ആദ്യവാക്ക് : പ്രണയമായാലും അത് അച്ഛനെയും അമ്മയെയും കണ്ടു പഠിക്കണം എന്ന് നമ്മളെ പഠിപ്പിച്ചു കൊണ്ട് ഉലഹന്നാനും കുടുംബവും പ്രേക്ഷകമനസ്സിലേക്ക് പടർന്നു കയറി തുടങ്ങിയിരിക്കുന്നു.
സാധാരണക്കാരനായ ഒരു പഞ്ചായത് സെക്രെട്ടറിയാണ് ഉലഹന്നാൻ അഥവാ ഉന്നച്ഛൻ (മോഹൻലാൽ). ഭാര്യ ആനിയമ്മയും (മീന) 2 മക്കളും അടങ്ങുന്ന ചെറിയ
കുടുംബം. ഒരിക്കൽ എങ്ങോ നഷ്ടപ്പെട്ടുപോയ തന്റെ മനസ്സിലെ പ്രണയം തനിക്ക് തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹം ഉന്നച്ഛനിൽ ഉണ്ടാകാൻ തുടങ്ങിയ സമയം അദ്ദേഹത്തിന്റെ ജീവിതത്തിലും കുടുംബത്തിലും തന്നെ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുന്നു. ആ മാറ്റങ്ങളിലൂടെ ഉള്ള ഒരു കൊച്ചു മനോഹരയാത്രയും ഒരു ചെറിയ സന്ദേശവും ആണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമ.
നായകൻറെ ആ സിമ്പിൾ ഇന്ററോയിൽ തുടങ്ങുന്ന സിനിമ, നായകൻറെ ദൈനദിന കാര്യങ്ങളിലെ കാഴ്ചകളിലൂടെയും കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെയും ആദ്യ പകുതി രസകരമായ രീതിയിൽ തന്നെ മുന്നോട്ടുപോയി. പിന്നീട് അങ്ങോട്ട് പ്രണയം ആയിരുന്നു. കല്യാണം കഴിഞ്ഞാലും പ്രണയം അവസാനിക്കുന്നില്ല എന്ന് പ്രേക്ഷകന് കാണിച്ചു തരുന്ന പ്രണയം. അവസാന സീനുകളിൽ എത്തുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ അൽപ്പം ആകാംഷ ഉണ്ടാകും. പക്ഷേ ആ ആകാംഷയെ ഒക്കെ പെട്ടെന്ന് മാറ്റിമറിപ്പിച് കൊണ്ട് നമുക്ക് ഇഷ്ടമാകുന്ന രീതിയിലേക്ക് ഒരു ക്ലൈമാക്സ് ഉം ഒരുക്കി സിനിമ അവസാനിച്ചു.
ഒരു ചെറിയ കഥയും അതിനെ മനോഹരമായരീതിയിൽ അവതരണവും കൂടിയായപ്പോൾ മുന്തിരിവള്ളികൾ ശരിക്കും പൂത്തുലയുകയായിരുന്നു പ്രേക്ഷക ഹൃദയങ്ങളിലേക്ക്. ഒരു ഫാമിലി എന്റർടൈന്മെന്റ് ആവശ്യപ്പെടുന്നത് എന്തൊക്കെയാണോ അതൊക്കെ ഈ സിനിമയിൽ ലളിതമായ രീതിയിൽ ആവിഷ്‌ക്കരിച്ചിട്ടുണ്ട് സംവിധായകൻ. My Wife is My Life ഇതിലും നല്ല ഒരു ടാഗ് ലൈൻ ഈ സിനിമയ്ക്ക് ആവശ്യമില്ല.
പ്രണയം അത് ഇത്രയേറെ മനോഹാരമാക്കാൻ മോഹൻലാലിനെ സാധിക്കൂ. ആ ഒരു കള്ളച്ചിരി ഒക്കെ തീയേറ്ററിലെ പ്രേക്ഷകരിൽ തീർതത് നല്ല ഒരു ഓളം തന്നെ ആയിരുന്നു.
ദ്വയാർത്ഥ പ്രയോഗങ്ങൾ ഒരുപാട് ഉണ്ട് ഈ സിനിമയിൽ , എങ്കിലും ഞാൻ ഈ സിനിമ എന്റെ ഫാമിലിയെ കാണിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. കാരണം ഈ സിനിമ പറയുന്ന ത്രെഡിൽ ആ ദ്വയാർത്ഥങ്ങൾ ഒക്കെ ഒഴുകിപ്പോകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
വീട്ടിൽ വളർന്നു വരുന്ന കുട്ടികൾക്ക് യഥാർത്ഥ ഒരു പാഠം തന്നെ ആണ് സിനിമ. രജിസ്റ്റർ ഓഫീസിലേക്ക് വരുന്ന ആ ഒരു അച്ഛന്റെയും അമ്മയുടെയും ഒക്കെ സീൻ ശരിക്കും ടച്ചിങ് ആയിരുന്നു.
വ്യത്യസ്തമായ കഥാപാത്രങ്ങൾ തുടരെ തുടരെ കിട്ടുക എന്നതും അത് വിജയിപ്പിക്കുക ഒരു നടനെ സംബധിച്ചിടത്തോളം ഭാഗ്യം തന്നെ ആണ്. എന്തായാലും ആ ഭാഗ്യം ഇപ്പോ ലാലേട്ടനോടൊപ്പം ഉണ്ട് എന്നത് തുടരെ തുടരെ വരുന്ന കഥാപാത്രങ്ങളും അതിന്റെ വിജയവും നമുക്ക് കാട്ടിത്തരുന്നു. കോപിഷ്ടനായ സർക്കാർ ഉദ്യോഗസ്ഥനായും ആദ്യമൊന്നും ഭാര്യയെ അതികം ഗൗനിക്കാത്ത ഭർത്താവായും പിന്നീട് ഭാര്യയെയും കുടുംബതെയും സ്നേഹം കൊണ്ട് പൊതിയുന്ന ഭർത്താവായും ഒക്കെ ലാൽ നമുക്ക് മുന്നിൽ ഭാവങ്ങൾ കൊണ്ട് അഭിനയിക്കുകയായിരുന്നു ഓരോ സീനിലും. നാം പലപ്പോഴും ആഗ്രഹിച്ചിട്ടുള്ള മോഹൻലാൽ ഈ സിനിമയിൽ ഉണ്ട്.
മീന അവതരിപ്പിച്ച ആനിയമ്മ എന്ന മോഹൻലാലിന്റെ ഭാര്യാ കഥാപാത്രം മനോഹരം. ഈ നടി മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ഒരു പ്രത്യേക ചന്ദം ആണ്. ആനിയമ്മ മലയാളി മനസ്സിൽ ഇടം പിടിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
മോഹൻലാലിന്റേയും മീനയുടെയും മകളുടെ കഥാപാത്രമായ ജിനിയെ അവതരിപ്പിച്ച ഐമ യും പ്രകടനത്തിൽ മികച്ചു നിന്നു. ഭാവിയിൽ മികച്ച കഥാപാത്രങ്ങളിലൂടെ മലായാളി മനസ്സിൽ ഐമ ഇടം നേടും എന്ന കാര്യത്തിൽ ഒരു സംശയവും സിനിമ ചങ്ങായിക്കില്ല.
അനൂപ്മേനോനും അന്സിയാറും കലക്കി എന്ന് പറയാം.
മാസ്റ്റർ സനൂപും സുരാജേട്ടനും ശൃന്ദയും മറ്റ് അഭിനേതാക്കളും ഒക്കെ കഥാപാത്രങ്ങളോട് പരമാവധി നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്.
ആശശരത് അവതരിപ്പിച്ച കഥാപാത്രത്തിന് അൽപ്പം നാടകീയത കൂടിപ്പോയി എന്ന് തോന്നി.
ജിബു ജേക്കബ് എന്ന സംവിധായകന് പണിയറിയാം എന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. ചെറിയ ഒരു സ്ക്രിപ്റ്റ്, എന്നാൽ അതാവട്ടെ നമ്മുടെ ഒക്കെ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ചും, അത് മനോഹരമായി തന്നെ അഭിനേതാക്കൾക്ക് പകർന്നു നൽകി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇറക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
പ്രമോദ് പിള്ള തന്റെ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്ത സീനുകൾ മലയാളി മനസ്സിൽ ആണ് പതിഞ്ഞിരിക്കുന്നത്. ഒരു ഫാമിലി സിനിമ എങ്ങനെയൊക്കെ നമ്മുടെ മനസ്സിലേക്ക് കയറണമോ അത് അതുപോലെ തന്നെ കയറാൻ പ്രമോദ് പിള്ളയുടെ ക്യാമറയ്ക്കു സാധിച്ചിട്ടുണ്ട്.
എം ജയചന്ദ്രനും ബിജിപാലും ചേർന്നൊരുക്കിയ ഗാനങ്ങളിൽ ഒരു പുഴയരികിൽ എന്ന ഗാനവും ശ്രേയ ഘോഷാൽ പാടിയ അത്തിമരക്കൊമ്പിലെ എന്ന ഗാനവും നന്നായി ഇഷ്ട്ടപെട്ടപ്പോൾ ബാക്കി ഒക്കെ ശരാശരിയായി തോന്നി.