ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുള്ള ഒരു വാർത്ത:
അറ്റ് ലസ് രാമചന്ദ്രന്റെ ജയില്‍വാസം 40 വര്‍ഷം വരെ നീണ്ടേക്കുമെന്ന് സൂചന; ജയിലില്‍ പുറംഭക്ഷണം വാങ്ങിപ്പിക്കാന്‍ പണമില്ലാതെ ജയിലാഹാരം മാത്രം കഴിച്ച് പഴയ കോടീശ്വരന്‍; രോഗങ്ങളും ആരോഗ്യസ്ഥിതിയും ഗുരുതരാവസ്ഥയില്‍ !
എ കെ സത്താര്‍
ദുബായ്: ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ദുബായ് ജയിലില്‍ തടവില്‍ കഴിയുന്ന പ്രവാസി മലയാളി വ്യവസായി അറ്റ് ലസ് രാമചന്ദ്രന്റെ ജയില്‍വാസം അനന്തമായി നീണ്ടുപോയെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ഒരു കേസില്‍ മാത്രം മൂന്ന്‍ വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് അദ്ദേഹത്തിന്‍റെ ജയില്‍വാസമെങ്കില്‍ ഉടന്‍ പരിഗണനയ്ക്ക് വരാനുള്ള കേസുകളില്‍ എല്ലാം കൂടി 40 വര്‍ഷത്തിലേറെ തടവ് ലഭിച്ചേക്കാമെന്നാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഈ കേസുകളില്‍ പലതും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലും വിചാരണാ ഘട്ടത്തിലുമാണ്.
ഈ സാഹചര്യത്തില്‍ ഒരുകാലത്ത് ജനകോടികളുടെ വിശ്വസ്തനായിരുന്ന അറ്റ് ലസ് രാമചന്ദ്രന്‍ ജയിലില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് അടുത്തിടെ സാമ്പത്തിക കുറ്റവാളി തടവില്‍ കഴിഞ്ഞ ശേഷം ഇവിടെ നിന്നും മോചിതനായ അഫ്ഗാന്‍ സ്വദേശി അസ്ഖര്‍ ഭായ് പറഞ്ഞത്.
ജയില്‍വാസത്തിന്റെ ആദ്യ 6 മാസക്കാലം വരെ ജയിലില്‍ ഉന്മേഷവാനായിരുന്നതായി അസ്ഖര്‍ ഭായ് പറഞ്ഞു. അന്നൊക്കെ സഹതടവുകാര്‍ക്കൊപ്പം പാട്ടും കഥകളും തമാശയുമായി കഴിഞ്ഞുകൂടിയിരുന്ന രാമചന്ദ്രന്‍ പുതിയ കേസുകളുടെ കാര്യം കൂടി അറിഞ്ഞതോടെ മൌനത്തിലാണെന്നാണ് പറയുന്നത്.
പുറത്തുനിന്നും ഭക്ഷണം വാങ്ങിപ്പിക്കാന്‍ പണമില്ലാതെ ജയില്‍ ആഹാരം മാത്രം രുചിച്ച് പാവം കോടീശ്വരന്‍
കൈവശം പണമുള്ള തടവുകാര്‍ക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങിപ്പിച്ച് കഴിയ്ക്കാനുള്ള അനുവാദം തടവുകാര്‍ക്ക് ദുബായ് ജയിലധികൃതര്‍ അനുവദിക്കാറുണ്ട്. അതിനാല്‍ സാമ്പത്തിക കുറ്റവാളികളും അല്പം ചുറ്റുപാടുള്ളവരുമൊക്കെ പുറത്തുനിന്നും ഭക്ഷണം വാങ്ങിപ്പിച്ച് കഴിക്കാറാണ് പതിവ്. ഇവരെ സന്ദര്‍ശിക്കാനെത്തുന്ന ഉറ്റവരാണ് ഇതിന് പണം നല്‍കാറ് പതിവ്.
എന്നാല്‍ വലിയ കോടീശ്വരനായിരുന്ന അറ്റ് ലസ് ജ്വല്ലറി ഗ്രൂപ്പ് ഉടമ രാമചന്ദ്രന്‍ അതിനുപോലും നിര്‍വ്വാഹമില്ലാത്ത അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. രാമചന്ദ്രന് സന്ദര്‍ശകരുമില്ല, പണവുമില്ല എന്നതാണവസ്ഥ. കടുത്ത പ്രമേഹം ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടെങ്കിലും അതിനാവശ്യമായ ചികിത്സയോ ഭക്ഷണ നിയന്ത്രണമോ ഒന്നും സാധ്യമാകുന്നില്ല.
ഉറ്റവര്‍ക്ക് സഹായിക്കാനാവാത്ത അവസ്ഥ. വേണ്ടപ്പെട്ടവര്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു !
ഭര്‍ത്താവും മകളും ജയിലിലായതോടെ ജീവിതത്തില്‍ ആകെ ഒറ്റപ്പെട്ടുപോയ ഭാര്യയ്ക്കും ദുബായിലേക്ക് വരാനാകാത്ത മകനുമൊന്നും സഹായിക്കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷമാണ്. പ്രതാപകാലത്ത് രാമചന്ദ്രന്‍ സഹായിച്ച സുഹൃത്തുക്കളോ അദ്ദേഹം വഴി വിദേശത്തെത്തി രക്ഷപെട്ട പ്രവാസി മലയാളികളോ പഴയ ജീവനക്കാരോ ഒന്നും തിരിഞ്ഞു നോക്കുന്നില്ല.
എന്തിനും ഏതിനും പ്രസ്താവനയും പിരിവുമായി ഇറങ്ങുന്ന പ്രവാസി സംഘടനകളോ കൂട്ടായ്മകളോ പോലും രാമചന്ദ്രന്റെ കാര്യത്തില്‍ തിരിഞ്ഞു നോക്കുന്നില്ല.
ദുബായിലെ പ്യുവര്‍ ഗോള്‍ഡിന്‍റെ ഉടമ ഫിറോസ് അടുത്തിടെയായി യു എ ഇയിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിച്ചുനല്കാറുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍ രാമചന്ദ്രന്റെ അവസ്ഥ എത്തിക്കാന്‍ പോലും അദ്ദേഹത്തിന്‍റെ പഴയ ജീവനക്കാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ സംഘടനകള്‍ക്കോ കഴിഞ്ഞിട്ടില്ല.
ഇപ്പോഴും കോടികള്‍ വിലമതിക്കുന്ന സ്ഥാപരജംഗമസ്വത്തുക്കള്‍ അറ്റ് ലസ് രാമചന്ദ്രന് ദുബായിലും നാട്ടിലുമായി സ്വന്തമായുണ്ട്. വായ്പാ കുടിശിഖയുള്ള ബാങ്കുകളുമായി ചര്‍ച്ച നടത്തി ഈ വസ്തുക്കള്‍ വില്‍പ്പന നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമം നടത്താനും ആരും മുന്നിട്ടിറങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ കുറഞ്ഞത് 4 പതിറ്റാണ്ടുകളോളം രാമചന്ദ്രന്‍ ജയിലില്‍ കഴിയേണ്ടിവരുമെന്നതാണ് അവസ്ഥ.
ബഹുമുഖ പ്രതിഭയായ ബിസിനസുകാരന്‍
വ്യവസായി എന്ന നിലയില്‍ മാത്രമല്ല ചലച്ചിത്ര പ്രവര്‍ത്തകനെന്ന നിലയിലും തിളങ്ങിയ വ്യക്തിത്വമാണ് അറ്റ് ലസ് രാമചന്ദ്രന്‍. സൂപ്പര്‍ ഹിറ്റുകളുമായി മാറിയ വൈശാലി (1988), വാസ്തുഹാര (1991), ധനം (1991), സുകൃതം (1994) എന്നിവയാണ് രാമചന്ദ്രന്‍ നിര്‍മ്മിച്ച സിനിമകള്‍. അന്നൊക്കെ വൈശാലി രാമചന്ദ്രന്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
പിന്നീട് നിര്‍മ്മാണ മേഖലയില്‍ നിന്നും പിന്മാറിയ രാമചന്ദ്രന്‍ 2007 ല്‍ ആനന്ദഭൈരവിയിലൂടെ അഭിനയ രംഗത്തേക്കും കടന്നുവന്നു. 7 സിനിമകളില്‍ അഭിനയിച്ചു. 2010 ല്‍ ഹോളിഡേയ്സ് എന്ന ചിത്രം സംവിധാനം ചെയ്തു.
"ജനകോടികളുടെ വിശ്വസ്ത സ്ഥാപനം" എന്ന ക്യാപ്ഷനിലാണ് അദ്ദേഹത്തിന്‍റെ സ്ഥാപനവും അറ്റ് ലസ് രാമചന്ദ്രനും മലയാളികള്‍ക്ക് ഏറെ സുപരിചിതനായത്.
ഇതാണു ജീവിതമെന്ന് മറ്റുള്ളവരെ കാണിച്ചു കൊടുക്കുകയാണു.
സമ്പത്തും കാര്യപ്രാപ്തിയും ഉള്ളപ്പോൾ അനേകം പേർ ചുറ്റിനും ഉണ്ടാകും.
എന്തിനും ഏതിനും അവർ റാൻ മൂളും.എവിടെയും പുകഴ്ത്തിപാടും.അത് സമ്പത്തു കാലത്ത് മാത്രം.എന്നാൽ ആപത്തു കാലത്തൊ ഒരു പരിചാരകരും പുകഴ്ത്തലുകാരും ഏഴു അയലത്ത് അടുക്കുകില്ല.
ഇതു ഇന്നും പലരും മനസിലാക്കാതെ പോകുന്നുണ്ട്.
കോടികൾക്ക് കടലാസിന്റെ വില മാത്രമെ ഉള്ളു എന്ന് ഒാർമ്മിപ്പിക്കുന്ന ഒരു കാലത്തിലൂടെ ആണു നാം കടന്നു പോകുന്നത്.എങ്കിലും പൊങ്കച്ചങ്ങൾ അവസാനിക്കുന്നില്ല എന്നതാണു വാസ്തവം.
അറ്റ്ലസ് രാമചന്ദ്രന്റെ പ്രതാപകാലത്ത് കാത്തു നിൽക്കാൻ സിനിമാക്കാരും തൊഴിൽ അന്വേഷകരും ഒക്കെ ഉണ്ടായിരുന്നു.
മാധ്യമങ്ങൾ പരസ്യത്തിനു വേണ്ടീ കയറി ഇറങ്ങി നടന്നിരുന്നു.സാംസ്കാരിക സാഹിത്യ പരിപാടി നടത്തിപ്പുകാരിൽ പലരും അവാർഡ് നൽകാൻ മൽസരിച്ചു നടന്നിരുന്നു.എല്ലാം അദ്ദേഹത്തിന്റെ പണത്തിനു മാത്രം .
ഇന്ന് സർവ്വതും നഷ്ടപെട്ട് ജയിൽ വാസം അനുഭവിക്കുമ്പോൾ ആരുണ്ട് ഒരു കൈ സഹായിക്കാൻ.
പുറം തിരിഞ്ഞു നിൽക്കയാണു ഒരിക്കൽ ആനുകൂല്യം നേടിയവർ എല്ലാം.
ഇതാണു ലോകം
ഇതാണു ജീവിതം
ഒന്നിലും നാം മയങ്ങണ്ട
ഇത്തിരിപോരുന്ന ജീവിതത്തിലെ ഈയാം പാറ്റകളാണു നാം
ഇക്കാണുന്ന ലോകത്തിൽ സുഖലോലുപതയ്ക്ക് ആയുസ്സ് നിർണ്ണയിക്കാൻ കഴിയില്ല.
എല്ലാമൊന്നു തീരാൻ നിമിഷങ്ങൾ മാത്രം മതിയാകും
മായ ആണു എല്ലാം.നാം തന്നെ മായപെടുന്ന ലോകം.അനുഭവ ജീവിതത്തിൽ കണ്ടും കേട്ടും നമുക്ക് പഠിക്കാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും ഉള്ളത് ഒന്നേ ഉള്ളു ഏറി പോയാൽ ആറടി മണ്ണിനു മാത്രം അവകാശം ചൊല്ലാം