Google Ads

Tuesday, March 28, 2017

നല്ലത് ചെയ്യാൻ തുനിഞ്ഞിറങ്ങിയാൽ ദൈവം മുൻപിലുണ്ടാവും..

രാത്രി ഇത്ര അധികം വൈകും എന്ന് പ്രതീക്ഷിച്ചില്ല , പോരാത്തതിന് മഴയും. ഞാൻ ബൈക്കു ഒന്ന് സ്ലോ ആക്കി വാച്ച് നോക്കി സമയം ഒന്നിനോട് അടക്കുന്നു. റോഡു വിജനമാണ്.

ഹെഡ് ലൈറ്റിന്റെ വെളിച്ചത്തെ മുന്നോട്ടു നീങ്ങാൻ അനുവദിക്കാതെ തടുത്ത് നിർത്തി തിമർക്കുകയാണ് മഴത്തുള്ളികൾ . ഓവർകോട്ടിനുള്ളിലേക്ക് നുഴഞ്ഞു കയറാൻ കഴിയാതെ മഴ തോറ്റുമടങ്ങുമ്പോൾ ശീതക്കാറ്റു അതിൽ വിജയിക്കുന്നുണ്ട് .

ഒന്ന് രണ്ടു വണ്ടികൾ കടന്നു പോയി . തണുപ്പും രാത്രിയുടെ അന്ത്യയാമങ്ങളും ചേരുമ്പോൾ ഡ്രൈവിങ് പാതിമയക്കത്തിലാവും. അപകടങ്ങൾ ഉണർന്നു കാത്തിരിക്കുകയും ആവും ഒരു ജീവനു വേണ്ടി .

മെയിൻ റോഡാണെങ്കിലും സ്ട്രീറ്റ് ലൈറ്റ്കുൾ ഇരുട്ടിനോട്‌ കൂട്ടാണു , ഹെഡ് ലൈറ്റിന്റെ വെളിച്ചം മാത്രം ശരണം. അടുത്ത വളവു തിരിഞ്ഞാൽ വീട്ടിലേക്കുള്ള കട്ട് റോഡിലേക്ക് ഇറങ്ങാം . ഞാൻ ഒന്ന് സ്പീഡ് കൂട്ടിയതും തൊട്ടുരുമികൊണ്ട് ഒരു ജീപ്പ് എന്നെ മരണ വേഗത്തിൽ മറി കടന്നതും ഒരുമിച്ചായിരുന്നു .

ആ വാഹനത്തിന്റെ ആടിയുലഞ്ഞുള്ള ചലനവും അതിന്റെ വേഗതയും വല്ലാത്തൊരു നടുക്കം എന്നിൽ ശ്രഷ്ടിച്ചു. ശരിക്കും മരണം മുഖം കാട്ടി മടങ്ങിയ നിമിഷം.

വണ്ടി ഞാൻ ഓരത്തേക്ക് വെട്ടിച്ചില്ലായിരുന്നെങ്കിൽ ഈ റോഡിലെ വെള്ളത്തിൽ കലങ്ങി കുത്തി ഒലിച്ചേനെ എന്റെ രക്തവും ജീവനും. അത് ഓർത്തനിമിഷം വഴിക്കണ്ണുമായി വീട്ടിൽ കാത്തിരിക്കുന്ന കണ്ണുകൾ തെളിഞ്ഞു . ഒരിക്കലും നിലക്കാതെ അവ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു.

ഈ സമയത്ത് ഒരു അപകടം നടന്നാൽ ഒരു കുഞ്ഞു പോലും കാണില്ല കണ്ടാൽ തന്നെ തിരിഞ്ഞു നോക്കില്ല അതാണ്‌ കാലം. ഞാൻ മനസിൽ ഓർത്ത് ബൈക്ക് പരമാവധി സൈഡ് ഒതുക്കി .

മുൻപോട്ടു കുതിച്ചു പാഞ്ഞ ആ ജീപ്പ് വളവു തിരിഞ്ഞതും വല്ലാത്തൊരു ശബ്ദത്തോടെ എടുത്തു അടിച്ച പോലെ നിന്നു ഒപ്പം അതിന്റെ പിൻചക്രം റോഡിൽ ഉരഞ്ഞു പുക ഉയർന്നു. ആ നിമിഷം തന്നെ എന്തോ ഒന്ന് ആ വാഹനത്തിന്റെ മുന്പിൽ നിന്ന് തൊട്ടടുത്ത ഓടയിലേക്ക് ഉയരത്തിൽ തെറിച്ചു വീഴുന്നത് ഞാൻ കണ്ടു.

പെട്ടന്ന് വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഓഫായി . അത് കുറച്ചു നേരം ചലനമില്ലാതെ നിന്നു . അതിന്റെ പിന്നില്ലെ ഇന്ടികെറ്ററുകൾ ചുവന്ന കണ്ണുകളുമായി എന്നെ തുറിച്ചു നോക്കി. എന്നാൽ എന്റെ വണ്ടി അടുത്തു എത്തിയതും അത് ഹെഡ് ലൈറ്റ് ഓഫാക്കിതന്നെ പൊടുന്നനെ മുൻപോട്ടു കുതിച്ചു .
എന്താണ് സംഭവിച്ചത് എന്ന് എനിക്കു മനസിലായില്ല .

ഞാൻ ആ ജീപ്പ് നിന്നിരുന്ന സ്ഥലത്ത് ചെന്ന് ബൈക്കിന്റെ ഹെഡ് ലൈറ്റ് ആ രൂപം വീണ ഭാഗത്തെ ഓടയിലേക്കു തിരിച്ചു .ആ വെളിച്ചത്തിൽ ഞാൻ കണ്ടു . രണ്ടു കാലുകൾ അവ ഓടയിൽ നിന്നും മുകളിലേക്ക് പൊന്തി നിൽക്കുകയാണ് .

എന്റെ ഉള്ളു കാളി നിമിഷങ്ങൾക്ക് മുന്പ് മരണം തൊട്ടുരുമി കടന്നു പോയത് ഞാൻ അറിഞ്ഞതാണ് . ആദ്യം ഞാൻ കരുതിയത്‌ നായോ കുറുക്കനോ ആവുമെന്നാണ്. പതുക്കെ ചിത്രം വ്യക്തമാവുകയായിരുന്നു. കണ്‍മുന്പിൽ നടന്നത് ഒരു അപകടം ആണ്.

ഞാൻ ലൈറ്റ് ഓഫാക്കാതെ വണ്ടി നിർത്തി ആ കാലുകൾക്ക് അടുത്തേക്ക് നടന്നു . ഓടയിൽ വീണ് മടങ്ങി ഒടിഞ്ഞ പോലെയാണ് അപകടം പറ്റിയ ആ മനുഷ്യൻ കിടക്കുന്നത്. ഓടയിൽ നിറയെ പുല്ലുകൾ നിറഞ്ഞു കിടക്കുന്നതിനാൽ മുഖം കാണാൻ കഴിയുന്നില്ല . പോരാത്തതിന് ഹെഡ് ലൈറ്റിന്റെ വെളിച്ചം ഓടക്കു അകത്തേക്ക് എത്തിയതുമില്ല.

എനിക്കു അപ്പോൾ വ്യക്തമായി കാണാൻ കഴിയുന്നത്‌ ആ രണ്ടു കാലുകൾ മാത്രം . അതു ഒരു മധ്യവയസന്റെതാണെന്നു വ്യക്തം . ഞാൻ സൂക്ഷിച്ചു നോക്കി അവ ചലിക്കുന്നുണ്ട്. വേദന കൊണ്ടുള്ള ഞരക്കം എനിക്കു കേൾക്കാം .

മുണ്ട് മടക്കി കുത്തി ഞാൻ ഓടയിലേക്കു ഇറങ്ങാൻ തുടങ്ങി . പെട്ടന്ന് മുൻപോട്ടു വെച്ച കാൽ ഞാൻപിൻവലിച്ചു . ഒരു നിമിഷം ഞാൻ നിർത്തിയിട്ട ബൈക്കിലേക്ക് നോക്കി . അത് വീട് എത്തിച്ചേരാൻ കൊതിക്കുന്നത് പോലെ തോന്നി .

അതുവരെ ഞാൻ ആശ്രയിച്ചിരുന്ന മനസാക്ഷിക്ക് മുകളിൽ ബുദ്ധി സ്ഥാനം ഉറപ്പിക്കാൻ തുടങ്ങിയിരിക്കുന്നു . വരും വരായ്യമകൾ അത് കൂട്ടിക്കിഴിച്ചു മനസാക്ഷിയെ കൂട്ടിലടച്ചു .ഞാൻ ചുറ്റും നോക്കി, ചുറ്റിലെങ്ങും ആരും ഇല്ല . ബുദ്ധി ഉപദേശിച്ചു കൊണ്ടിരുന്നു പിൻമടങ്ങുവാൻ.

കേസ്, കൂട്ടം, ആശുപത്രി ഇവ ഒക്കെ വലിച്ചു തലയിൽ കയറ്റണോ ..? ഒന്ന് കണ്ണടച്ചാൽ ഈ രാത്രിയും കടന്നു പോവും. ഞാൻ കണ്ണടച്ചു ഒപ്പം ഹെഡ് ലൈറ്റും ഓഫ് ചെയിതു വണ്ടി മുന്പോട്ടെടുത്തു .
ആ മനുഷ്യനിൽ നിന്നും ദൂരം കൂടും തോറും ബുദ്ധി പത്തി മടക്കി , മനസാക്ഷി വിചാരണ തുടങ്ങിയിരിക്കുന്നു .

" ഇല്ല ഞാൻ ഒന്നും കണ്ടിട്ടില്ല ... ഒന്നും " ഞാൻ വണ്ടി വീടിന്റെ പോർച്ചിൽ കയറ്റി വെച്ച് കൊണ്ട് പറഞ്ഞു .

വണ്ടിയുടെ ശബ്ദം കേട്ടാവണം അമ്മ ഓടി കിതച്ചു വന്നത് " മോനെ അച്ഛൻ ഇതുവരെ വന്നിട്ടില്ല.. ഞാൻ എന്ത് മാത്രം വിളിച്ചു നിന്റെ മൊബൈലിൽ ... നിങ്ങളെ രണ്ടാളെയും കാണാതായപ്പോൾ തീ തിന്നുകയായിരുന്നു ഇത് വരെ "

" മൊബൈൽ സ്വിച്ച്ഓഫ്‌ ആണ് അമ്മേ... മഴയല്ലേ !!!!" ഞാൻ റൈൻകോട്ട് ഊരി കുടഞ്ഞു കൊണ്ട് പറഞ്ഞു .

"അച്ഛൻ ഇങ്ങനെ ഒരിക്കലും വൈകീട്ടില്ല . ഈശ്വരാ ഈ മഴത്ത് എവിടെ പോയി തിരയും , ഒരു മൊബൈൽ ഫോണും പോലും അച്ഛൻ ഉപയോഗിക്കാറില്ല ഒന്ന് വിളിച്ചു നോക്കാൻ . വൈകീട്ട് അച്ചന്റെ കൂട്ടുകാരന്റെ മരണാന്തര ചടങ്ങിനു പോയതാ . എന്നാലും വരേണ്ട സമയം കഴിഞ്ഞല്ലോ മോനെ ..?" അമ്മ കരച്ചിലിന്റെ വക്കിൽ എത്തി.

ഞാൻ ഫോണ്‍ എടുത്തു അച്ഛൻ പോയ മരണ വീട്ടിലേക്കു വിളിച്ചു. അവിടെ ആരും ഉറങ്ങാതിരുന്നത് കൊണ്ട് മറുപടി വേഗം കിട്ടി . അച്ഛൻ ചടങ്ങുകൾ കഴിഞ്ഞു അരമണിക്കൂർ ആയി അവിടെ നിന്നും ഇറങ്ങിയിട്ട് ..

" അച്ഛൻ ഇപ്പൊ വരും അവിടെ നിന്ന് ഇറങ്ങിയിട്ടുണ്ട് " ഞാൻ അമ്മയെ സമാധാനിപ്പിച്ചു

" ഇല്ല മോനെ എന്റെ മനസിന്‌ ഒരു സമാധാനവും ഇല്ല ... അച്ഛന് എന്തോ അപകടം പറ്റിയ പോലെ മനസ്‌ പിടയ്ക്കുന്നു മോനെ ....ഇന്ന് രാവിലെ മുതലേ അനർത്ഥലക്ഷണങ്ങൾ ആയിരുന്നു ."

"അപകടം" ആ വാക്കുകൾ എന്റെ ഉള്ളിൽ തീ കൊളുത്തി . . ഹെഡ് ലൈറ്റിന്റെ വെളിച്ചം വേദന കൊണ്ട് കൂട്ടി ഉരയുന്ന രണ്ടു കാലുകൾ, മരണത്തിനു കീഴടങ്ങും മുബുള്ള ആ ഞരക്കം .. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു വിളിച്ചു " അച്ഛാ ".

ഞാൻ വീണ്ടും റെയിൻ കോട്ടിട്ടു. അമ്മക്ക് എന്തെങ്കിലും പറയാൻ കഴിയും മുന്പേ വണ്ടി ഗെയിറ്റ് കടന്നു കുതിച്ചിരുന്നു .

മഴയോ റോഡിന്റെ അവസ്ഥയോ എനിക്കു തടസമായില്ല . ആ അപകടം കണ്ട സ്ഥലത്ത് ഞാൻ എങ്ങിനെ എത്തിച്ചേർന്നു എന്ന് പോലും എനിക്ക് അറിയില്ല . ചാടി ഇറങ്ങി ഞാൻ ആ ഓടയിൽ പരതി . പക്ഷെ എനിക്കു അവിടെ എവിടെയും അച്ഛനെ കാണാൻ കഴിഞ്ഞില്ല . ഞാൻ തലക്കു അടിച്ചു കൊണ്ട് അവിടെ മുഴുവൻ ഓടി നടന്നു തിരഞ്ഞു . എന്റെ അച്ഛനെ.....

"എന്നെ തേടി വന്ന മരണം അച്ഛൻ ഏറ്റു വാങ്ങുകയായിരുന്നു . ഒന്ന് മനസ് വെച്ചിരുന്നെങ്കിൽ , കൈ പിടിച്ചു നടത്തിയ ആ കൈ വിട്ടു കളഞ്ഞിരുന്നിലെങ്കിൽ നഷ്ടപ്പെടില്ലായിരുന്നു എന്റെ അച്ഛനെ " ഞാൻ പരിസരം മറന്നു അലമുറയിട്ടു .

പെട്ടന്നു എന്റെ മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങി . ഞാൻ വിറയ്ക്കുന്ന കരങ്ങളൊടെ ഫോണ്‍ എടുത്തു " മോനെ ... അച്ഛനാണ് . നിങ്ങള് പേടിച്ചോ എന്നെ കാണാതെ "അച്ഛൻ ഒന്ന് നിർത്തി.

എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല . കുറച്ചു നേരത്തേക്ക് ശബ്ദം തൊണ്ടയിൽ കിടന്നു പിടച്ചു . " അച്ഛാ ... അച്ഛന് എന്താ പറ്റിയത് ... ? ഞാൻ കരഞ്ഞു കൊണ്ട് ചോദിച്ചു.

" മോൻ പേടിക്കേണ്ട അച്ഛന് ഒന്നും പറ്റിയിട്ടില്ല ഞാൻ ഹോസ്പിറ്റലിലാണ് ഉള്ളത് മോനെ. ചടങ്ങ് കഴിഞ്ഞു വരുന്നവഴിയിൽ ഒരു അപകടം . ഒരാൾ വണ്ടി തട്ടി ഓടയിൽ വീണു കിടക്കുന്നു . അയാളെയും കൊണ്ട് ഹോസ്പിറ്റലിൽ വന്നതാ ".

" അച്ഛാ ...? " ഞാൻ അറിയാതെ തന്നെ നെഞ്ഞുപൊട്ടി വിളിച്ചു പോയി . ഞാൻ കണ്ണടച്ചു കടന്നു പോയിടത്തു അച്ഛൻ കൈത്താങ്ങ് ആയിരിക്കുന്നു. എന്റെ തെറ്റ് അച്ഛൻ തിരുത്തിയിരിക്കുന്നു .

" അയാൾക്ക്.... അയാൾക്ക് എങ്ങിനെ ഉണ്ട് .... പരുക്ക് കൂടുതൽ ഉണ്ടോ ..?" മനസാക്ഷിക്ക് അറിയാനുള്ള ആകാംക്ഷയായി .
" ഉം ...അപകട നില കഴിഞ്ഞു . ക്രത്യസമയത്ത് എത്തിച്ചത് കൊണ്ട് രക്ഷപ്പെട്ടു .ദൈവമാ എന്നെ അവിടെ എത്തിച്ചത് "

" അച്ഛൻ ഒറ്റക്ക് എങ്ങിനെ ആശുപത്രിയിൽ എത്തിച്ചു .." എന്റെ സംശയം അടക്കി വെക്കാൻ കഴിഞ്ഞില്ല.

" അത് എനിക്കും അത്ഭുതമാണ്. ആ നേരത്തെ ഒരു ധൈര്യം ... പിന്നെ നല്ലത് ചെയ്യാൻ തുനിഞ്ഞിറങ്ങിയാൽ ദൈവം മുൻപിലുണ്ടാവും മോനെ എല്ലാത്തിനും.... പിന്നെന്താ ..? " അച്ഛൻ സന്തോഷത്തിൽ ആണ് ഒരു ജീവൻ തിരിച്ചു പിടിച്ച സന്തോഷം .

" മോൻ ഒരു ഉപകാരം ചെയ്യണം .. ആരെങ്കിലും രക്തം കൊടുക്കാൻ തെയ്യാറുള്ളവരെയും കൂട്ടി നീ നാളെ ഒന്ന് വരണം . ഞങ്ങൾ ഇവിടെനിന്നും ശ്രമിക്കുന്നുണ്ട് ഇപ്പോഴത്തെക്ക് വേണ്ടതിന് ."
" എന്തിനാ അച്ഛാ നാളെ ആക്കുന്നത് ഞാൻ ഇപ്പോ വരാം . ഞാൻ കൊടുക്കാലോ..?. പിന്നെ അച്ഛനെ കൂട്ടി വരുകയും ആവാം. ഒന്ന് അമ്മയെ വിളിച്ചു പറയട്ടെ .. എന്നിട്ട് പുറപ്പെടാം "

"അത് വേണ്ട മോനെ ഇത്രയും ദൂരം നീ ഈ മഴയത്ത്... അത് അപകടമാ " അച്ഛൻ പരിഭ്രമത്തൊടേ പറഞ്ഞു .

" ഇല്ല അച്ഛാ ഒന്നും സംഭവിക്കില്ല . നല്ലത് ചെയ്യാൻ തുനിഞ്ഞിറങ്ങിയാൽ ദൈവം മുൻപിലുണ്ടാവും .. പിന്നെ എന്താ .? ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു .

അത് കേട്ട് അച്ഛനും ചിരിച്ചു " തീർച്ചയായും "
എന്റെ മനസാക്ഷിക്ക് മുന്പിൽ മുഖം ഉയർത്തി പിടിച്ചു കൊണ്ട് വീണ്ടും ഉരുവിട്ട് " നല്ലത് ചെയ്യാൻ തുനിഞ്ഞിറങ്ങിയാൽ ദൈവം മുൻപിലുണ്ടാവും... "

ഞാൻ വണ്ടി സ്റ്റാർട്ടു ചെയിതു അതിന്റെ ഹെഡ് ലൈറ്റിനു വെളിച്ചം കൂടിയിരുന്നു. നന്മയുടെ വെളിച്ചം പോലെ അത് എനിക്കു വഴികാട്ടി .

*കഥയാണെങ്കിലും മനസ്സിന് വിശാലത കിട്ടുന്നുണ്ടെങ്കിൽ.. ഇതിൽ നന്മയുണ്ടെങ്കിൽ.. ഒന്ന് ഷെയർ ചെയ്തേക്കൂ..*

*ഒന്നിനേം ഭയക്കാതെ പിടക്കുന്ന ഒരു ജീവനെ മണ്ണിൽ നീന്ന് കൈ പിടിച് ഉയർത്താൻ ഏവർക്കും കഴിയട്ടെ..നന്ദി*