Google Ads

Sunday, October 1, 2017

ഗജവീരന്‍മാരുടെ അങ്ങാടി വീട്

ഗുരുവായൂര്‍ ദേവസ്വം കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആനകള്‍ നിരന്നു നില്‍ക്കുന്നത് കാണണമെങ്കില്‍ മംഗലാംകുന്നത്ത് അങ്ങാടി വീട്ടില്‍ പരമേശ്വരന്റേയും ഹരിദാസിന്റേയും വീട്ടിലെത്തണം. നേരത്തെ പതിനെട്ട് ആനകള്‍ ഉണ്ടായിരുന്നെങ്കിലും ആനകളെ വാങ്ങാനും വില്‍ക്കാനും മറ്റുമുള്ള നിയമത്തിലെ കാര്‍ക്കശ്യം കാരണം ആനകള്‍ 13. ഇതില്‍ കേരളത്തില്‍ തലയെടുപ്പുള്ള ഉയരം കൂടിയ പത്താനകളില്‍ മൂന്നെണ്ണം ഇവര്‍ക്കാണുള്ളത്.



ആനപ്രേമികളോട്, അമേരിക്കയിലേക്ക് പോകണോ, മംഗലാംകുന്നിലേക്ക് പോകണോ എന്നു ചോദിച്ചാല്‍, മിക്കവാറും ഉത്തരം മംഗലാംകുന്നിലേക്കുമതിയെന്നാകും. കാരണം മറ്റൊന്നുമല്ല, മംഗലാംകുന്നിലാണ്, രാജാവും ചക്രവര്‍ത്തിയുമൊക്കെയുള്ളത്. മംഗലാംകുന്ന് ഗണപതിയെന്ന സഹ്യപുത്രരിലെ രാജാധിരാജന്‍, രജപുത്രരിലെ രാജാവ് മംഗലാം കുന്ന് അയ്യപ്പന്‍, തൊട്ടതെല്ലാം തന്റെ കാല്‍ക്കീഴിലാക്കുന്ന മംഗലാംകുന്ന് കര്‍ണ്ണന്‍. തീര്‍ന്നില്ല, ഇനിയുമുണ്ട് ഇളമുറത്തമ്പുരാന്മാരായി മംഗലാംകുന്നിന്റെ ഗജേന്ദ്രന്മാര്‍, പതിനൊന്നുപേര്‍.

മംഗലാംകുന്ന് നാട്ടാന ചരിത്രത്തിന്റെ ഭാഗമായി മാറിയതിനു പിന്നില്‍ മറ്റൊരു കഥയുണ്ട്. മംഗലാംകുന്ന് ബ്രദേഴ്സ് എന്നറിയപ്പെടുന്ന പരമേശ്വരനും ഹരിദാസനും ആനത്തറവാട്ടിന്റെ ഉടമസ്ഥരായി നില്‍ക്കുന്നതിനു പിന്നിലെ കഥ.

മിലിട്ടറിയിലായിരുന്ന്, പിന്നീട് എം.എസ്.പി.ക്കാരനായി വിരമിച്ച വേലുപ്പിള്ള ചെട്ടിയാര്‍ മംഗലാംകുന്നില്‍ അറിയപ്പെട്ടിരുന്നത്, പലചരക്കു കച്ചവടക്കാരനായിട്ടായിരുന്നു. മംഗലാംകുന്നിലെ മുറുക്കുകച്ചവടക്കാര്‍ക്ക് ദുരിതകാലത്ത് കടമായി അരിയും എണ്ണയും നല്‍കിയ കച്ചവടതന്ത്രങ്ങളില്ലാത്ത ചെട്ടിയാര്‍. വേലുപ്പിള്ളയ്ക്കു പിന്നാലെ മക്കള്‍ മൂത്ത രണ്ട് ആണ്‍മക്കള്‍, പരമേശ്വരനും ഹരിദാസനും കച്ചവടത്തില്‍ ഒപ്പം ചേര്‍ന്നു. പാലക്കാടു കഴിഞ്ഞാല്‍ ഹോള്‍സെയിലായും റീട്ടെയിലായും കച്ചവടം നടക്കുന്ന സ്ഥലമായിരുന്നു മംഗലാംകുന്ന് ചെട്ടിയാരുടേത്. മക്കളുമെത്തിയതോടെ കൃഷിയിലേക്കും മംഗലാംകുന്നിന്റെ കൈകള്‍ നീണ്ടു. കൃഷിയാവശ്യത്തിനായി നല്ല കന്നുകളെ വാങ്ങിക്കൂട്ടുകയെന്നത് ലഹരിയായിരുന്നു വേലുപ്പിള്ളയ്ക്ക്. നാലാന നില്‍ക്കുന്നതിനേക്കാളും ഗമയിലായിരുന്നു മംഗലാംകുന്നില്‍ അന്ന് ഉശുരന്മാരായ കന്നുകള്‍ തലയെടുപ്പോടെ നിന്നിരുന്നത്.

1976ല്‍ വേലുപ്പിള്ള മരിക്കുമ്പോള്‍ മക്കള്‍, പരമേശ്വരനിലേക്കും ഹരിദാസനിലേക്കും ആ ലഹരി പകര്‍ന്നുനല്‍കി. പക്ഷേ, കന്നുകളെ വാങ്ങുന്നതിലല്ലായിരുന്നു, ആനകളെ വാങ്ങുന്നതിലായിരുന്നു അവര്‍ക്ക് ലഹരി.
സോണ്‍പൂര്‍ മേളയില്‍ നിന്നും തൊട്ടടുത്ത നാട്ടിലേക്ക് ആനയെ വാങ്ങിക്കൊണ്ടുവന്നപ്പോള്‍ കെട്ടാന്‍ സ്ഥലമില്ലാത്തതിനാല്‍ മംഗലാംകുന്ന് തറവാട്ടിലായിരുന്നു കെട്ടിയത്. അവരങ്ങനെ തലയാട്ടി നിന്നപ്പോള്‍ പരമേശ്വരന് ഒരാഗ്രഹം, ഒരാനയെ വാങ്ങിയാലോ എന്ന്. വേലുപ്പിള്ളയോടൊപ്പം എം.എസ്.പി.യിലുണ്ടായിരുന്ന ഉണ്ണിക്കുട്ടിയാണ് പരമേശ്വരന് മുന്നിലെത്തിയിട്ട ഒരു ചോദ്യത്തില്‍ നിന്നാണ് ആ പൂതി മനസിലങ്ങനെ തറച്ചുനിന്നത്. "നമുക്കും ഒരാനയെ വാങ്ങിയാലെന്താ?''

ആ ചോദ്യം ദിവസങ്ങളോളം മനസില്‍ കുരുങ്ങി വീര്‍ത്ത് നിന്നു. ആ സമയത്താണ്, പൊള്ളാച്ചി കൌണ്ടറുടെ കീഴിലുള്ള ഒരുഗ്രന്‍ ആനയെ ക്ഷേത്രത്തിലേക്ക് നല്‍കി ലേലത്തിന് വയ്ക്കുന്ന കാര്യമറിഞ്ഞത്. ആനലക്ഷണമറിയുന്ന മണിക്കുട്ടിയെന്നയാളെ 20,000 രൂപയും നല്‍കി അന്നുതന്നെ ലേലത്തിനു പറഞ്ഞുവിട്ടു. പക്ഷേ, ആ ആനയെ കൌണ്ടര്‍തന്നെ 30,000 രൂപയ്ക്ക് ലേലത്തിന് തിരിച്ചുപിടിച്ചു. ആശിച്ചുനില്‍ക്കുമ്പോള്‍ കിട്ടിയില്ലെങ്കില്‍ പിന്നെ ഭ്രാന്താകും. അപ്പോഴേക്കും ശരിക്കും മംഗലാംകുന്ന് ബ്രദേഴ്സിന് ആനപ്രാന്തായി മാറിയിരുന്നു.

അനുജന്‍ ഹരിദാസനെ കച്ചവടം ഏല്‍പ്പിച്ച് പരമേശ്വരന്‍ മണിക്കുട്ടിയെയും കൂട്ടി, മടിക്കുത്തില്‍ പലചരക്കുകടയില്‍ നിന്നും മുതലും ലാഭവും എല്ലാം കൂട്ടിയുള്ള തുകയും തിരുകി യാത്രയായി. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍, കഘടാമേളയിലേക്കായിരുന്നു യാത്ര. മനസിനിണങ്ങിയതൊന്നും കിട്ടിയില്ല. മേളയിലെ ചൂരും ചൂടും കൊണ്ടപ്പോള്‍ പരമേശ്വരന്‍ ഒന്നു തീരുമാനിച്ചു, ആനയുമായല്ലാതെ നാട്ടിലേക്കില്ല. അവിടെ വെച്ചാണ് ആനബ്രോക്കര്‍ രാമചന്ദ്രസിംഗ് എന്നൊരാളെ പരിചയപ്പെട്ടത്. അദ്ദേഹം നേരെ കൂട്ടിക്കൊണ്ടുപോയത് ഉത്തര്‍പ്രദേശിലെ വീട്ടിലേക്ക്. മുറ്റത്തുനില്‍ക്കുന്ന രണ്ട് ആനകളെ ചൂണ്ടിക്കാട്ടി, ഇഷ്ടമുള്ളതിനെ എടുത്തോളാന്‍ പറഞ്ഞു. വലിയ ആനയെ വാങ്ങാനുള്ള പണമില്ല, ആ ചെറിയ ആനയെ വാങ്ങാമെന്ന് പരമേശ്വരന്‍ തീരുമാനിച്ചു. 22,100 രൂപയുടെ പച്ചനോട്ട് എണ്ണിക്കൊടുത്ത്, അവനെ ലോറിയില്‍ കയറ്റി കേരളത്തിലേക്ക് വിട്ടു. മംഗലാംകുന്ന് ആനത്തറവാട്ടിലെ കന്നിക്കാരന്‍, അവന്റെ പേര് അയ്യപ്പന്‍കുട്ടി.

തറവാട്ടില്‍ രണ്ടുവര്‍ഷത്തോളം ഒറ്റപ്പുത്രനായി അവന്‍ വാണു. ഒറ്റപ്പുത്രന്റെ അമിതവാത്സല്യമുണ്ടെങ്കിലും ആരു വിളിച്ചാലും അനുസരിക്കുന്ന ഒരു സാധു. അരീക്കോട് നിന്നെത്തിയ ഹാജിയാര്‍ക്ക് അവനെ ഇഷ്ടപ്പെടാനുള്ള കാരണവും അതുതന്നെയാകാം. വില്‍ക്കുന്നില്ല എന്ന് ഉറപ്പിച്ച മംഗലാംകുന്ന് ബ്രദേഴ്സ്, ഹാജിയാരെ എഴിവാക്കാനായി ഒരു വലിയ വില പറഞ്ഞു, 70,000 രൂപ. പറഞ്ഞ ഉറുപ്പിക മേശപ്പുറത്തുവച്ച്, അയ്യപ്പന്‍കുട്ടിയുടെ തുമ്പിക്കൈയും പിടിച്ച് ഹാജിയാര്‍ ഒറ്റനടത്തമായിരുന്നു.

രണ്ട് ആനയെ വാങ്ങാനുള്ള തുകയും നല്‍കിയാണ് അയ്യപ്പന്‍കുട്ടി മംഗലാംകുന്നിന്റെ പടിയിറങ്ങിയത്. എങ്കിലും അയ്യപ്പന്‍കുട്ടിയുടെ മനസിന്റെ അത്രയും പോരില്ലല്ലോ ആ തുക. വാക്കു പറഞ്ഞാല്‍ വാക്കാണ്, അതുകൊണ്ടുമാത്രമാണ് അയ്യപ്പന്‍കുട്ടിയെ മംഗലാംകുന്ന് വിട്ടുകൊടുത്തത്.

സോണ്‍പൂര്‍മേളയിലേക്കായി പരമേശ്വരന്റെ യാത്ര. പോകുന്നു, കാണുന്നു, ഇഷ്ടപ്പെടുന്നു, കൂടെക്കൊണ്ടുവരുന്നു, ഗണപതിയുടെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. തുടര്‍ച്ചയായി മേളയ്ക്കു പോകുന്നതോടെ അവിടെ കടം കിട്ടുന്ന അവസ്ഥയിലേക്ക് പരമേശ്വരന്‍ മാറി. പലര്‍ക്കും ആനയെ കടം വാങ്ങിക്കൊടുത്തു. കിടിലന്‍ ആന വരുമ്പോള്‍ മംഗലാംകുന്നിലെ പലചരക്കുകടയിലേക്ക് ഉത്തരേന്ത്യയില്‍ നിന്നും ഫോണ്‍കോളുകള്‍ വരാനും തുടങ്ങി. അങ്ങനെ പല യാത്രകളില്‍ സുന്ദരക്കുട്ടപ്പന്മാരെയും കൊണ്ടു പരമേശ്വരന്‍ കേരളത്തിലേക്കെത്തും.
നാട്ടില്‍ കുറേശ്ശെ എഴുന്നള്ളിപ്പ് എടുത്തുതുടങ്ങി. ചെറിയ ആനകളായിരുന്നു അന്ന് മംഗലാംകുന്നിന്റെ നെറുകയിലുണ്ടായിരുന്നത്.

വലിപ്പത്തില്‍ മത്സരമായപ്പോള്‍, കുംഭത്തിലെ നവമിക്ക് മംഗലാംകുന്നിന്റെ ആനകളെ വേണ്ടെന്ന തീരുമാനത്തില്‍ ക്ഷേത്രക്കമ്മിറ്റിയെത്തി. എന്നാല്‍പ്പിന്നെ കണ്ടിട്ടുതന്നെ കാര്യം എന്നായി മംഗലാംകുന്ന് ബ്രദേഴ്സ്. അങ്ങനെയാണ് ദേവരാജന്‍ എന്ന ആനയെ കൊണ്ടുവന്നു. രണ്ടുവര്‍ഷത്തിനുശേഷം അവന്‍ ചരിഞ്ഞു. തുടര്‍ന്നാണ് എടക്കുന്നയില്‍ കുട്ടിക്കൃഷ്ണന്‍ എന്നാനയെ വാങ്ങിയത്. പാലക്കാടിന്റെ പരിസരങ്ങളില്‍ ഒരു കൊമ്പന്‍ ഉയര്‍ന്നുപൊങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. മംഗലാംകുന്ന് ബ്രദേഴ്സിന്റെ കണ്ണില്‍ അവന്‍ തലപൊക്കിനിന്നു. അവനെ വേണം. അവനില്ലാതെ മംഗലാംകുന്നിന് എത്ര ആനയുണ്ടെന്ന് പറഞ്ഞാലും ശരിയാവില്ല എന്ന തോന്നല്‍.
നടന്‍ ബാബുനമ്പൂതിരിയുടെ ഗണപതി എന്ന ആനയാണത്.

ബാബുനമ്പൂതിരിയുടെ അടുത്തേക്ക് ചെന്ന് ഒരു മോഹവില പറഞ്ഞു, മൂന്നരലക്ഷം രൂപ. രണ്ടോ മൂന്നോ ആനകളെ കിട്ടുമായിരുന്നു ആ വിലയ്ക്ക്. മോഹിച്ചെത്തിയവര്‍ എത്ര രൂപയ്ക്കായാലും പിടിച്ചുകൊണ്ടുപോകാന്‍തന്നെയാണ് വന്നതെന്ന് ഉറപ്പായപ്പോള്‍ ബാബുനമ്പൂതിരി ആ വിലയ്ക്ക് ഗണപതിയെ കൈമാറി. മംഗലാംകുന്നിന്റെ പ്രശസ്തി കേരളത്തിലെ ആനപ്രേമികള്‍ക്കിടയിലും പൂരക്കമ്മിറ്റികള്‍ക്കിടയിലും തലയെപ്പോടെ നിന്നത് മംഗലാംകുന്ന് ഗണപതിയുടെ ആഗമനത്തോടെയാണ്.
പിന്നെയും വടക്കന്‍ നാട്ടിലേക്ക് പരമേശ്വരന്‍ യാത്ര ചെയ്തു. ആനകളെയും തേടി. കുട്ടിക്കൃഷ്ണന്‍ എന്നൊരാനയെയായിരുന്നു പിന്നീട് ആദ്യം വാങ്ങിയത്.

രണ്ടാം തവണത്തെ യാത്രയില്‍ രജപുത്രരക്തം അയ്യപ്പനെന്ന മഹാമേരുവിനെ തളച്ചുകൊണ്ടുവന്ന് മംഗലാംകുന്നിന്റെ മുന്നില്‍ കെട്ടി. നാളെ പേരും പ്രശസ്തിയും അയ്യപ്പന്‍ വര്‍ദ്ധിപ്പിക്കുമെന്ന നിഗമനം തെറ്റിയില്ല.
ആ സമയത്ത് കര്‍ണ്ണന്‍ എന്ന സുന്ദരധാമം, കാണുന്ന ആരും മനസുകൊണ്ട് മോഹിച്ചുപോകുന്ന കര്‍ണ്ണന്‍, മനിശ്ശേരി ഹരിയുടെ മുറ്റത്ത് താരമായി നില്‍ക്കുകയായിരുന്നു. കര്‍ണ്ണന്റെ ചെവിയിലേക്ക് മംഗലാംകുന്നിന്റെ വിളി കേട്ടു. പിടിയാപ്പിടി വിലയ്ക്ക് കര്‍ണ്ണന്‍ മംഗലാംകുന്ന് കര്‍ണ്ണനായി.

മംഗലാംകുന്ന് ആനത്തറവാട്ടില്‍ നിരവധി ആനകള്‍ വന്നുപോയി. ഒരേസമയം 19 ആനകള്‍വരെ ഈ തറവാട്ടിലുണ്ടായിരുന്നു.

മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് അയ്യപ്പന്‍, മംഗലാംകുന്ന് കര്‍ണ്ണന്‍. ഏറ്റവും മികച്ച ആനകളില്‍ ഇടംപിടിക്കുന്ന മംഗലാംകുന്നിന്റെ ത്രയം. സഹ്യന്റെ മണ്ണില്‍ ജനിച്ച് പോബ്സന്‍ ഗ്രൂപ്പിന്റെയും ബാബു നമ്പൂതിരിയുടെയും കൈകള്‍ മറിഞ്ഞ് മംഗലാംകുന്ന് തറവാട്ടിലേക്കെത്തിയ ചക്രവര്‍ത്തി. മദപ്പാടിലും എഴുന്നള്ളിക്കാമെന്ന അപൂര്‍വ്വം ഗുണത്തിന് ഉടമയാണവന്‍. മയക്കുവെടി എന്ന മരുന്നുപ്രയോഗം ഒരിക്കലും ശരീരത്തില്‍ ഏല്‍പ്പിച്ചിട്ടില്ലാത്ത സഹ്യാദ്രിമകന്‍. കേരള ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന പരസ്യത്തില്‍ അഭിനയിച്ചുതകര്‍ത്തതിനുപുറമെ, സിനിമകളിലും മുഴുനീള റോളുകള്‍ കൈകാര്യം ചെയ്തവനാണ് ഗണപതി. ആനകളിലെ ഭീഷ്മപിതാമഹനായി വിശ്രമജീവിതം നയിക്കുകയാണ് ഗണപതി എന്ന ശാന്തസുന്ദരന്‍.

ബീഹാറില്‍ നിന്നും മംഗലാംകുന്നിലേക്കുള്ള ദൂരമെത്ര എന്നു ചോദിച്ചാല്‍ അയ്യപ്പന്‍ എന്ന ആനയുടെ വളര്‍ച്ചാസമയം എന്നുവേണമെങ്കില്‍ പറയാം. ഒന്നുമില്ലായ്മയില്‍ നിന്ന് തലപ്പൊക്കനായി ഉയര്‍ന്നവനാണ് അയ്യപ്പന്‍. പൂര്‍വ്വകാല ചരിത്രത്തില്‍ അല്‍പ്പം കുറുമ്പുകളും വാശികളുമൊക്കെ കാട്ടിയെങ്കിലും മംഗലാംകുന്നിന്റെ മണ്ണില്‍ ശാന്തന്മാരുടെ കൂട്ടത്തില്‍ പിടിച്ചുനില്‍ക്കണമെങ്ഗില്‍ അല്‍പ്പം അടക്കവും ഒതുക്കവും വേണമെന്നു മനസിലായതോടെ ശാന്തത സ്വയം സൃഷ്ടിച്ച് ആരാധകരുടെ കുട്ടിമോനായി മാറുകയായിരുന്നു മംഗലാംകുന്ന് അയ്യപ്പന്‍. തലയില്‍ വെച്ചാല്‍ പേനരിക്കും, താഴെ വച്ചാല്‍ ഉറുമ്പരിക്കും എന്ന മട്ടില്‍ താഴെയും തലയിലും വയ്ക്കാതെ മംഗലാംകുന്ന് തറവാട്ടുകാര്‍ കാത്തുസൂക്ഷിക്കുന്ന വന്‍മുതലുതന്നെയാണ് അയ്യപ്പന്‍.

തലയെടുപ്പിന്റെ തമ്പുരാന്‍, ഒറ്റവാക്കില്‍ കര്‍ണ്ണനെ ഇങ്ങനെ പറയാം. പാപ്പാന്റെ തോട്ടി പ്രയോഗമില്ലെങ്കിലും കാണികളുടെ ആവേശമില്ലെങ്കിലും എപ്പോഴാണ് തല പൊക്കേണ്ടതും തലതാഴ്ത്തേണ്ടത് എപ്പോഴാണെന്നും മന:പാഠമാക്കിവച്ച തലതൊട്ടപ്പനാണ് മംഗലാംകുന്ന് കര്‍ണ്ണന്‍. ആളും കൂട്ടവും ആരാധനയോടെ കാത്തുനില്‍ക്കുന്ന ഈ പെരുംശരീരിക്ക് കേട്ടാലും ആരും വിശ്വസിക്കാത്ത ഒരു വീക്കനെസ്സുണ്ട്. നില്‍പ്പൊന്നും കണ്ടാല്‍ ആര്‍ക്കും തോന്നില്ല, അതായത് ഗമയ്ക്ക് ഒട്ടും കുറവില്ല, പക്ഷേ, പീക്കിരി കുഞ്ഞന്മാരാരെങ്കിലും വാലുംപൊക്കി വന്നാല്‍, നമ്മള്‍, പ്രായമുള്ളോരല്ലേ ക്ഷമിക്കേണ്ടത് എന്ന മട്ടില്‍ പേടിച്ച് മാറിനില്‍ക്കും. വടിയെടുത്ത് ഒന്ന് ആഞ്ഞാല്‍ത്തന്നെ, സോറി ഇനിയെന്നെ തല്ലേണ്ടാ, ഞാനെപ്പോഴേ നന്നായി എന്ന മട്ടില്‍ നില്‍ക്കും. അതാണ് മംഗലാംകുന്ന് കര്‍ണ്ണന്‍.

കൊമ്പുകള്‍ക്കും തുമ്പിക്കുമിടയില്‍ പനമ്പട്ടയും പിടിച്ച് റോഡിലൂടെ നടന്നുവരുന്ന ആനയെക്കാണുമ്പോള്‍ ഇപ്പോള്‍ ആദ്യമുയരുന്നത് പേടിയാണോ? അല്ല.. അത് ആരാധനയും ആദരവും സൗന്ദര്യവും ധൈര്യവുമെല്ലാം കലര്‍ന്ന ഒരു പ്രത്യേക അവസ്ഥയാണ്.. ആനയെന്ന വികാരമാണ്!