ഒരിക്കല്‍ ഒരു ഷൂസ് / ചെരുപ്പ് കച്ചവടക്കാരന്‍ വാറുണ്ണി ചേട്ടന്‍ തന്‍റെ മകനെ ബിസിനസ് മാനേജ്‌മന്റ് പഠിപ്പിക്കാന്‍ അമേരിക്കയിലേക്ക് പറഞ്ഞയച്ചു.
അമേരിക്കയില്‍ നിന്നും ബിസിനസ് മാനേജ്‌മന്റ് പഠിപ്പ് കഴിഞ്ഞ് മകന്‍ അമേരിക്കന്‍ സ്റ്റൈലില്‍ നാട്ടില്‍ തിരിച്ചെത്തി.
പിന്നീട് മകന് നാട്ടിലെ ബിസിനസ് സ്റ്റൈല്‍ ഒന്നും പിടിക്കാതെയായി.
മകന്‍ അപ്പനെ അമേരിക്കന്‍ സ്റ്റൈല്‍ ഉപദേശിക്കാനും പഠിപ്പിക്കാനും തുടങ്ങി.
അപ്പനുണ്ടോ വിടുന്നു. അപ്പന്‍ മോനോട് പറഞ്ഞു
: എടാ മോനേ, നീ ഇന്നല്ലേ അമേരിക്കയില്‍ നിന്ന് ബിസിനസ് പഠിച്ചുവന്നത്. നീ ജനിക്കുന്നതിനു മുന്‍പ് ഈ കച്ചവടം തുടങ്ങിയവനാ നിന്റപ്പനായ ഈ ഞാന്‍ ... ആ എന്നെ നീ കച്ചവടം പഠിപ്പിക്കണ്ട. "മാര്‍പ്പാപ്പയെ കുരിശു വരക്കാന്‍ പഠിപ്പിക്കല്ലേ മോനേ ....."
ഇതുപോലെ ഓരോന്നും പറഞ്ഞ് അപ്പനും മോനും ഇടയ്ക്കിടയ്ക്ക് വഴക്കിടും.
ഒരു ദിവസം രാത്രി കട അടയ്ക്കാറായ സമയത്ത് ഒരാള്‍ അവിടെ ഒരു ജോഡി ഷൂസ് വാങ്ങാന്‍ വന്നു.
ഷൂസ് എല്ലാം നോക്കി ഇഷ്ടപ്പെട്ടു, അതില്‍ നിന്ന് ഒരെണ്ണം തെരഞ്ഞെടുത്തു.
എന്നിട്ട് പറഞ്ഞു : വാറുണ്ണി ചേട്ടാ, കുറച്ചു പൈസയുടെ കുറവുണ്ടല്ലോ. ബാക്കി പൈസ നാളെ രാവിലെ കൊണ്ടുവന്നു തന്നാല്‍ പോരെ?
"അതിനെന്താ സ്നേഹിതാ, നീ നാളെ കൊണ്ടുവന്നു തന്നാല്‍ മതി." ഇത് പറഞ്ഞ് വാറുണ്ണി ചേട്ടന്‍ ഷൂസ് എടുത്ത് അകത്തുകൊണ്ടുപോയി നന്നായി പായ്ക്ക് ചെയ്ത് അദ്ദേഹത്തിന് കൊടുത്തു, പറഞ്ഞുവിട്ടു.
തുടര്‍ന്ന് മകന്‍ അപ്പനോട് പറഞ്ഞു
: അപ്പന്‍റെ ഈ നയം ശരിയല്ല. അത്ര പരിചയമില്ലാത്ത ഒരാള്‍ക്ക് ഇങ്ങനെ കടം കൊടുത്താല്‍ ആ പൈസ നഷ്ടമാകില്ലേ? അയാള്‍ നാളെ ആ പൈസ കൊണ്ടുവന്നു തരും എന്ന് എന്താണ് ഉറപ്പ്?
വാറുണ്ണി ചേട്ടന്‍ : അയാള്‍ പൈസയും കൊണ്ട് നാളെ രാവിലെതന്നെ ഇവിടെ വരും. സംശയമുണ്ടെങ്കില്‍ നീ നാളെ നോക്കിക്കോ."
ഇത് പറഞ്ഞ് ഇരുവരും കടയടച്ച് വീട്ടിലേക്ക് പോയി.
അടുത്ത ദിവസം രാവിലെ അപ്പനും മകനും കൂടി കട തുറക്കാന്‍ അവിടെ ചെന്നപ്പോള്‍, അതാ തലേ ദിവസം ഷൂസ് വാങ്ങാന്‍ വന്ന ആള്‍ അവിടെ നില്‍ക്കുന്നു. അകലെ നിന്നുതന്നെ അപ്പനും മോനും അയാളെ കണ്ടു.
വാറുണ്ണി ചേട്ടന്‍ : ഇപ്പൊ എങ്ങനെയുണ്ട് മോനേ ഞാന്‍ പറഞ്ഞത്? ദാ നോക്ക്, ഇന്നലെ വന്ന ആള്‍ നമ്മളേയും കാത്തു നില്‍ക്കുന്നു. കണ്ടോ, എത്ര നല്ല ആള്‍ക്കാരാ ! ....
മകന്‍ : (അതിശയത്തോടെ) ങേ, ശരിയാണല്ലോ, ഇന്നത്തെകാലത്തും ഇത്രയും നല്ല മനുഷ്യരുണ്ടോ? എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.
കടയുടെ അടുത്തെത്തിയപ്പോള്‍ ഷൂസ് വാങ്ങിയ ആള്‍ തന്‍റെ കൈയ്യിലെ പാക്കറ്റ് തുറന്ന് വാറുണ്ണി ചേട്ടനെ കാണിച്ചുകൊടുത്തു പറഞ്ഞു
"വാറുണ്ണി ചേട്ടാ, ഇന്നലെ കൊണ്ടുപോയ ഷൂസ് ഇല്ലേ, അത് രണ്ടും രണ്ടു സൈസ് ആണ്. ഒന്ന് ചെറുതും ഒന്ന് വലുതും."
വാറുണ്ണി ചേട്ടന്‍ : അയ്യോ, അതെന്താ അപ്പൊ അങ്ങനെ ഉണ്ടായേ? ഇനി ചിലപ്പോ പായ്ക്ക് ചെയ്യുന്ന സമയത്ത് മാറിപ്പോയതായിരിക്കും. സാരല്ല്യാ ... അതിപ്പോതന്നെ മാറ്റി തരാം. ബാക്കി പൈസ കൊണ്ടുവന്നിട്ടുണ്ടല്ലോ അല്ലേ?
ഉവ്വ്, ഇതാ ബാക്കി പൈസ ...'
അദ്ദേഹം ബാക്കി പൈസ വാറുണ്ണി ചേട്ടന് കൊടുത്തു, വാറുണ്ണി ചേട്ടന്‍ ശരിയായ ഷൂസ് പൊതിഞ്ഞു കൊടുക്കുകയും ചെയ്തു.
അയാള്‍ പോയതിനു ശേഷം അത്രയും നേരം ചിരി അടക്കിപ്പിടിച്ച മകന്‍ പൊട്ടിച്ചിരിച്ചു പറഞ്ഞു :
അല്ലപ്പാ, ഇന്നലെ രാത്രി ഈ ഷൂസ് മാറ്റം എങ്ങനെ നടത്തി മുച്ചീട്ടുകളിക്കാരെപ്പോലെ ?
വാറുണ്ണി ചേട്ടന്‍ : എടാ മോനേ, അയാള്‍ പൈസ കുറവുണ്ട് എന്ന് പറഞ്ഞപ്പോഴേ എനിക്ക് കാര്യം പിടികിട്ടി. നമുക്ക് വേണ്ടത് ബിസിനസ് അല്ലേ? അകത്തുപോയി പായ്ക്ക് ചെയ്യുന്ന സമയത്ത് ഒരു ഷൂസ് ഒന്ന് മെല്ലെ മാറ്റി വേറെ ഒന്ന് വച്ചു പൊതിഞ്ഞു കൊടുത്തു. രണ്ടു സൈസ് ഷൂസ് ഇട്ട് അയാള്‍ എന്തായാലും നടക്കില്ല. അപ്പോള്‍ പിന്നെ ഇങ്ങോട്ടുതന്നെ വന്നേ പറ്റൂ. വരുമ്പോള്‍ പൈസയും കിട്ടും. ഇപ്പോള്‍ കണ്ടില്ലേ?
മകന്‍ : എന്നാലും എന്‍റെ അപ്പനെ സമ്മതിച്ചു.
വാറുണ്ണി ചേട്ടന്‍ : എടാ മോനേ, അമേരിക്കയില്‍ പോയാലോന്നും ഈ ബിസിനസ് പഠിക്കാന്‍ പറ്റില്ല. അതറിയോ? ബിസിനസ് ചെയ്യാന്‍ വെറും ബുദ്ധി മാത്രം പോരാ. അല്‍പം കുരുട്ടുബുദ്ധികൂടി വേണം. ഇലക്കും മുള്ളിനും കേടില്ലാത്ത വിധം ആ തന്ത്രം പ്രയോഗിക്കണം. അപ്പോള്‍ ഏതു ബിസിനസ്സും വിജയിക്കും."