നം എന്ന് ഞാന്‍ ചോദിച്ചു. ഓട്ടോക്കാരന്‍ പറഞ്ഞ തിരുവനന്തപുരം ഭാഷയെല്ലാം എന്‍റെ  ചെവിയില്‍ വീഴ്ത്താതെ മഴ നനച്ച് നിലത്തിട്ടു. എനിക്കൊന്നും മനസ്സിലായില്ല.

മുക്കാല്‍ മണിക്കൂറില്‍ അധികം ഓടി എനിക്കിറങ്ങേണ്ട സ്ഥലം എത്തുമ്പോഴേക്കും മഴ ശമിച്ചിരുന്നു. ഓട്ടോയില്‍ നിന്നും ഇറങ്ങി പണം കൊടുക്കാന്‍ ഒരുങ്ങിയതും എന്നെ അമ്പരപ്പിച്ചുകൊണ്ട് ആ ടാക്‌സിയും എനിക്കരികില്‍ എത്തി. ഇത്രയും ഡീസല്‍ കത്തിച്ച് ഇയാളെന്തിനാ ഞങ്ങളുടെ പിറകെ വന്നത്..!! വന്നതും വീണ്ടും ടാക്‌സിക്കാരന്‍ ഓട്ടോക്കാരനോട് കയര്‍ക്കാന്‍ തുടങ്ങി. ഒഴിഞ്ഞുമാറി കൂസലില്ലാതെ ഓട്ടോക്കാരന്‍ പോവാന്‍ ഒരുങ്ങിയതും ടാക്‌സിക്കാരന്‍ അയാളെ തടഞ്ഞു വട്ടം പിടിച്ചു നിര്‍ത്തി എന്നോട് സങ്കടം പറഞ്ഞു.

'സാറേ.. ഇവന് നെഞ്ചിന് വയ്യ. ഓപ്പറേഷന്‍ കഴിഞ്ഞതാ. ഒന്നൊതുങ്ങണവരെ പണിക്ക് പോവണ്ടാന്ന് പറഞ്ഞാ കേക്കൂല. ഞാന്‍ പണിയെടുക്കണില്ലേ. അതീന്നെടുത്താലും ഇവന്‍റെ കുടുംബം കഴിയില്ലേ...?..'

എനിക്ക് ഉത്തരമില്ലായിരുന്നു. 
ഞാനാ ടാക്‌സിക്കാരന്‍ ഏട്ടനെ നിശ്ശബ്ദം നോക്കി നിന്നു.
പിന്നെ ഓട്ടോക്കാരന്‍ അനിയന്‍റെ നെഞ്ചിലെ നീളന്‍ മുറിവില്‍ പതിയെ ഒന്നു തൊട്ടു.
അനിയന്‍ പുഞ്ചിരിച്ചു. 
ഞാന്‍ ചോദിച്ചു.
തിരിച്ച് ഓട്ടം കിട്ട്വോ..?

'അതെങ്ങിനെയെങ്കിലും ഞാന്‍ ഒപ്പിക്കും. എന്നാ എന്‍റെ  പിന്നാലെ ഓടി വന്ന് ഏട്ടന്‍ ഉള്ള ഡീസലും തീര്‍ക്കും. എനിക്കതാ പേടി. '
 
അനിയന്‍റെ  ഉത്തരത്തിന് ഏട്ടനിലെ ഭീതിയകറ്റുന്ന കരുത്തുണ്ടായിരുന്നു. 
.............................................

സ്‌നേഹം നിറവുള്ളതാണെങ്കില്‍ അത് ഒരു മഴയിലും നനഞ്ഞു കുതിരില്ല. അത് സ്‌നേഹമില്ലായ്മയുടെ മഴ ചുറ്റും പെയ്യുന്നതേ അറിയില്ല..

അവരില്‍ ഭാഗ്യവാന്‍ ആരാണ്..
ചേട്ടനോ അനിയനോ..
ടാക്‌സിയോ.. ഓട്ടോയോ..
അതല്ല എല്ലാം കണ്ടു നിന്ന ഞാനോ..
മഴ ഉത്തരം തരട്ടെ ...

        *രഘുനാഥ്‌ പലേരി*