Google Ads

Wednesday, February 1, 2017

നിങ്ങളെ, നിങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് തടയുന്ന ആ സ്റ്റംബ്ലിംഗ്‌ ബ്ലോക്ക്‌ എന്താണ്‌?

ഫ്ലാഷ്‌ വെളിച്ചത്തിന്റെ പ്രഭയില്‍ ബിസിനസ്സ്‌ സമ്മിറ്റിന്റെ വേദിയിലേയ്ക്ക്‌ നാടകീയമായി ആ യുവാവ്‌ കടന്ന് വരുമ്പോള്‍ കയ്യില്‍ കോഡ്‌ലെസ്സ്‌ മൈക്കുണ്ടായിരുന്നു.

മുന്നൂറിലധികം വരുന്ന യുവ ബിസിനസ്സുകാര്‍ നിറഞ്ഞ സദസ്സിനെ നോക്കി വേദിയില്‍ നെഞ്ച്‌ വിരിച്ച്‌ നിന്ന് അയാള്‍ ഇങ്ങനെ ഒരു ചോദ്യം സദസ്സിലേയ്ക്കേറിഞ്ഞു

"നിങ്ങളെ, നിങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് തടയുന്ന ആ സ്റ്റംബ്ലിംഗ്‌ ബ്ലോക്ക്‌ എന്താണ്‌?"

"പണം", "വിദ്യാഭ്യാസം", "പരിശീലനം", "അവസരങ്ങള്‍","പിന്തുണ", "കുടുംബം".....
സദസ്സില്‍ നിന്ന് വേദിയിലേയ്ക്ക്‌ വായുവില്‍ നിരവധി ഉത്തരങ്ങള്‍ ഒഴുകിയെത്തി.

ശരിയായ ഉത്തരം ഉറപ്പിക്കാതെ അനീഷ്‌ എന്ന് പേരുള്ള 28 വയസ്സുകാരനായ ആ ചെറുപ്പക്കാരന്‍ പറഞ്ഞു.

"നിങ്ങള്‍ക്ക്‌ കഥ കേള്‍ക്കാനിഷ്ടമാണെങ്കില്‍ ഞാനൊരു കഥ പറയാം."

ആ കഥ ഇതായിരുന്നു..

കോട്ടയത്തെ ഒരു നിര്‍ദ്ധന കുടുംബത്തില്‍ തടിമില്ല് പണിക്കാരനായ അച്ഛന്റെ മകനായി ജനിച്ചു. മൂഡ്‌ ഡിസോര്‍ഡര്‍ ഉള്ള അച്ഛന്‌ പലപ്പോഴും പണിക്ക്‌ പോകാന്‍ കഴിയാത്തത്‌ കൊണ്ട്‌ അമ്മ മില്ലില്‍ 70 രൂപ കൂലിക്ക്‌ പോകാന്‍ തുടങ്ങിയപ്പോള്‍ 7-ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ മില്ലില്‍ പോയിത്തുടങ്ങിയ ബാല്യകാലം എന്നും പട്ടിണിയുടേയും പരിവട്ടത്തിന്റേതുമായിരുന്നു.
പഠിത്തത്തില്‍ അത്ര മുന്നിലല്ലാത്ത അനീഷ്‌ എസ്‌.എസ്‌.എല്‍.സി സെക്കണ്ട്‌ ക്ലാസ്സില്‍ കടന്ന് കൂടുകയായിരുന്നെുവെങ്കിലും, കുടുംബത്തിന്റെ ഏക അത്താണിയായത്‌ കൊണ്ട്‌, തടി മില്ലിലെ പണിയും, പത്ര വിതരണവും, ചായക്കടയിലെ ചെറു ജോലികളുമായി സ്വന്തമായി അദ്ധ്വാനിച്ച്‌ സ്വരൂപിച്ച പണം കൊണ്ട്‌ അനീഷ്‌ പോളിടെക്നിക്കില്‍ ഇന്‍സ്ട്രമെന്റേഷന്‍ എഞ്ചിനീയറിംഗ്‌ കോഴ്സിന്‌ ചേര്‍ന്നു. ജീവിതത്തില്‍ വിജയിക്കണം എന്ന് വാശി വന്നപ്പോള്‍ നന്നായി പഠിച്ച്‌ പോളിടെക്നിക്കില്‍ ഇന്‍സ്ട്രമെന്റേഷന്‍ എഞ്ചിനീയറിംഗ്‌ ഡിപ്ലോമ ഒന്നാം റാങ്കോടെ പാസ്സായി, ഐ.എസ്‌.ആര്‍.ഓയില്‍ ഇന്റര്‍വ്യൂവിന്‌ പോയി സെലക്ഷനുമായി, അനീഷ്‌ മോഹന്‍ എന്ന ആ ചെറുപ്പക്കാരന്‍ ജീവിതം തെരുപ്പിടിപ്പിക്കാനുള്ള ശ്രമമായിരുന്നു.

ഐ.എസ്‌.ആര്‍.ഓയില്‍ ഇന്റര്‍വ്യൂവിന്‌ പോയി സെലക്ഷനുമായി വന്ന 2009-ലെ ആ ദിവസം കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നാഗമ്പടം ബസ്‌ സ്റ്റാന്റിലേയ്ക്ക്‌ പാളം മുറിച്ച്‌ കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അനീഷിന്റെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവം.

വീട്ടിലെത്താനുള്ള ഒറ്റ ബസ്‌ പിടിക്കാനുള്ള ഓട്ടമായിരുന്നു. പാളം ക്രോസ്സ്‌ ചെയ്ത്‌ ഓടിയപ്പോള്‍ കാലില്‍ ഉണ്ടായിരുന്ന് ഒരു ബാന്‍ഡേജ്‌ അഴിഞ്ഞ്‌ പാളത്തില്‍ ഉടക്കി അനീഷ്‌ മറ്റൊരു പാളത്തിലേയ്ക്ക്‌ വീണു. ഒരു വലിയ ശബ്ദത്തോടെ എതിരെ ഉള്ള ഒരു പാളത്തിലൂടെ വന്ന ഒരു ട്രെയിന്‍ അനീഷിന്റെ മുകളിലൂടെ കയറി ഇറങ്ങിപ്പോയി.
ഇത്‌ വരെ കഥ ശ്രവിച്ച്‌ കൊണ്ടിരുന്ന സദസ്സ്‌ നിശബ്ദമായിപ്പോയി.

ഇടറുന്ന വാക്കുകളില്‍ അനീഷ്‌ ആ രംഗം വിവരിച്ചു.

"ആ ട്രെയിന്‍ കൊണ്ട്‌ പോയത്‌ എന്റെ വലത്‌ കൈപ്പത്തിയാണ്‌.!"
" എന്നാല്‍ അതും കൊണ്ട്‌ ആ ട്രെയിനിന്‌ തൃപ്തി ആയില്ല. അത്‌ അതെന്റെ ഇടത്‌ കയ്യും ഒടിച്ച്‌ കളഞ്ഞു."!

" അത്‌ ...അത്‌ പിന്നെയും നിര്‍ത്താതെ, എന്റെ ഇടത്‌ കാലും മുട്ടിന്‌ മുകളില്‍ വെച്ച്‌ എടുത്ത്‌ കൊണ്ട്‌ പോയി!."

" ചോരയില്‍ കുളിച്ച്‌ കിടക്കുമ്പോള്‍ ബോധം പോകും മുമ്പ്‌ എന്റെ കാലും കയ്യും പാളത്തില്‍ കിടന്ന് പിടയ്ക്കുന്നത്‌ ഞാന്‍ കണ്ടു".

അനീഷ്‌ ഇത്‌ പറയുമ്പോള്‍ ആ വാക്കുകള്‍ ബിസിനസ്സ്‌ സമ്മിറ്റിന്റെ സദസ്സിനെ പ്രകമ്പനം കൊള്ളിച്ചു.

സജലങ്ങളായ കണ്ണുകള്‍ ഉയര്‍ത്തി ആ ചെറുപ്പക്കാരനെ നോക്കാനാവാതെ പലരും താഴേയ്ക്ക്‌ നോക്കി ഇരുന്നു.

അനീഷിന്റെ വാക്കുകളില്‍ "വാരിക്കൂട്ടിയ ശരീരം" ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇടത്‌ കയ്യുടെ വിരലുകള്‍ മാത്രമേ തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളു.
ബോധം വന്നപ്പോള്‍ അനങ്ങാതിരിക്കാന്‍ ദേഹം മുഴുവന്‍ കെട്ടിവെച്ച തന്റെ ശരീരം നോക്കി, ഒരു പഴുതും ഇല്ലാത്തതിനാല്‍ കഴുത്തില്‍ കുത്തി വെച്ച ഡ്രിപ്പിടുന്ന നീഡില്‍ കണ്ട്‌ അനീഷ്‌ അമ്മയോട്‌ ചോദിച്ചു.

"അമ്മേ എന്റെ വലത്‌ കൈ തുന്നിച്ചേര്‍ക്കാന്‍ പറ്റിയോ?"

സ്നേഹ മയിയായ ആ അമ്മ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

"എന്റെ ഇടത്തേ കാലോ അമ്മേ.."
അമ്മ വിഷമത്തോടെ തല കുനിച്ച്‌ ആ മകന്റെ മുമ്പില്‍ കണ്ണു നിറച്ച്‌ കരയാതെ നില്‍ക്കുമ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ആ മകന്‍ അമ്മയോട്‌ ചോദിച്ചു.

"ഇനി ഞാന്‍ ജീവിച്ചിരുന്നിട്ട്‌ എന്തു ചെയ്യാനാണമ്മേ.. ഡോക്ടറോട്‌ പറഞ്ഞ്‌ എന്നെയൊന്ന് കൊന്ന് തരാന്‍ പറയുമോ?"

പൊട്ടിപ്പോയ ആ അമ്മ മകനെ ചേര്‍ത്ത്‌ പിടിച്ച്‌ പറഞ്ഞ വാക്കുകള്‍ അനീഷ്‌ പറയുന്നു ഇന്നും ചെവിയില്‍ മുഴങ്ങുന്നുണ്ടെന്ന്.

"എനിക്ക്‌ കാണാന്‍ വേണ്ടി എങ്കിലും നിനക്ക്‌ ജീവിച്ചിരിക്കാമോ മോനേ"

ജീവിതം സിനിമയേക്കാള്‍ നാടകീയമാവുന്ന മുഹൂര്‍ത്തങ്ങളുണ്ട്‌.

സദസ്സ്‌ കണ്ണീരില്‍ മുങ്ങിയിരിക്കണം.ചുറ്റുമുള്ള ആരെയും കാണാന്‍ കഴിയുമായിരുന്നില്ല. അടുത്തിരുന്ന ഷാനിയുടെ ഏങ്ങലടികള്‍ മാത്രം കേട്ടു.

കഥ തുടരുകയായിരുന്നു..

കിടക്കയില്‍ വീണ്‌ പോയ ആ ചെറുപ്പക്കാരനെ തേടി പല സന്ദര്‍ശകരും വന്നു. വീണ്‌ പോയവനെ കുത്തി വീഴ്ത്തുന്ന പല കുത്തു വാക്കുകളും, സംഭവത്തെ സൂചിപ്പിച്ച്‌ അനാവശ്യമായ കള്ളക്കഥകള്‍ വരെയും കേട്ടപ്പോള്‍ ആത്മരോഷം തിളച്ച്‌ എങ്ങനെയും ജീവിതത്തിലേയ്ക്ക്‌ തിരിച്ച്‌ വരണം എന്ന് അനീഷ്‌ അതിയായി ആഗ്രഹിച്ചു.

വീണ്‌ പോയവരെ തേടി എത്തുന്നതില്‍ മാലാഖമാരും ഉണ്ടാവുമല്ലോ. തനിക്ക്‌ ജീവിതത്തിലേയ്ക്ക്‌ തിരിച്ച്‌ വരണം എന്ന് പറഞ്ഞപ്പോള്‍, അങ്ങനെ ഒരു മനുഷ്യന്‍ അനീഷിനോട്‌ ചോദിച്ചു

"ജനിച്ചപ്പോള്‍ നീ ഇങ്ങനെ ആയിരുന്നുവെങ്കില്‍ നീ എങ്ങനെ ഇതിനെ തരണം ചെയ്യുമായിരുന്നു"

ആ ചോദ്യം അനീഷിന്‌ ഒരു വെളിപാടായിരുന്നു.!!

നഷ്ടപ്പെട്ട മനോധൈര്യം വീണ്ടെടുക്കാന്‍ കുറച്ച്‌ നല്ല പുസ്തകങ്ങള്‍ അയാള്‍ അനീഷിന്‌ സമ്മാനിച്ചു.

അവിടെ നിന്ന് അനീഷ്‌ എന്ന ചെറുപ്പക്കാരന്‍ ഒരു ഫീനിക്സ്‌ പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു.

ജയിക്കാനൊരുങ്ങി പുറപ്പെട്ടവന്റെ നിശ്ചയ ദാര്‍ഢ്യത്തിന്‌ മുമ്പില്‍ ദൈവം വിധിയെ വളച്ചൊടിച്ച്‌ കളഞ്ഞു.

ക്രച്ചസില്ലാതെ നടക്കാനായി ആദ്യ പരിശീലനം.
കൃത്രിമക്കയ്യും കാലും ഉപയോഗിച്ച്‌ തുടങ്ങി. 4 മാസം കൊണ്ട്‌ ക്രച്ചസില്ലാതെ സ്വയം നടന്നു.

പിന്നീട്‌ അനീഷ്‌ നടന്ന് കയറിയ വഴികള്‍ കാലം പറയും.

സ്വയം സൈക്കിളോടിക്കാനും, ബൈക്കോടിക്കാനും പഠിച്ചു. മള്‍ട്ടി ലെവല്‍ മാര്‍ക്കെറ്റിംഗിന്റെ സെയില്‍സ്‌ എക്സിക്യൂട്ടീവ്‌ ആയി നിരത്തുകളിലൂടെ അലഞ്ഞു. വേദനിച്ച്‌ ചോര കിനിയുന്ന പൊയ്ക്കാലുമായി ഒരു പാട്‌ ദൂരം ദിവസവും നടന്നും, ബസിലും, ട്രെയിനിലും സഞ്ചരിച്ചു. മള്‍ട്ടി ലെവല്‍ മാര്‍കെറ്റിംഗ്‌ സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ മറ്റ്‌ വഴികള്‍ തേടി. ഡ്രൈവിംഗ്‌ പടിച്ചു. ലൈസന്‍സ്‌ തരാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ പോരാട്ടം നടത്തി അതും നേടിയെടുത്തു.

ഇപ്പോള്‍ ഭിന്നശേഷിയുള്ള ആളുകള്‍ക്കായി പരീശീലനം നടത്തുകയും, ഇക്കായി എന്ന സംഘടനയെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്യുന്ന അനീഷ്‌ കേരളത്തില്‍ മാത്രമല്ല വിദേശത്തും ഇന്ന് അറിയപ്പെടുന്ന ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ്‌.

അനീഷ്‌ പറഞ്ഞ്‌ നിര്‍ത്തിയത്‌ ഇങ്ങനെയാണ്‌. "ഗാന്ധിജിയെപ്പോലെ എന്റെ ജീവിതമാണ്‌ എന്റെ സന്ദേശം"

വീഴുന്നതല്ല പരാജയം!
വീണിട്ട്‌ എഴുന്നേല്‍ക്കാന്‍ ശ്രമിക്കാതിരിക്കലാണ്‌!

ചടുലമായ ശരീരഭാഷയില്‍, എല്ലാ പോസിറ്റിവിറ്റിയും നിറയ്ക്കുന്ന പ്രസരിപ്പോടെ അനീഷ്‌ സദസ്സിനെ നോക്കി വീണ്ടും ആ ചോദ്യം ചോദിച്ചു.

"ഇനി പറയൂ ....
നിങ്ങളെ നിങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് തടയുന്ന ആ സ്റ്റംബ്ലിംഗ്‌ ബ്ലോക്ക്‌ എന്താണ്‌?"

" ഇതിനേക്കാള്‍ വലുതാണോ നിങ്ങളുടെ പ്രശ്നങ്ങളും വെല്ലുവിളികളും?"

"എനിക്ക്‌ ഇങ്ങനെ ജീവിതത്തിലേയ്ക്ക്‌ തിരിച്ച്‌ വരാമെങ്കില്‍ നിങ്ങള്‍ക്ക്‌ എന്ത്‌ കൊണ്ട്‌ നിങ്ങളുടെ ജീവിത ലക്ഷ്യത്തിനായി പരിശ്രമിച്ച്‌ കൂടാ?"

"വീഴുന്നതല്ല പരാജയം!
വീണിട്ട്‌ എഴുന്നേല്‍ക്കാന്‍ ശ്രമിക്കാതിരിക്കലാണ്‌"..