കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസി ആയിരുന്നു രമണ മഹർഷി. ഹൈന്ദവസമൂഹത്തിന്റെ ചില വിഭാഗങ്ങളിൽ ഇദ്ദേഹത്തെ ഒരു മഹാഗുരുവെന്ന് കരുതപ്പെടുന്നു.
*തമിഴ്‌നാട്ടിലെ അരുണാചലഗിരിയുടേയും മഹാ ക്ഷേത്രമായ അരുണാചലേശ്വര ക്ഷേത്രത്തിന്റേയും സ്ഥലമായ തിരുവണ്ണാമലയിലാണ് അദ്ദേഹത്തിന്റെ ആശ്രമം*.
*ജനനം*
തമിഴ്‌നാട്ടിലെ *മധുരയ്ക്കടുത്തുള്ള തിരുചിഴി എന്ന ഗ്രാമത്തിൽ, സുന്ദരം അയ്യരുടേയും അഴകമ്മാളുടേയും നാലു മക്കളിൽ രണ്ടാമത്തെയാളായി ഭഗവാൻ രമണ മഹർഷി ജനിച്ചു*.വെങ്കിട്ട രമണൻ എന്നായിരുന്നു അച്ഛനമ്മമാരിട്ട പേര്.
പ്രാഥമിക വിദ്യാഭ്യാസം തിരുച്ചിഴിയിലും ഡിണ്ടിഗലിലുമായി നടന്നു.പന്ത്രണ്ടാം വയസ്സിൽ അച്ഛൻ മരിച്ചുപോയത് കാരണം കുടുംബത്തോടൊപ്പം, അമ്മാവനായ സുബ്ബയ്യരുടെ വീട്ടിലേയ്ക്ക് താമസം മാറി. മധുരയിലായിരുന്നു സുബ്ബയ്യർ താമസിച്ചിരുന്നത്.
തുടർന്നുള്ള പഠനം സ്കോട്ട് മിഡിൽ സ്കൂൾ, അമേരിയ്ക്കൻ മിഷൻ സ്കൂൾ എന്നിവിടങ്ങളിൽ. *പഠനത്തിലൊന്നും വലിയ മിടുക്കനല്ലായിരുന്നു അദ്ദേഹം*.ഒരു സാധാരണ വിദ്യാർത്ഥി മാത്രമായാണ് സ്കൂൾ പഠന കാലത്ത് അദ്ദേഹത്തെ കാണാനാവുക.
*യാത്ര*
ഒരു ദിവസം, തീർത്ഥാടനം കഴിഞ്ഞു വന്ന ഒരു ബന്ധുവിനോട്, യാദൃച്ഛികമായാണ് എവിടുന്നു വരുന്നു എന്നന്വേഷിച്ചത്.
അരുണാചലത്തിൽ നിന്ന് വരുന്നു എന്ന് ബന്ധു മറുപടി പറഞ്ഞു.
എന്ത്? അരുണാചലമോ? എവിടേയാണത്? എന്ന് ചോദ്യത്തിന് അരുണാചലം തിരുവണ്ണാമലയിലാണ് എന്ന് മറുപടി കിട്ടി ആ വാക്കു കേട്ടപ്പോഴുണ്ടായ അനുഭവത്തെപ്പറ്റി അദ്ദേഹം പിന്നീട് വിവരിച്ചിട്ടുണ്ട്.
*ഈ അനുഭവം കഴിഞ്ഞതോടെ വെങ്കിട്ടരമണന് അരുണാചലത്തോട് ഒരു വല്ലാത്ത ആകർഷണം തോന്നി*.
ആ സമയത്താണ് അദ്ദേഹത്തിന് ശൈവമുനിമാരുടെ ജീവിതത്തെപ്പറ്റിയുള്ള പെരിയ പുരാണം എന്ന കൃതി കിട്ടുന്നത്. അതും വെങ്കിട്ടരമണനെ ഒരുപാട് ആകർഷിച്ചു.
ഒരു ദിവസം വീടിന്റെ മുകൾനിലയിലുള്ള ഒരു മുറിയിൽ ഒറ്റയ്ക്കിരിയ്ക്കുമ്പോൾ മറ്റൊരു കാരണവുമില്ലാതെ പെട്ടെന്നൊരു മരണ ഭയം രമണനിലുണ്ടായി. അദ്ദേഹത്തിനന്ന് പതിനേഴ് വയസ്സായിരുന്നു പ്രായം.മരണ സമയം അടുത്തുവരുന്നു എന്നും മരിയ്ക്കാൻ പോകുകയാണെന്നും ഒരു തോന്നൽ അദ്ദേഹത്തിനുണ്ടായി. അതിനേപ്പറ്റി അദ്ദേഹം വിചാരം ചെയ്തു.
ശ്വാസം നിർത്തിവച്ച് മരിച്ചതുപോലെ കിടന്നു. അപ്പോഴുണ്ടായ അനുഭവത്തിനേപറ്റി അദ്ദേഹം പറഞ്ഞത് എല്ലാ സ്വരങ്ങളോടുമൊപ്പം ഇഴുകിച്ചേർന്ന് അതിനുള്ളിൽ വിളങ്ങുന്ന ശ്രുതി പോലെ "ഞാൻ " തുടർന്നു എന്നാണ്.
ഈ സംഭവങ്ങൾ കഴിഞ്ഞതോടേ വെങ്കിട്ടരമണന്റെ ജീവിതത്തിൽ വലിയൊരു മാറ്റം സംഭവിച്ചു. *ജീവിതത്തിലിന്നേവരെ പ്രാമുഖ്യം നൽകാതിരുന്ന ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വന്നു*. ദിവസവും മധുര മീനാക്ഷി ക്ഷേത്രത്തിൽ പോകാൻ തുടങ്ങി.
പല പ്രാവശ്യം അവിടെ വച്ച് ആത്മീയാനുഭവങ്ങളുണ്ടായിട്ടുണ്ട്.ഒറ്റയ്ക്കിരിയ്ക്കാനും ധ്യാനിയ്ക്കാനും കൂടുതൽ താൽപ്പര്യമായി.
ഇതു വീട്ടുകാരിൽ വളരേ ആശങ്കയുണ്ടാക്കി.
*അവസാനം 1896 ഓഗസ്റ്റ് മാസത്തിലെ ഒരു ദിവസം അദ്ദേഹം വീടു വിട്ട് അരുണാചലത്തിലേയ്ക്ക് പോകാൻ തീരുന്മാനിച്ചു*..സ്കൂളിൽ പഠിത്തമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങിയത്. പോകുന്ന വഴി തന്റെ കോളേജിൽ ഫീസടയ്ക്കാനായി ചേട്ടൻ അഞ്ചു രൂപാ നൽകിയിരുന്നു. *വഴിയിൽ വച്ച് യാത്രച്ചിലവിനുള്ള മൂന്നുരൂപാ കഴിച്ച് ബാക്കി രണ്ട് രൂപാ ചേട്ടന്റെ പേർക്കയച്ചിട്ട് ഇങ്ങനെയൊരു കത്തെഴുതി*.
"*ഞാൻ എന്റെ അച്ഛന്റെ ആഞ്ജയാൽ അദ്ദേഹത്തിനെ തേടി യാത്രയാവുന്നു. പുണ്യമായൊരു കാര്യത്തിനായാണ് ഇത് പുറപ്പെടുന്നതെന്നതിനാൽ ആരും വിഷമിയ്ക്കേണ്ടതില്ല. ഇതിനെ കണ്ട് പിടിയ്ക്കാനായി ഇനി യാതൊരു പണവും ചിലവഴിയ്ക്കേന്റതുമില്ല.അങ്ങയുടെ കോളേജ് ഫീസടച്ചിട്ടില്ല.ഇതോടൊപ്പം ബാക്കി രണ്ട് രൂപാ അയയ്ക്കുന്നു*."
*അരുണാചല ശിവൻ*
1896 സെപ്റ്റംബർ ഒന്നാം തീയതി അദ്ദേഹം തിരുവണ്ണാമലയിലെത്തി.
*അരുണാചലേശ്വരന്റെ മഹാക്ഷേത്രത്തിനകത്തേയ്ക്ക് അദ്ദേഹം നടന്നു* . ക്ഷേത്രത്തിന്റെ എല്ലാ വാതിലുകളും, ശ്രീകോവിലിന്റേതടക്കം, തുറന്നു കിടക്കുകയായിരുന്നു.
ക്ഷേത്രത്തിൽ ആരേയും കാണുന്നുമില്ല..*പൂജാരികളെപ്പോലും. വെങ്കിട്ടരമണൻ ശ്രീകോവിലിനുള്ളിലേയ്ക്ക് നടന്നു കയറി, പിതാവായ അരുണാചലേശ്വരന്റെ മുന്നിൽ അദ്ദേഹം മഹാസമാധിയിൽ ലയിച്ചു*.
വെങ്കട്ടരമണന്റെ ജീവിതം അതോടെ അവസാനിയ്ക്കുകയായി.*അവിടെനിന്ന് വന്നത് ഭഗവാൻ രമണ മഹർഷി എന്ന് നാമൊക്കെ ഭക്തിയോടെ വിളിയ്ക്കുന്ന ഭഗവത് രൂപമാണ്*.
ക്ഷേത്രത്തിൽ നിന്നിറങ്ങി അദ്ദേഹം തെരുവിലൂടേ അലഞ്ഞു നടന്നപ്പോൾ ആരോ അദ്ദേഹത്തോട് കുടുമ മുറിച്ചു തരണമോ എന്നു ചോദിച്ചു.അയ്യൻ കുളത്തിന്റെ കരയിൽ വച്ച് ആ അമ്പട്ടൻ അദ്ദേഹത്തിന്റെ തല മുണ്ഡനം ചെയ്തു കൊടുത്തു.
കുളത്തിന്റെ പടികളിൽ നിന്നുകൊണ്ട് തന്റെ കൈയ്യിൽ ബാക്കിയുണ്ടായിരുന്ന പണം കുളത്തിലേയ്ക്ക് വലിച്ചെറിഞ്ഞു.
കൈയ്യിലുണ്ടായിരുന്ന മധുരപലഹാരങ്ങളും അവസാനം പൂണൂലും കുളത്തിലേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം അമ്പലത്തിനകത്തുള്ള ആയിരം തൂണുള്ള മണ്ഡപത്തിൽ താമസം തുടങ്ങി.
*അവിടെ ധ്യാനത്തിലിരിയ്ക്കുമ്പോൾ ചില കുസൃതിപ്പിള്ളേർ സ്ഥിരമായി അദ്ദേഹത്തിനു നേരേ കല്ലുകൾ വലിച്ചെറിയാൻ തുടങ്ങി, അവിടെ നിന്നും അദ്ദേഹം പാതാള ലിഗം എന്ന, ഭൂമിയ്ക്കടിയിലുള്ള ഗുഹയിലേയ്ക്ക് മാറിയിരുന്നു*.
അവിടെ ദിവസങ്ങളോളം ധ്യാനത്തിൽ ലയിച്ചിരുന്ന്, ദേഹം മുഴുവൻ വിഷജീവികളും പ്രാണികളും മറ്റും കടിച്ചുമുറിച്ചതറിയാതെ, ഇരുന്നിടത്തുനിന്നുപോലുമനങ്ങാതെ ചിലവഴിച്ചു.
പക്ഷേ അവിടേയും കുട്ടികളെത്തി. ഗുഹയ്ക്ക് പുറത്തുനിനും കല്ലുകൾ വലിച്ചെറിയാൻ തുടങ്ങി. മഹർഷി അപ്പോഴേയ്ക്കും ഇതൊന്നും അറിയാത്ത ഒരു അവസ്ഥയിലെത്തിച്ചേർന്നിട്ടുണ്ടായിരുന്നു.
*ശേഷാദ്രി സ്വാമി എന്നു പേരുള്ള ഒരു വയോധികൻ കുട്ടികളെ അടുപ്പിയ്ക്കാതെ പല പ്രാവശ്യം ഈ ഗുഹയ്ക് കാവൽ നിന്നിട്ടുണ്ട്*.
അവസാനം ഒരു ദിവസം രമണ മഹർഷി ധ്യാനത്തിൽ അബോധത്തിലെന്ന മാതിരി ഇഴുകിച്ചേർന്നിരിയ്ക്കുമ്പോൾ അദ്ദേഹത്തെ പാതാള ഗുഹയിൽ നിന്നെടുത്തുമാറ്റി സുബ്രമണ്യ ക്ഷേത്രത്തിനടുത്ത് കൊണ്ടിരുത്തി.
ദേഹം മുഴുവൻ വിഷജന്തുക്കളും പ്രാണികളും കടിച്ച് വൃണങ്ങളായിക്കഴിഞ്ഞിട്ടും രമണ മഹർഷി ഒന്നുമറിയുന്നുണ്ടായിരുന്നില്ല.
*പക്ഷേ അന്നു മുതൽ ആരെങ്കിലുമൊക്കെ ഭഗവാന്റെ കാര്യത്തിൽ ശ്രദ്ധ വയ്ക്കാനും അദ്ദേഹത്തെ ശ്രുശ്രൂഷിയ്ക്കാനും തുടങ്ങി. മൗനവൃതമൊന്നുമെടുത്തിട്ടില്ലെങ്കിലും അദ്ദേഹം അന്നൊക്കെ ഒന്നും സംസാരിയ്ക്കാറില്ലായിരുന്നു*.
ആ സമയത്തൊക്കെ യോഗവാസിഷ്ടവും കൈവല്യ നവനീതവുമൊക്കെ അദ്ദേഹത്തിന്റെ മുന്നിലിരുന്ന് ആൾക്കാർ വായിയ്ക്കുന്നുണ്ടായിരുന്നു
*തിരുവണ്ണാമലയിലെത്തി ആറുമാസം കഴിഞ്ഞപ്പോഴേയ്ക്കും രമണമഹർഷി ഗുരുമൂർത്തം എന്ന അമ്പലത്തിനടുത്തേയ്ക്ക് താമസം മാറ്റി*.
അതിന്റെ നടത്തിപ്പുകാരനായ തമ്പിരൻസ്വാമിയുടെ ആഗ്രഹ പ്രകാരമായിരുന്നത്. ദിവസേന രമണ മഹർഷിയുടെ പ്രശസ്തി പടരാൻ തുടങ്ങി.സന്ദർശകർ കൂടി വന്നു..ഏതാണ്ട് ഒരു വർഷം അദ്ദേഹം ഗുരുമൂർത്തത്തിൽ കഴിഞ്ഞു. അവിടെ നിന്ന് അതിനടുത്തു തന്നെയുള്ള ഒരു മാവിൻ തോട്ടത്തിലേയ്ക്ക് അദ്ദേഹം താമസം മാറ്റി.
*അമ്മ*
അവിടെ വച്ചാണ് അദ്ദേഹത്തിന്റെ അമ്മാവൻ നെല്ലിയപ്പ അയ്യർ അദ്ദേഹത്തെ കണ്ടുപിടിയ്ക്കുന്നത്.*അമ്മാവൻ അദ്ദേഹത്തെ തിരിച്ച് വിട്ടിലേയ്ക്ക് കൊണ്ട്പോകാൻ ആവുന്നതെല്ലാം ചെയ്തു നോക്കി*.
മഹർഷി ഒന്നുമ്പറഞ്ഞതേയില്ല.നെല്ലിയപ്പ അയ്യർ വിഷമത്തോടെ തിരിച്ച് പോയി കാര്യങ്ങളെല്ലാം അഴകമ്മാൾ- രമണന്റെ അമ്മയോട് പറഞ്ഞു.അമ്മ തിരുവണ്ണാമലയിലെത്തി അദ്ദേഹത്തോട് തിരിച്ചു വീട്ടിലേയ്ക്ക് ചെല്ലനമെന്ന് യാചിച്ചു. *അദ്ദേഹം അവസാനം അമ്മയ്ക്ക് ഇങ്ങനെയൊരു കത്തെഴുതിക്കൊടുത്തു*.
"*ഇതൊക്കെ നിയന്ത്രിയ്ക്കുന്നയാളുടെ ആഞ്ജയ്ക്കനുസരിച്ച്, ഓരോരുത്തരുടേയും പ്രാരാബ്ധങ്ങൾ പോലെ , എല്ലാവരും നടിയ്ക്കണം. നാമെന്തൊക്കെ ബുദ്ധിമുട്ടിയാലും സംഭവിക്കാനില്ലാത്തത് ഒരിയ്ക്കലും സംഭവിയ്ക്കുകയില്ല. മാത്രമല്ല എങ്ങനെയൊക്കെ തടയാൻ ശ്രമിച്ചാലും സംഭവിയ്ക്കേണ്ടത് സംഭവിയ്ക്കുകയും ചെയ്യും*.ഇത് ഉറപ്പുള്ള കാര്യം തന്നെ.
*അതിനാൽ മൗനമായിരിയ്ക്കുകയാണ് ജ്ഞാനത്തിന്റെ മാർഗ്ഗം*"
ആ അമ്മ നിരാശയായി തിരിച്ചു പോകുകയും കുറേയേറെ നാളുകൾ കഴിഞ്ഞ് ഒന്നു രണ്ടു തവണ കൂടി മഹർഷിയെ സന്ദർശിയ്ക്കാൻ വരികയും ചെയ്തു.
ഒരുനാൾ തിരുപ്പതിയിലേയ്ക്ക് പോകുന്ന വഴി അമ്മ തിരുവണ്ണാമലയിലെത്തി.
*തിരുവണ്ണാമലയിൽ വച്ച് അമ്മയ്ക്ക് ടൈഫോയിഡ് പിടിപെടുകയും മഹർഷി അമ്മയെ ശ്രുഷൂഷിയ്ക്കുകയും ചെയ്തു. അമ്മയെ സുഖപ്പെടുത്തുവാനായി അദ്ദേഹം തമിഴിലൊരു ഭഗവത് സ്തുതി ഉണ്ടാക്കുകയും ചെയ്തു*.
അസുഖമൊക്കെ മാറി അമ്മ വീണ്ടും വീട്ടിലേയ്ക്കു തന്നെ തിരിച്ചു പോകുകയും കുറെ നാളുകൾ കഴിഞ്ഞ് തിരുവണ്ണാമലയിലേയ്ക്കു തന്നെ തിരിച്ചു വരികയും ചെയ്തു.
രമണ മഹർഷിയുടെ ഇളയ സഹോദരനും അമ്മയെ അനുഗമിച്ചിരുന്നു.നാഗസുന്ദരം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.ആ സമയത്ത് രമണ മഹർഷി വിരൂപാക്ഷ ഗുഹ (അരുണാചല ഗിരിയിൽ തന്നെയുള്ള) യിലായിരുന്നു താമസം.
അമ്മയുടെ വരവോട് കൂടി അദ്ദേഹം മലയുടെ കുറച്ചുകൂടെ മുകളിലുള്ള സ്കന്ദാശ്രമത്തിലേയ്ക്ക് മാറുകയും അവിടെ വച്ച് അമ്മ കാവി വസ്ത്രം സ്വീകരിച്ച് മഹർഷിയുടെ കീഴിൽ നിന്ന് അദ്ധ്യാത്മിക വിദ്യ അഭ്യസിയ്ക്കുകയും ചെയ്തു. *അനുജനും അപ്പോഴെയ്ക്കും സന്ന്യാസം സ്വീകരിച്ചിരുന്നു*.ഭക്തന്മാരുടെയിടയിൽ അദ്ദേഹത്തിനെ ചിന്നസ്വാമി എന്നറിയപ്പെടുന്നു.
1920 ആയപ്പോഴേയ്ക്കും അമ്മയ്ക്ക് വയസ്സായതു കൊണ്ടുള്ള അസുഖങ്ങൾ കൂടി വന്നു.മഹർഷി ഉറക്കമൊഴിഞ്ഞിരുന്ന് അമ്മയെ ശ്രുഷൂഷിച്ചു.*അവസാനം 1922 മേയ് 19ആം തീയതി ആ പരമ സ്വാധി ദേഹം വെടിഞ്ഞു*.
*രമണാശ്രമം*
അരുണാചലത്തിന്റെ താഴ്വാരത്തിൽ അമ്മയുടെ ദേഹം സംസ്കരിച്ചിടത്ത് 1922 ആയപ്പോഴേയ്ക്കും ഒരു ക്ഷേത്രമുണ്ടാവുകയും മഹർഷി അതിലേയ്ക്ക് താമസം മാറ്റുകയും ചെയ്തു.
*ക്രമേണ അതൊരു ആശ്രമമാവുകയും രമണാശ്രമം എന്ന പേരിൽ ഇന്നും സത്യാന്വേഷികളെ ആകർഷിച്ച് നിലനിൽക്കുകയും ചെയ്യുന്നു*.
ഭാരതത്തിൽ നിന്നും വിദേശത്തുനിന്നും ധാരാളം സത്യാന്വേഷികൾ ഭഗവാനെ തേടി വരികയും ഇന്നും തുടരുകയും ചെയ്യുന്നു. 1947 ആയപ്പോഴേയ്ക്കും ഭഗവാന്റെ ശാരീരികാരോഗ്യം ക്ഷയിച്ച് തുടങ്ങി. അദ്ദേഹത്തിന്റെ ഇടതു കൈമുട്ടിനു താഴെ ഒരു മുഴ കാണുകയും പല പ്രാവശ്യം അത് ശസ്ത്രക്രീയ ചെയ്തു മാറ്റുകയും ചെയ്തു. അവസാനം അത് സാർക്കോമ എന്ന അർബുദമാണെന്നു കണ്ടെത്തുകയും മദ്രാസ്സിൽ നിന്നും വന്ന വൈദ്യന്മാർ കൈ മുറിച്ചു കളയണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
*ഈ ശരീരം തന്നെ ഒരു രോഗമായിരിയ്ക്കേ അധികമൊന്നും ചെയ്യേണ്ടതില്ല*, ഇതിന് സ്വാഭാവികമായ അവസാനം ഉണ്ടായിക്കോട്ടേ.*സാധാരണ വെച്ചുകെട്ടല് തന്നെ മതി എന്നു ഭഗവാൻ പുഞ്ചിരിയോടെ പറഞ്ഞു*.
അവസാനം *1950 ഏപ്രിൽ പതിനാലാം തീയതി, വന്നുകൊണ്ടിരിയ്ക്കുന്ന എല്ലാ ഭക്തന്മാർക്കും ദർശനം നൽകിയ ശേഷം ശരീരം ഉയർത്തി ഇരുത്താൻ ഭഗവാൻ ആവശ്യപ്പെട്ടു*.
അന്തരീക്ഷത്തിൽ "അരുണാചല ശിവാ" എന്ന മന്ത്രം *ഭക്തന്മാർ ഉച്ചത്തിൽ മുഴക്കിക്കൊണ്ടിരിയ്ക്കേ പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം ശ്വാസം നിർത്തി*.
*ആ നേരത്ത് ഒരു ദിവ്യ പ്രകാശം അരുണാചലത്തിന്റെ പിറകിലേയ്ക്ക് ലയിച്ചതായി അവിടെ നിന്നവരെല്ലാം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്*.
*രമണവാക്യം*
*ഞാനാരാണ് എന്നന്വേഷിയ്ക്കൂ* 'എന്നായിരുന്നദ്ദേഹത്തിന്റെ ഏറ്റവും വലിയ ഉപദേശം.
വളരേക്കുറച്ചു പുസ്തകങ്ങളെ അദ്ദേഹം എഴുതിയിട്ടുള്ളൂ. കൂടുതൽ കൃതികളും ആരെങ്കിലും ആവശ്യപ്പെടുമ്പോൾ എഴുതിക്കൊടുക്കുന്നതായിരുന്നു. അരുണാചലത്തിനെപ്പറ്റിയുള്ള സൂക്തങ്ങളും, ഉപദേശ സാരം എന്ന പേരിൽ ഒരു ഗ്രന്ഥവുമാണ് പ്രധാന കൃതികൾ.
തമിഴ്, മലയാളം,സംസ്കൃതം, തെലുഗു എന്നീ ഭാഷകളിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.
അദ്ദേഹം ഭക്തന്മാരുമായി സംസാരിച്ചതും, ഭക്തന്മാരുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞതും പകർത്തിയെഴുതി പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശ്രീനാരായണ ഗുരു രമണ മഹർഷിയെ സന്ദർശിച്ചിട്ടുണ്ട്.
രമണമഹർഷിയെ സന്ദർശിച്ചശേഷം രമണാശ്രമത്തിലെ സന്ദർശക ഡയറിയിൽ മഹർഷിയെപ്പറ്റി നിർവൃതി പഞ്ചകം എന്നൊരു കവിത രചിച്ചു.
*ഇപ്പോഴും രമണാശ്രമത്തിലെ ഡയറിയിൽ ശ്രീ നാരായണഗുരു രചിച്ച കവിത കാണാവുന്നതാണ്*. അദ്ദേഹത്തിന് മഹർഷിയോട് വളരേയേറെ അടുപ്പമയിരുന്നു.
*ഗുരു നിത്യ ചൈതന്യ യതി രമണാശ്രമത്തിൽ കുറേക്കാലം താമസിച്ച് രമണ മഹർഷിയിൽ നിന്ന് ആത്മവിദ്യ അഭ്യസിച്ചിട്ടുണ്ട്*.
അദ്ദേഹത്തിന് സന്ന്യാസ ദീക്ഷ നൽകിയതും ഭഗവാൻ ശ്രീ രമണനാണ്.
ഒരുപാട് വിദേശീയർ രമണനിൽ ആകൃഷ്ടരായി ഇന്നും തിരുവണ്ണാമലയിൽ താമസിയ്ക്കുന്നു. ഡേവിഡ് ഗോഡ് മാൻ അതിലൊരാളാണ്.
*രമണ മഹർഷി മറ്റുള്ളവരോട് സംസാരിയ്ക്കുന്നതൊക്കെ രേഖപ്പെടുത്തിയത് മൊഴിമാറ്റം ചെയ്ത്, വചനാമൃതം എന്ന പേരിൽ ഡീ സീ ബുക്സ് മലയാളത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്*.
മഹർഷി തന്നെ മലയാളത്തിൽ ചില പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.മിക്കവാറും എല്ലാ പുസ്തകങ്ങളും രമണാശ്രമത്തിന്റെ വെബ് സൈറ്റിൽനിന്ന് സൗജന്യമായി താഴെയിറക്കാൻ സാധിയ്ക്കും.