Google Ads

Thursday, April 20, 2017

വയനാട്ടിൽ ഇ-3 തീം പാർക്ക് ഉദ്ഘാടനം 30-ന്.

മാനന്തവാടി: തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ തീം പാർക്ക് വയനാട്ടിൽ പ്രവർത്തനമാരംഭിക്കുന്നു. മാനന്തവാടിയിൽ നിന്നും 20 കിലോമീറ്റർ അകലെ തൊണ്ടർനാട് പഞ്ചായത്തിലെ നീലോത്താണ് ഏപ്രിൽ 30-ന് ഇ-3 തീം പാർക്ക് എന്ന പേരിൽ ബയോ - തീം പാർക്ക് പ്രവർത്തനമാരംഭിക്കുന്നത്.പരിസ്ഥിതി, വിജ്ഞാനം, വിനോദം എന്നീ മൂന്ന് മേഖലകളെ ആധാരമാക്കി വെസ്റ്റേൺ ഘാട് സ് ഗ്രീൻ ഇനീഷ്യേറ്റീവ് എൽ.എൽ.പി.യാണ് ഇ-3 പാർക്ക് ഒരുക്കിയിട്ടുള്ളത്.നാല് വർഷം കൊണ്ടാണ് ഒന്നാം ഘട്ടം നിർമ്മാണം പൂർത്തിയാക്കിയതെന്ന് ജനറൽ മാനേജർ ഡോ: കെ.ടി.അഷ്റഫ് പറഞ്ഞു. സാധാരണക്കാരായ 300 പ്രവാസികൾ ഓഹരിയെടുത്ത് വയനാട്ടിലെ കാർഷിക പ്രതിസന്ധിയുടെ പശ്ചാതലത്തിലാണ് സംരംഭം ആരംഭിച്ചത്. ഒന്നാം ഘട്ടത്തിൽ 75 കോടി രൂപയുടെ പദ്ധതി 55 കോടി രൂപക്ക് പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും എഞ്ചിനീയറിംഗ് രംഗത്തും മാനേജ്മെന്റ് രംഗത്തും ബിസിനസ് മേഖലയിലും ഇതൊരു പുതിയ മാതൃകയാണന്നും സി.ഇ.ഒ.യും ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലെ മുൻ വൈസ് പ്രസിഡണ്ടുമായ കെ.വെങ്കിട രത്നം പറഞു. ഉത്തരവാദവിനോദ സഞ്ചാരത്തിന്റെയും ഫാം ടൂറിസത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രാദേശിക വികസനത്തിനും തൊഴിൽ അവസരങ്ങൾക്കും വഴിയൊരുക്കിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഡയറക്ടറും റിട്ടയർഡ് കേണലുമായ നിസാർ സീതി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ നിലവാരം അനുസരിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ പെറ്റ്സ് സൂ, രാജ്യത്തെ ആദ്യത്തെ മോസ് ഗാർഡൻ, ഭാരതത്തിലെ ആദ്യത്തെ വാക്ക് ഇൻ ഏവിയേരി, ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരവും നീളവും കൂടിയ സിപ്പ് ലൈൻ, വയനാട്ടിലെ ആദ്യത്തെ മിനി മറൈൻ അക്വേറിയം, കേരളത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത വെള്ളച്ചാട്ടം ,ആദിവാസി ഗോത്ര ജീവിതം അടുത്തറിയാനുള്ള ട്രൈബൽ വില്ലേജ് തുടങ്ങിയവ ഇ-3 തീം പാർക്കിന്റെ മാത്രം സവിശേഷതകളാണന്ന് ഡയറക്ടർമാരിലൊരാളായ എ.പി.നിസാം പറഞ്ഞു
ലോകത്ത് ഇന്ന് വരെ കണ്ടെത്തിയിട്ടുള്ളതെന്ന് ശാസ്ത്രം പറയുന്ന 22- ഇനം ദിനോ സോറുകളുടെ ദൃശ്യഭംഗിയൊരുക്കിയ ഡിനോപാർക്ക് ഏറെ ആകർഷണീയമാണ്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ദിനോ സോർ മാതൃകകൾക്ക് ഡിജിറ്റൽ ശബ്ദവിന്യാസവും ചലനങ്ങളും കൂടിയായപ്പോൾ ജൂറാസിക് പാർക്കിന് സമാനമാവുന്നു. ഏറ്റവും വലിയ മനുഷ്യ നിർമ്മിത തടാകവും പ്രകൃതിദത്ത കുളങ്ങളും ഒമ്പത് മഴവെള്ള സംഭരണികളും ബോട്ടിംഗിനും ഫിഷിംഗിനുമുള്ള സൗകര്യങ്ങളും കുട്ടികളുടെ പ്രത്യേക പാർക്കും 35- ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന പാർക്കിലുണ്ട്. സാഹസിക വിനോദ സഞ്ചാരികളെ ഉദ്ദേശിച്ച് അഡ്വഞ്ചർ പാർക്കും ഫുഡ് കോർട്ടും തദ്ദേശീയ ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രവും ഇതിനകത്തുണ്ട്.പ്രാദേശീകമായി 150-ലധികം പേർക്ക് ഇതിനോടകം ഇവിടെ ജോലി കൊടുത്തു കഴിഞ്ഞു. 300-ഓളം പേർക്ക് നേരിട്ടും ആയിരത്തിലധികം പേർക്ക് പരോക്ഷമായും തൊഴിൽ അവസരമുണ്ടാകുമെന്ന് മൂന്ന് പതിറ്റാണ്ടോളം ഗൾഫിലായിരുന്ന എഞ്ചിനീയറും തീം പാർക്ക് ഡയറക്ടറുമായ മുഹമ്മദ് ഹബീബുള്ള പറഞ്ഞു. മരത്തെയും മണ്ണിനെയും മുറിവേൽപ്പിക്കാതെ പ്രകൃതി സംരംക്ഷണത്തിനും അതിലൂടെയുള്ള വിദ്യാഭ്യാസത്തിനും വിനോദത്തിനുമാണ് ഊന്നൽ നൽകിയത്. ഏപ്രിൽ 30-മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും.മുതിർന്നവർക്ക് 500 രുപയും കുട്ടികൾക്ക് 400 രൂപയുമാണ് പ്രവേശന പാസ്' .വിദ്യാർത്ഥി സംഘങ്ങൾക്ക് പ്രത്യേക ഇളവ് നൽകും.30-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര - സംസ്ഥാന മന്ത്രിമാർ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, ജനപ്രതിനിധികൾ, സിനിമ - സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ സംബന്ധിക്കുമെന്ന് ഭരണസമിതി അംഗങ്ങളായ സുബൈർ നെല്ലിയോട്ട്, എ.എം.ബാബു 'എന്നിവർ പറഞു. അനുദിനം വളരുന്ന കേരളത്തിന്റെയും മലബാറിന്റെയും വിനോദ സഞ്ചാര ഭൂപടത്തിൽ പുതിയൊരു അധ്യായ മാണ് ആഭ്യന്തര വിദേശ വിനോദ സഞ്ചാരികളെ ഉദ്ദേശിച്ച് പേര്യ - കുഞ്ഞോo ജീൻ പൂൾ മേഖലയിൽ ആരംഭിച്ചിട്ടുള്ള ഈ പരിസ്ഥിതി സൗഹൃദ തീം പാർക്ക് .

*More details call :* *9539261461*
*Alatrips Wayanad*
www.facebook.com/alatrips