എൻെറ ആദ്യത്തെ ആൺകുട്ടിയെ പ്രസവിച്ചപ്പോൾ 1.450kg മാത്രമാണ് തൂക്കമുണ്ടായിരുന്നത് .അനക്കമുണ്ടായിരുന്നില്ല.മരിച്ചെന്നു വിചാരിച്ച കുട്ടിക്ക് വിദഗ്ധചികിത്സയിലൂടെ പുനർജന്മം കിട്ടി .വളർച്ച മന്ദഗതിയിലായിരുന്നു.ഇരുത്തവും നടത്തവുമെല്ലാം വളരെ പ്രയാസം.അഞ്ചു വയസുവരെ ഡോക്ടർമാരെ നിരന്തരം സമീപിച്ചുകൊണ്ടിരുന്നു .അതിനിടയിൽ ഒരു ഡോക്ടർ പറഞ്ഞു കുട്ടിയെ കണ്ണു ഡോക്ടറെ കാണിക്കാൻ.പക്ഷേ ഞാനത് വേണ്ടത്ര ഗൗനിച്ചില്ല.
പിന്നീട് UKGയിൽ ചേർത്തു .ടീച്ചേഴ്സ് പറഞ്ഞു , ഈ കുട്ടിയെ മലയാളം മീഡിയത്തിൽ ചേർത്താൽ മതി .അതിനുള്ള കഴിവേ കുട്ടിക്കുള്ളു .അങ്ങനെ ഞാൻ മലയാളം മീഡിയത്തിൽ ചേർത്തി .
പഠനം മന്ദഗതിയിലായിരുന്നു.വീട്ടിൽ നിന്നും നന്നായി പരിശീലനം നൽകിക്കൊണ്ടിരുന്നു .അക്കാലത്ത് പഠനം ''ഫലപ്രദമാക്കാൻ'' നൽകിയിരുന്ന മരുന്നായിരുന്നു ചൂരൽപ്രയോഗം.അത് വീട്ടിൽ നിന്നും സ്കൂളിൽ നിന്നും നന്നായി കൊടുത്തുകൊണ്ടിരുന്നു .
വർഷങ്ങൾ കഴിഞ്ഞു തല്ലിനെപ്പറ്റി ഒരു ഡോക്ടർ പറഞ്ഞതിങ്ങനെ - *കുട്ടിയുടെ പഠനത്തിൽ കഴിവുകുറവു കണ്ടാൽ ഒരിക്കലും അടിക്കരുത് .സ്നേഹപൂർവം രസകരമായി പഠിപ്പിക്കുകയാണു വേണ്ടത്*
അതിനുശേഷം വീട്ടിൽ നിന്നുള്ള അടി നിർത്തി .സ്കൂൾ ടീച്ചേഴ്സിനോട് അടിക്കരുതെന്നു പറഞ്ഞില്ല .സ്കൂൾപരീക്ഷ കഴിഞ്ഞപ്പോൾ രണ്ടു വിഷയത്തിൽ തോറ്റു .സേ പരീക്ഷ എഴുതി അത് വീണ്ടെടുത്തു .
കുറച്ചുദിവസം കഴിഞ്ഞ് കുട്ടിക്ക് ചെങ്കണ്ണു ബാധിച്ചു.ഡോക്ടറെ കാണിച്ചപ്പോൾ ,ഇതിനുമുമ്പ് ഡോക്ടറെ കാണിച്ചില്ലേ എന്നുചോദിച്ചു .ഇല്ലെന്ന് ഞാൻ പറഞ്ഞു. ചെങ്കണ്ണല്ലാത്ത പ്രശ്നമുണ്ട്. വളരെ ചെറുപ്പത്തിൽ ചികിത്സിച്ചിരുന്നെങ്കിൽ ശരിയാക്കാമായിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത് .അപ്പോൾ കുട്ടിക്കാലത്ത് മറ്റേ ഡോക്ടർ പറഞ്ഞതോർമ വന്നു .
ചെങ്കണ്ണു മാറിയശേഷം കുട്ടിക്ക് കണ്ണട നിർദേശിച്ചു . കണ്ണടവച്ചപ്പോൾ കുട്ടി പറയുകയാണ് ''വാപ്പാ...എനിക്കിപ്പോൾ നന്നായി വായിക്കാൻ കഴിയുന്നുണ്ട്.സ്കൂളിൽ പഠിക്കുമ്പോൾ ഒന്നാംക്ലാസുമുതൽതന്നെ അക്ഷരങ്ങൾ ശരിക്കു കണ്ടിരുന്നില്ല.ബോർഡിലെഎഴുത്തും ശരിക്കു മനസിലായിരുന്നില്ല.''
''മോനെന്തുകൊണ്ടാണ് ആ വിവരം ബാപ്പയോട് അന്നു പറയാതിരുന്നത് ?'
''എല്ലാവരും എന്നെപ്പോലെ തന്നെയായിരിക്കും കാണുന്നതെന്നാ ഞാൻ കരുതിയതെ''ന്ന മറുപടി കേട്ട് എൻെറ മനസ്സ് വല്ലാതെ വേദനിച്ചു.
സേ റിസൾട്ടു വന്നപ്പോൾ കുട്ടിയെ എന്തിനു ചേർക്കണമെന്ന് ടീച്ചേഴ്സിനോട് അന്വേഷിച്ചു .സ്കൂളിലെ കമ്പ്യൂട്ടറുകളും ഞങ്ങളുടെ മൊബൈലും കേടുവന്നാൽ അവനാണ് ശരിയാക്കാറെന്നും ഐ.ടി.യിലാണ് അവൻെറ കഴിവെന്നും അവർ പറഞ്ഞു .
കണ്ണട വച്ചതിനുശേഷം പഠനത്തിൽ നന്നായി തിളങ്ങിക്കൊണ്ടിരുന്നു .
അതിനിടയിൽ ഞാൻ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിപ്പെട്ടു.അതോടെ മകൻെറ പഠനം മുടങ്ങി.
ദുഃഖം മറക്കാൻ വേണ്ടി ഞാൻ ജയിൽലൈബ്രറിയെ ശരണം പ്രാപിച്ചു ...അപ്പോഴാണ് മാഷ്ടെ കരളലിയിക്കുന്ന കുറിപ്പ് കണ്ടത്. *കേവലംഅഞ്ഞൂറുരൂപയ്ക്ക് ചികിത്സിച്ച് ശരിപ്പെടുത്താമായിരുന്ന കാഴ്ചക്കുറവിനെ ബുദ്ധിക്കുറവായി നീണ്ട പത്തുവർഷം ഞാൻ കണക്കാക്കി*. പത്തുവർഷം അവനെ പഠിപ്പിച്ച ടീച്ചേഴ്സിൽ ആർക്കും യഥാർഥ പ്രശ്നം മനസ്സിലാക്കാൻ കഴിഞ്ഞില്ല.
*എൻെറ വേദന പേന കൊണ്ട് വിവരിക്കാൻ കഴിയാത്തതാണ്. മകനേ....മാപ്പ്*
എല്ലാ രക്ഷിതാക്കൾക്കും അധ്യാപകർക്കും പാഠമാകട്ടെ ഈ അനുഭവക്കുറിപ്പ്. കുട്ടികളുടെ നൈസർഗികവാസന മനസ്സിലാക്കിവേണം പഠിപ്പിക്കാൻ എന്നുകൂടി ഓർക്കണം.