Google Ads

Saturday, December 9, 2017

ഗൃഹ്യാചാരങ്ങളും ശാസ്ത്രവും

ഓരോശിശുവും ജനിച്ച് ഭൂസ്പര്‍ശനം മുതല്‍ അന്ത്യേഷ്ഠിയായ ശ്മശാനാഗ്നിയില്‍ ശരീരം കത്തി തീരുന്നതുവരെ അതി പ്രധാനങ്ങളായ ഷോഡശ-പതിനാറ്-സാമൂഹ്യ സംസ്‌കാരങ്ങള്‍ ഓരോ വ്യക്തിക്കുമുണ്ട്. പ്രത്യേകമായി ഷോഡശ സംസ്‌കാര കര്‍മ്മങ്ങള്‍ എന്നുതന്നെയാണ് ഇതറിയപ്പെടുന്നത്. ജനനം മുതല്‍ മനുഷ്യ ശിശുവിനെ, ഒരു നല്ല വ്യക്തിയായി ജീവിക്കാന്‍ വേണ്ടി, സംസ്‌കരിച്ചെടുക്കുന്നതുകൊണ്ടാണ് ഈ പ്രക്രിയ സംസ്‌കാരം എന്നറിയപ്പെടുന്നത്. ഷോഡശകര്‍മ്മങ്ങളിലെ ഓരോ സംസ്‌കാരക്രിയയിലും അനവധി ആചാരതന്തുക്കളുണ്ട്. ആത്മീയതയും ഭൗതികതയും കൈകോര്‍ത്ത് വരുന്ന സാമൂഹ്യ ശാസ്ത്രത്തിന്റെ അടിസ്ഥാനമാണിത്. ആത്മീയതയേക്കാള്‍ കൂടുതലായുള്ള ശാസ്ത്രീയ വശങ്ങളാണ് ഇവിടെ വിവരിക്കുന്നത്.
ഷോഡശകര്‍മ്മങ്ങള്‍:
ഗര്‍ഭാധാനേ പുംസവനേ സീമന്തോന്നയനേ തഥാ
ജാതകര്‍മ്മാനനാലോകനാമ നിഷ്‌ക്രണാദിഷു
അന്നപ്രാശന ചൂഡാസു തഥോപനയനേള പി ച
വേദവ്രതേ സമാവൃത്തൗ വിവാഹേ പുത്രകാമ്യയോ
ഗ്രഹപ്രവേശേചാധാനേ യജ്ഞേ നവ്യാന്ന ഭോജനേ
ഗര്‍ഭധാനം, പുംസവനം, സീമന്തം, ജനനശേഷമുള്ള ജാതകര്‍മ്മം, സൂര്യദര്‍ശനമെന്ന നിഷ്‌ക്രമണം, അന്നപ്രാശനം, ചെവികുത്തലെന്ന ചൂഡാകര്‍ണം, കഠിബന്ധനം എന്ന നൂല്‌കെട്ട്, നാമകരണം, ഉപനയനം, വിദ്യാരംഭം, വേദപഠനം, സമാവൃത്തനം, വിവാഹം, പുത്രാധാനം, ഗൃഹപ്രവേശം എന്നീ പ്രകാരമുള്ള ഷോഡശകര്‍മ്മങ്ങള്‍ ഉണ്ട്.

ജാതകര്‍മ്മം: അന്ധവിശ്വാസത്തിന്റെ പരമമായ ഉദാഹരണമായിട്ടാണ് ജാതകത്തെയും ജ്യോതിഷത്തെയും പുരോഗമനവാദികള്‍ കാണാറുള്ളത്. ജ്യോതിഷത്തിന്റെ അടിസ്ഥാനം ഭാരതീയര്‍ക്കറിയാമായിരുന്നു. ഇന്ന് വ്യക്തമായി അറിയുന്ന ജ്യോതിശ്ശാസ്ത്രതത്ത്വങ്ങള്‍ സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ഇവിടെ ശരിയായി വിവരിച്ചിരുന്നു. അതിസൂക്ഷ്മവും അത്യാധുനികവുമായ ശാസ്ത്രാടിസ്ഥാനത്തിലൂടെ ഗ്രഹങ്ങളുടെ ഗതിവിഗതി ഗണനക്രിയകള്‍ ഭാരതീയര്‍ കണ്ടുപിടിച്ചുപയോഗിച്ചിരുന്നു.

ജാതകര്‍മ്മത്തില്‍ കുഞ്ഞ് ജനിച്ച സമയത്ത് സൂര്യനും ചന്ദ്രനും മറ്റു ഗ്രഹങ്ങളും ഈ പ്രപഞ്ച ചക്രത്തില്‍ എവിടെ സ്ഥിതിചെയ്യുന്നു എന്നുമാത്രമാണ് രേഖപ്പെടുത്തുന്നത്. പ്രപഞ്ചചക്ര ശാസ്ത്ര സത്യം മാത്രമാണ് കൃത്യമായി ജാതകര്‍മ്മത്തില്‍ തലക്കുറിയായി ഗണിച്ചെഴുതുന്നത്. ഈ ഗണിതക്രിയ ശാസ്ത്രീയമാണ്. ജനനസമയത്ത് കുഞ്ഞിന്റെ ശിരോ ദര്‍ശനവേളയിലോ ഭൂസ്പര്‍ശന വേളയിലോ പൊക്കിള്‍ക്കൊടി മുറിക്കുന്ന വേളയിലോ ഉള്ള ഗ്രഹസ്ഥിതി എഴുതാമെന്ന് ആചാരമുണ്ട്. ഇപ്രകാരമുള്ള ഗ്രഹങ്ങളുടെ ഏകദേശ സ്ഥിതി വരുന്നത് കൃത്യം അറുപതാം വയസ്സുതികയുന്ന നക്ഷത്ര പിറന്നാളിലാണ്. അതുകൊണ്ടുതന്നെയാണ് ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷിക്കുന്നതും. പ്രപഞ്ച ചക്രത്തിലെ സര്‍വചരാചരങ്ങളും മനുഷ്യസമൂഹത്തെ സ്വാധീനിക്കുന്നുണ്ട്. അവയില്‍ ഏറ്റവുമധികം സ്വാധീനിക്കുന്ന മൂന്ന് പ്രമുഖ ശക്തികളാണ് ഭൂമിയും സൂര്യനും ചന്ദ്രനും. ഇവയുടെ മൂന്നിന്റെയും പ്രാധാന്യമനുസരിച്ചാണ് ശാസ്ത്രീയമായി രാശി ചക്രത്തില്‍ ലഗ്നവും മാസനാമവും നക്ഷത്രനാമവും യഥാക്രമം വരുന്നത്. (മേടലഗ്നത്തില്‍, ചിങ്ങമാസത്തില്‍, വിശാഖം നക്ഷത്രത്തില്‍ ജനിച്ചു എന്നതുപോലുള്ള വിവരണം ഇതിന്റെ അടിസ്ഥാനത്തിലാണ്). ജ്യോതിഷിയോ പുരോഹിതനോ വിളക്കിനു മുന്നില്‍, സാധാരണ പൂജകള്‍ക്കുശേഷം ഗണിച്ചെഴുതേണ്ടതാണീ ജാതകം. അത്യാധുനിക ശാസ്ത്രത്തിന്റെ ഭാഷയില്‍ വിവരിച്ചാല്‍ മൈക്രോകോസം (മനുഷ്യശരീരം) ജനിച്ചപ്പോള്‍ മാക്രോകോസം (പ്രപഞ്ചം) എങ്ങനെയുണ്ടായിരുന്നു എന്ന് ഗണിതത്തിലൂടെ സൂചിപ്പിക്കുന്നു.

നിഷ്‌ക്രമണം: ജനനശേഷം പ്രപഞ്ചതേജസ്സിന്നാധാരമായ സൂര്യദര്‍ശനമാണ് ഇതിന്റെ പ്രധാന ചടങ്ങ്. ബന്ധുമിത്രാദികളുമായി കുഞ്ഞിന് സമ്പര്‍ക്കം സാധ്യമാകുന്ന ഘട്ടം വരെ ഗൃഹാന്തരീക്ഷത്തില്‍ ഒതുങ്ങി കൂടിയിട്ട് ശരീരത്തിന് സ്വയം രോഗപ്രതിരോധ ശക്തിയുണ്ടായതിനുശേഷം ബാഹ്യാന്തരീക്ഷത്തിലേക്കും സമൂഹത്തിലേക്കും ഇറങ്ങുവാന്‍ തുടക്കം കുറിക്കുന്ന ഒരു ചടങ്ങാണിത്. വിളക്കു കത്തിച്ചുവച്ച് പ്രത്യേക പൂജകള്‍ നടത്തി അമ്മയും അച്ഛനും ഒരു നല്ല ദിവസം, നല്ല സമയത്ത് കിഴക്കുവശത്തുള്ള തുളസിത്തറവരെ കൊണ്ടുപോയിട്ടാണ് ഇതാചരിക്കുന്നത്.

ചൂഡാകര്‍ണം: പ്രകൃതി നല്‍കിയ ശരീരത്തില്‍ ഒരാഭരണം, സമൂഹത്തിലെ സൗന്ദര്യബോധം ജനിപ്പിക്കലിനാണ്, ശരീരത്തില്‍ ആദ്യമായി അറിഞ്ഞുകൊണ്ടുണ്ടാക്കുന്ന മുറിവാണിത്. ചെറിയതോതില്‍ ബാഹ്യാന്തരീക്ഷത്തില്‍ നിന്നും രോഗാണു പ്രവേശം ഈ സമയത്ത് നടക്കുന്നതിനാല്‍ കുഞ്ഞുശരീരം ആദ്യമായി പ്രതികരിക്കുന്നതിപ്പോഴായിരിക്കും. സംസ്‌കരിക്കപ്പെടുന്നതിന്റെ മറ്റൊരു പടിയാണിത്. ആഭരണം, ആകര്‍ഷണം, സാമൂഹ്യ രീതികള്‍ ഇവയെല്ലാം അറിയുന്നതിന്റെ തുടക്കവും.

കടപ്പാട്