Google Ads

Thursday, January 19, 2017

ഞാൻ എന്റെ മകനെ പഠിപ്പിക്കുന്ന കാര്യങ്ങൾ

ഞാൻ എന്റെ മകനെ പഠിപ്പിക്കുന്ന കാര്യങ്ങൾ
വാറൈഷ്
**********************

- അവർ അവനെ കൈമാറിയപ്പോൾ അവളുടെ ക്ഷീണം വിട്ടുമാറിയിരുന്നില്ല. ഒരു കുഞ്ഞുവാവ, വലിയ കണ്ണുകൾ കൊണ്ട് ലോകത്തെ വിസ്മയത്തോടെ നോക്കുന്നു.

ഒരു ആൺകുഞ്ഞിന്റെ വരവ് കുടുംബം തകർത്താഘോഷിച്ചു കൊണ്ടിരിക്കേ അവൾ കുഞ്ഞിന്റെ കാലിലെയും കൈയിലെയും വിരലുകൾ എണ്ണിനോക്കി. ഹോ..! എല്ലാം ഓ. കെ...! എല്ലാ അമ്മമാരും ചോദിക്കുന്ന അതേ ചോദ്യം അവൾ ഡോക്ടറോട് നിശ്ശബ്ദമായി ചോദിച്ചു. ഡോക്ടർ പുഞ്ചിരിച്ചു. കുഞ്ഞിന് ഒരു കുഴപ്പവുമില്ല. കുഞ്ഞ് ആണാണോ പെണ്ണാണൊ എന്നറിയാൻ പല തന്ത്രവും പയറ്റിയ അമ്മായിയമ്മ കുഞ്ഞിനെ വാരിയെടുക്കാൻ ഓടി വരുന്നത് അവൾ കണ്ടു. അമ്മായിയച്ഛൻ അഭിമാനം കൊണ്ട് തുള്ളിത്തുളുമ്പി നിൽക്കുന്നു. പെണ്ണിനെ വളർത്താൻ കൊള്ളില്ലെന്നു പറഞ്ഞ അതേ മനുഷ്യൻ.

മുഖം നിറയുന്ന ചിരിയുമായി ഭർത്താവ് തൊട്ടടുത്തു തന്നെയുണ്ട്. എല്ലാം കണ്ട്, ഒന്നും മിണ്ടാതെ. അപ്പോഴാണ് കുഞ്ഞിനെ വളർത്തുന്നത് തന്റെ ഉത്തരവാദിത്വം ആണല്ലോ എന്നവൾ മനസ്സിലാക്കിയത്. അഛനെയോ അപ്പൂപ്പനെയോ പോലെ ആകരുത് ഈ കുട്ടി.

നിശ്ശബ്ദമായി, അവൾ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടിക തയാറാക്കി. തന്റെ മകനെ പഠിപ്പിക്കാനുള്ള കാര്യങ്ങൾ:


=ഫെമിനിസം ഒരു നാഗരിക പൊങ്ങച്ചമല്ല
-------------------------------
മോനേ, നിന്റെ ജീവിതത്തിലെ എല്ലാ സ്ത്രീകളോടും പുരുഷന്മാരോടെന്ന പോലെ തന്നെ പെരുമാറുക. സ്ത്രീകളെ അവരായിത്തന്നെ ബഹുമാനിക്കുക. ഒരേ ജോലിക്ക് ഒരു സ്ത്രീ കുറഞ്ഞ കൂലി വാങ്ങുന്നതിന് ഒരു ന്യായീകരണവുമില്ല.


=സ്വന്തം കാര്യം സ്വയം ചെയ്യുക
--------------------------
ആരും നിന്റെ അടിമയല്ല. നിന്റെ അമ്മയോ പെങ്ങളോ ആരും. നിന്റെ വസ്ത്രങ്ങൾ സ്വയം അലക്കി ഉണക്കുക. സ്വന്തം കിടക്ക സ്വയം വിരിക്കുക.


=നന്ദി പറയുക
-----------------
ആരെങ്കിലും നിനക്ക് എന്തെങ്കിലും ചെയ്തു തന്നാൽ നന്ദി പറയുക. എന്നും മേശപ്പുറത്ത് ചൂടു ഭക്ഷണം കിട്ടിയാൽ നന്ദി പറയുക. ആരെങ്കിലും നിന്റെ സ്ഥലം വൃത്തിയാക്കിയാൽ അവരോടു നന്ദി പറയുക. ആരെങ്കിലും നിന്നെ എന്തെങ്കിലും പഠിപ്പിച്ചാൽ നന്ദി പറയുക.


=18 വയസ്സുകഴിഞ്ഞാൽ നിന്റെ അടിവസ്ത്രം ആരും അലക്കിത്തരില്ല
-------------------------------
സ്വന്തം വസ്ത്രങ്ങൾ സ്വയം കഴുകുക. കഴിച്ച പാത്രങ്ങൾ സ്വയം കഴുകി വയ്ക്കുക. നിനക്ക് പ്രായപൂർത്തിയായിക്കഴിഞ്ഞാൽ ഞാനോ മറ്റാരെങ്കിലുമോ ഇതൊക്കെ ചെയ്തു തരുമെന്ന് പ്രതീക്ഷിക്കരുത്. നിന്റെ കൈയിൽ പണമുണ്ടാകുന്ന സമയത്ത് വേണമെങ്കിൽ വീട്ടുജോലിയിൽ സഹായിക്കാൻ ആരെയെങ്കിലും നിർത്താം. പക്ഷേ അവരോടും നന്ദി വേണം.


=ഒറ്റയ്ക്കാകാൻ പഠിക്കുക
------------------------------
നീ ഒറ്റയ്ക്കാവുന്നത് അമ്മക്ക് ഇഷ്ടമല്ല. പക്ഷേ അത് ജീവിതത്തിലെ ഒരു കയ്പ്പൻ സത്യമാണ്. ജീവിതത്തിൽ ഏതെങ്കിലും സമയത്ത് നീ ഒറ്റയ്ക്ക് ജീവിച്ചേ മതിയാകൂ. സ്വന്തം ഭക്ഷണം പാകം ചെയ്യാനും ബില്ലടയ്ക്കാനും വീടു വൃത്തിയാക്കാനും പണം സൂക്ഷിച്ചു വയ്ക്കാനുമൊക്കെ നീ പഠിച്ചിരിക്കണം. നിന്നെ ഒറ്റയ്ക്ക് ജീവിക്കാൻ വിട്ടതിന് ഒരിക്കൽ നീ എന്നോടു നന്ദി പറയും.


=സ്വപ്നം കാണൂ.
-----------------
വലിയ സ്വപ്നങ്ങൾ കാണൂ
വലിയ കാര്യങ്ങൾ ആഗ്രഹിക്കുക. പക്ഷേ അവ നേടും വരെ, ഉള്ളതുകൊണ്ട് സന്തോഷിക്കുക.


=ഞങ്ങളുടെ സ്വപ്നങ്ങളല്ല നിന്റെ ജീവിതം.
---------------------------
എനിക്ക് ഒരു വക്കീലാകാനായിരുന്നു ആഗ്രഹം. നിന്റെ അച്ഛന് ഒരു പൈലറ്റും. പക്ഷേ ഞാൻ വക്കീലല്ല, അച്ഛൻ പൈലറ്റുമല്ല. ഞങ്ങൾ എന്നെങ്കിലും നിന്നെ വക്കീലോ പൈലറ്റോ ആകാൻ നിർബന്ധിച്ചാൽ അതിന് ഞാൻ ഇന്നേ ക്ഷമ ചോദിക്കുന്നു. അത് ഞങ്ങളുടെ സ്വപ്നമായിരുന്നു, നിന്റേതല്ല. ജീവിതത്തിൽ നീ എന്തു ചെയ്യണമെന്ന് കല്പിക്കാൻ ആരെയും അനുവദിക്കരുത്. നിന്നെ ഈ ലോകത്തിലേക്ക് കൊണ്ടു വന്നു എന്നതുകൊണ്ടു മാത്രം നിന്റെ ജീവിതത്തെ നിയന്ത്രിക്കാൻ എനിക്ക് അധികാരമില്ല.


=ഇത് ഞങ്ങളുടെ വീടാണ്, നിന്റേതല്ല.
----------------------------
നീ വളരുന്ന ഈ വീട് ഞങ്ങളുടേതാണ്. ഞാനും നിന്റെ അച്ഛനും ചേർന്ന് നിർമ്മിച്ചത്. നീ വലുതാകുമ്പോൾ സ്വന്തം വീട് വയ്ക്കുക. ഞങ്ങൾ സ്വന്തം ഇഷ്ടത്തിന് നിനക്കു കൈമാറും വരെ ഈ വീടിൽ അവകാശവാദവുമായി വരരുത്. നിനക്കും നിന്റെ കുടുംബത്തിനും ഇവിടെ വരാം, പക്ഷേ ഇവിടെ താമസിക്കണ്ട.


=അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്.
-------------------
ജോലിയിലും ജീവിതത്തിലും നിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുക. അത്ഭുതങ്ങൾ കാത്തിരിക്കുന്നവർക്കു മുന്നിൽ അവ പ്രത്യക്ഷമാകില്ല, മകനേ.