Google Ads

Sunday, October 1, 2017

ത്യാഗവും മഹത്വവും

ഇഷ്ടമുള്ളതിനെ വേണ്ടെന്ന് വയ്ക്കുന്നതിൽ മാത്രമല്ല , ഇഷ്ടമില്ലാത്തതിനെ സ്വീകരിക്കുന്നതിലും കൂടിയാണ്
ത്യാഗവും മഹത്വവും
കുടികൊള്ളുന്നത്.

എല്ലാ മാതാപിതാക്കളുടെയും
അറിവിലേയ്ക്കായി ..... വായിക്കുക.

ഇഷ്ട്ടപ്പെട്ട ഭക്ഷണം ഹോട്ടലിൽ ലഭിക്കും, പക്ഷെ ഇഷ്ട്ടപ്പെട്ടവരോടൊപ്പമുള്ള ഭക്ഷണം വീട്ടിലേ ലഭിക്കൂ.



ഇഢ്ഢലി ഇഷ്ടമല്ലെന്നും, കഴിക്കില്ലെന്നും പറഞ്ഞ് കുട്ടികൾ വാശിപിടിച്ചാൽ ഉടനെ, നെയ്റോസ്റ്റ് ചുട്ടുതരട്ടെ, മസാലദോശ ഉണ്ടാക്കട്ടെ എന്നൊക്കെ പറഞ്ഞ് കുട്ടികൾക്ക് പുതിയ ഓപ്ഷനുകൾ കൊടുക്കരുത്.

ഒന്ന് ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റൊന്ന് കിട്ടും
എന്ന ധാരണ കുട്ടികളിൽ ഉണ്ടാക്കരുത്.

ഇന്ന് വീട്ടിൽ ഇഢ്ഢലിയാണ്. അത് അമ്മ കഴിക്കുന്നു, അച്ഛൻ കഴിക്കുന്നു, മുത്തച്ഛനും കഴിക്കുന്നു. അതുകൊണ്ട് നീയും മടിക്കാതെ കഴിക്കണം എന്ന് കുട്ടികളോട് പറയുക.

ഇഢ്ഢിലിപോലും കിട്ടാത്ത അവസ്ഥയെക്കുറിച്ചും, കിട്ടാതെ വിശന്നിരിക്കുന്നവന്റെ വേദനയെക്കുറിച്ചും അവരെ
പറഞ്ഞു മനസ്സിലാക്കുക.

ആചാര്യ വിനോബഭാവെയുടെ
ഒരു അനുഭവ കഥയുണ്ട്.

വിനോബഭാവെ ഏഴാം വയസ്സിൽ സന്യാസ ജീവിതം തുടങ്ങിയ വ്യക്തിയാണ്. വലിയ വലിയ ആഘോഷങ്ങളിലും, കല്യാണങ്ങളിലുമൊന്നും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

എല്ലാ സുഖങ്ങളേയും ത്യജിച്ചുകൊണ്ട് വൈരാഗ്യത്തോടെയുള്ള സന്യാസ ജീവിതം.

അദ്ദേഹത്തിന് ഗാന്ധിജിയെ വളരെ ഇഷ്ടമായിരുന്നു. ഗാന്ധിജി സബർമതി ആശ്രമം ആരംഭിച്ചപ്പോൾ ആദ്യമെത്തിയത് വിനോബ ഭാവെയാണ്.

ഗാന്ധിജി പാചകത്തിൽ നല്ല താത്പര്യമുള്ള വ്യക്തിയായിരുന്നു. അന്ന്, ഗാന്ധിജി ഉണ്ടാക്കിയ
പാവക്കാ പൊരിയൽ അദ്ദേഹം തന്നെ എല്ലാവർക്കും വിളമ്പിക്കൊടുത്തു. കൂട്ടത്തിൽ വിനോബഭാവെയ്ക്കും.

വിനോബഭാവെയ്ക്ക് ഗാന്ധിജിയെ ഇഷ്ടമാണ്, പക്ഷെ പാവക്കാ പൊരിയൽ ഇഷ്ടമല്ല. എന്തുചെയ്യാം?

ഗാന്ധിജി വിളമ്പിത്തന്നത് കഴിക്കാതിരുന്നാൽ അദ്ദേഹത്തെ അപമാനിക്കുന്നതുപോലെയാകില്ലേ? അതുകൊണ്ട് ആ പാവക്കാപൊരിയൽ മുഴുവനും കയ്യിലെടുത്ത് ഒറ്റടിയ്ക്ക് വായിലിട്ടു വിഴുങ്ങി.

ഇതുകണ്ട ഗാന്ധിജി, "ഹാ വിനോബാ, താങ്കൾക്ക് പാവക്കാ പൊരിയൽ ഇത്രയ്ക്ക് ഇഷ്ടമാണോ?" എന്നുചോദിച്ച് വീണ്ടും കുറച്ചധികം വിളമ്പിയത്രേ.

അന്ന് വിനോബ ഭാവെ പറഞ്ഞു, "ഇഷ്ടമുള്ളതിനെ വേണ്ടെന്ന് വെയ്ക്കുന്നതു മാത്രമല്ല, ഇഷ്ടമില്ലാത്തതിനെ സ്വീകരിക്കുകയും ചെയ്യുന്നതാണ് വൈരാഗ്യമെന്ന് എനിക്ക് ഇന്നാണ് ബോധ്യപ്പെട്ടത്."

കുചേലന്റെ വിയർപ്പിൽ കുതിർന്ന അവിൽ ഇഷ്ട്ടത്തോടെ വാരിത്തിന്നുകൊണ്ട് കൃഷ്ണനും,

പാതി കടിച്ചു ശബരി കൊടുത്ത പഴം സ്വീകരിച്ചുകൊണ്ട് ശ്രീരാമനും,

പറയൻ കൊടുത്ത നാറുന്ന പഴഞ്ചോറ് അമൃതം പോലെ ഭക്ഷിച്ച പെരിയാറും

സമൂഹത്തിന് പഠിപ്പിച്ചു തന്നത് ഇതുതന്നെയാണ്.

ഭക്ഷണത്തിന്റെ സ്വാദിനേക്കാളും, അത് വിളമ്പിത്തരുന്നവരോടുള്ള ബഹുമാനവും, അവരുടെ സ്നേഹവും
അതിനു വേണ്ടിയുള്ള അവരുടെ കഷ്ടപ്പാടും തന്നെയാണ് വലുത്.

ജീവിതത്തിൽ നമുക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ സ്വീകരിക്കേണ്ടിവരും. ഇഷ്ടപ്പെടാത്ത ജീവിത മുഹുർത്തങ്ങളിലൂടെ
കടന്നുപോകേണ്ടി വരും.

അന്ന്, നിരാശയോ, വെറുപ്പോ തോന്നാതെ സന്തോഷത്തോടെ അതിനോടൊക്കെ താദാത്മ്യം പ്രാപിക്കാൻ കുട്ടികളെ പഠിപ്പിക്കണം.

ആ നല്ലപാഠം തുടങ്ങുന്നത്
നമ്മുടെ തീൻമേശയിലെ ഇഢ്ഢലിയിൽനിന്നാവട്ടെ.