ഈ വാട്സ്ആപ് വ്യാഥിയിലും
അച്ഛൻ്റ തോർത്തുമണം
എൻ്റ ഉച്ചമയക്കങ്ങളെ
സനാഥമാക്കുന്നു....
അച്ഛൻ്റ വിയർപ്പൊപ്പിയ,
മൂക്കിപ്പൊടിയും പനാമയും,
ലൈഫ് ബോയ് സോപ്പും,
ഡെറ്റോളും റെമ്മും
അരിച്ചിറങ്ങിയ തോർത്ത്_
വീടിൻ്റ കരുതലാണ്...
ഇന്നെൻ്റ കരുത്തും...!
അവിയലും സാമ്പാറും
വാഴപ്പിണ്ടിയും മത്തിയും
കൈതുടച്ച,
മണ്ണെണ്ണ പുക മണക്കുന്ന,കരിമ്പൻപിടിച്ച,
രാസ്നാദിയും കാച്ചെണ്ണയും അലങ്കാരമായ,
അലക്കുകാരം പരാജയപ്പെട്ട
അമ്മതോർത്ത്....
പക്ഷെ,
വിയർപ്പൊപ്പുന്നതിൽ
കണ്ണീരിൻ്റ പിന്നിലായിരുന്നു...!
താംമ്പൂലവും ബീഡിപ്പുകയും മത്സരിച്ചിട്ടും,
കൊട്ടൻചുക്കാദിയിൽമുങ്ങി_
യ
തീയിലിട്ടാൽ വേവാത്തതും,
വെള്ളത്തിലിട്ടാൽ നനയാത്തതുമായ
മുത്തച്ഛൻ്റ തോർത്ത്,
കപ്പലണ്ടിമുട്ടായിയും
നാരങ്ങാമുട്ടായിയും
തരുമായിരുന്നു...!
ചെത്തിയും താളിയും
തുളസിയും ഈഞ്ചയും
മുക്കൂട്ടും മണക്കുന്ന,
അന്തിത്തിരിയും സാമ്പ്രാണിയും
വിശ്വാസത്തിൻ്റ ഇഴനെയ്ത,
അമ്മൂമ്മതോർത്തിൽ
വടക്കേകോലായി_
ലുച്ചകഴിഞ്ഞീരും പേനും
ദിക്കറിയാതുഴലുന്നതുകാ_
ണാം..
വരമ്പുകളിലിടവഴികളിൽ
പകലിലുമിരുളിലും,
വീട്ടിലേക്കുള്ള വഴിതെളിച്ചുകൊണ്ടൊരു
ബീഡി,വേപ്പെണ്ണ,പാൽ
മിശ്രിതമാം
തോർത്തിലൊരകിടുമണം...
അലക്കുമണമോലുന്നൊരു
തോർത്തിലാഢ്യമെന്നോതി
കാലൻ കുടകളിറങ്ങി നടക്കുന്നു.....
ചേറുമണക്കുന്ന
തോർത്തിലൊരു
പുന്നെല്ലിൻ മണം..!
പലവീടിനു പലമണമെന്നോതിയൊരു
പുറംപണിതോർത്ത്_
പുത്തൻ തോർത്തുമണത്തി_
ലൊരോണത്തെ പുൽകുന്നു.....!!
പിൻവിളി;
മറക്കാതിരിക്കുക,
എവിെടയും അലസമായി
കിടക്കാൻ വിധിക്കപ്പെട്ട
ഒാരോ തോർത്തുമണവും
ഒാരോ നിറസാന്നിദ്ധ്യമാണ്