==========================
അതിമനോഹരമായ ഈ ആക്ഷേപ ഹാസ്യ ലെറ്റർ ആസ്വദിക്കാൻ ആരുടെയു രാഷ്ട്രീയ വിശ്വാസം ഒരിക്കലും തടസമാകില്ല..)
-------------------------------------------------------------
ഉമ്മച്ചോ.? ഇത് ഞാനാണടോ കെ. കരുണാകരൻ..
മരിച്ചിവിടെ എത്തിയ നാൾ മുതൽ തനിക്കൊരു കത്തെഴുതണമെന്ന് വിചാരിക്കുന്നതാ. പിന്നെ തനിക്ക് തിരക്കായിരുന്നല്ലോ?
അതിവേഗം ബഹുദൂരം, പലരേയും ഇല്ലാതാക്കി പായുമ്പോൾ കത്തയച്ചാൽ , തനിക്ക് ഞാൻ ഉദ്ദേശിക്കുന്ന ഫീലോടെ അത് വായിക്കാൻ കഴിയില്ല എന്ന് തോന്നി. പിന്നെ, ഇപ്പഴെഴുതിയില്ലെങ്കിൽ എപ്പോ എഴുതാനാണടോ..?
വലിയ തിരക്കൊന്നും ഇല്ലെന്ന് കരുതുന്നു ഈയിടെയായി , .
പ്രൈവറ്റ് ബസിലോ, കെ എസ് ആർ ടി സിയിലോ ഇരുന്ന് സമയമെടുത്ത്, മനസിരുത്തി വായിച്ചാ മതി.
അവിടത്തെ കാര്യങ്ങളൊക്കെ അറിഞ്ഞു...
ആരെങ്കിലുമൊക്കെ മരിച്ച് വരണം ഇവിടെ കാര്യങ്ങൾ അറിയാൻ. കള്ളം പറയാനും പ്രചരിപ്പിക്കാനും കർശന വിലക്കുള്ളത് കൊണ്ട് ഇവിടെ നാട്ടിലെ പോലെ പത്രങ്ങളൊന്നും ഇല്ലെന്നറിയാമല്ലോ.?
മനോരമയുടെ ഒരു എഡിഷൻ ഇവിടെ തുടങ്ങാൻ മാമ്മൻ മാപ്പിള അപേക്ഷയുമായി ദൈവത്തെ കാണാൻ പോയിരുന്നു. ഒരൊറ്റ ആട്ടായിരുന്നു ദൈവം.
മാമ്മൻ മാപ്പിള അന്ന് കനകക്കുന്നിൻറ്റെ വടക്കെ മൂലക്ക് ചെന്നാ വീണത്. എന്നാലും ഇപ്പോഴൊരു ടോയിലറ്റ് ടിഷ്യുപേപ്പറിൻറ്റെ ഒരു കമ്പനി പുള്ളി വലിയ ബുദ്ധിമുട്ടില്ലാതെ ഒപ്പിച്ചെടുത്തു. മനോരമ എന്ന് തന്നെയാ പേരിട്ടിരിക്കുന്നത്. നല്ല ലാഭത്തിലാത്രേ ബിസിനസ്.
അത് പോട്ടെ, വിജയൻ അവിടെ മുഖ്യനായല്ലേ.?
അതങ്ങനെയാ, ആരൊക്കെ എന്തൊക്കെ പണിയെടുത്തിട്ടും നിറം പിടിപ്പിച്ച കഥകൾ എഴുതിയിട്ടും കാര്യമില്ല. അർഹതയുള്ളവർ അവിടെയെത്തും. അർഹതയില്ലാത്ത ചില നാറികളും എത്തും കെട്ടോ,
കാലുവാരിയും പിന്നിൽ നിന്ന് കുത്തിയുമൊക്കെ. തനിക്കറിയാമല്ലോ അതൊക്കെ?
കാർത്തികേയൻ വന്നപ്പോ കുറെ കഥകളൊക്കെ പറഞ്ഞിരുന്നു. പുള്ളി ഭയങ്കര ഹാപ്പിയാ ഇവിടെ, നാട്ടിലിപ്പോൾ കോൺഗ്രസുകാരനാണെന്ന് പറഞ്ഞാൽ നായ്ക്കാട്ടത്തിൻറ്റെ വിലയില്ലെന്നും , മരിച്ചത് കാര്യമായെന്നുമൊക്കെയാ പുള്ളി പറഞ്ഞത്.
ഞാനും നായനാരും ഒന്നിച്ചിരിക്കുമ്പോഴാ സരിതയുടെ കാര്യമൊക്കെ അവൻ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ മാഞ്ഞതും അവൾടെ കത്തിലെ പേരുകളും ഒക്കെ കേട്ട് നായനാർ അന്ന് തുടങ്ങിയ ചിരിയാ, ഇപ്പോ കാണുമ്പോഴും ചിരി നിർത്തീട്ടില്ല.
താനൊക്കെ കൂടി പരലോകത്തുള്ള കോൺഗ്രസുകാരെ പോലും നാറ്റിച്ചല്ലോടേ..?
ഇതിനിടയിൽ നിനക്കൊരു ഉപദേശം തരാനാ പ്രധാനമായും ഇതെഴുതുന്നത്.
ഇവിടെ സ്വർഗ്ഗത്തിൽ കയറാൻ നമ്മൾ ഉപദ്രവിച്ചവരുടെയൊക്കെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങണം.
കാര്യം ചില്ലറ ഉപദ്രവമൊക്കെ പലർക്കും ചെയ്തിട്ടുണ്ടെങ്കിലും രാജന്റെയും കുടുംബത്തിന്റേയും സമ്മതം വാങ്ങിയതാ ഒരു വല്ലാത്ത അനുഭവമായി പോയത്. അറിയാതെയാണെങ്കിലും അതിലെനിക്കൊരു പങ്കുണ്ടല്ലോ?
ഞാൻ പൊരുത്തം വാങ്ങാൻ ചെല്ലുമ്പോൾ ആളില്ലാപാറയുടെ കൽപടവിൽ വാരിയരുടെ മടിയിൽ തലവച്ച് കിടന്ന് കഥകൾ പറയുകയാ രാജൻ.
കണ്ടു. നാവ് പൊങ്ങിയില്ല. കുറച്ച് നേരം അങ്ങനെ നിന്നു. പിന്നെ വാരിയർ തന്നെ എന്നെ വന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഞാനും. മാപ്പപേക്ഷിച്ച് രാജന്റെ മുന്നിൽ കൈകൂപ്പിയപ്പോ അവൻ ആ കൈകൾ ചെർത്ത് പിടിച്ച് ഒന്ന് പുഞ്ചിരിച്ചു. ഉള്ള് പൊള്ളിപ്പോയി എൻറ്റെ . ഇപ്പഴും ആ ചിരി മാഞ്ഞിട്ടില്ല എൻറ്റെ മനസിൽ നിന്ന്. പിന്നെ കുറെ വിശേഷങ്ങൾ പറഞ്ഞു. പോരും നേരം പേപ്പറിലൊക്കെ ഒപ്പിട്ട് തന്നു.
മുഖ്യമന്ത്രി കസേരയിലിരുന്നു ഞാനും നീയുമൊക്കെ ഇടുന്ന ഒപ്പെന്നും ഒരു ഒപ്പല്ലടോ. അതൊക്കെ അധികാരത്തിന്റെ മഷി പുരട്ടൽ മാത്രം.
കുറെ പച്ചമനുഷ്യരുടെ ചെഞ്ചോര കൊണ്ടുള്ള ഒപ്പുകളുണ്ട്, അത് വാങ്ങിയെടുക്കാൻ താൻ പഠിച്ച, പയറ്റിയ, പയറ്റുന്ന ആ നെറികെട്ട കളികളൊന്നും പറ്റാതെ വരും. ചില പുഞ്ചിരികളുണ്ടടോ, നമ്മൾ അട്ടഹസിച്ച നിമിഷങ്ങളെല്ലാം നമുക്ക് മുന്നിൽ വന്ന് കൊഞ്ചനം കുത്തുന്നവ. നമ്പി നാരായണനും ശശികുമാറും തുടങ്ങി താൻ തകർത്ത ഒത്തിരി ജീവിതങ്ങൾ ഉണ്ടല്ലോ, വെട്ടിപ്പിടിക്കാൻ ഓടിയ വഴിയിൽ തന്റെ ചവിട്ടേറ്റരഞ്ഞു പോയവർ. പോയി മുന്നിൽ നിന്ന് കേണപേക്ഷിക്കേണ്ടി വരും.
അത് പോട്ടെ, നിന്റെ കാര്യം ഞാൻ കഴിഞ്ഞ ആഴ്ച കാലനെ കണ്ടപ്പോ ചോദിച്ചിരുന്നു. 'എന്റെ പൊന്ന് ലീഡറേ, ഇനി ചാണ്ടിച്ചനെ ഇങ്ങൊട്ട് കൊണ്ട് വന്നിട്ട് വേണം ദൈവത്തിന്റെ കസേരയിൽ കയറി പറ്റിപ്പിടിച്ചിരിക്കാൻ,
നമ്മൾ ഇങ്ങനൊക്കെ അങ്ങ് ജീവിച്ച് പോട്ടേ..' എന്നൊരു ഡയലോഗുമടിച്ച് അങ്ങേർ പോത്തിനേയും റൈഡ് ചെയ്ത് അങ്ങ് പോയി. അതോണ്ട് നിന്നെ പതുക്കെയേ വിളിക്കൂ എന്നുറപ്പാ.
പിന്നെ, വേറെന്തൊക്കെ ഉണ്ടടോ?
കുഞ്ഞാലിക്കുട്ടി ആത്മകഥ എഴുതുന്നു എന്ന് കേട്ടു. ഇവിടെ എല്ലാരും അതറിഞ്ഞതോടെ ഭയങ്കര ത്രിൽ അടിച്ചിരിക്കാ. അങ്ങനുള്ള സംഭവം ഒന്നും ഇവിടെ പറ്റില്ല. എന്തായാലും താൻ അതിറങ്ങുമ്പോൾ ഒരു കോപ്പി ഏതേലും കേരളാകോൺഗ്രസുകാരൻ മരിച്ചാൽ അവന്റെ സ്യൂട്ടിന്റെ അകത്ത് വച്ച് കയറ്റി വിട്ടേക്ക്. ചെക്കിംഗിൽ അങ്ങനെ പിടിക്കാൻ വഴിയില്ല. വായിക്കാനൊരു പൂതി.
അത് പറഞ്ഞപ്പഴാ, മാണി പോയല്ലേ. വല്ലാത്തൊരു മനുഷ്യനാ. ബഡ്ജറ്റൊക്കെ തൂക്കിയാ വിൽക്കുന്നത്. ലഡു തീറ്റിച്ചവന്മാർക്കൊക്കെ ഇപ്പോൾ സന്തോഷമായിട്ടുണ്ടാകുമല്ലേ? അല്ലെ ..
കേരളകോൺഗ്രസുകാരെയും മൂർഖൻ പാമ്പിനേയും കണ്ടാൽ ആദ്യം കേരളാകോൺഗ്രസുകാരനെ തല്ലീട്ട് വടി ബാക്കിയുണ്ടേൽ മാത്രം പാമ്പിനെ തല്ലണം എന്നാണ് കാറൽ മാക്സ് ഇവിടെ വന്നതിനു ശേഷം എഴുതിയ 'കേരളാ കോൺഗ്രസ്: ലോകരാഷ്ട്രീയത്തിനുത്തരം കിട്ടാത്ത സമസ്യ' എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്.
അങ്ങേർ ടോപ്പാ കേട്ടോ ... അല്ലേൽ ഇത്ര കൃത്യമായ നിരീക്ഷണം എങ്ങനെയാ പറയുക.
എൻറ്റെ മക്കൾടെ കാര്യം ഓർക്കുമ്പോഴാ ഒരു സങ്കടം. മുരളി രക്ഷപ്പെടും, അവനിപ്പോ എല്ലാരേം അറിയാം. അമ്മാതിരി പാഠങ്ങളാണല്ലോ അവന്റെ ഓരോ ഇലക്ഷനും. വട്ടിയൂർക്കാവിൽ താനൊക്കെ ഒന്ന് പണിഞ്ഞെങ്കിലും അവൻ കയറിക്കൂടിയല്ലൊ.? സന്തോഷം.
പിന്നെ പപ്പിമോൾ. അവളിങ്ങനെ ഇലക്ഷനാവുമ്പോ മാത്രം പുറത്തിറങ്ങിയാൽ എങ്ങനെ ജയിക്കാനാ? പിന്നെ നമ്മുടെ പാർട്ടിയാണല്ലോ, പെണ്ണായി പാർട്ടിയിൽ ചേരുന്നതിലും ഭേദം നല്ല കുത്തൊഴുക്കുള്ള ദിവസം പെരിയാറിൽ പോയി മുങ്ങി ചാവുന്നതാ.
എടോ, ഞാൻ നിർത്തുകയാ. കത്ത് വായിച്ച് താൻ ഒന്നും സമാധാനത്തോടെ ചിന്തിക്കണം. പശ്ചാതാപങ്ങളാണു ഏറ്റവും വലിയ പ്രായശ്ചിത്തം. താൻ അതിനൊന്നും നിൽക്കില്ല എന്നറിയാം ..
ജയ് ഗുരുവായൂരപ്പൻ