ശ്രീകൃഷ്ണനെക്കുറിച്ചു പൊതുവെയുള്ള സങ്കല്പം സർവ സുഖ സൗകര്യങ്ങളിൽ മുഴുകി ജീവിതം ആസ്വദിച്ചവനെന്നാണ് എന്നാൽ കൃഷ്ണന്റെ ജീവിതം മുഴുവനും പ്രതിസന്ധികൾക്കെതിരെയുള്ള പോരാട്ടമാണ് .. ..തന്റെ ജീവിതത്തെ കൃഷ്ണൻ സ്വീകരിച്ച രീതിയാണ് അതങ്ങേയറ്റം ആസ്വാദ്യമെന്നു നമുക്ക് തോന്നാനിടയാക്കിയത്. കൃഷ്ണനൊരിക്കലും സുഖത്തിലൂടെ മാത്രം സഞ്ചരിച്ചിരുന്നവനല്ല. തന്റെ കുലം തമ്മിൽ തല്ലി നശിക്കുന്നത് ഭാവഭേദമില്ലാതെ നോക്കി നിന്നവനാണ് കൃഷ്ണൻ. എന്തെല്ലാം വിപത്തുകൾ വന്നു ചേർന്നാലും വിലപിക്കാതെ അവയെ സധൈര്യം നേരിട്ടവനായിരുന്നു കൃഷ്ണൻ .
ഇക്കാരണങ്ങളെക്കൊണ്ട് ശ്രീകൃഷ്ണനെ ഭാരതീയർ പൂർണ്ണാവതാരവരിഷ്ഠനെന്നു വിളിക്കുന്നു..
ഓരോ നിമിഷവും പൂർണ്ണമായ അവബോധത്തോടെ ജീവിച്ചു തീർത്ത, ലാഭനഷ്ടങ്ങളുടെ കണക്കുകൾ എണ്ണിയിരിക്കാത്ത, മോക്ഷത്തെ നിമിഷംതോറും അനുഭവിക്കുന്ന, സാധാരണക്കാർക്ക് അപ്രാപ്യമായ ജീവിതം നയിച്ചവനെ മറ്റെന്തു വിളിക്കാൻ..
ഇനിയുമാ ചോദ്യം ബാക്കിയാണ് ..
ആരായിരുന്നു കൃഷ്ണൻ?
അച്ചടക്കമില്ലാത്ത , വികൃതിയായ ഒരു കൊച്ചു കുട്ടി?
സർവ ചരാചരങ്ങളെയും മുരളിവായനയിൽ മയക്കിയ സംഗീത വിദ്വാൻ?
മനോഹരമായതും പ്രീതിയുളവാക്കുന്നതുമായ നൃത്തം ചെയ്ത സുന്ദരനായ നർത്തകൻ?
അപ്രതിരോധ്യമാം വണ്ണം കാമുകിമാരെ തന്നിലേക്കാകർഷിച്ച കാമുക മനസ്സുള്ളവൻ?
സഭയിൽ അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെ മാനം കാത്തവൻ?
വീരനും ധീരനായ പോരാളി?
യുദ്ധത്തിൽ നിന്നും ഒളിച്ചോടിയ ഭീരു?
ശാന്തി ദൂതൻ?
ഋഷി?
മോഷ്ടാവ്?
അനിവാര്യമായ യുദ്ധത്തിൽ പ്രതിജ്ഞ പോലും ലംഘിച്ചു ആയുധമെടുക്കാൻ തുനിഞ്ഞവൻ?
തന്റെ സുഹൃത്തിന്റെ അപാരമായ സാധ്യതകളിലേക്ക് വെളിച്ചം വീശി അവനെ യുദ്ധത്തിന് പര്യാപ്തനാക്കിയവൻ?
യാഗങ്ങളെയും യജ്ഞങ്ങളേയും യഥാവിധി അനുഷ്ഠിക്കുകയും എന്നാൽ ജീവിതം അവയിലേക്ക് മാത്രം ഒതുങ്ങിപ്പോകരുതെന്നും പറഞ്ഞവൻ?
തന്റെ സേനയെ പോലും അപരന് ദയാരഹിതമെന്നു തോന്നും വിധം ഉപേക്ഷിച്ചവൻ?
വിവേകശാലിയും കൗശലക്കാരനായ നയതന്ത്രജ്ഞൻ?
അധികാരത്തെ സ്വീകരിക്കുവാനും അതെ സമയം പുല്ലുപോലെ വലിച്ചെറിയുവാനും മടിയില്ലാത്തവൻ?
സംഭാഷണങ്ങളിൽ അങ്ങേയറ്റം മാന്യത പുലർത്തി സംസാരിക്കുന്ന കുലീനൻ?
യോഗസപര്യയുടെ മറുകര കണ്ടവൻ?
ജീവിതത്തിന്റെ ഏതൊരു സാഹചര്യവുമായും ഇണങ്ങി ചേരാൻ സാധിക്കുന്നവർ?
ജീവിതത്തെ അതിന്റെ പരിപൂർണ്ണമായ വർണ്ണ വൈവിധ്യങ്ങളിൽ അനുഭവിച്ചറിഞ്ഞവൻ?
പ്രകൃതിയോടിണങ്ങി ജീവിച്ചവൻ?
യഥാർത്ഥത്തിൽ ആരായിരുന്നു കൃഷ്ണൻ? ഇതൊന്നുമായിരുന്നില്ലേ? അതോ ഇതെല്ലാമായിരുന്നോ?
കൃഷ്ണനെ കേവലം വാക്കുകളിൽ ഒതുക്കാനാകുമോ?
കൃഷ്ണനെ പൂർണ്ണമായി അറിഞ്ഞവരാരുണ്ട്?
അറിഞ്ഞവരുണ്ടെങ്കിൽ, അവരെപ്പോലെ ഭാഗ്യവാന്മാർ മറ്റാരുണ്ട്?
പലരും കൃഷ്ണനെ കണ്ടത് പലവിധത്തിലാണ്. ചിലർക്ക് കൃഷ്ണൻ എന്നുമൊരു ചെറുബാലകനാണ്, ചിലർക്ക് പ്രിയപ്പെട്ട സുഹൃത്താണ്, ചിലർക്ക് ഗുരുവാണ്, ചിലർക്ക് യോഗേശ്വരനാണ്. ഈ വേഷങ്ങളിലെല്ലാം കൃഷ്ണനെ മാത്രമേ കാണുവാൻ കഴിയൂ എന്നൊരു പ്രത്യേകത കൂടിയുണ്ട് ..
കൃഷ്ണൻ സകല രുചിഭേദങ്ങളെയും ഉൾക്കൊള്ളുന്നവനാണ്. ഓരോരുത്തരും അവരവരുടെ മനോധർമ്മമനുസരിച്ചു ഇതാണ് കൃഷ്ണൻ എന്ന് പറയുന്നു.. കൃഷ്ണൻ പ്രവചനാതീതനാണ്.. ദേശത്തിനും കാലത്തിനും അതീതനാണ്.. ധർമ്മക്ഷയമുണ്ടാകുമ്പോൾ വീണ്ടും വീണ്ടും അവതരിക്കുന്നവനാണ്.. കൃഷ്ണൻ അങ്ങനെയെന്തെല്ലാമായിരുന്നു? ആരെല്ലാമായിരുന്നു? അറിയില്ല.. ഒരിക്കലും അറിയാനും സാധിക്കില്ല ..
അതെ , കൃഷ്ണനെ ഒരിക്കലും പൂർണ്ണമായും അറിയാൻ സാധിക്കില്ല.. ലോകം കൃഷ്ണനെ ഭാഗികമായേ അറിഞ്ഞിട്ടുള്ളൂ .. .
കൃഷ്ണന്റെ നിറം കറുപ്പായിരുന്നു . കൃഷ്ണ എന്ന വാക്കിന്റെ അർഥം തന്നെ കറുപ്പ് എന്നാണല്ലോ .
എന്നാൽ നമ്മുടെ വീക്ഷണ പരിധിയിലൊതുങ്ങാത്തതിന് , അപരിമേയമായതെന്തിനും നീലനിറമാണത്രെ.. ..
സമുദ്രവും ആകാശവുമെല്ലാം നീലയാണ്...
കൃഷ്ണനെ നീല നിറത്തിൽ ആലേഖനം ചെയ്യുവാനും കാരണം ഇതായിരിക്കണം .. കൃഷ്ണൻ അപരിമേയനാണ്.. നമ്മുടെയൊക്കെ വീക്ഷണ പരിധികൾക്കപ്പുറത്തുള്ളവനാണ്.. എനിക്കിനിയും ഏറെ ശ്രീകൃഷ്ണനിൽ നിന്നും പഠിച്ചെടുക്കേണ്ടതുണ്ട്.. കൃഷ്ണനിലേക്കു വളരേണ്ടതുണ്ട് ..
ജീവിതം നമുക്ക് മുന്നിൽ കാഴ്ചവെക്കുന്നത് സുഖമാകട്ടെ ദുഖമാകട്ടെ പരാതികളില്ലാതെ പൂർണ്ണ മനസ്സോടെ സ്വീകരിക്കാൻ സാധിക്കുന്നതാണ് കൃഷ്ണാവബോധം.. കൃഷ്ണനെയറിയാൻ ശ്രമിക്കുന്നതിലൂടെ നാമോരുരുത്തരും
കൃഷ്ണാവബോധമുള്ളവരായ് തീരട്ടെ ..
ഹരിഓം ....