Google Ads

Monday, July 3, 2017

ഞാൻ ഹിന്ദു

ജനിച്ചു വീണപ്പോൾ അമ്മൂമ്മ വിളക്ക് കൊളുത്തിവെച്ചുകൊണ്ട് തുടക്കം കുറിച്ചു . പതിനൊന്നാം ദിവസം കുളിപ്പിച്ചു, ദീപം സാക്ഷിയായി ഇരുപത്തിഎട്ടിനു എന്നെ പേര് വിളിച്ചു, പിന്നെ ദൈവം സാക്ഷിയായി ചോറൂണ്, ദൈവ സന്നിധിയിൽ നാവിൽ ആദ്യാക്ഷരം എഴുതിച്ചു.

അക്ഷരങ്ങളെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ പുസ്തകങ്ങളെ ദൈവം എന്ന് വിളിക്കാൻ പറഞ്ഞു അതിനെ പൂജിക്കാൻ പഠിപ്പിച്ചു, വിദ്യാലയങ്ങളെ ദേവാലയങ്ങളായി കാണുവാൻ പഠിപ്പിച്ചു, വിദ്യയാണ് ഏറ്റവും വലിയ ധനമെന്നും പഠിപ്പിച്ചു, അധ്യാപകരെ ബഹുമാനിക്കാൻ പറഞ്ഞു തന്നു. മുതിർന്നവരെ ചവിട്ടിയാൽ തൊട്ടു നെറ്റിയിൽ വെക്കാൻ പഠിപ്പിച്ചു.....
മാതാവും, പിതാവും, ഗുരുവും പ്രത്യക്ഷ ദൈവങ്ങളെന്നു പറഞ്ഞു തന്നു....മുതിർന്നപ്പോൾ സ്വന്തം കർമ്മമാണീശ്വരനെന്നും പറഞ്ഞു തന്നു.

മരണത്തിനു സാക്ഷിയായി നിന്നപ്പോൾ അവിടെയും ദീപവും മന്ത്രവും സാക്ഷിയായി നിന്നു. പിന്നെ ബലികാക്കക്കൾക്ക് ബലിചോറു നൽകുമ്പോൾ എന്താണ് ഞാൻ എന്ന് ഒരു വട്ടം ചോദിച്ചു ... എന്റെ പിൻ തലമുറകളെ സ്മരിക്കാൻ ഒരു ദിവസം എന്നു പറഞ്ഞു തന്നു..... ആഡംബരം ചൊല്ലി ആഘോഷിച്ച ഫ്രണ്ട്ഷിപ് ഡേയും വാലാൻററയിന്‍സ്ഡേയും ഉൾപ്പടെ, പരിഷ്ക്കാരി കണ്ടെത്തിയ മറ്റേതൊരു വിദേശ ആഘോഷങ്ങൾക്കും മുകളിലായിരുന്നു എന്റെ ആചാരാനുഷ്ഠാനങ്ങളും.

ക്ഷേത്രത്തിൽ കയറിയപ്പോൾ വാൽക്കണ്ണാടി പ്രതിഷ്ഠ, എന്നെ ചൂണ്ടി നീയാണ് ദൈവം എന്ന് പറഞ്ഞു..... ദൈവവും അതിനാൽ നമ്മളാല്‍ സൃഷ്ടിക്കപെട്ടതാണ് എന്ന് പറഞ്ഞു നടക്കുന്നവർക്ക് മുന്നിൽ നന്മയുള്ള മനസിലാണ് ദൈവം, ചുറ്റുമുള്ള ഓരോ വസ്തുവും ദൈവം ആണെന്ന് മനസിലാക്കി നെഞ്ചുയർത്തി നടക്കാൻ പഠിപ്പിച്ചു. ഏകദൈവമായ പരബ്രഹ്മവും മുപ്പത്തിമുക്കോടി ദേവതകളും എന്തെന്നു ഞാൻ മനസ്സിലാക്കി.... ഞാൻ എന്റെ മതത്തിന്റെ മതിൽ കെട്ടിനുള്ളിൽ ബന്ധനസ്ഥനല്ല എന്ന് കാണിച്ചു തന്നു. മതം ഇത് വരെ നിർബന്ധമായി ഒന്നും ചെയ്യാൻ എന്നോട് നിർദേശിച്ചില്ല, എന്നെ പേടിപെടുത്തിയില്ല, എന്റെ മാർഗം എന്നോട് തിരഞ്ഞെടുക്കാൻ പറഞ്ഞു.. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളേയും പിഴുതെറിയാൻ എനിക്കായത് ഈ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.... അതുകൊണ്ടാവാം ഒരുപാട് മാറ്റങ്ങൾ എന്റെ രാജ്യം കാണേണ്ടിവന്നത് ...

*ഞാൻ ഹിന്ദു എന്ന് പറഞ്ഞതാണ് നിനക്ക് എന്നിലെ വർഗീയതയായി തോന്നിയതെങ്കിൽ അത് എന്റെ സംസ്കാരമാണ് ..* എന്റെ ആചാരങ്ങൾ ആണ് നിനക്ക് വർഗീയതയായി തോന്നിയതെങ്കിൽ അത് എന്റെ ഭാരതത്തിന്റെ സംസ്ക്കാരങ്ങൾ ആയിരുന്നു ..

മഹത്തായ എന്‍റെ ഭാരതസംസ്കാരത്തെക്കുറിച്ച് എനിക്ക് എന്നും അഭിമാനമേയുള്ളൂ. വ്യാസനും, വാല്മീകിയും, കാളിദാസനും, മഹിമനും, മമ്മടനും,മഹിമഭട്ടനും, ഭാസനും, ഭാമഹനും, സംസ്കാരം ഊട്ടിവളര്‍ത്തിയ ഭാരതം...!. നാരദന്‍ പകര്‍ന്നുനല്‍കിയ സംഗീതം, ധന്വന്തരിയും നാഗാര്‍ജ്ജുനമഹര്‍ഷിയും നമുക്കുനല്‍കിയ ആയുര്‍വേദം, പതഞ്‌ജലി മഹര്‍ഷി ഭാരതത്തിന്‌ നല്‍കിയ യോഗ സൂത്രം, ഭരദ്വാജ മഹര്‍ഷി ലോകത്തിന് നല്‍കിയ വിമാന വൈജ്ഞാനീയം, മാധവാചാര്യന്‍ "പൂജ്യം" ഉള്‍പ്പടെ ഗണിത ശാസ്ത്രത്തിന് നല്‍കിയ വലിയ സംഭാവന, വേദങ്ങളിലെ ഗണിതം,കടപയാദി ഗണിത ശൈലി അടക്കം അങ്ങനെ എത്ര എത്ര മഹത്തരമായ സംഭാവനകള്‍ ഭാരതം ലോകത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.?!!!. അഹം വന്ദേ മഹാ ഭാരതം!!!എന്ന് തന്നെ പറയേണ്ടി വരും....

എന്റെ പൂര്‍വികരെക്കുറിച്ച് എനിക്ക് അഭിമാനം ആണ്... ലോകം മുഴുവന്‍ ജുതന്‍മാരെ അക്രമിച്ചപ്പോഴും എന്റെ മഹത്തായ രാജ്യം മാത്രമേ അവര്‍ക്ക് ഇടം നല്‍കിയിട്ടുള്ളൂ... ഇന്നും എനിക്ക് കാണാം ഇസ്രായേലി ജനത നന്ദിയോടെ അത് അവരുടെ പുസ്തകങ്ങളില്‍ പഠിപ്പിക്കുന്നത്‌.. അത് എനിക്ക് അഭിമാനം ആണ്...കാരണം അതാണ് എന്‍റെ രാജ്യം...
ഇസ്ലാമിന്റെ പടയോട്ടത്തിൽ പേർഷ്യയിൽ നിന്നും ജീവനും കൊണ്ട് പാലായനം ചെയ്ത് ഇവിടേക്കുവന്ന പാഴ്സി സഹോദരൻമാരെയും ഞങ്ങളിൽ ഒരാളായി കരുതി ഇവിടെ ഇടം നൽകി സംരക്ഷിച്ചു.
കടന്നു വന്ന എല്ലാ മത വിശ്വാസങ്ങളേയും ഞങ്ങൾ അംഗീകരിച്ചു. കാരണം എല്ലാ വിശ്വാസങ്ങളും പരമമായ ഏക സത്യത്തിലെക്കെത്തിച്ചേരുന്നു എന്ന ഞങ്ങളുടെ തിരിച്ചറിവ്....

എനിക്ക് അറിയാം ..എന്റെ മതം പഠിപ്പിച്ച സഹിഷ്ണുത കാരണം പലരും അത് മുതലെടുത്തിട്ടുണ്ട് എന്ന് ...പക്ഷെ എങ്കിലും ഞാന്‍ പറയും ..അഭിമാനത്തോടെ ..ഞാന്‍ ഹിന്ദു ആണ് എന്ന്..

പിന്നെ എനിക്ക് ആരെയും പ്രീതി പെടുത്താൻ ഇല്ല, കാരണം ഞാൻ ഹിന്ദു ആണ് .. പ്രീതിപെടുത്തിയും പേടിപ്പിച്ചും ഒന്നും നേടാൻ ആഗ്രഹിച്ചിട്ടില്ല...... മറ്റുള്ളവരെ എന്റെ വിശ്വാസത്തിലേക്കു പ്രലോഭിപ്പിച്ചോ ബലമായൊ കൊണ്ടും വരാൻ പോലും.....
എന്റെ ആഘോഷങ്ങൾ ആണ് നിന്റെ പ്രശ്നമെങ്കിൽ തല ഉയർത്തി തന്നെ പറയും ഈ ലോകത്തിലെ എല്ലാ നല്ല ആഘോഷങ്ങളും ഇവിടെ എന്റെ ഈ ഭാരതത്തിലാണ്..... എന്നാലും മറ്റുള്ളവരുടെ ആഘോഷങ്ങളിൽ ഞാനും പങ്കുകൊള്ളുന്നു...

എന്തു തന്നെ സംഭവിച്ചിലും ഞങ്ങൾ ചൊല്ലുന്ന മന്ത്രം 'ലോകാ സമസ്ഥാ സുഖിനോ ഭവ:ന്തു' എന്നു മാത്രമായിരിക്കും. ഞാൻ ധർമ്മത്തെ രക്ഷിച്ചാൽ ആ ധർമ്മം എന്നെയും രക്ഷിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
അതിനാൽ ഞാൻ ഹിന്ദുവായി തന്നെ തുടരുകയും ചെയ്യും.