ദൈവത്തിന്റെ കണ്ണുകള്‍ നീ ചെയ്യുന്നത് എന്നും കാണുന്നു എന്ന് എപ്പോഴും തിരിച്ചറിയുക 🌹
സന്യാസി തന്റെ രണ്ടു ശിഷ്യന്മാരെയും പരീക്ഷിക്കുവാൻ തീരുമാനിച്ചു. രണ്ടുപേരുടെയും കൈകളിൽ ഓരോ പ്രാവിനെ കൊടുത്തിട്ട് പറഞ്ഞു, 'ഇതിനെ രഹസ്യമായി കൊല്ലണം, ആരും കാണരുത്'! ഒരാൾ പ്രാവിനെയുംകൊണ്ട് ജനത്തിരക്കില്ലാത്ത ഒരിടത്തെത്തി. തന്റെ തലവഴി ഒരു തുണി മൂടി അതിനുള്ളിൽ പ്രാവിനെ കഴുത്തുഞെരിച്ചു കൊന്നു. തിരികെ ആചാര്യന്റെ അടുത്തെത്തി. അദ്ദേഹം ചോദിച്ചു.
'നീ പ്രാവിനെ കൊല്ലുന്നത് ആരെങ്കിലും കണ്ടുവോ?'
'ഇല്ല ആരും കണ്ടിട്ടില്ല.' അവന് വിജയീഭാവം.
അടുത്ത ശിഷ്യൻ നടന്നു നടന്ന് ഒരു വിജനമായ സ്ഥലത്തെത്തി. അവിടെയങ്ങും മനുഷ്യവാസമില്ലെന്നുറപ്പായപ്പോൾ അവൻ കൂടയിൽ നിന്നും പ്രാവിനെ പുറത്തെടുത്തു. അതിനെ കഴുത്തു ഞെരിച്ചു കൊല്ലാൻ ഭാവിച്ചു. പക്ഷെ സാധിക്കുന്നില്ല. ദൈന്യതയാർന്ന അതിന്റെ കണ്ണുകൾ സ്‌നേഹത്തോടെ തന്നെ നോക്കുന്നു. അവന്റെ മനസ്സ് ആർദ്രമായി. താൻ പ്രാവിനെ കാണുന്നതുപോലെ പ്രാവ് തന്നെയും കാണുന്നത് അവൻ അറിഞ്ഞു. പ്രാവിന്റെ കണ്ണുകളിലൂടെ ഈശ്വരൻ തന്നെ നോക്കുന്നത് അവൻ കണ്ടു.
അവൻ തിരികെ ഗുരുവിനടുത്തെത്തി. ജീവനോടെ തന്നെ പ്രാവിനെ ഗുരുവിന്റെ പാദത്തിൽ സമർപ്പിച്ചുകൊണ്ടു പറഞ്ഞു, സ്വാമി എന്നോടു ക്ഷമിക്കണം. അങ്ങയുടെ ആജ്ഞ പാലിക്കുവാൻ എനിക്കു കഴിയുന്നില്ല. എനിക്കു പരീക്ഷണത്തിൽ ജയിക്കാനാവുന്നില്ല. ഗുരുവാക്ക് പാലിക്കാനും കഴിയുന്നില്ല. അങ്ങെന്നോടു ക്ഷമിക്കില്ലേ' അവന്റെ കണ്ണുകളിലൂടെ നീർത്തുള്ളികൾ ഒഴുകി നീങ്ങി.
ആചാര്യൻ അവനെ ചേർത്തുപിടിച്ചപ്പോൾ അവൻ വിതുമ്പിക്കരഞ്ഞുകൊണ്ടു പറഞ്ഞു, ആരും കാണാത്തൊരിടം എനിക്കു കണ്ടുപിടിക്കാൻ കഴിയുന്നില്ല. ഞാൻ പ്രാവിനെ കാണുന്നതുപോലെ പ്രാവ് എന്നെയും കാണുന്നുണ്ടല്ലോ? ആരും കാണാതെ എനിക്ക് കൊല്ലാനാകും എന്നു പറയുന്നതിൽ ഒരു അർത്ഥവുമില്ലല്ലോ.
ആചാര്യൻ പറഞ്ഞു, കുട്ടീ ആ പ്രാവിന്റെ കണ്ണിൽ നീ കണ്ടതു പോലുള്ള സ്‌നേഹവും ആർദ്രതയും നിറഞ്ഞ ദൈവത്തിന്റെ കണ്ണുകൾ നീ ചെയ്യുന്നത് എന്നും കാണുന്നു എന്ന് എപ്പോഴും നീ തിരിച്ചറിയുക.🌹
🍁🍁🍁🍁🍁🍁🍁🍁