സരസ്വതീനദി ശാന്തമായി ഒഴുകുന്നു. ആ നദീതീരത്താണ് വ്യാസാശ്രമം. ഒരുദിവസം സായാഹ്നത്തിൽ വ്യാസൻ അശ്രദ്ധമായി നദിക്കരയിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് തന്റെ വീണ മീട്ടിക്കൊണ്ട് നാരദമഹർഷി അവിടെ പ്രത്യക്ഷപ്പെട്ടു. വ്യാസൻ പരിഭ്രമിച്ച് എഴുന്നേറ്റ് ദേവർഷിയെ വന്ദിച്ച് ആസനസ്ഥനാക്കി. വ്യാസനെ നോക്കി ചിരിച്ചുകൊണ്ട് നാരദൻ പറഞ്ഞു:"അങ്ങേയ്ക്ക് സുഖം തന്നെയാണല്ലോ. തടാകം പോലെ നിർമ്മലമായ അങ്ങയുടെ മനസ്സിന് യാതൊരു ക്ഷോഭവും സംഭവിക്കാൻ ഇടയില്ലെന്നു എനിക്ക് ഉറപ്പുണ്ട്. എങ്കിലും അങ്ങയിൽ എന്തോ ഒരു പ്രസാദമില്ലായ്മകാണുന്നു. എന്താണ് അങ്ങയെ വിഷമിപ്പിക്കുന്നത്?""അങ്ങ് പറയുന്നത് പരമാർത്ഥവും സത്യവുമാണ്. എന്റെ സംശയനിവൃത്തി വരുത്തുവാൻ അങ്ങേയ്ക്കെ കഴിയൂ."വ്യാസൻ പറഞ്ഞു:"🌺
🌺 കുറേക്കാലം മുൻപ് ധ്യാനനിമഗ്നനായിഇരിക്കുമ്പോൾ ലോകത്തിന്റെ ഭാവി ഞാൻ മനസ്സിൽ കണ്ടു. ധർമ്മം ക്ഷയിച്ചു വരുന്നതായും, മനുഷ്യന് ധർമ്മഭ്രംശം വരുന്നതായും മനസ്സിലാക്കി. അവരുടെ സങ്കടത്തിനു പരിഹാരമായി ഞാൻ വേദം പരിശോധിച്ച് നാലാക്കി പകുത്തു.അത് ലോകോപകാരത്തിനായി എന്റെ ശിഷ്യർക്ക് ഉപദേശിക്കുകയും അവർ അത് ലോകത്തിനു നൽകുകയും ചെയ്തു." എന്റെ ഈ പ്രവൃത്തി മതിയായില്ലെന്നുഎനിക്ക് തോന്നി. വേദം പഠിക്കാൻ പ്രയാസമുള്ളവർക്കായി വേദസാരങ്ങൾ അടങ്ങിയ മഹാഭാരതം എന്ന ഇതിഹാസവും രചിച്ചു. എന്നിട്ടും എന്റെ പ്രയത്നം എനിക്ക് സംതൃപ്തി നൽകുന്നില്ല. എന്റെ മനഃശാന്തിക്ക്🌺
🌺 എന്താണ് ഉപായം?"🌺
🌺 പുഞ്ചിരിയോടെ വീണ്ടും നാരദൻ പറഞ്ഞു: കാരണം എനിക്കറിയാം. താങ്കൾ വേണ്ടത്ര ചെയ്തിട്ടില്ല. മനഃശാന്തി ലഭിക്കാൻ ഇനിയും ചിലത് ചെയ്യേണ്ടിയിരിക്കുന്നു. മഹാഭാരതം എത്രയോ പരോപകാരപ്രദം തന്നെ. എങ്കിലും ആ മഹാഗ്രന്ഥത്തിനുഒരു കുറവ് വന്നുപോയി. എവിടെ ധർമ്മമുണ്ടോ അവിടെയാണ് ജയം എന്ന് പാണ്ഡവരുടെ കഥവഴി അങ്ങ് ലോകത്തെ പഠിപ്പിച്ചു. മനുഷ്യധർമ്മങ്ങളെ പറ്റി അതിൽ പലേടത്തും ഊന്നിപറഞ്ഞിട്ടുമുണ്ട്. എങ്കിലും ഭഗവത്പ്രാപ്തിക്ക് ഈ കലിയുഗത്തിൽ ഏറ്റവും സുഗമമായ മാർഗം ഭക്തിയാണെന്നു അങ്ങേയ്ക്ക് അറിയില്ലേ?
ഏകാഗ്രമായ ഭഗവത് ഭക്തി മഹാഭാരതത്തിൽ കാണാനില്ല. ആ വൈകല്യം പരിഹരിക്കാൻ അങ്ങ് പരിശ്രമിച്ചാലും"നാരദൻ തുടർന്നു: സത്തുക്കൾ ഉപദേശിക്കുന്ന കർത്തവ്യങ്ങളിൽ വീഴ്ച വന്നാലും, എല്ലാ സദാചാരങ്ങളും തെറ്റിനടന്ന് പാപിഷ്ഠനായാലും ഒരുവന്റെ ഹൃദയത്തിൽ എപ്പോൾ ഭഗവത്പ്രേമമോ, ഭക്തിയോ ഉദിക്കുന്നുവോ, അപ്പോൾ സർവ്വപാപങ്ങളും നശിച്ച് ഭഗവത്പ്രസാദം ഉണ്ടായിത്തീരുന്നു എന്ന് മനുഷ്യരെ ധരിപ്പിക്കുക. ശ്രീനാരായണന്റെ അനേകം അവതാരങ്ങളെയുംഅവയുടെ ഉദ്ദേശ്യങ്ങളെയും പറ്റി എല്ലാവരെയും പറഞ്ഞു മനസ്സിലാക്കുക. അപ്പോൾ അങ്ങയുടെ പ്രയത്നം സഫലമായി തീരുകയും, അങ്ങേയ്ക്ക് മനഃശാന്തി ലഭിക്കുകയും ചെയ്യും. അങ്ങിനെ വ്യാസ ഭഗവാൻ ഭാഗവത രചനയ്ക്ക് ഒരുങ്ങി.