Google Ads

Wednesday, March 23, 2016

നമുക്ക് കൂട്ട് നമ്മിലെ ഈശ്വര തത്വം മാത്രം

'ആരും ആർക്കും കൂട്ടല്ല. നമുക്ക് കൂട്ട് നമ്മൾ മാത്രം, നമ്മിലെ ഈശ്വര തത്വം മാത്രം'- ഇതാണ് ആദ്ധ്യാത്മിക ശാസ്ത്രങ്ങൾ പഠിപ്പിക്കുന്നത്.
മനസ്സിന്റെ സൂക്ഷ്മമായ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ സ്വഭാവം അറിഞ്ഞു ജീവിക്കാൻ ആത്മീയത നമ്മളെ സഹായിക്കും.
നല്ലവണ്ണം നീന്താൻ അറിയാവുന്നവർക്ക് കടലിലെ തിരമാലകൾക്കൊപ്പം നീന്തിത്തുടിക്കുന്നത് ആനന്ദകരമായ ഒരനുഭവമാണ്. എന്നാൽ , നീന്തൽ അറിയാത്തവർ കടലിൽ ഇറങ്ങിയാൽ അത് സുഖകരമായ ഒരനുഭവമായിരിക്കില്ല. എന്നു മാത്രമല്ല, ചിലപ്പോൾ തിരമാലകളിൽപ്പെട്ട് മുങ്ങിപ്പോകാനും സാദ്ധ്യതയുണ്ട്. ചെറുതും വലുതും ഭീമാകാരവുമായ തിരമാലകൾ നിരന്തരം അലയടിക്കുന്ന ഒരു മഹാസമുദ്രം പോലെയാണ് ഈ ലോകം. ഇവിടെ ആദ്ധ്യാത്മിക തത്വം അറിഞ്ഞ് ജീവിതം നയിച്ചാൽ, ഏതു പ്രതിബന്ധവും സുഖകരമായ അനുഭവമാക്കി മാറ്റാൻ കഴിയും. തളരാതെ, അതിനെ അഭിമുഖീകരിക്കാനും അതിജീവിച്ച് മുന്നേറാനും സാധിക്കും.